31 May Wednesday

പ്രണയം മരിക്കുന്നോ

ഡോ. കീർത്തി പ്രഭUpdated: Sunday Nov 27, 2022


keerthi.pk89@gmail.com

പ്രണയം വേദനകളെ മയപ്പെടുത്തുന്ന, മുറിവുകളെ സുഖപ്പെടുത്തുന്ന വികാരമാകേണ്ട ഒന്നാണ്. എപ്പോഴാണ് പ്രണയം അപകടമാകുന്നത്.  പകയും പ്രതികാരവും അന്ധവിശ്വാസങ്ങളുമൊക്കെ പ്രണയത്തോട് ചേർത്തു പറയേണ്ട സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ കാൽപ്പനികതകളെ മാറ്റിനിർത്തേണ്ടത്  അനിവാര്യതയാകുന്നു.

പ്രണയം പ്രതികാരമായി മാറുന്ന കൊലവിളികൾക്ക് അറുതിയുണ്ടാകണമെങ്കിൽ കാലങ്ങളായി സിനിമകളിലൂടെയും കവിതകളിലൂടെയും കഥകളിലൂടെയും ഇതിഹാസങ്ങളിലൂടെയും പുരാണങ്ങളിലൂടെയുമൊക്കെ പ്രണയത്തിന്‌ അടിച്ചേൽപ്പിച്ച അനശ്വരതയ്ക്കും പരിശുദ്ധിക്കുമൊക്കെ നമ്മൾ ധരിച്ചുവച്ചതല്ലാത്ത അർഥങ്ങളുണ്ടെന്ന് മനസ്സിലാക്കണം. പ്രണയം എപ്പോഴും വിവാഹത്തിൽ കലാശിക്കേണ്ടതാണെന്ന്‌ പറഞ്ഞുവയ്‌ക്കുന്ന സിനിമകളും കഥകളുമൊക്കെ കണ്ടുംകേട്ടും ശീലിച്ച നമുക്ക് ആ ധാരണകളെക്കാളുമൊക്കെ  അപ്പുറത്ത്  വ്യക്തികളെ പൂർണമായും ബഹുമാനിച്ചുകൊണ്ടും അവരുടെ അവകാശങ്ങളിലും സ്വാതന്ത്ര്യത്തിലും കൈകടത്താതിരുന്നുകൊണ്ടുമുള്ള ബന്ധങ്ങളെ ഉൾക്കൊള്ളാൻ കഴിയാത്തതാണ്‌ എല്ലാ അപകടത്തിനും കാരണം.

