25 April Thursday

ദുരവസ്ഥകൾ നുറുങ്ങുവെട്ടങ്ങൾ

ലെനി ജോസഫ‌്Updated: Sunday Dec 29, 2019

ഇന്ത്യയിലെ സ്‌ത്രീകൾക്കെതിരായ അതിക്രമങ്ങളെ ലോകശ്രദ്ധയിലേക്കുതന്നെ കൊണ്ടുവന്ന നിർഭയ കേസിലെ പ്രതികൾക്ക്‌ തൂക്കുകയർ നൽകിയാണ്‌ 2019 വിടപറയുന്നത്‌. 2012 ഡിസംബർ 16ന്‌ ഡൽഹിയിൽ ഓടുന്ന ബസിൽ ബലാൽസംഗം,  ക്രൂരമായ ശാരീരിക പീഡനം എന്നിവയ്‌ക്കു ശേഷം നിർഭയയെ കൊലചെയ‌്തിട്ട‌് ഏഴുവർഷം തികഞ്ഞു. ബലാൽസംഗക്കേസുകളിൽ നാലിൽ ഒന്നിൽ മാത്രം ശിക്ഷ ലഭിക്കുന്ന ഇന്ത്യയിൽ ഈ കേസിൽ മാതൃകാപരമായ ശിക്ഷ ലഭിച്ചെങ്കിലും ഇന്ത്യ സ്‌ത്രീകൾക്കു സുരക്ഷിതമായി ജീവിക്കാൻ പറ്റാത്ത രാജ്യമായിത്തന്നെ തുടരുന്നതായി തെളിയിക്കുന്നതായിരുന്നു ഈ വർഷത്തെ സംഭവവികാസങ്ങൾ.

സ്‌ത്രീകൾ പൊതുസ്ഥത്തെ ഞുഴഞ്ഞുകയറ്റക്കാരാണെന്ന ചിന്താഗതിക്കു മാറ്റമില്ലെന്നാണ്‌ കൊലപാതകം, ബലാൽസംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക പീഡനങ്ങൾ എന്നിവയുടെ പേരിൽ രജിസ്‌റ്റർ ചെയ്‌ത കണക്കുകൾ സൂചിപ്പിക്കുന്നത്‌. നിരക്ഷരരും നിയമങ്ങളെപ്പറ്റി അജ്ഞരുമായ ലക്ഷക്കണക്കിനു സ്‌ത്രീകൾക്കെതിരായ ആക്രമണങ്ങൾ പരാതിയായി പൊലീസിലോ കോടതികളിലോ വരുന്നില്ല എന്നോർക്കണം. സ്‌ത്രീകൾക്ക്‌ ഏറ്റവും അപകടകരമായ രാജ്യങ്ങളിൽ നാലാം സ്ഥാനത്താണ്‌ ഇന്ത്യ. അഫ്‌ഗാനിസ്ഥാൻ, കോംഗോ, പാകിസ്ഥാൻ എന്നിവയ്‌ക്കു മാത്രം പിന്നിൽ.

