25 April Thursday

സ്ത്രീകവിത: ഒരു ആമുഖം-സച്ചിദാനന്ദന്‍ സംസാരിക്കുന്നു

സച്ചിദാനന്ദന്‍Updated: Friday Apr 29, 2022

പെർസോണ: ഇംഗ്‌മർ ബർഗ്‌മാൻ

ആരാണ് പുരുഷന്‍, ആരാണ് സ്ത്രീ എന്ന ചോദ്യങ്ങള്‍ക്കുപോലും പഴയ ജീവശാസ്ത്രപരമായ ഉത്തരങ്ങള്‍ മതിയാവില്ല. ലൈംഗികച്ചായ്‌വുകള്‍ മുതല്‍ മാനസികാവസ്ഥകൾവരെ ലളിതമായ വിഭജനങ്ങളെ അപ്രസക്തമാക്കിയ ഒരു കാലത്താണ് നാം സ്ത്രീസാഹിത്യത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത് എന്ന് സൂചിപ്പിക്കാതെ ഈ വിഷയത്തിലേക്ക് കടക്കുക തന്നെ പ്രയാസമാണ് എന്നര്‍ത്ഥം. എങ്കില്‍ ട്രാന്‍സ് ജെന്റര്‍, ഗേ, ലെസ്ബിയന്‍ സാഹിത്യങ്ങളെ നാം ഏത്‌ വിഭാഗത്തില്‍പ്പെടുത്തും?

സച്ചിദാനന്ദന്‍

സച്ചിദാനന്ദന്‍

സ്ത്രീരചനകളെക്കുറിച്ചുള്ള ഏതൊരു അര്‍ത്ഥവത്തായ ചര്‍ച്ചയും ഇന്ന് സ്ത്രീശാക്തീകരണം എന്ന കൂടുതല്‍ വിശാലമായ പശ്ചാത്തലത്തിലേ നിർവഹിക്കാന്‍ കഴിയൂ. കവിതയുടെ, അഥവാ പൊതുവേ സാഹിത്യത്തിന്റെ, സവിശേഷസ്വഭാവം മറന്നുകൊണ്ടല്ല ഇത് പറയുന്നത്. മറിച്ച് ലോകമെമ്പാടും ജനങ്ങള്‍ ഇന്ന് പലതരം ആധിപത്യങ്ങള്‍ക്കെതിരെ നടത്തുന്ന, പുതിയ, പരിസ്ഥിതിബോധമുള്ള വികസന മാതൃകകള്‍ക്കും വിമോചകവും മാനുഷികവുമായ വിദ്യാഭ്യാസസമ്പ്രദായങ്ങള്‍ക്കും മൗലികാവകാശങ്ങള്‍ക്കും മത,വംശ സഹവര്‍ത്തിത്വത്തിനും ലോകസമാധാനത്തിനും സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും ശരിയായ വികേന്ദ്രീകൃത ജനാധിപത്യത്തിനുംവേണ്ടി നടത്തുന്ന അഹിംസാത്മകമായ പ്രതിരോധങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും അനുപൂരകമായ ഒന്നാണ് ലിംഗസമത്വത്തിനുവേണ്ടിയുള്ള നീക്കങ്ങള്‍.

ലോകത്തിലെ പലതരം അസമത്വങ്ങള്‍ സാഹിത്യത്തിലും എന്നും പ്രതിഫലിച്ചിട്ടുണ്ട്. ഇത് ലിംഗപരമായ അസമത്വത്തെ സംബന്ധിച്ചും സത്യമാണ്. സത്യോൽപ്പാദനത്തിലെന്നപോലെ സൗന്ദര്യോൽപ്പാദനത്തിലും വംശപരവും വര്‍ഗപരവും ലിംഗപരവുമായ അസമത്വങ്ങള്‍ പ്രവര്‍ത്തിക്കുകയും ഒരു വിഭാഗത്തെ മറ്റൊരു വിഭാഗം നിഷ്ക്രിയരോ നിരക്ഷരരോ നിശ്ശബ്ദരോ അദൃശ്യരോ ആക്കാന്‍ ശ്രമിക്കുകയും ചെയ്തുപോന്നിട്ടുണ്ട്; അത് കഴിയാത്തപ്പോള്‍, അവരുടെ പ്രവര്‍ത്തനത്തെ തങ്ങള്‍ക്ക്‌ അനുകൂലമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്‌ തെരഞ്ഞെടുത്തുള്ള പ്രോത്സാഹനം മുതല്‍ പ്രകോപനവും ബഹിഷ്‌കരണവും പീഡനവും വരെയുള്ള തന്ത്രങ്ങള്‍ അധീശ വിഭാഗങ്ങള്‍ പ്രയോഗിച്ചിട്ടുമുണ്ട്.

