26 April Friday

പിറന്നു വോളിയിലൊരു പുതുയുഗം

ജിജോ ജോർജ‌്Updated: Tuesday Jan 29, 2019


എതിരാളിയുടെ കോർട്ടിൽ നിന്നും ചീറിവരുന്ന സർവിനെ റിസീവ‌് ചെയ‌്ത‌് ഫസ‌്റ്റ‌് പാസ‌് നൽകിയ എസ‌് രേഖ, ഒട്ടും പിഴവില്ലാതെ പന്ത‌് സെറ്റ‌് ചെയ‌്ത കെ എസ‌് ജിനി. നെറ്റിനു മുകളിൽ ഉയർന്ന പ്രതിരോധകൈകളെ തകർത്ത‌്  സ‌്മാഷ‌് ഉതിർത്ത എം ശ്രുതിയും കെ പി അനുശ്രീയും. മികച്ച പ്രതിരോധകോട്ട തീർത്ത അഞ‌്ജു ബാലകൃഷ‌്ണനും  എസ‌് സൂര്യയും. കോർട്ടിൽ നിറഞ്ഞു രക്ഷപ്പെടുത്തലുകൾ നടത്തിയ ലിബറോ അശ്വതി രവീന്ദ്രൻ, ടീമിനെ മുന്നിൽ നിന്നും നയിച്ച ഫാത്തിമ റുക‌്സാന.

ദേശീയ സീനിയർ  വോളിബോളിൽ പതിനൊന്ന‌് വർഷങ്ങൾക്ക‌് ശേഷം കേരള വനിതകൾ മുത്തമിടുമ്പോൾ അത‌്  കൂട്ടായ‌്മയുടെ വിജയമായിരുന്നു. ഒത്തിണക്കത്തിന്റെ നേട്ടമായിരുന്നു. എല്ലാവരും ഒരേ മനസോടെ പൊരുതി. പത്ത‌് തവണ തുടർച്ചയായി പരാജയപ്പെട്ട ജാതകം തിരുത്തി  റെയിൽവേസിനോട‌് കണക്ക‌് തീർക്കാനുറച്ചാണ‌് ചെന്നെയിൽ കേരളത്തിന്റെ പെൺകുട്ടികൾ ഇറങ്ങിയത‌്. അതിന‌് ഫലം കണ്ടു. ഫൈനലിൽ രണ്ട‌് വീതം സെറ്റുകൾ നേടി കേരളവും റെയിൽവേസും ഒപ്പത്തിനൊപ്പം. അഞ്ചാം സെറ്റിൽ 7–-7ൽ നിൽക്കെ എട്ടാം പോയിന്റ‌് നേടി റെയിൽവേ മുന്നിൽ(7–-8). പിന്നീട‌് കണ്ടത‌് ചരിത്രം കുറിക്കുന്ന മലയാളി പെൺകുട്ടികളെയാണ‌്. 15–-8ന‌് എതിരാളികളെ തകർക്കുമ്പോൾ കേരളത്തിന്റെ വനിതാ വോളിബോളിന‌് പുത്തൻ ഉയർത്തേഴുന്നേൽപ്പായിരുന്നു. 