ഇന്ത്യയിലെ സ്ത്രീകൾ റോക്കറ്റ‌് സാങ്കേതികവിദ്യ വശമാക്കുമ്പോഴും ജുഡീഷ്യറിയുടെ ഭാഗമാകുമ്പോഴും  ശക്തയായ ആഭ്യന്തരമന്ത്രിയെന്ന്‌ നിർമല സീതാരാമൻ വാഴ്‌ത്തപ്പെടുമ്പോഴും സ്ത്രീ‌ സ്വപ്നം കാണരുത്‌, ചിന്തിക്കരുത്‌, ജോലിക്കുപോകരുത്, സ്വന്തം വ്യക്തിത്വം സൃഷ്ടിക്കരുത്‌ എന്ന കാഴ്‌ചപ്പാടിന്‌ അകലങ്ങളെ ഇന്ത്യയിൽ മാറ്റമില്ല. സ്‌ത്രീപുരുഷ‐ സമത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ പിന്നിലാണെന്നാണ്‌ ലോക സാമ്പത്തിക ഫോറത്തിന്റെ ‘ ജെൻഡർ ഗ്യാപ്പ്‌ ’ റിപ്പോർട്ട്‌. വനിതകൾക്ക‌് പുരുഷൻമാർക്കൊപ്പം പങ്കാളിത്തം നൽകുന്നതിൽ ഇന്ത്യ 2018ലേതിനെക്കാൾ പിന്നോക്കം പോയതായാണ്‌ റിപ്പോർട്ട്‌.  കഴിഞ്ഞവർഷം 108ാം സ്ഥാനത്തായിരുന്നെങ്കിൽ ഈ വർഷം 112-ാം സ്ഥാനമാണ‌്. 2006ൽ ലോക സാമ്പത്തിക ഫോറത്തിന്റെ ആദ്യ റിപ്പോർട്ടിൽ 98-ാംസ്ഥാനത്തായിരുന്നുവെന്ന വസ്‌തുത ഇന്ത്യയുടെ പിൻനടത്തത്തിന്റെ ചൂണ്ടുപലകയാണ്‌. അയൽരാജ്യങ്ങളിൽ പാകിസ്ഥാൻ മാത്രമാണ്‌ നമുക്കുപിന്നിൽ- 150-ാം സ്ഥാനം.  മതാധിഷ്ഠിത രാജ്യമായ ബംഗ്ലാദേശുപോലും നമ്മെക്കാൾ ഏറെ മുന്നിലാണ്‌ ‐ അമ്പതാം സ്ഥാനം. പുരുഷൻമാർക്കൊപ്പം ആരോഗ്യവും ആയുസും ഉറപ്പുവരുത്തുന്നതിൽ ഇന്ത്യക്ക‌് നൂറ്റമ്പതാം സ്ഥാനം.

തുടർക്കഥയാകുന്ന ഉന്നാവ്‌
ഉന്നാവിൽ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ബിജെപി മുൻ എംഎൽഎ കുൽദീപ്‌ സിങ്‌ സെൻഗാറിന്‌ ജീവപര്യന്തം വിധിച്ചത്‌ 2019 ഡിസംബറിലായിരുന്നു. പെൺകുട്ടിയുടെ മൂന്നുവർഷത്തെ പോരാട്ടത്തിനു ഫലമുണ്ടായെങ്കിലും അതിനിടയിൽ അവൾക്ക്‌ നഷ്‌ടപ്പെട്ടത്‌ മൂന്നു ബന്ധുക്കളുടെ ജീവനുകൾ. പെൺകുട്ടിയുടെ അച്ഛനെ എംഎൽഎയുടെ സഹോദരൻ നൽകിയ കള്ളക്കേസിൽ ജയിലിലടച്ച്‌ മർദിച്ചുകൊന്നത്‌ 2018 ഏപ്രിലിലായിരുന്നു. ഈ വർഷം ജനുവരി നാലിന്‌ എംഎൽഎയുടെ സഹോദരൻ അതുൽസിങ്‌ നൽകിയ കള്ളക്കേസിൽ പെൺകുട്ടിയുടെ അമ്മാവനെ ജില്ലാക്കോടതി 10 വർഷം തടവിനു വിധിച്ചു. 2019 ജൂലൈ 28ന്‌ അമ്മാവനെ സന്ദർശിച്ചു മടങ്ങുംവഴി പെൺകുട്ടിയും വക്കീലും രണ്ട‌് അമ്മായിമാരും സഞ്ചരിച്ച കാറിൽ നമ്പർപ്ലേറ്റ‌് മറച്ച കാറിടിച്ചു. രണ്ട്‌ അമ്മായിമാരും സംഭവസ്ഥലത്ത്‌ മരിച്ചു. പെൺകുട്ടി ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയിലായി. മാസങ്ങൾക്കു ശേഷമാണ‌് സ‌്ത്രീ സാധാരണ നില വീണ്ടെടുത്ത‌ത‌്. ഉത്തർപ്രദേശ‌് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിനു മുന്നിൽ തീകൊളുത്തി ആത്മഹത്യാശ്രമം വരെ നടത്തി ദുരിതപർവം പിന്നിട്ടാണ‌് പെൺകുട്ടിക്ക‌് നീതി നേടാനായത‌്. ഇന്ത്യയിൽ സ‌്ത്രീക്ക‌് നീതി എത്രയോ അകലെയാണെന്നു തെളിയിക്കുന്നതായിരുന്നു  ഈ കേസ‌്.