ബന്ധങ്ങളിൽ വൈകാരികമായ കെട്ടുറപ്പുണ്ടാകുന്നത് ഒരിക്കലും കൂടെയുള്ളയാളിനെ വീർപ്പുമുട്ടിക്കുമ്പോഴോ സ്വന്തം ഇഷ്ടങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴോ അല്ല. നിരന്തരം നമ്മുടെ പ്രവൃത്തികളെ വിലയിരുത്തി മാർക്കിടുന്ന ഇടങ്ങൾ, നമ്മുടെ ഓരോ ഇഷ്ടവും നിയന്ത്രിക്കുന്ന ഇടങ്ങൾ അവിടങ്ങളിൽ നിന്നൊക്കെ ഏതെങ്കിലും രീതിയിൽ ഒളിച്ചോടാൻ മനുഷ്യർ ശ്രമിച്ചുകൊണ്ടേയിരിക്കും. തങ്ങൾ അവഗണിക്കപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയാൽ ബന്ധം ടോക്സിക്കാകുന്നു. ഒരു ബന്ധം അവസാനിപ്പിക്കുമ്പോൾ സ്ത്രീകൾ പുരുഷന്മാരെ ഉപദ്രവിക്കുന്ന കേസുകളുമുണ്ട്. പക്ഷേ, പുരുഷന്മാർ സ്ത്രീകളെ ഉപദ്രവിക്കുന്ന കേസുകളേക്കാൾ  എത്രയോ കുറവാണ്  അത്. പ്രണയപ്പക വാർത്തകൾക്കു കീഴെ ‘തേപ്പിന്‌ കൂലി മരണമാണ്' എന്ന് പുരുഷന്മാരും സ്ത്രീകളും ആക്രോശിക്കുന്നുണ്ട്. പെണ്ണ് വിധേയയാകേണ്ടവളാണെന്ന്‌ വിധി എഴുതുന്നവരാണവർ. മുന്നോട്ടുപോകാൻ ഇനി താൽപ്പര്യമില്ലെന്ന് പെണ്ണ് പറഞ്ഞാൽ അത് അവളുടെ കുറ്റമാണെന്നു വാദിക്കുന്നവരിൽ സ്ത്രീകളുമുണ്ട്. സ്വന്തം കരിയറും അതിനേക്കാളുപരി ഒരു മനുഷ്യനെ ഏതു പ്രായത്തിലും സജീവമാക്കി നിലനിർത്തുന്ന അയാളുടെ പാഷനുകളും ചേർത്തുനിർത്താൻപോലും പെണ്ണിന് പലരുടെയും അനുവാദത്തോടെയേ സാധ്യമാകൂവെന്ന് നമ്മുടെ ആൺകുട്ടികളെ ആരാണ് പഠിപ്പിച്ചുവച്ചത്.

പ്രണയത്തിന്റെ അനശ്വരത, എതുതരം പീഡകളും സഹിച്ച് ഒരുമിച്ചു നിൽക്കുന്നതിനേക്കാൾ ടോക്സിക് ബന്ധങ്ങളെ തിരിച്ചറിഞ്ഞ് ഒത്തു പോകാനാകില്ലെങ്കിലോ കൂടെയുള്ള ആൾക്ക് താൽപ്പര്യമില്ലെങ്കിലോ മാറിനിൽക്കുന്നതിലാണ്.

ഷാരോൺ എന്ന ചെറുപ്പക്കാരന്റെ  കൊലപാതകവും ഈയടുത്ത്  നടന്ന പ്രണയക്കൊലകളുമെല്ലാം തുടർച്ചയായി വാർത്തകളിൽ നിറയുകയാണ്. ഓരോരുത്തരും ഓരോ ദിവസവും പറയുന്ന ഊഹാപോഹങ്ങളും പലരും ഉന്നയിക്കുന്ന  ആരോപണങ്ങളും സാധ്യതകളുംവരെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നു. അത് എത്രമാത്രം തെറ്റിദ്ധാരണകളും എന്തുമാത്രം  മാനസിക ബുദ്ധിമുട്ടുകളുമാണ് ഒരു സമൂഹത്തിൽ ഉണ്ടാക്കുക. ശാസ്ത്രീയമായ കുറ്റാന്വേഷണങ്ങൾക്ക്‌ ഒടുവിൽ ലഭിക്കുന്ന കൃത്യമായ തെളിവുകളും ജനങ്ങളെ ഇത്തരം സംഭവങ്ങളെപ്പറ്റി ബോധവാന്മാരാക്കുന്ന വിവരങ്ങളുംമാത്രം വാർത്താരൂപത്തിലും ചർച്ചകളിലൂടെയും പുറത്തുവിടുകയെന്നത് നമ്മുടെ നാട്ടിൽ എന്തുകൊണ്ടാണ് അസംഭവ്യമാകുന്നത്.