സ‌്ത്രീയെ രണ്ടാംതരം പൗരന്മാരായി കാണുന്ന കാലത്ത‌്, ആർത്തവ രക്തത്തിന്റെ പേരിൽ സ‌്ത്രീകളെ കുറ്റവാളികളുടെ സ്ഥാനത്ത‌് നിർത്താൻ ശ്രമിക്കുമ്പോൾ എല്ലാ മേഖലയിലും പുതിയൊരു കേരളം സാധ്യമാണെന്ന‌് മലയാളികൾ വിളിച്ചുപറയുന്നുണ്ടായിരുന്നു.  ഇത‌് ഉറങ്ങിക്കിടന്നിരുന്ന പെൺകരുത്തിന‌് നൽകിയ ഊർജം  ചെറുതായിരുന്നില്ല.  കായിക ലോകത്ത‌ും അതിന്റെ പ്രതിഫലനങ്ങൾ കാണാമായിരുന്നു. ചെന്നൈയിലെ വോളി കോർട്ടിലും ആ കരുത്ത‌് സടകുടഞ്ഞെണീറ്റപ്പോൾ ആ സിംഹഗർജനത്തിൽ  റെയിൽവെയ‌്ക്ക‌് പിടിച്ചുനിൽക്കാൻ കഴിയുമായിരുന്നില്ല. ഇവർ മനുസ‌്മൃതിയുടെ കാലത്തെ പെൺകുട്ടികളുടെ വിശേഷണം  പേറുന്നവരായിരുന്നില്ല.... എന്നാൽ വോളിയുടെ ചരിത്രം നാളെ മറിച്ചുനോക്കുന്നവർക്ക‌് അന്തസോടെ പറയാൻ ഈ പേരുകൾ സുവർണ ലിപികളിൽ എന്നുമുണ്ടാകും. പുതുവർഷത്തിന്റെ തുടക്കത്തിൽ കായിക കേരളത്തിന‌് പുത്തൻ പ്രതീക്ഷകളാണ‌് ചെന്നൈയിലെ എസ‌്ഡിഎടി  മൾട്ടിപർപ്പസ‌് ഇൻഡോർ സ‌്റ്റേഡിയത്തിൽ നടന്ന ദേശീയ വോളിബോൾ ചാമ്പ്യൻഷിപ്പ‌് നൽകിയത‌്.

പ്രാഥമിക ഘട്ടം മുതൽ മികച്ച പ്രകടനമാണ‌് കേരളത്തിന്റെ താരങ്ങൾ നടത്തിയത‌്. 12 അംഗ ടീമിലെ പത്ത‌് പേരും തിരുവനന്തപുരം സായി–-കെഎസ‌്ഇബിയുടെ താരങ്ങ‌ളാണെന്നതും ഒരുമിച്ച‌് കളിക്കുന്നവരാണെന്നും ടീമിന‌് ഏറേ ഗുണകരമായി. ഫാത്തിമ റുക‌്സാന(ക്യാപ‌്റ്റൻ), എസ‌് രേഖ, കെ എസ‌് ജിനി,  എം ശ്രുതി, അഞ‌്ജു ബാലകൃഷ‌്ണൻ, കെ പി അനുശ്രീ, ഇ അശ്വതി, എസ‌് സൂര്യ, ടി എസ‌് കൃഷ‌്ണ, അശ്വതി രവീന്ദ്രൻ എന്നിവരാണ‌് കെഎസ‌്ഇബിയുടെ താരങ്ങൾ. കെഎസ‌്ഇബി താരങ്ങൾക്കൊപ്പം കേരള പൊലീസിന്റെ എൻ എസ‌് ശരണ്യ, ജിൻസി ജോൺസൺ എന്നിവരും  ചേർന്നതോടെ ടീം സുശക്തമായി. താരങ്ങളുടെ മാനസിക സമ്മർദം ഇല്ലാതാക്കാൻ കേര‌ള പരിശീലകൻ ഡോ. സി എസ‌് സദാനന്ദൻ സ്വന്തം കഴിവുകളെക്കുറിച്ച‌് അവരെ ബോധ്യപ്പെടുത്തിയപ്പോൾ ലഭിച്ച ആത്മവിശ്വാസം ചില്ലറയായിരുന്നില്ല.  അവസാന സെറ്റിൽ കേര‌ള താരങ്ങൾ നടത്തിയ നീക്കങ്ങളായിരുന്നു ടീമിന‌് ഗുണം ചെയ‌്തത‌്.  ഏഴാമത്തെ തവണ ദേശീയ ചാമ്പ്യൻഷിപ്പ‌് കളിക്കുന്ന എസ‌് രേഖയും ആദ്യമായി കളിക്കുന്ന ടി എസ‌് കൃഷ‌്ണയും ജിൻസി ജോൺസണും ടീമിലുണ്ടായിരുന്നു. എന്നാൽ വലുപ്പ ചെറുപ്പമില്ലാതെ, ഒരേ മനസോടെ അവർ പന്ത‌് കൈമാറി.  

