26 April Friday

മിഷേലിന്റെ അമ്മ മടങ്ങിവരുമോ?

കുഞ്ഞമ്മദ് കൂരാച്ചുണ്ട്Updated: Sunday Mar 27, 2022

നിമിഷ പ്രിയ, നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും മകള്‍ മിഷേലും

അമ്മ വിദേശ രാജ്യത്തെ ജയിലില്‍ വധശിക്ഷയ്ക്കുള്ള  ദിവസങ്ങളെണ്ണിക്കഴിയുമ്പോള്‍ തൊടുപുഴയിലെ അനാഥാലയത്തില്‍ കുഞ്ഞുമിഷേല്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. അമ്മ സമ്മാനങ്ങളുമായി ഒരുനാള്‍ വരുമെന്ന് അവള്‍ ആശിക്കുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനയില്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന  പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ എന്ന  നഴ്‌സിന്റെ ദുരനുഭവത്തിന് സമാനതകളില്ല. അഞ്ചു വര്‍ഷം മുമ്പ് ആരോ ചെയ്‌ത കുറ്റത്തിന്റെ പേരിലാണ് വധശിക്ഷ വിധിക്കപ്പെട്ടത്.

2012ലാണ് നിമിഷ  തൊഴില്‍തേടി യെമനയിലെത്തിയത്. പിന്നീട്  തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ചു. 2015ല്‍  അല്‍ ബൈദില്‍  ക്ലിനിക്ക് തുടങ്ങാനായി ഇവര്‍ തീരുമാനിച്ചു. അതായിരുന്നു പതനത്തിന്റെ തുടക്കം. ജോലിസ്ഥലത്തു പരിചയപ്പെട്ട യെമനി യുവാവ് തലാല്‍ അബ്ദു മഹ്ദിയെ ഇവര്‍  വിശ്വസിച്ചു. ഏതെങ്കിലും യെമനി പൗരന്റെ ഉത്തരവാദിത്വത്തിലും മേല്‍നോട്ടത്തിലുമല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാകില്ല.  അങ്ങനെ തലാലിന്റെ ബിസിനസ് പങ്കാളിയായി. സമ്പാദ്യമത്രയും അയാള്‍ക്ക് കൈമാറി. തുടര്‍ന്നും പണം  ആവശ്യപ്പെട്ടു. പണം സംഘടിപ്പിക്കാന്‍ ആ കുടുംബം നാട്ടിലെത്തി.  ഉള്ളതെല്ലാം വിറ്റു പെറുക്കി  ക്ലിനിക്ക് തുടങ്ങി.  തലാല്‍ ചതിക്കില്ലെന്ന വിശ്വാസത്തോടെ ടോമിയെക്കൂടാതെ നിമിഷ യെമനിലേക്ക് മടങ്ങി.

തലാല്‍  നിമിഷയെ  ബുദ്ധിമുട്ടിക്കാന്‍ തുടങ്ങി. യെമന്‍--സൗദി യുദ്ധം രൂക്ഷമായതോടെ ടോമിയുടെയും മകളുടെയും മടക്കയാത്ര മുടങ്ങി. ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യമാദ്യം മാന്യമായി ഇടപെട്ട തലാല്‍ ലഹരിക്ക് അടിമയായതോടെ നിമിഷയോട് അക്രമം തുടങ്ങി. ക്ലിനിക്കിലെ വരുമാനം മുഴുവന്‍ കൈക്കലാക്കി. നിമിഷ അധികൃതര്‍ക്ക് പരാതി നല്‍കിയത് തലാലിനെ പ്രകോപിപ്പിച്ചു. സഹപ്രവര്‍ത്തക ഹനാന്‍ എന്ന യെമനി യുവതിയും തലാലിന്റെ അക്രമങ്ങള്‍ക്ക് വിധേയയായിരുന്നു. നിമിഷയ്ക്ക് രക്ഷാമാര്‍ഗം പറഞ്ഞ് കൊടുത്തത് ഹനാനാണ്. തലാലിന്റെ കൈയിലുള്ള നിമിഷയുടെ പാസ്പോര്‍ട്ട് കണ്ടെടുക്കണം. ലഹരിക്ക് അടിമയായ തലാലില്‍ മയക്കുമരുന്ന് കുത്തിവയ്ക്കുന്നത് നിമിഷയാണ്.  ബോധരഹിതനായി എന്ന് ഉറപ്പായതോടെ അയാളുടെ മേശയില്‍ പൂട്ടിവച്ച പാസ്പോര്‍ട്ടുമായി നിമിഷ പ്രിയ ഒമാന്‍ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടു. പക്ഷേ  അതിര്‍ത്തിയില്‍വച്ച് പിടിയിലായി.