അതേസമയം 2019 കൊഴിഞ്ഞുവീണത‌് മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച മറ്റൊരു ക്രൂരത ഉന്നാവിൽത്തന്നെ അരങ്ങേറുന്നതു കണ്ടായിരുന്നു. പീഡന പരാതി നൽകിയ പെൺകുട്ടിയെ രണ്ട‌് പ്രതികളടക്കം അഞ്ചുപേർ ചേർന്ന‌് മണ്ണെണ്ണയൊഴിച്ചു തീകൊളുത്തിയത‌് ഡിസംബർ 15നായിരുന്നു. 90% പൊള്ളലേറ്റ പെൺകുട്ടി ഏതാനും ദിവസങ്ങൾക്കകം മരണത്തിനു കീഴടങ്ങി.

ഹൈദരാബാദിലെ കൊടും ക്രൂരത
നവംബർ 27നു രാത്രിയായിരുന്നു ഹൈദരാബാദിലെ തോണ്ടപ്പള്ളി ടോൾ പ്ലാസയിൽനിന്ന‌് വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ‌്തശേഷം തീകൊളുത്തി കൊന്നത‌്. ട്രക്ക‌്  ഡ്രൈവർമാരായ നാലുപേർ ചേർന്നാണ‌് ക്രൂരകൃത്യം നടത്തിയത‌്. ടോൾ പ്ലാസയിൽ നിന്ന‌് 25 കിലോമീറ്റർ അകലെയാണ‌് കത്തിക്കരിഞ്ഞ മൃതദേഹം പിറ്റേന്ന‌് കണ്ടെത്തിയത‌്.

രാജ്യംമുഴുവൻ പ്രതിഷേധം ആളിക്കത്തിച്ച ഈ സംഭവത്തിന്റെ  ക്ലൈമാക്സ‌് പൊലീസ‌് നിയമം കയ്യിൽ എടുക്കുന്നതായിരുന്നു. മൃതദേഹം കണ്ട സ്ഥലത്തു തെളിവെടുപ്പിനുകൊണ്ടുവന്നപ്പോൾ പ്രതികളെ പൊലീസ‌് വെടിവച്ചുകൊന്നു. സംസ‌്കൃത സമുഹത്തിന‌് അംഗീകരിക്കാനാവാത്തതാണ‌് ഈ നടപടിയെങ്കിലും പെൺകുട്ടിയുടെ മാതാപിതാക്കളടക്കം അനേകർ ഈ നടപടിയെ പിന്തുണച്ചു. സ‌്ത്രീക്കു പലപ്പോഴും നീതിന്യായ വ്യവസ്ഥയിൽനിന്ന്‌ നീതി ലഭിക്കുന്നില്ലെന്ന ബോധ്യം സമൂഹത്തിൽ നിലനിൽക്കുന്നതിന്റെ ബഹിസ‌്ഫുരണമായിക്കൂടി വേണം നിയമം മറന്ന‌്  ‘ഏറ്റുമുട്ടൽ കൊല’യെ ന്യായീകരിക്കുന്നതിലേക്കും പൊലീസുകാർക്ക‌് സ്വീകരണം നൽകുന്നതിലേക്കും സമൂഹത്തെ കൊണ്ടെത്തിച്ചത‌്. അതേ സമയം കേസിൽ ഉൾപ്പെട്ട പ്രമാണികളെ രക്ഷിക്കാനാണ‌് പൊലീസ‌് പ്രതികളെ വെടിവച്ചതെന്നു കരുതുന്നവരുമുണ്ട‌്.