ഗ്രീഷ്മ, ഷാരോൺ വിഷയത്തിൽ  ആദ്യ ഭർത്താവ് മരിച്ചുപോകുമെന്ന് ജാതകം പറഞ്ഞിരുന്നുവത്രേ. രണ്ടാമത്തെ ഭർത്താവ് മാത്രമേ വാഴുകയുള്ളൂവെന്ന കാരണത്താലാണ് രഹസ്യ വിവാഹം  കഴിച്ച് ഷാരോണിനെ ക്രൂരമായി കൊല്ലാൻ ശ്രമിച്ചതെന്ന് പറയുന്നു. അതുപോലെ മറ്റൊരു മൊഴി ഗ്രീഷ്മയുടെ ചില ഫോട്ടോകളും സ്വകാര്യ ദൃശ്യങ്ങളും ഷാരോണിന്റെ ഫോണിൽ ഉണ്ടായിരുന്നുവെന്നും ബന്ധം വേണ്ടെന്നുവയ്‌ക്കാൻ തീരുമാനിച്ചപ്പോൾ ആ ഫോട്ടോകൾ പുറത്തുവിടുമെന്ന് ഭയന്നാണ് കൊല നടത്തിയതെന്നും.
ഈയടുത്ത് കണ്ട പ്രണയപ്പക വാർത്തകളുമായി ബന്ധപ്പെട്ട ഊഹങ്ങളേക്കാളും മാറുന്ന മൊഴികളെക്കാളുമൊക്കെ  മറ്റൊരുപാട് കാര്യമാണ് ഈ സംഭവശേഷം മനസ്സിലായത്. വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെട്ട് നമ്മളെ നിയന്ത്രിക്കാൻ ശ്രമിക്കുന്ന എന്റെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് നീ ജീവിക്കണമെന്നു പറയുന്ന ഏതുതരം ബന്ധവും വിഷമയമായി മാറുമെന്ന് മനസ്സിലാക്കി അത്തരം ബന്ധങ്ങളിൽനിന്ന്  മാറിനിൽക്കാൻ ഓരോ വ്യക്തിയും പാകപ്പെട്ടാൽ മാത്രമേ വ്യക്തികൾക്കും അതുവഴി സമൂഹത്തിനും ആരോഗ്യമുള്ള മാനസികാവസ്ഥ ഉണ്ടാകുകയുള്ളൂ.

"നീ എനിക്ക് കഷായം തരാത്തതിന് നന്ദി’, "ഭാര്യക്കും കാമുകിക്കും നന്ദി’ ട്രോളുകളൊക്കെ ഇപ്പോൾ പുറത്തിറങ്ങിയിട്ടുണ്ട്. ഒരു ക്രൂരമായ കുറ്റകൃത്യം തമാശയെന്നു കരുതി പടച്ചുവിടുമ്പോൾ ഒരു ലിംഗ വിഭാഗത്തിൽപ്പെട്ടവർ മുഴുവൻ എതിർലിംഗക്കാരെ കൊല്ലാൻ നടക്കുന്നവരാണെന്ന പൊതുധാരണ ഉണ്ടാക്കിയെടുക്കുകയാണ്‌.  കാലങ്ങളായി ഗാർഹിക പീഡനങ്ങൾകൊണ്ടും പ്രണയപ്പകകൊണ്ടും ആത്മഹത്യ ചെയ്തതും കൊലചെയ്യപ്പെട്ടതുമായ പെൺകുട്ടികൾ കണക്കെടുക്കാൻ പറ്റാത്തയത്രയുമുണ്ട്. അപ്പോഴൊന്നും ഉണ്ടായിട്ടില്ലാത്ത ട്രോൾ ആഘോഷം ഇപ്പോൾ ഉണ്ടാകുന്നുണ്ടെങ്കിൽ പുരുഷൻ ചെയ്യുന്നതും ചെയ്തുകൊണ്ടിരിക്കുന്നതുമായ കുറ്റകൃത്യങ്ങൾ എല്ലാംതന്നെ നോർമലൈസ് ചെയ്യപ്പെട്ട അപകടം പിടിച്ച ഒരു സമൂഹമായി നമ്മൾ മാറിയിട്ടുണ്ട്. വയലൻസിൽ പോലും പുരുഷ മേധാവിത്വം വേണമെന്ന പാട്രിയാർക്കിയൽ വ്യവസ്ഥിതിയുടെ ഭയപ്പെടുത്തുന്ന  മുഖമാണ്‌ ഇവിടെയൊക്കെ തുറന്നുകാട്ടപ്പെടുന്നത്.

