29 January Sunday

ആശ്വാസത്തിന്റെ പൂക്കൾ

സി എ പ്രേമചന്ദ്രൻUpdated: Sunday Mar 29, 2020


ചൈനയിൽനിന്ന് ഇന്ത്യയിൽ പറന്നിറങ്ങുമ്പോഴും അവൾ മുഖമാകെ മൂടിക്കെട്ടിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ വാപ്പച്ചിയും ഉമ്മയും കാത്തുനിൽപ്പുണ്ട്.  ഇമ്മ്ടെ നാട്ടിലെത്തീല്ലേ മോളെ.  ഇനി മുഖത്തെ കെട്ടെല്ലാം മാറ്റിക്കൂടേന്ന് വാപ്പച്ചി.  ഇപ്പോ മാറ്റേണ്ടന്ന് അവൾ. ഹോട്ടലിൽനിന്ന് ബിരിയാണി കഴിച്ചിട്ടുപേകാമെന്നും പറഞ്ഞപ്പോൾ വീട്ടിലെത്തി ഭക്ഷണം മതിയെന്ന് മറുപടി. വീട്ടിലെത്തിയിട്ടും മുറിയിൽ കയറി ജാഗ്രത. കൊറോണ വരുത്തുന്ന ദുരന്തം മെഡിക്കൽ വിദ്യാർഥിനിയായ അവൾക്കറിയാമായിരുന്നു.

വുഹാനിൽനിന്ന് വരുമ്പോൾ രോഗലക്ഷണങ്ങളൊന്നുമില്ല. എന്നിട്ടും അവളും കുടുംബവും ഒന്നും മറച്ചില്ല.  എല്ലാ വിമാനത്താവളങ്ങളിലും ചൈനയിൽനിന്നാണെന്ന്‌ സാക്ഷ്യപത്രം നൽകി. വീട്ടിലെത്തി അടുത്തദിവസം ആരോഗ്യവകുപ്പധികൃതരെ അറിയിച്ചു. പിന്നെ അവൾക്ക് ചുറ്റും ഡോക്ടർമാരും നേഴ്‌സുമാരും സർക്കാർ സംവിധാനങ്ങളും ചേർന്ന് പ്രതിരോധകവചം തീർത്തു.  ആശുപത്രിയിലും വീട്ടിലും സർക്കാർ നിർദേശങ്ങൾ അണുകിടതെറ്റാതെ പാലിച്ചു. ഇന്ത്യയിലാദ്യമായി കൊറോണ (കോവിഡ്‌) സ്ഥിരീകരിച്ച  അവൾ ഒരാൾക്കുപോലും രോഗപ്പകർച്ച നൽകാതെ അതിജീവിച്ചു. 

"സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങളെല്ലാം കർശനമായി പാലിക്കുക. അതുമാത്രമാണ് തനിക്ക്‌ ജീവരക്ഷയായത്‌’

ആ കുട്ടി  ഇപ്പോൾ  ചൈനീസ് മെഡിക്കൽ പരീക്ഷയ്‌ക്കുള്ള തയ്യാറെടുപ്പിലാണ്. വീട്ടിലിരുന്ന് ഇന്റർനെറ്റ്‌വഴി പഠനത്തിലാണ്. മോഡൽപരീക്ഷകളും എഴുതുന്നു. കോവിഡ്‌ അതിജീവിച്ച്‌ ചൈന വീണ്ടും തുറക്കുന്നതറിഞ്ഞ്‌ അവൾ സന്തോഷത്തിലാണ്‌. യൂണിവേഴ്സിറ്റി തുറന്നാൽ ഉടൻ പറക്കും,  ഡോക്ടറാകാനുള്ള തന്റെ സ്വപ്നച്ചിറകിലേറി. കോവിഡ്‌ ഇന്ത്യയിലാകെ പടരുമ്പോൾ അവൾ പറയുന്നു, "സർക്കാരിന്റെ ജാഗ്രതാ നിർദേശങ്ങളെല്ലാം കർശനമായി പാലിക്കുക. അതുമാത്രമാണ് തനിക്ക്‌ ജീവരക്ഷയായത്‌’.

ചൈനയിൽ വിമാനത്താവളങ്ങൾ അടയ്‌ക്കുന്നതറിഞ്ഞതോടെ അവസാന വിമാനത്തിൽ ഇവരും നാട്ടിലേക്ക്‌ കയറിക്കൂടുകയായിരുന്നു.  ജനുവരി 24നാണ് കേരളത്തിലെത്തിയത്. 25ന് ആരോഗ്യകേന്ദ്രത്തിൽ അറിയിച്ചു.  ചുമയുണ്ടെന്ന്‌ അറിയിച്ചതോടെ 26ന് ആംബുലൻസിൽ തൃശൂർ  ജനറൽ ആശുപത്രിയിലേക്ക്. തന്നെ സർക്കാർ  ഏറ്റെടുക്കുകയായിരുന്നു. ഐസൊലോഷൻ വാർഡിൽ ചികിത്സ,  വസ്‌ത്രം, ഭക്ഷണം എല്ലാം സാധാരണപോലെ.  മാനസികമായ ഒറ്റപ്പെടലില്ല. കരുതലിന്റെ ഭാഗമായി മറ്റുള്ളവരുമായി സമ്പർക്കമില്ലെന്നുമാത്രം. പഠിക്കാനും സമയംപോകാനും കംപ്യൂട്ടറും മൊബൈലും ഉപയോഗിക്കാൻ അനുവാദംതന്നു.

എന്നാലും അതിജാഗ്രതയോടെ നേഴ്സുമാരും ഡോക്ടർമാരുമെല്ലാം പൂർണമായും ശരീരംമറച്ചുള്ള പ്രതിരോധവസ്ത്രം ധരിച്ചാണെത്തുക. അവരുടെ മുഖങ്ങൾ കാണാനായില്ലെങ്കിലും 25 നാൾ അവരേകിയ സ്നേഹസ്പർശം മനസ്സിലുണ്ട്. മന്ത്രി ശൈലജ ടീച്ചർ തന്നെയും അമ്മയേയും മാറി മാറി വിളിച്ച്  സാന്ത്വനമേകി. ഫലം നെഗറ്റീവായശേഷം മെഡിക്കൽബോർഡ്‌ പരിശോധനയ്‌ക്കുശേഷം വീട്ടിലേക്ക്‌. 14 ദിവസംകൂടി  താനും വീട്ടുകാരും പുറത്തിറങ്ങിയില്ല. താൻവഴി ആർക്കും രോഗം പകർന്നില്ല. അതാണ്‌ ഏറ്റവും വലിയ ആശ്വാസമായത്‌. സർക്കാർ ഒപ്പംനിന്നതും ജാഗ്രതയുമാണ്‌  ഇതിന്‌ വഴിതെളിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top