28 March Thursday

ഭാര്യ ഒരു വ്യക്തിയാണ് സ്വകാര്യസ്വത്തല്ല

ആർ സ്വാതിUpdated: Sunday May 29, 2022


"ഭാര്യ ഭർത്താവിന്റെ സ്വകാര്യസ്വത്തല്ല'– സ്‌ത്രീധന പീഡനത്തെത്തുടർന്ന് ബിഎഎംഎസ് വിദ്യാർഥിനി വിസ്‌മയ ഭർതൃവീട്ടിൽ ജീവനൊടുക്കിയ കേസിൽ വിധിപറയവേ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ചൂണ്ടിക്കാട്ടിയ പ്രധാന കാര്യങ്ങളിൽ ഒന്നായിരുന്നു ഇത്. സ്വന്തം കുടുംബങ്ങളിൽപ്പോലും സ്വയംനിർണയാവകാശമില്ലാതെ, അധികാരമില്ലാതെ, സുരക്ഷിതത്വമില്ലാതെ സ്‌ത്രീകൾ തുടരുന്ന കാലത്ത് ഏറെ ശ്രദ്ധേയമായ വാചകം. പല കാരണംകൊണ്ട് കേരളം ഉറ്റുനോക്കിയ കേസായിരുന്നു വിസ്‌മയയുടേത്. അന്വേഷണം ഒരു വർഷത്തിനകം പൂർത്തിയാക്കി  വിചാരണയ്‌ക്കും വാദത്തിനുംശേഷം പ്രതിക്ക് സ്‌ത്രീധന പീഡനത്തെത്തുടർന്നുള്ള മരണത്തിന്റെ ഉയർന്ന ശിക്ഷതന്നെ നൽകാനായി.

മോട്ടോർ വാഹനവകുപ്പിൽ ഉദ്യോഗസ്ഥനായിരുന്ന കിരണുമായി 2019ലായിരുന്നു വിസ്‌മയയുടെ  വിവാഹം. ഏറെ താമസിയാതെ 2021 ജൂണിൽ  ഭർതൃവീട്ടിൽ ആത്മഹത്യ. വിവാഹംകഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽത്തന്നെ സ്‌ത്രീധനത്തെച്ചൊല്ലി വഴക്കുകൾ ആരംഭിച്ചിരുന്നു. മരിക്കുംമുമ്പ് വിസ്‌മയ ബന്ധുക്കൾക്ക്‌ അയച്ച വാട്സാപ്‌ സന്ദേശങ്ങളും ശബ്ദരേഖകളും ചിത്രങ്ങളും ‍ഞെട്ടലോടെയാണ് സമൂഹമനഃസാക്ഷി കണ്ടത്. വിസ്‌മയയുടെ ദേഹത്തെ അടികൊണ്ട് നീലിച്ച പാടുകൾ കേരളത്തിന്റെ പുരോഗമനമുഖത്താണ് പ്രതിഫലിച്ചത്. ആരോപണവിധേയനായ പ്രതിയെ സർവീസിൽനിന്ന് പിരിച്ചുവിട്ടും മകൾ നഷ്ടപ്പെട്ട കുടുംബത്തോടൊപ്പം നീതിക്കായി ഒരുമിച്ചും സർക്കാർ സംവിധാനവും സമൂഹവും ജാഗരൂകരായി. പ്രതിഷേധം കനക്കുന്ന സമയത്താണ് സമാന സാഹചര്യത്തിൽ ആലുവയിൽ ബിരുദവിദ്യാർഥിയായ ഇരുപത്തൊന്നുകാരി ജീവനൊടുക്കിയ വാർത്ത വരുന്നത്. പെട്ടെന്നുള്ള രോഷപ്രകടനത്തിനും സോഷ്യൽ മീഡിയയിലെ ഹാഷ്ടാഗ് വിപ്ലവങ്ങൾക്കും അപ്പുറത്ത് പുരുഷാധിപത്യ സമൂഹത്തിൽ തൊലിക്കടിയിൽ ഒളിച്ചിരിക്കുന്ന അടിമ–ഉടമ മനോഭാവം മാറാത്തിടത്തോളം ജീവനൊടുക്കലുകൾ ആവർത്തിച്ചുകൊണ്ടിരിക്കും എന്നതിന്റെ ഒന്നാന്തരം തെളിവ്.