ക്യാമ്പസുകളിൽ സ‌്ത്രീമുന്നേറ്റം
മോഡി ഭരണത്തിനതിരെ ക്യാമ്പസുകളിൽ തിളച്ചുയർന്ന പ്രതിഷേധത്തിലെ സ‌്ത്രീസാന്നിധ്യം പ്രതീക്ഷയുടെ പുതുനാമ്പായി. ജെഎൻയുവിലും ജാമിയ മിലിയ ഇസ്ലാമിയയിലും അടക്കം മതത്തിന്റെയും വർഗീയവാദികളുടെയും വേലിക്കെട്ടുകൾ തകർത്തെറിഞ്ഞ‌് പതിനായിരക്കണക്കിന‌് പെൺകുട്ടികൾ തീജ്വാലകളകായി. പൗരത്വ ബില്ലിനെതിരെയും ജെഎൻയുവിലെ ഫീസ‌് വർധനയ‌്ക്ക‌് എതിരെയുമൊക്കെയുമുള്ള സമരങ്ങളിൽ അവരായിരുന്നു മുൻനിരയിൽ. ഹൈദരാബാദില ബലാൽസംഗ കൊലപാതകത്തിനെതിരെയും ക്യാമ്പസുകളിൽ ഇന്ത്യൻ സ‌്ത്രീത്വം പോരാട്ടത്തിന്റെ പുത്തൻ ഗാഥ രചിച്ചു.


 

തലക്കെട്ടുകളിൽ നിറഞ്ഞവർ
നിർമ്മല സീതാരാമൻ, ജി എസ്‌ ലക്ഷ്‌മി, വൃന്ദ രതി, ഗംഗാദീപ്‌ കാങ്‌, ആരോഹി പണ്ഡിറ്റ്‌, ഹിന ജയ്‌സ്‌വാൾ എന്നിവർ തലക്കെട്ടുകളിൽ നിറഞ്ഞവരായി. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പേരിൽ തലക്കെട്ടുകളിൽ ഇടംപിടിച്ച നിർമ്മല സീതാരാമൻ വർഷത്തിനൊടുവിൽ രാജ്യത്തുണ്ടായ സാമ്പത്തിക തകർച്ചയുടെ പേരിലും ശ്രദ്ധേയയായി.  ഉള്ളിവില മാനംമുട്ടിയപ്പോൾ  ‘ഞങ്ങളുടെ വീട്ടിലൊന്നും ഉള്ളി ഉപയോഗിക്കാറില്ലെന്ന’ നിർമ്മലയുടെ പ്രസ്‌താവന ആണ്ടറുതിയിൽ ചർച്ചാവിഷയമായി. രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിന്റെ മാച്ച്‌ റഫറിമാരുടെ പാനലിൽ 51കാരിയായ ജി  എസ്  ലക്ഷ്‌മി നിയമിതയായി.  ഈ പദവിയിൽ ആദ്യമായാണ്‌ ഒരു വനിത എത്തുന്നത്‌.

വൃന്ദ രവി ദേശീയ വനിതാ അമ്പയറായി ചരിത്രത്തിൽ ഇടംപിടിച്ചു. ക്രിക്കറ്റ്‌ താരമായ ഈ 29 കാരി ബിസിസിഐ മാച്ച്‌ റഫറിമാർക്കായി നടത്തിയ ലെവൽ 2  അമ്പയറിങ്‌ പരീക്ഷയിൽ രണ്ടാം സ്ഥാനത്തെത്തിയാണ്‌  ഈ നേട്ടത്തിന്‌ ഉടമയായത്‌. പുരുഷൻമാരുടെ ക്രിക്കറ്റ്‌ നിയന്ത്രിക്കാൻ തമിഴ്‌നാട്ടിൽനിന്നുള്ള എൻ  ജനനിയും അർഹത നേടി.