ഒരൊറ്റ വിപ്ലവംകൊണ്ട് ഈ അസമത്വങ്ങള്‍ എല്ലാം പരിഹരിക്കാം എന്നത് ഒരു മിഥ്യ മാത്രമാണെന്ന്‌ വിപ്ലവങ്ങളുടെ ചരിത്രം തെളിയിക്കുന്നു. ഓരോ രംഗത്തും സവിശേഷമായ പ്രതിരോധങ്ങളുടെ ആവശ്യമുണ്ട്. അധീശത്വങ്ങള്‍ക്ക് കീഴ്പ്പെട്ട പീഡിതവിഭാഗങ്ങളും പലപ്പോഴും അധീശവിഭാഗത്തിന്റെ പിണിയാളുകളും പ്രചാരകരുമായി പ്രവര്‍ത്തിക്കുന്നതും നാം കാണുന്നു.

പുരുഷാധിപത്യത്തെ നിലനിര്‍ത്തുന്നത് പുരുഷന്മാര്‍ മാത്രമല്ല എന്നര്‍ത്ഥം.അതുകൊണ്ട് ജീവശാസ്ത്രപരമായ അര്‍ഥത്തില്‍  മാത്രം നമുക്ക്‌ ലിംഗത്തെ കാണാനാവില്ല. എല്‍ജിബിടി പ്രസ്ഥാനംപോലുള്ള മുന്നേറ്റങ്ങള്‍ ഈ ലളിതവിഭജനങ്ങളെത്തന്നെ പ്രശ്നവത്കരിക്കുന്നുണ്ട്. ആരാണ് പുരുഷന്‍, ആരാണ് സ്ത്രീ എന്ന ചോദ്യങ്ങള്‍ക്കുപോലും പഴയ ജീവശാസ്ത്രപരമായ ഉത്തരങ്ങള്‍ മതിയാവില്ല. ലൈംഗികച്ചായ്‌വുകള്‍ മുതല്‍ മാനസികാവസ്ഥകൾവരെ ലളിതമായ വിഭജനങ്ങളെ അപ്രസക്തമാക്കിയ ഒരു കാലത്താണ് നാം സ്ത്രീസാഹിത്യത്തെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നത് എന്ന് സൂചിപ്പിക്കാതെ ഈ വിഷയത്തിലേക്ക് കടക്കുകതന്നെ പ്രയാസമാണ് എന്നര്‍ത്ഥം.

എങ്കില്‍  ട്രാന്‍സ്ജെന്റര്‍, ഗേ, ലെസ്ബിയന്‍ സാഹിത്യങ്ങളെ നാം ഏതു വിഭാഗത്തില്‍പ്പെടുത്തും? റൂത്ത് വനിതയെപ്പോലുള്ളവര്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉന്നയിച്ച, പലപ്പോഴും പുരുഷത്വവാദികളും സ്ത്രീവാദികളും ഒരുപോലെ കണ്ടില്ലെന്നു നടിച്ച ചോദ്യങ്ങളാണിവ. മലയാളത്തിലെ സ്ത്രീകവിതയെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ ഈ പ്രശ്നങ്ങളും പാര്‍ശ്വങ്ങളില്‍നിന്നുള്ള കാഴ്ചകളും  ഉയര്‍ന്നുവരുമെന്ന് തന്നെ ഞാന്‍ പ്രതീക്ഷിക്കുന്നു.

ഒപ്പം തന്നെ വാമൊഴിക്കവിതകള്‍ പലപ്പോഴും പെര്‍ഫോമൻസുകളുമായി ബന്ധപ്പെട്ടവ  ഉള്‍പ്പെടെ  മുഖ്യധാരാചര്‍ച്ചകള്‍ പൊതുവേ അവഗണിക്കാറുള്ള കവിതാവിഭാഗങ്ങളും ഈ ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. കവിത എഴുതപ്പെടുന്നതുമാത്രമാണെന്ന ഉപരിവർഗ ധാരണയില്‍നിന്ന് നമ്മുടെ കവികള്‍ ഗോത്രകവികള്‍ മുതല്‍ ഭക്തികവികൾവരെ പണ്ടേ മുക്തരായിരുന്നെങ്കിലും അക്കാദമിക് നിരൂപണം ഇന്നും മോചനം നേടിയിട്ടില്ല.

 ഇന്ത്യയിലെ സ്ത്രീകവിതയ്‌ക്ക്‌ ദീര്‍ഘമായ ഒരു ചരിത്രമുണ്ട്. പലപ്പോഴും പുരുഷാധിപത്യത്തെയും  അതിന്റെ കുടുംബം മുതലായ സ്ഥാപനങ്ങളെയും എതിരിട്ടു കൊണ്ടാണ് സ്ത്രീകവിത ഉയരുകയും നിലനില്‍ക്കുകയു ചെയ്തത്.