കല്യാണ മാർക്കറ്റെന്ന വില്ലൻ
സേവ് ദ ഡേറ്റ് മുതൽ റിസപ്ഷൻ വരെ നീണ്ടുനിൽക്കുന്ന മാമാങ്കമാണ് കല്യാണം. ഒരായുസ്സിന്റെ അധ്വാനം മുഴുവൻ കല്യാണ മാർക്കറ്റിൽ മുടക്കേണ്ടിവരുന്ന മധ്യവർഗകുടുംബങ്ങൾക്ക് വലിയ ബാധ്യതയാണ് ഓരോ വിവാഹവും വരുത്തുന്നത്. അഭ്യസ്‌തവിദ്യരായ സ്‌ത്രീകളുടെ തൊഴിലില്ലായ്മ കേരളത്തിന്റെ പ്രത്യേകതയാണ്. സ്‌ത്രീകളുടെ തൊഴിൽ പങ്കാളിത്തനിരക്കിൽ ഗണ്യമായ വർധനയുണ്ടായിട്ടുമില്ല.  അടുത്തകാലത്തൊന്നും ഉണ്ടായിട്ടില്ല. കുടുംബത്തിനകത്ത് വിധേയപ്പെടേണ്ടവളെന്ന് തീരുമാനിക്കപ്പെട്ട് വളരുന്ന പെൺകുട്ടികൾ ഉന്നതബിരുദം ഉണ്ടായിട്ടും ജോലിയോ വരുമാനമോ ഇല്ലാതെ അപരിചിതമായ മറ്റൊരു വീടിനും ജീവിതസാഹചര്യത്തിനും പാകപ്പെടേണ്ടിവരുന്ന അവസ്ഥ ഏറിയും കുറഞ്ഞും ഇന്നുമുണ്ട്.

സർക്കാർ ജോലിക്കാരൻ ആണെന്നതായിരുന്നു വിസ്‌മയ കേസിലെ പ്രതി കിരണിന്റെ കല്യാണ മാർക്കറ്റിലെ കൂടിയ സ്‌ത്രീധനത്തിനുള്ള യോഗ്യത. ജാതി, വിദ്യാഭ്യാസം, സാമ്പത്തികസ്ഥിതി, കുടുംബത്തിൽ നേരത്തെ വിവാഹിതരായവർക്ക് ലഭിച്ച തുക തുടങ്ങി നിരവധി കാര്യങ്ങൾ പരിഗണിച്ചാണ് പെൺകുട്ടിക്ക‍് എന്താണ‍് "കൊടുക്കുന്നത്' എന്നത് നിശ്ചയിക്കപ്പെടുന്നത്.

1961ലെ സ്‌ത്രീധന നിരോധന നിയമം അനുസരിച്ച് വിവാഹത്തിന്റെ ഭാഗമായി വധുവിന്റെ വീട്ടുകാരിൽനിന്ന് വരനോ മറ്റു ബന്ധുക്കളോ പണം, സ്വർണം, സ്വത്ത്, മറ്റു വസ്‌തുക്കൾ തുടങ്ങി എന്തുകാര്യവും സ്വീകരിക്കുന്നത് കുറ്റകരമാണ്. ഗിഫ്റ്റ് എന്ന ഓമനപ്പേരിൽ പൊതിഞ്ഞുകൊടുക്കുന്നതും സ്‌ത്രീധനംതന്നെ.

കേരളത്തിൽ സ്‌ത്രീധന പീഡനം നേരിടുന്നത് ഭൂരിഭാഗവും മധ്യ–ഉന്നത, മധ്യവർഗ കുടുംബത്തിൽ ഉള്ളവരാണെന്ന് പഠനങ്ങളുണ്ട്. സ്‌ത്രീകൾക്ക് വിദ്യാഭ്യാസമോ സാമ്പത്തിക സ്വാതന്ത്ര്യമോ ഇല്ലാതിരുന്ന കാലത്ത് സുരക്ഷയെ കരുതി നൽകിയിരുന്നത് കാലക്രമേണ പുരുഷന്റെ അവകാശമായിത്തീർന്നു. വിദ്യാഭ്യാസമുണ്ടായിട്ടും സാമ്പത്തിക സ്വാശ്രയത്വം ഇല്ലാത്തത‍് എല്ലാക്കാലത്തും വീടുകളിൽ സ്‌ത്രീകളെ നിശ്ശബ്ദരാക്കി.

തുടരുന്ന നിയമലംഘനം
15 വർഷത്തിനിടെ ഇരുനൂറ്റമ്പതോളം സ്‌ത്രീധന മരണമാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. വീടുകളിൽ മൂടിവയ്‌ക്കപ്പെടുന്നത് അതിലും ഇരട്ടിയായിരിക്കും. താൻ ചൂഷണം ചെയ്യപ്പെടുകയാണെന്നുപോലും തിരിച്ചറിയാത്തവർ വേറെയുമുണ്ടാകും. പുറത്തുവരുന്ന സംഭവങ്ങളിൽ കേസെടുക്കുകയും അറസ്റ്റുചെയ്യുകയും പതിവാണെങ്കിലും ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം കുറവാണ്. എന്നാൽ, വിസ്‌മയ കേസ് അതിനൊരു അപവാദമാണ്.