ഏഴ‌് ദേശീയ ചാമ്പ്യൻഷിപ്പിലും രണ്ട‌് ഏഷ്യൻ ഗെയിംസ‌ിലും പങ്കാളിയായ  കോഴിക്കോട‌് നടുവണ്ണൂർ സ്വദേശിനി ‌എസ‌് രേഖയുടെ  പരിചയസമ്പന്നത ടീമിന‌് ഏറേ ഗുണകരമായി.  ക്യാപ‌്റ്റൻ ഫാത്തിമ റുക‌്സാനയുടെ ആറാമത്തെ ദേശീയ ചാമ്പ്യൻഷിപ്പായിരുന്നു ചെന്നൈയിലേത‌്. കോഴിക്കോട‌് നരിക്കുനി കണ്ടോത്ത‌്പാറ സ്വദേശിയായ റുക‌്സാന, ഫൈനലിലെ വിജയത്തോടെ  രാജ്യം കണ്ട എറ്റവും മികച്ച താരങ്ങളായ കെ സി ഏലമ്മയുടെയും സാലി ജോസഫിന്റെയും ജെയ‌്സമ്മ മൂത്തേടത്തിന്റെയും പട്ടികയിലേക്കാണ‌് നടന്നുകയറിയത‌്.  രാജ്യാന്തര താരങ്ങളായ അഞ‌്ജു ബാലകൃഷ‌്ണന്റെയും എം ശ്രുതിയുടെയും അഞ്ചാമത്തെ ചാമ്പ്യൻഷിപ്പായിരുന്നു. ശ്രുതി വടകര മേമുണ്ട സ്വദേശിനിയും അഞ‌്ജു കാസർകോട‌് നീലേശ്വരംകാരിയുമാണ‌്. നാലാമത്തെ ദേശീയ ചാമ്പിൻഷിപ്പ‌് കളിക്കാനിറങ്ങിയ സെറ്റർ കെ എസ‌് ജിനി എറണാകുളം പറവൂർ സ്വദേശിനിയാണ‌്. 

ഇന്ത്യയുടെ ഒന്നാം നമ്പർ സെറ്ററായ ജിനി കേരളത്തിന‌് വിജയമൊരുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മൂന്നു തവണ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച കെ പി അനുശ്രീ കോഴിക്കോട‌് പയിമ്പ്രയിൽ നിന്നാണ‌് വോളി കോർട്ടിലെത്തുന്നത‌്.  കോഴിക്കോട‌് എളേറ്റിൽ വട്ടോളി സ്വദേശിനി അശ്വതി എടവലത്ത‌്, കോഴിക്കോട‌് മരുതോങ്കര സ്വദേശിനി എൻ എസ‌് ശരണ്യ, വയനാട്ടുകാരി അശ്വതി രവീന്ദ്രൻ, കൊല്ലം സ്വദേശിനി എസ‌് സൂര്യ എന്നിവരുടെ രണ്ടാമത്തെ ചാമ്പ്യൻഷിപ്പായിരുന്നു ഇത‌്. ആദ്യ ദേശീയ സീനിയർ ചാമ്പ്യൻഷിപ്പിനിറങ്ങിയ ജിൻസി ജോൺസണും(കൊല്ലം ആയൂർ) ടി എസ‌് കൃഷ‌്ണയും(എറണാകുളം വൈപ്പിൻ) ജൂനിയർ തലത്തിൽ മികവു തെളിയിച്ചവരാണ‌്.
  കേരളത്തിന്റെ കായിക രംഗത്ത‌ിന‌് പുത്തൻ ഉണർവേകി ഫാത്തിമ റുക‌്സാനയും കൂട്ടുകാരികളും നേടിയ വിജയം ഏറേ പ്രസക്തമാണ‌്. ഒരു ചാമ്പ്യൻഷിപ്പിലെ വിജയത്തിനപ്പുറം സ‌്ത്രീകളുടെ പോരാട്ട വീര്യത്തിന്റെ വിജയഗാഥ കൂടിയാണ‌് ഇവർ ചരിത്രത്തിൽ തീർത്തത‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top