സൂസി താരു

സൂസി താരു

സൂസി താരുവിന്റെ ‘Women Writing in India’ ആരംഭിക്കുന്നതുതന്നെ ഉബ്ബിരി, സുമംഗലമാതാ എന്നീ ബുദ്ധിസ്റ്റ് സന്യാസിനികളുടെ കവിതകളോടെയാണ് എന്നത് യാദൃച്ഛികമല്ല.

അവര്‍ കുടുംബജീവിതത്തിന്റെ തടവറകളെ തള്ളിപ്പറയുന്നു. സംഘം അവര്‍ക്ക് അഭയമാണ്. നെച്ചെല്ലിയാര്‍, വെള്ളിവീതിയാര്‍ തുടങ്ങിയ സംഗം സ്ത്രീകവികള്‍ പലപ്പോഴും വ്യംഗ്യഭാഷയില്‍ ശൃംഗാരം ആവിഷ്‌കരിച്ചുവെങ്കില്‍ തെലുങ്കിലെ മുദ്ദുപളനി (പതിനെട്ടാം നൂറ്റാണ്ട്) സ്ത്രീകള്‍ക്ക്‌ ശൃംഗാരം, വിശേഷിച്ചും ശാരീരികമായ അതിന്റെ ആവിഷ്‌കാരങ്ങള്‍, നിഷേധിക്കപ്പെട്ടിരുന്ന കാലത്ത് രാധയുടെ കാമചോദനകള്‍ നേരിട്ട് ആവിഷ്‌കരിച്ചതിന്റെ പേരില്‍ ബഹിഷ്‌കരണത്തിനും വിസ്‌മൃതിക്കും വിധിക്കപ്പെട്ടിരുന്ന കവിയാണ്‌.

വീരേശലിംഗത്തെപ്പോലുള്ള ദേശീയവാദികളായ സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍പോലും ബ്രിട്ടീഷുകാര്‍ ആ കവിക്കെതിരെ കൊണ്ടുവന്ന നിരോധനത്തെ എതിര്‍ത്തില്ല എന്നത് ശ്രദ്ധേയമാണ്. സ്വാതന്ത്ര്യത്തെ അന്നത്തെ പല സ്വാതന്ത്ര്യവാദികളെയും പോലെ, ബ്രിട്ടീഷ് അധിനിവേശത്തില്‍നിന്നുള്ള സ്വാതന്ത്ര്യത്തിലേയ്ക്ക് ചുരുക്കുകയാണ് വീരേശലിംഗവും ചെയ്തത്. ആഭ്യന്തരമായ ആധിപത്യങ്ങള്‍ വർണം, വര്‍ഗം, ജാതി, ലിംഗം ഒന്നുകില്‍ അവര്‍ അവഗണിച്ചു, അഥവാ അവയെല്ലാം ബ്രിട്ടീഷുകാര്‍ പോയതിനു ശേഷം നടത്തേണ്ട സമരങ്ങള്‍ക്കായി നീട്ടിവെച്ചു. ആണ്ടാള്‍, അക്കമഹാദേവി, മീരാബായി, ഗംഗാ സതി, രത്നാബായി, ജാനാബായി, മൊള്ള, ലാല്‍ ദെദ് തുടങ്ങിയ ഭക്തികവികളുടെ കാര്യം നമുക്ക്‌ അപരിചിതമല്ല. അവര്‍ക്ക് ഭര്‍ത്താക്കന്മാരെ ഉപേക്ഷിക്കുകയോ വീടുവിട്ടിറങ്ങുകയോ, ശിവനെയോ വിഷ്ണുവിനെയോ വിഷ്ണുവിന്റെ അവതാരമായി കരുതപ്പെടുന്ന കൃഷ്ണനെയോ സ്വന്തം കാമുകരായി സങ്കൽപ്പിക്കുകയോ  മനഃശരീരങ്ങളുടെ കഠിനമായ സംഘര്‍ഷം അനുഭവിക്കുകയോ വേണ്ടിവന്നു.