കഴിഞ്ഞ 360 വർഷത്തെ ചരിത്രത്തിനിടയിൽ റോയൽ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെടുന്നആദ്യ ഇന്ത്യൻ വനിതയായി ഗംഗാദീപ്‌ കാങ്‌. 51 ശാസ്‌ത്രജ്ഞരെയാണ്‌  2019ൽ ലണ്ടനിലെ റോയൽ സൊസൈറ്റി ഫെലോഷിപ്പിന്‌ തെരഞ്ഞെടുത്തത്‌. ലൈറ്റ്‌ സ്‌പോർട്‌സ്‌ എയർക്രാഫ്‌റ്റിൽ അറ്റ്‌ലാന്റിക്‌ സമുദ്രത്തിനു കുറുകെ പറക്കുന്ന ആദ്യ വനിതയായി മുംബൈ സ്വദേശി 23കാരി ക്യാപ്‌റ്റൻ അരോഹി പണ്ഡിറ്റ്‌. ഇന്ത്യൻ വ്യോമ സേനയിലെ ആദ്യ വനിതാ ഫ്ലൈറ്റ്‌ എഞ്ചിനിയർ എന്ന ബഹുമതി ലഫ്‌റ്റനന്റ്‌ ഹിന ജയ്‌സ്വാൾ കരസ്ഥമാക്കി.
 

പ്രഭാവലയത്തിൽ ഗ്രേറ്റയും ജസിൻഡയും
കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ബിംബമായി മാറിയ  സ്വീഡൻകാരിയായ 16 കാരി  ഗ്രേറ്റ തുംബർഗ‌ും ന്യൂസിലാൻഡിൽ മുസ്ലിം പള്ളിയിൽ ഭീകരാക്രമണമുണ്ടായപ്പോൾ  ജനതയെ ചേർത്തുപിടിച്ച പ്രധാനമന്ത്രി ജസിൻഡ ആർഡനും ജനപ്രീതിയിൽ ലോകനേതാക്കളെ പിന്നിലാക്കി.യു എൻ കാലാവസ്ഥാ ഉച്ചകോടിയിൽ ഗ്രേറ്റ നടത്തിയ പ്രസംഗം ലോകം ഹൃദയത്തിൽ സ്വീകരിച്ചു. ‘നിങ്ങളുടെ പൊളളവാക്കുകള്‍ക്കൊണ്ട് എന്റെ സ്വപ്‌നങ്ങളും ബാല്യവും നിങ്ങള്‍ കവര്‍ന്നു. മനുഷ്യര്‍ ദുരിതമനുഭവിക്കുകയാണ്, മരിക്കുകയാണ്, മുഴുവന്‍ ആവാസവ്യവസ്ഥയും തകരുകയാണ്. വലിയ വിനാശത്തിന്റെ വക്കിലാണ് നാം. എന്നിട്ടും നിങ്ങള്‍ക്ക് പണത്തെക്കുറിച്ചും സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുമെല്ലാമുള്ള കെട്ടുകഥകള്‍ പറയാന്‍ എങ്ങനെ ധൈര്യംവരുന്നു?'  ഗ്രേറ്റ തുംബര്‍ഗ്  ലോക നേതാക്കളുടെ മുഖത്തുനോക്കി ചോദിച്ചു. ഈ വർഷത്തെ ടൈം മാഗസിൻ പേഴ‌്സൺ ഓഫ‌് ദ ഇയറും ഗ്രേറ്റയായിരുന്നു.


 

സ‌്ഫോടനത്തിൽ നിരപരാധികൾ കൊല്ലപ്പെട്ടപ്പോൾ ജസിൻഡ ആർഡൻ എന്ന പ്രധാനമന്ത്രിയെടുത്ത നിലപാടുകൾ അവർക്ക‌് ലോകത്തിന്റെ ആദരം നേടിക്കൊടുത്തു. രാജ്യത്ത‌് സമാധാനം നിലനിർത്തുന്നതിനുള്ള ശ്രമങ്ങൾക്കൊപ്പം ന്യൂസിലൻഡിന്റെ ബഹുസ്വരത നിലനിർത്താനുള്ള ശക്തമായ സന്ദേശവും  ഈ വനിത നൽകി. വെറുപ്പിനും സമൂഹത്തിൽ പരക്കുന്ന ഭീതിക്കും മറുപടിയായി പ്രത്യാശയുടെയും ഐക്യത്തിന്റെയും സന്ദേശം അവർ പ്രസരിപ്പിച്ചു. മതവിശ്വാസിയല്ലാത്ത ജസിൻഡ  മുസ്ലിം സ‌്ത്രീയെപ്പോലെ തട്ടമിട്ടാണ‌് സ‌്ഫോടനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചത‌്.