ഇന്ത്യയിൽ സ്‌ത്രീധനം നിരോധിക്കപ്പെട്ടിട്ട് 60 വർഷം കഴിഞ്ഞു. ആ നാട്ടിലാണ് സ്‌ത്രീധനം കുറഞ്ഞുപോയെന്ന കാരണംകൊണ്ട് പെൺകുട്ടികൾക്ക് മരിക്കേണ്ടിവരുന്നത്. ഇത്തരം നിയമലംഘനങ്ങൾ സാമാന്യവൽക്കരിക്കുന്നതിൽ സിനിമകൾക്കടക്കം പങ്കുണ്ട്. ശാരീരികവും മാനസികവും വെെകാരികവുമായ പീഡനത്തെ അതിജീവിക്കാനാകാതെ സ്വയംമരണത്തെ സ്വീകരിച്ചവർക്കൊപ്പം ഭർതൃവീട്ടുകാർ കൊലപ്പെടുത്തിയവരും നിരവധി. സ്‌ത്രീധനവുമായി ബന്ധപ്പെട്ട പരാതികളിൽ നടപടികൾ അതിവേഗമാക്കാൻ 2021 ഒക്ടോബറിൽ സർക്കാർ പുതിയ മാർഗനിർദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് സ്‌ത്രീധന നിരോധനചട്ടം ഭേദഗതി ചെയ്‌തു. ഇന്ന് എല്ലാ ജില്ലയിലും സ്‌ത്രീധന നിരോധന ഓഫീസർമാരുണ്ട്. ലഭിക്കുന്ന പരാതികളിൽ അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് നൽകണം. ക്രിമിനൽ നടപടി ആവശ്യമെങ്കിൽ പൊലീസിന് കെെമാറും.

സാമ്പത്തിക സ്വാശ്രയത്വം പ്രധാനം
ലോകത്തെ സ്‌ത്രീജനസംഖ്യയിൽ 35 ശതമാനംപേർ ഗാർഹികപീഡനത്തിനോ ലൈംഗികപീഡനത്തിനോ ഇരയാകുന്നുണ്ടെന്നാണ് കണക്ക്. സാമൂഹ്യനീതി തുല്യമായി വിതരണം ചെയ്യപ്പെടുന്ന സമൂഹത്തെ മാത്രമേ ഒരു പുരോഗമനസമൂഹമെന്ന് പറയാനാകൂ. സാമ്പത്തിക സ്വാശ്രയത്വം സ്‌ത്രീയെ സംബന്ധിച്ചിടത്തോളം പരമപ്രധാനം. വിദ്യാഭ്യാസത്തിനും തൊഴിലിനുംശേഷം അവനവൻ ആഗ്രഹിക്കുന്നെങ്കിൽ മാത്രം വിവാഹമെന്ന കാഴ്ചപ്പാട് വേണം. സാമ്പത്തിക സ്വാതന്ത്ര്യംതരുന്ന സുരക്ഷിതത്വബോധം സ്‌ത്രീധന വിലപേശലുകളിൽനിന്ന് ഇറങ്ങിനടക്കാനുള്ള ധൈര്യം വലിയൊരളവിൽ സ്‌ത്രീക്ക്‌  നൽകും.

സെൻസേഷണൽ ആകുന്ന കേസുകളിൽ കണ്ടുവരുന്ന ഓൺലെെൻ രോഷപ്രകടനങ്ങൾക്കും ആൾക്കൂട്ട വിചാരണകൾക്കും അപ്പുറത്ത് വീടുകൾക്കുള്ളിലാണ് മാറ്റംവരേണ്ടത്. പെൺകുട്ടികളെ "പറഞ്ഞയക്കുന്ന' രീതി മാറ്റി അവരുടെ വ്യക്തിത്വം അംഗീകരിക്കേണ്ട സാമൂഹ്യ ഉത്തരവാദിത്വം ഓരോ മനുഷ്യന്റേതുമാണ്. അല്ലാത്തപക്ഷം അടികൊണ്ട് നീലിച്ചുപോയ പെൺപാടുകൾ പുരോഗമനസമൂഹത്തിന് കളങ്കമായി അവിടെത്തന്നെയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top