മലയാളത്തിലെ സ്ത്രീകവിതയുടെ തന്നെ തുടക്കം തിരഞ്ഞുപോയാല്‍ നാം മൂലദ്രാവിഡത്തില്‍നിന്ന് മലയാളം ഉരുത്തിരിഞ്ഞുതുടങ്ങിയ കവിതയുടെ കാലത്തോളം ചെന്നെത്തും. തമിഴര്‍ക്കും മലയാളികള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ് തമിഴ് ഭക്തികവിതയുടെയും സംഘകാലകവിതയുടെയും പാരമ്പര്യം.എന്നാല്‍, കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനപാദത്തില്‍ മാത്രമാണ് സ്ത്രീകളുടെ കവിത സവിശേഷമായ ഒരു ഗണം എന്ന നിലയില്‍  ശ്രദ്ധനേടുകയും ഗവേഷണവിധേയമാകാന്‍ തുടങ്ങുകയും ചെയ്തത്. സ്ത്രീവാദപരമായ സമീപനങ്ങള്‍ സ്ത്രീകവിതയെ ഒരു ഗണമായി അംഗീകരിക്കാന്‍ സ്ത്രീകളും പുരുഷന്മാരുമായ നിരൂപകരെ പ്രേരിപ്പിച്ചു.

മാധവിക്കുട്ടി

മാധവിക്കുട്ടി

പിന്നീട് ട്രാന്‍സ്ജെന്റര്‍ കവിതകളിലേക്കും ശ്രദ്ധ തിരിഞ്ഞു. സ്ത്രീകള്‍ എഴുതുന്നത്‌ മാത്രമാണോ സ്ത്രീകവിത എന്നത് ദളിതുകള്‍ എഴുതുന്നത്‌ മാത്രമാണോ ദളിത്‌കവിത എന്ന പോലെ തന്നെ സൈദ്ധാന്തികമായി വിവാദമുയര്‍ത്താവുന്ന ഒരു ചോദ്യമാണ്. മനസ്സ് ദ്വിലിംഗിയാണെന്ന ചില ഫെമിനിസ്റ്റുകളുടെ തന്നെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ പുരുഷകവികളുടെ ചില രചനകളിലും അവരുടെ ഉള്ളിലെ സ്ത്രീത്വത്തെ കണ്ടെത്താന്‍ കഴിഞ്ഞു എന്നുവരാം. ഗേ, ബൈസെക്ഷ്വല്‍ കവികളെ മാത്രമല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. എങ്കിലും ഈ ചര്‍ച്ചയില്‍ സ്ത്രീകവിതയെ അതിന്റെ പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ എടുക്കുകയാവും സൗകര്യം.

ഒപ്പം തന്നെ സ്ത്രീകവിത എന്നത് ഏകശിലാരൂപമായ ഒരു സാഹിത്യഗണമാണോ എന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്. വര്‍ഗം, വര്‍ണം, പ്രവാസം, പ്രത്യയശാസ്ത്രം, എഴുതുന്ന കാലം  മുതലായവ കേവലമായ ലിംഗാടിസ്ഥാനത്തിലുള്ള വിഭജനത്തെ പ്രശ്നവത്കരിക്കുന്നുണ്ട്. ദളിത്‌ സ്ത്രീകവിത ശക്തമായ മറാത്തി പോലുള്ള ഭാഷകളില്‍ ഇത് ഒരു തര്‍ക്കവിഷയം തന്നെയായി മാറിയിട്ടുണ്ട്.

വിജിലയും വിപിതയും എം ആര്‍ രാധാമണിയും മറ്റും  അല്ലെങ്കില്‍ സഹീറാ തങ്ങള്‍, സോഫി ഷാജഹാന്‍, സിദ്ദിഹ, രഗില സജി, നഫീസത്ത്‌ ബീവി, താഹിറാ കുറ്റിപ്പുറം തുടങ്ങിയവര്‍ എഴുതുന്ന കവിതകളുടെ  അനുഭവലോകവും സമീപനവും ഭാഷയും, ബാലാമണിയമ്മയും സുഗതകുമാരിയും സുജാതാ ദേവിയും കനകശ്രീയും വിജയലക്ഷ്മിയും സാവിത്രി രാജീവനും വി എം ഗിരിജയും അനിതാ തമ്പിയും ആശാലതയും റോസ് മേരിയും ഒ വി ഉഷയും ഗീതാ ഹിരണ്യനും ഇന്ദിരാ അശോകും പ്രമീളാദേവിയും ലക്ഷ്മീദേവിയും രജനി മന്നാടിയാരും ലളിതാ ലെനിനും ശ്രീദേവി എസ് കര്‍ത്തായും ജ്യോതിബായി പരിയാടത്തും ലോപമുദ്രയും സൂര്യാ ഗോപിയും ഇ സന്ധ്യയും ആര്യാ ഗോപിയും ആര്യാംബികയും ഇന്ദിരാ അശോകും രോഷ്നി സ്വപ്നയും  ശ്രീലതാവര്‍മ്മയും കെ വി സുമിത്രയും അമ്പിളി ഓമനക്കുട്ടനും പത്മാ ബാബുവും അമ്മു ദീപയും  മറ്റും എഴുതുന്ന അഥവാ എഴുതിയ  കവിതകളുടേത് തന്നെയാണോ?