ചരിത്രം കുറിച്ച ബഹിരാകാശ നടത്തം
രണ്ടു വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തത്തിലൂടെ നാസ ചരിത്രം രചിച്ചു. നാസയിലെ ബഹിരാകാശയാത്രികരായ ക്രിസ്റ്റീന കോച്ചും ജെസീക്ക മെയറുമാണ് ചരിത്രപരമായ  പങ്കാളികളായത‌്.  

സ്‌ത്രീവിദ്യാഭ്യാസത്തിൽ കേരളം മുന്നിൽ
സംസ്ഥാനത്തെ 99. 5 ശതമാനം പെൺകുട്ടികളും  ഹയർസെക്കൻഡറി വിദ്യാഭ്യാസം പുർത്തിയാക്കിയതായാണ്‌ കേന്ദ്ര സർക്കാരിന്റെ സ്‌റ്റാറ്റിസ്റ്റിക്‌സ്‌ ആൻഡ്‌  പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം ഈ വർഷം പ്രസിദ്ധീകരിച്ച സർവേ റിപ്പോർട്ട്‌. ദേശീയ ശരാശരിയായ 77.5 ശതമാനത്തെക്കാൾ 22 ശതമാനം കൂടുതൽ. സംസ്ഥാനത്തെ പ്രീപ്രൈമറി   വിദ്യാർഥികളിൽ 60 ശതമാനമെങ്കിലും പെൺകുട്ടികളാണ്‌.

ഇത്തിരി വെട്ടമായ‌് നിദ ഫാത്തിമ
ബത്തേരിയിലെ സർവജന സ‌്കൂളിൽ പാമ്പുകടിയേറ്റ‌് ഷെഹ‌് ല ഷെറിൻ മരിച്ചപ്പോൾ ഏവരും കാതുകൂർപ്പിച്ച‌് കേട്ടത‌് സഹപാഠി നിദ ഫാത്തിമയുടെ ഉറച്ചവാക്കുകളായിരുന്നു. സ‌്കൂളിൽ സംഭവിച്ച കാര്യങ്ങൾ അവൾ ധീരതയോടെ പറഞ്ഞില്ലായിരുന്നെങ്കിൽ സമൂഹം അതൊന്നും ഒരുപക്ഷെ അറിയുമായിരുന്നില്ല. അധ്യാപകരുടെ അനാസ്ഥയും സ‌്കൂളിൽ ചെരിപ്പിട്ടുകയറാൻ അനുവദിക്കാത്ത കാര്യവും അടക്കം അവൾ നിർഭയമായി സമൂഹത്തോട‌് വിളിച്ചുപറഞ്ഞു.

ചാന്ദ്രദൗത്യത്തിലെ സ്‌ത്രീസാന്നിധ്യം
ഇന്ത്യയുടെ രണ്ടാം ചാന്ദ്രദൗത്യം മുന്‍നിരയില്‍ നിന്ന് നയിക്കാൻ രണ്ടു വനിതകളുണ്ടായിരുന്നു.  ഇതോടെ, സ്ത്രീകള്‍ പ്രോജക്ട് ഡയറക്ടര്‍, മിഷന്‍ ഡയറക്ടര്‍ എന്നീ പദവികള്‍ അലങ്കരിക്കുന്ന ആദ്യ ഇന്റര്‍ പ്ലാനറ്ററി ദൗത്യം എന്ന പ്രത്യേകതയും    ചാന്ദ്രയാന്‍ -2ന് ലഭിച്ചു.  രണ്ടാം ചാന്ദ്ര ദൗത്യത്തില്‍  പ്രോജക്ട് ഡയറക്ടര്‍ സ്ഥാനം  എം  വനിതയ്ക്കായിരുന്നു.  റിതു കരിദലായിരുന്നു  മിഷന്‍ ഡയറക്ടർ.  ചാന്ദ്ര ദൗത്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനവും സ്ത്രീകളായിരുന്നു.  നേച്ചര്‍ മാസിക 2019ല്‍ മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുത്തവരില്‍ ഒരാള്‍ കൂടിയായിരുന്നു എം  വനിത.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top