08 May Wednesday

രൂപ ജോർജ്‌ സർക്കിൾ

ഹേമലതUpdated: Sunday Aug 28, 2022


‘രൂപ ജോർജ്‌ സർക്കിൾ’ സംസ്ഥാനത്ത്‌ ഉടനീളം പടർന്നുപന്തലിക്കുന്നു. സ്‌ത്രീകളെ പരസ്‌പരം ബന്ധിപ്പിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും രൂപ ജോർജ്‌ നേതൃത്വം നൽകുന്ന പദ്ധതിയാണ്‌ ഇത്‌. വാട്‌സാപ്‌, ടെലിഗ്രാം, ഫെയ്‌സ്‌ ബുക്ക്‌ എന്നിവയിലെ ഗ്രൂപ്പുകളിലൂടെയാണ്‌ കൂട്ടായ്‌മയുടെ വളർച്ച. ബേബി മറൈൻ എക്‌സ്‌പോർട്ടേഴ്‌സിന്റെ മാനേജിങ് പാർട്‌ണറുടെ കസേരയിൽ ഇരിക്കുമ്പോഴും തന്റെ വിജയത്തിനൊപ്പം മറ്റുള്ളവരുടെ വിജയംകൂടി ചേർത്തുവയ്‌ക്കാനാണ്‌ രൂപയ്‌ക്ക്‌ ഇഷ്ടം.

സ്ത്രീകൾക്ക് അവരുടെ ചിന്തകൾ, സർഗാത്മകത, കഴിവുകൾ എന്നിവ സ്വതന്ത്രമായി പ്രകടിപ്പിക്കാനും ഉൽപ്പന്നങ്ങൾക്ക്‌ വിപണി കണ്ടെത്താനും വിവേചനരഹിതമായ ഇടമാണ്‌ രൂപ ജോർജ്‌ സർക്കിൾ. രക്ഷാകർതൃത്വം, ആരോഗ്യം, ഫിറ്റ്നെസ്, മാനസികാരോഗ്യം, യാത്ര, അടുക്കള നുറുങ്ങുകൾ, വളർത്തുമൃഗങ്ങൾ, കരിയർ, കുട്ടികൾക്കുള്ള ട്യൂഷൻ, ഗാർഹിക സഹായത്തിനുള്ള അന്വേഷണം തുടങ്ങിയ വിഷയങ്ങളാണ്‌ ഗ്രൂപ്പിൽ ചർച്ച ചെയ്യുന്നത്‌. 20 മുതൽ 70 വയസ്സുവരെയുള്ളവരാണ്‌ ഗ്രൂപ്പിലെ അംഗങ്ങൾ.

2019ലാണ്‌ വാട്‌സാപിൽ കൂട്ടയ്‌മയ്‌ക്ക്‌ തുടക്കംകുറിച്ചത്‌. ഇന്ന്‌ കൊച്ചി,  തൃശൂർ, കോട്ടയം, കോഴിക്കോട്‌, കൊല്ലം, തിരുവനന്തപുരം ജില്ലകളിലായി ഏഴു സർക്കിളുണ്ട്‌. ഇതിൽ കൊച്ചിയിൽത്തന്നെ നാല്‌ വാട്‌സാപ്‌ ഗ്രൂപ്പുകൾ. ഓരോന്നിലും 400 പേർ വീതം അംഗങ്ങളാണ്‌. ടെലിഗ്രാമിൽ 800ഉം എഫ്‌ബിയിൽ 3500ഉം അംഗങ്ങളുണ്ട്‌. രൂപയുടെ വാക്കുകൾ കടമെടുത്താൽ ‘ഒരു ദിവസം അയ്യായിരത്തിലധികം സ്‌ത്രീകളുടെ ആവശ്യങ്ങളെ വിവിധ ഗ്രൂപ്പുകളിൽ പരിഹരിക്കപ്പെടുന്നു’.

വീട്ടുജോലി ആവശ്യമുള്ളവർ, വീട്ടുജോലിക്ക്‌ ആളുകളെ ആവശ്യമുള്ളവർ, മക്കൾക്ക്‌ ട്യൂഷൻ ആവശ്യമുള്ളവർ, ട്യൂഷൻ എടുത്തുനൽകുന്നവർ, വിവിധ ഉൽപ്പന്നം വിൽക്കാനെത്തുന്നവർ അങ്ങനെ ഗ്രൂപ്പിൽ ദിനംപ്രതി നിരവധി ആവശ്യമാണ്‌ എത്തുന്നത്‌. തനിച്ച്‌ കൈകാര്യം ചെയ്യുന്നതിനാൽ ചിലപ്പോഴൊക്കെ ബുദ്ധിമുട്ടുകൾ തോന്നിയിട്ടുണ്ടെങ്കിലും മറ്റുള്ളവരുടെ വിജയം തന്റേതുകൂടിയായതിന്റെ സന്തോഷത്തിലാണ്‌ രൂപ. എപ്പോഴും  പേനയും റൈറ്റിങ് പാഡും കൈയിലുണ്ടാകും. വിവരങ്ങൾ ഡിജിറ്റലായി കൈകാര്യം ചെയ്യാൻ അറിയാത്തവരുടെ ആവശ്യങ്ങൾ രൂപ തന്നെയാണ്‌ ചെയ്‌തുനൽകുന്നത്‌. കോവിഡ്‌ കാലത്താണ്‌ ഗ്രൂപ്പിന്റെ ഗുണം മനസ്സിലാക്കാനായത്‌. കോവിഡിനുശേഷം കൂട്ടായ്‌മ ആദ്യമായി ഓഫ്‌ലൈനിൽ കോട്ടയത്ത്‌ സംഗമം സംഘടിപ്പിച്ചു. നൂറിലധികം വനിതകൾ പങ്കെടുത്തു.

അറിയപ്പെടുന്ന ഭരതനാട്യ നർത്തകിയും വീണ വിദുഷിയുമാണ്‌. സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമായി സ്‌കൂളുകളിൽ ഭരതനാട്യം ക്ലാസുകൾ എടുക്കാനും സമയം കണ്ടെത്താറുണ്ട്‌. സാമൂഹ്യ പ്രവർത്തകയ്‌ക്കുള്ള നിരവധി അവാർഡ്‌ നേടിയ രൂപ ‘കിച്ചൺ ടിപ്‌സ്‌ ബൈ രൂപ’ എന്ന പുസ്‌തകവും എഴുതിയിട്ടുണ്ട്‌.
പാലക്കാട്‌ ഷൊർണൂർ സ്വദേശിയായ രൂപ വിവാഹത്തോടെയാണ്‌ കൊച്ചിയിൽ എത്തുന്നത്‌. ഭർത്താവ്‌ ബേബി മറ്റെൻ ഫുഡ്‌സ്‌ ഉടമ ജോർജ്‌ കെ നൈനാനും വിദ്യാർഥികളായ മക്കളുമടങ്ങുന്ന കുടുംബം തേവരയിലാണ്‌ താമസം.

hemalathajeevan@gmail.com


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top