വിജയരാജമല്ലിക

വിജയരാജമല്ലിക

വിജയരാജമല്ലികയുടെ കവിതയെ നാം എവിടെ നിര്‍ത്തും? മാനകമലയാളത്തെ വെല്ലുവിളിക്കുന്ന പല മലയാളങ്ങളില്‍ എഴുതുന്ന ന്യൂനപക്ഷങ്ങളിലും പാര്‍ശ്വവത്കൃത വിഭാഗങ്ങളിലുംനിന്ന് വരുന്ന കവിതയോ?

അതുപോലെ തന്നെയാണ് തലമുറകളുടെ കാര്യവും. പലപ്പോഴും അജ്ഞാതനാമാക്കളായ  മുസ്ലിം സ്ത്രീകളുടെ ചില മാപ്പിളപ്പാട്ടുകളും കുത്തുപാട്ടുകളും, സിസ്റ്റര്‍  മേരി ബനീഞ്ഞ, മേരി ജോണ്‍ കൂത്താട്ടുകുളം തുടങ്ങിയ ചില ക്രിസ്ത്യന്‍ കവികളുടെ രചനകളും  ഒഴിച്ചാല്‍ ആദ്യകാലത്ത് അച്ചടിക്കപ്പെട്ട കവിതകള്‍ അധികവും എഴുതിയത് സവര്‍ണ സ്ത്രീകള്‍ ആയിരുന്നു. കുഞ്ഞിക്കുട്ടി തങ്കച്ചി, കുഞ്ഞിക്കുട്ടി തമ്പുരാട്ടി, തരവത്ത് അമ്മാളു അമ്മ, മുതുകുളം പാർവതി അമ്മ, കടത്തനാട്ട് മാധവിയമ്മ, തെക്കെക്കുന്നത്ത് കല്യാണിക്കുട്ടിയമ്മ, മനോരമത്തമ്പുരാട്ടി, ടി സി കല്യാണിയമ്മ, അമ്പാടി ഇക്കാവമ്മ, ജി മീനാക്ഷിയമ്മ, ടി ലീലാവതിയമ്മ, കുഞ്ഞിലക്ഷ്മി കെട്ടിലമ്മ, നൊട്ടത്ത് തങ്കമ്മ, കെ സരസ്വതിയമ്മ, ചുനങ്ങാട്ട് കല്യാണിക്കുട്ടിയമ്മ, കെ ഗോമതിയമ്മ, കൊച്ചിക്കാവ് തമ്പുരാട്ടി, കെ ഗോമതിയമ്മ തുടങ്ങിയ പേരുകള്‍ ശ്രദ്ധിക്കുക.

ഇതിനര്‍ഥം ഇവര്‍ പുരോഗമനകാരികള്‍ ആയിരുന്നില്ല എന്നല്ല: സ്ത്രീവിദ്യാഭ്യാസം,  നവോത്ഥാനം, നാടുവാഴിത്തത്തില്‍നിന്ന് മോചനം, ദേശീയ ബോധം തുടങ്ങി അക്കാലത്തെ പല പ്രമേയങ്ങളും ഇവരിലൂടെ ആവിഷ്‌കാരം തേടുന്നുണ്ട്. ബാക്കി പകുതി ലോകം ഇരുട്ടില്‍ ആയിരുന്നു എന്നുമാത്രം. ഇന്ന് അഭിരാമിയിലും  ഡോണാ മയൂരയിലും അമ്മു ദീപയിലും വിപിതയിലും ഷിഫാനാ സലീമിലും സ്റ്റാലിനായിലും മറ്റും എത്തിനില്‍ക്കുന്ന കവിത, തലമുറകളുടെ വ്യത്യാസംകൂടി അടയാളപ്പെടുത്തുന്നുണ്ട്. ഇതില്‍ മുന്‍തലമുറയുടെ കാല്‍പ്പനിക സമീപനത്തില്‍നിന്നുള്ള ഒരു മാറ്റവും ഒപ്പം ഭാഷയിലും രൂപത്തിലും ഘടനയിലും വന്ന മാറ്റവും കണക്കിലെടുക്കണം.