ഈ വിഷയത്തിൽ ഫെമിനിസ്റ്റുകൾ എന്തുകൊണ്ട് മിണ്ടുന്നില്ല,  പുരുഷന്മാർ കുറ്റവാളികളാകുന്ന ഇടങ്ങളിൽ വാതോരാതെ വിമർശിക്കുന്നവർ എന്തുകൊണ്ട് ഒന്നും പറയുന്നില്ല തുടങ്ങിയ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം കൊടുക്കേണ്ടത് സ്ത്രീവിമോചനവാദികളുടെ  ബാധ്യതയാണ്. കാരണമെന്താണ് സ്ത്രീവിമോചനമെന്ന് മനസ്സിലാകാത്തവർ തന്നെയാണ്  ഭൂരിപക്ഷവുമെന്ന് മനസ്സിലാക്കിത്തരികയാണ് ഈ ചോദ്യങ്ങൾ. ഫെമിനിസ്റ്റുകളുടെ വിഷയം തെറ്റുചെയ്ത സ്ത്രീകളെ ന്യായീകരിക്കുക എന്നതല്ല. അല്ലെങ്കിൽ സ്ത്രീകളുടെ തെറ്റുകളെ മറച്ചുപിടിക്കുക എന്നതല്ല. അവരുടെ വിഷയം ഏതൊരു സാഹചര്യത്തിലെയും സ്ത്രീവിരുദ്ധതയെ ചോദ്യംചെയ്യുക എന്നതാണ്. ഗ്രീഷ്മയുടെയും ഷാരോണിന്റെയും വിഷയത്തിൽ നടന്നത് ക്രൂരമായ കൊലപാതകമാണ്. അതിലോ അതിന്റെ പിന്നാമ്പുറങ്ങളിലോ സ്ത്രീവിരുദ്ധത ഇല്ല. സമൂഹത്തിലെ ഓരോ മനുഷ്യർക്കും ഈ ക്രൂരമായ കൊലപാതകത്തോട് പ്രതികരിക്കേണ്ട ബാധ്യത എത്രത്തോളമുണ്ടോ അത്രത്തോളം ഒരു ഫെമിനിസ്റ്റിനുമുണ്ട്. ഇഞ്ചിഞ്ചായി ഷാരോൺ എന്ന ചെറുപ്പക്കാരനെ ഇല്ലാതാക്കിയത്‌ ആസൂത്രിതമായ  കൊലപാതകമെന്നാണ് നിലവിൽ മനസ്സിലാകുന്നത്. ഇനിയും ഇനിയും കേസിന്റെ ഗതി മാറിവന്നേക്കാം.

പ്രണയത്തിന്റെ പേരിലുള്ള ഇത്തരം ക്രൂരതകളാൽ പ്രണയമെന്ന വികാരത്തോടുള്ള വിശ്വാസ്യത കൂടി മറഞ്ഞുപോകുകയാണോ എന്ന ഭയം മാത്രമാണ് ഉള്ളിൽ.  പ്രണയമെന്ന് കേൾക്കുമ്പോൾ ഭയക്കുന്ന ഒരു ലോകം അത്ര സുന്ദരമാവില്ല. ഒരു വ്യക്തിയുടെ സന്തോഷങ്ങളെ നശിപ്പിച്ചുകളയാൻ മനസ്സുള്ള പുരുഷനായാലും സ്ത്രീയായാലും  അതെന്ത് കാരണത്തിന്റെ പേരിലായാലും വർധിച്ചുവരുന്നത്  സമൂഹത്തെ അധഃപതനത്തിലേക്ക് നയിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top