‘സാഹിത്യബാഹ്യം’ എന്ന് ആരോപിക്കാവുന്ന മറ്റൊരു പ്രശ്നംകൂടി ഈ സന്ദര്‍ഭത്തില്‍ ഉയരുന്നുണ്ട്. നമ്മുടെ കവിത – ഒരുപക്ഷെ അതിലേറെ കഥയും (കെ സരസ്വതി അമ്മ മുതല്‍ മാധവിക്കുട്ടിയും രാജലക്ഷ്മിയും സാറാ ജോസഫും ചന്ദ്രമതിയും പി വത്സലയും കെ ബി ശ്രീദേവിയും സാറാ തോമസും ഇ കെ ഷാഹിനയും അഷിതയും പ്രിയ എ എസും  ബി എം സുഹറയും ഖദീജാ മുംതാസും ഗ്രേസിയും ഇന്ദു മേനോനും കെ ആര്‍ മീരയും സംഗീത ശ്രീനിവാസനും രാജശ്രീയും ലതാലക്ഷ്മിയും കെ രേഖയും യമയും സി എസ് ചന്ദ്രികയും നമ്മുടെ വേറെ അനേകം സമകാലീനരായ എഴുത്തുകാരികളും വരെ) സ്ത്രീസ്വാതന്ത്ര്യം, സ്ത്രീശരീരം, സ്ത്രീയുടെ അഭിലാഷം, അന്തർലോകങ്ങള്‍, സ്ത്രീരാഷ്ട്രീയവും പൊതുരാഷ്ട്രീയവും, പുരുഷമേധാവിത്തത്തില്‍നിന്നുള്ള വിടുതി തുടങ്ങിയവയെ ശക്തമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

എന്നാല്‍ നമ്മുടെ സമൂഹം അതിനൊപ്പം മുന്നോട്ടുനീങ്ങിയോ? ഉണര്‍ച്ചയുടെ ലക്ഷണങ്ങള്‍ തീര്‍ച്ചയായും കാണുന്നുണ്ട്. ‘മീ റ്റൂ’ മുതല്‍ ‘റിക്ലെയിം ദി നൈറ്റ്‌’ വരെയുള്ള പ്രസ്ഥാനങ്ങള്‍, കുടുംബശ്രീ ഉള്‍പ്പെടെ സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള മുന്‍കൈകള്‍, പങ്കാളിയെ തെരഞ്ഞെടുക്കാന്‍ ലൈംഗികത്തൊഴിലാളികള്‍ക്ക് അവകാശം നല്‍കാനായി നടത്തപ്പെട്ട സമരങ്ങള്‍, സ്ത്രീധനവിരുദ്ധ സമീപനങ്ങള്‍ അങ്ങനെ വീട്ടിനകത്തും പുറത്തും പെണ്ണിടങ്ങള്‍ക്കായുള്ള നീക്കങ്ങള്‍ ഉണ്ടാകുന്നത് ഞാന്‍ കാണാതിരിക്കുന്നില്ല. എങ്കിലും കേരളീയ സമൂഹത്തില്‍ ഇന്നും പുരുഷാധിപത്യം വീട്ടിലും പുറത്തും ശക്തമാണെന്നതും കാണാതിരിക്കാനാവില്ല. സ്ത്രീകള്‍ക്കായുള്ള സംവരണം, സ്ത്രീവിദ്യാഭ്യാസം, ജോലിയിലൂടെ നേടുന്ന വരുമാനം തുടങ്ങിയവ പോലും ഭൂരിഭാഗം പുരുഷന്മാരിലും അധീശ മനോഭാവം കുറച്ചിട്ടില്ല.

ദുരഭിമാനക്കൊലകള്‍, സ്ത്രീധനക്കൊലകള്‍, ബലാത്സംഗങ്ങള്‍, പൊതുഇടങ്ങളില്‍ സ്ത്രീകളുടെ ദുർലഭമായ സാന്നിധ്യം, ലേഖകരുടെ എണ്ണത്തെ അപേക്ഷിച്ച് ലേഖികമാരുടെ എണ്ണത്തിലുള്ള കുറവ്, മാധ്യമങ്ങളില്‍ ശക്തരായ സ്ത്രീകള്‍ ഉണ്ടായിട്ടും നയപരമായ തീരുമാനങ്ങള്‍ എടുക്കുന്ന സ്ഥാനങ്ങളില്‍ സ്ത്രീകളുടെ അസാന്നിധ്യം, മോറല്‍ പൊലീസിങ്‌, രാഷ്ട്രീയ കക്ഷികള്‍ സ്ത്രീകളുടെ നേതൃത്വത്തോട് കാണിക്കുന്ന ഭയം ഇതെല്ലാം അതിന്‌ തെളിവാണ്.

പെർസോണ: ഇംഗ്‌മർ ബർഗ്‌മാൻ

പെർസോണ: ഇംഗ്‌മർ ബർഗ്‌മാൻ

സാഹിത്യചരിത്ര നിർമാണം, സാഹിത്യവിമര്‍ശം തുടങ്ങിയ രംഗങ്ങളില്‍ ഇന്നും അപൂർവം  ചില സ്ത്രീകളെ ഉള്ളൂ എന്നതുകൊണ്ട് പലപ്പോഴും ആൺവിമര്‍ശകരും സാഹിത്യചരിത്രകാരന്മാരും നിർമിക്കുന്ന ‘കാനോനു’കള്‍ (canons) മാറാതെ നില്‍ക്കുകയും സ്ത്രീസാഹിത്യത്തെക്കുറിച്ചുള്ള വിമര്‍ശപഠനങ്ങള്‍ താരതമ്യേന കുറവായിരിക്കുകയും ചെയ്യുന്നു.

അത്തരം പഠനങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ ഇന്ന് ധാരാളമായി ലഭ്യമാണ്.  മാർക്‌സിസവും ചിഹ്നവിജ്ഞാനീയവും ഘടനാവാദവും പാരായണ സിദ്ധാന്തങ്ങളും അപനിര്‍മാണവും എല്ലാം ഈ പഠനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയും. ഇന്ത്യയിലെ അധീശ വ്യവഹാരത്തിന്റെ കര്‍ത്താവ്, ‘ആധുനിക, മതേതര ജനാധിപത്യ’ വിഷയി ആയാണ് അവതരിപ്പിക്കപ്പെടുന്നതെങ്കിലും അത് മിക്കപ്പോഴും തന്നെ പുരുഷന്‍ ആണ് എന്ന് മറന്നുകൂടാ. പൗരസ്ത്യവാദപരമായ സമീപനങ്ങളും അപകടകരമായി നിലനില്‍ക്കുന്നു. പാഠത്തിന്റെ സ്വഭാവമനുസരിച്ച് പാരായണതന്ത്രങ്ങളും വ്യത്യസ്തമായിരിക്കും. പുരുഷനെ പ്രകീര്‍ത്തിക്കുന്ന ഒരു പുരാതനകൃതി വായിക്കും പോലെയാവില്ല ലിംഗവത്കരിക്കപ്പെട്ട കീഴാളരെ (gendered subaltern) അവതരിപ്പിക്കുന്ന ഒരു ആധുനികകൃതി വായിക്കേണ്ടത്. രണ്ടിലും വിമര്‍ശകന്റെ/ കയുടെ കര്‍ത്തവ്യം പാഠം ചുരുള്‍ നിവര്‍ത്തിക്കാണിച്ചു  കർതൃസ്ഥാനങ്ങളെ ദൃശ്യമാക്കുകയാണെങ്കിലും. പാശ്ചാത്യ ഫെമിനിസങ്ങളുടെ ചില പരിമിതികളും ഇങ്ങനെ കൃതികളെ അവയുടെ ശരിയായ സന്ദര്‍ഭത്തിൽവച്ച് വായിക്കുമ്പോള്‍ തെളിഞ്ഞുവരാം.

സുഗതകുമാരി

സുഗതകുമാരി

പടിഞ്ഞാറന്‍ ഫെമിനിസങ്ങള്‍ എന്തുകൊണ്ട് അനായാസമായി അക്കാദമിക് ലോകത്തിലേക്ക്‌ ആഗിരണം ചെയ്യപ്പെടുന്നു എന്ന കാര്യവും അപ്പോള്‍ വ്യക്തമാകും. ഇന്ത്യന്‍ വിമര്‍ശനരംഗത്ത്‌ ശരിയായി ഇടപെടാന്‍ സ്വത്വം, ലിംഗം, ജ്ഞാനം, സാമൂഹ്യ ബന്ധങ്ങള്‍, സംസ്‌കാരം ഇവയെക്കുറിച്ചുള്ള പാശ്ചാത്യ സങ്കൽപ്പനങ്ങളെയൊക്കെ പുനഃസ്വരൂപിക്കേണ്ടി വരും; ശ്രേണീക്രമങ്ങള്‍ പൊളിച്ചെഴുതേണ്ടി വരും, മുന്‍‌കൂര്‍ ലക്ഷ്യങ്ങള്‍ വെച്ചുള്ള (teleological) സമീപനങ്ങളും ലളിതമായ ദ്വന്ദ്വങ്ങള്‍ (binary) വെച്ചുള്ള ചിന്തയും ഋജുരേഖയിലുള്ള വിചാരരീതിയും മാറ്റേണ്ടിവരും.

ജാനാബായി തന്റെ വിഠോബയോട്‌ നടത്തുന്ന പ്രാര്‍ഥനകള്‍, മീരാബായിക്ക്‌ കൃഷ്ണനോടുള്ള സമീപനം, മഹാദേവിയക്കയും ബസവയും തമ്മിലുള്ള ബന്ധം, തടവറയിലെ ദേവകിയെക്കുറിച്ചും കാളിയമര്‍ദ്ദനത്തെക്കുറിച്ചുമുള്ള സുഗതകുമാരിയുടെ പ്രതിപാദനം, ഐതിഹ്യങ്ങളെക്കുറിച്ചുള്ള ബാലാമണിയമ്മയുടെ പുനരാഖ്യാനങ്ങള്‍ ഗദ്യത്തില്‍നിന്നുള്ള ഉദാഹരണങ്ങള്‍ അനുവദനീയമാണെങ്കില്‍, മഹാശ്വേതാദേവിയുടെ ആദിവാസിയായ ദ്രൗപദിയുടെ പ്രതിപാദനം, ഇന്ത്യന്‍ ബാല്യത്തെയും ലൈംഗികതയെയും കുറിച്ചുള്ള കുറത്തുല്‍ ഐന്‍ ഹൈദറുടെ പ്രതിപാദനങ്ങള്‍,  മാധവിക്കുട്ടിയുടെ  കഥകളിലെ സ്വപ്നരൂപത്തിലുള്ള തൃഷ്ണാവിഷ്‌കാരങ്ങള്‍, സാറാ ജോസഫിന്റെ ‘മുടിത്തെയ്യ’ങ്ങളിലെ  മുടി എന്ന രൂപകം ഇവയൊക്കെ  നമ്മുടെ കൃതികള്‍ പടിഞ്ഞാറന്‍ സിദ്ധാന്തങ്ങളെ ചെറുക്കുന്നതിന്ന്‌ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടാം.

ഇന്ന് മലയാള സ്ത്രീകവിതയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍ പോയട്രിയാ, വാക്കനല്‍ തുടങ്ങിയ സ്ത്രീകള്‍ നടത്തുന്ന ഫേസ്ബുക്ക് കവിതക്കൂട്ടായ്‌മകള്‍, ബ്ലോഗുകളിലും ഇതര വെർച്വല്‍ മാധ്യമങ്ങളിലും സ്ത്രീകള്‍ എഴുതുന്ന കവിതകള്‍ തുടങ്ങിയവയെക്കൂടി കണക്കിലെടുക്കാതെ വയ്യാ എന്ന് കൂടി സൂചിപ്പിക്കട്ടെ. ഒപ്പം കേരളത്തിലെ സ്ത്രീകവിതയെക്കുറിച്ചാണെങ്കില്‍ കമലാ ദാസും മീനാ അലക്‌സാണ്ടറും അന്നാ സുജാതാ മത്തായിയും  മുതല്‍ മീരാ നായരും ആരതി അശോകും ബബിതാ ജസ്റ്റിന്‍ മരീനും രുഖായയും വരെയുള്ളവരും ചര്‍ച്ചയില്‍ വരേണ്ടതുണ്ട്. 

ഇന്ന് മലയാള സ്ത്രീകവിതയെക്കുറിച്ച്‌ സംസാരിക്കുമ്പോള്‍  പോയട്രിയാ, വാക്കനല്‍ തുടങ്ങിയ സ്ത്രീകള്‍ നടത്തുന്ന ഫേസ്ബുക്ക് കവിതക്കൂട്ടായ്മകള്‍, ബ്ലോഗുകളിലും ഇതര വെർച്വല്‍ മാധ്യമങ്ങളിലും സ്ത്രീകള്‍ എഴുതുന്ന കവിതകള്‍ തുടങ്ങിയവയെക്കൂടി കണക്കിലെടുക്കാതെ വയ്യാ എന്ന് കൂടി സൂചിപ്പിക്കട്ടെ. ഒപ്പം കേരളത്തിലെ സ്ത്രീകവിതയെക്കുറിച്ചാണെങ്കില്‍ കമലാ ദാസും മീനാ അലക്‌സാണ്ടറും അന്നാ സുജാതാ മത്തായിയും  മുതല്‍ മീരാ നായരും ആരതി അശോകും ബബിതാ ജസ്റ്റിന്‍ മരീനും രുഖായയും വരെയുള്ളവരും ചര്‍ച്ചയില്‍ വരേണ്ടതുണ്ട്. 

ചുരുക്കത്തില്‍ വ്യവഹാരത്തിന്റെ ചിട്ടകള്‍, the terms of discourse-, മാറ്റിക്കൊണ്ട് മാത്രമേ സമൂഹത്തില്‍ എന്നപോലെ സാഹിത്യത്തിലും സ്ത്രീസാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുവാന്‍ കഴിയുകയുള്ളൂ. അതിന്‌ നമ്മുടെ സ്ത്രീകള്‍ തങ്ങളുടേതായ  ഭാഷയും സമീപനങ്ങളും അപഗ്രഥന സമ്പ്രദായങ്ങളും ചരിത്രനിർമാണരീതികളും പാരായണരീതികളും സ്വരൂപിക്കേണ്ടതുണ്ട്  .

(കാലടി ശ്രീശങ്കരസംസ്‌കൃത സർവകലാശാലയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സ്ത്രീകവിതാ സെമിനാറില്‍ നടത്തിയ ആമുഖ ഭാഷണം)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top