തലാലിന്റെ മൃതദേഹം തുണ്ടംതുണ്ടമാക്കി കെട്ടിടത്തിന് മുകളില്‍ കണ്ടെത്തിയെന്നുമുള്ള വാര്‍ത്ത അപ്പോഴാണ് നിമിഷ അറിയുന്നത്. ഇത് മുഴുവന്‍ ചെയ്തത് നിമിഷ പ്രിയയാണെന്ന് ഇന്ത്യന്‍ മാധ്യമങ്ങളടക്കം വാര്‍ത്ത നല്‍കി.  അറബിയില്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ സമ്മര്‍ദത്തിലൂടെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒപ്പിടുവിച്ചുവെന്ന് നിമിഷ പറയുന്നു. ക്രൂരമായ ചോദ്യം ചെയ്യലിനിടെ പലപ്പോഴും ബോധരഹിതയായി. നിരപരാധിത്വം തെളിയിക്കാന്‍ നിമിഷക്കായില്ല. കോടതിയില്‍ ദ്വിഭാഷിയുടെ സേവനം നിഷേധിക്കപ്പെട്ടു. നിമിഷയ്ക്ക് വധശിക്ഷയും  കുറ്റകൃത്യത്തിന് സഹായം നല്‍കിയതിന്  ഹനാന് ജീവപര്യന്തവും ലഭിച്ചു.  മയക്കുമരുന്ന് കുത്തിവച്ച ശേഷം തലാലിന് സംഭവിച്ചതൊന്നും തനിക്കറിയില്ലെന്ന് നിമിഷ പറഞ്ഞതൊന്നും ആരും ഗൗനിച്ചില്ല. തലാലിന്റെ മൃതദേഹത്തോട് അനാദരവ് കാണിച്ചിട്ടില്ലെന്നും മരിക്കണമെന്ന ഉദ്ദേശ്യത്തോടെയല്ല മയക്കുമരുന്ന് കുത്തിവെച്ചതെന്നും നിമിഷ പ്രിയ പറഞ്ഞു.

2021 ആഗസ്തിലാണ് നിമിഷ പ്രിയയുടെ ജീവന്‍ രക്ഷിക്കാന്‍  ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുന്നത്. മേല്‍ക്കോടതി വിചാരണ തുടങ്ങിയപ്പോള്‍ ആക്ഷന്‍ കൗണ്‍സില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലും  എംബസിയിലും എംപിമാര്‍ മുഖേനയും അല്ലാതെയും നടത്തിയ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് യെമനില്‍ ലഭ്യമായ മുതിര്‍ന്ന അഭിഭാഷകന്റെ സേവനം ഉറപ്പാക്കി.   നേരത്തെ കീഴ്കോടതി ശരിഅത്ത് നിയമ പ്രകാരമുള്ള ദിയാധനം നല്‍കിയുള്ള മോചനംപോലും വിലക്കിയിരുന്നു. മേല്‍ക്കോടതി വിധിയിലും നിമിഷയോട് ജഡ്ജി നേരിട്ടും ദിയാധനം വാങ്ങി വധശിക്ഷയില്‍നിന്ന് ഒഴിവാകാം എന്ന് അഭിപ്രായപ്പെട്ടത് കേസിലെ പ്രധാന വഴിത്തിരിവാണ്. വിധി നടപ്പാക്കുന്നതിന് നാല്‍പ്പത് ദിവസത്തെ അപ്പീല്‍ അവധിയാണ് നല്‍കിയിട്ടുള്ളത്.  

നിമിഷ പ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സിലിന് വേണ്ടി സുപ്രീം കോടതി അഭിഭാഷകന്‍ അഡ്വ. സുഭാഷ് ചന്ദ്രന്‍ ദില്ലി ഹൈക്കോടതിയില്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനോട് കോടതി വിശദീകരണം തേടിയിരുന്നു.  മുഖ്യമന്ത്രി പിണറായി വിജയന്‍,  വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ എന്നിവരടക്കം എല്ലാ നേതാക്കളുമായും ആക്ഷന്‍ കൗണ്‍സിലും നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും ഭര്‍ത്താവ് ടോമിയും മകള്‍ ഏഴ് വയസ്സുകാരി മിഷേലും സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്. ബ്ലഡ് മണി സ്വരൂപിക്കുന്നതിന് നെന്മാറ എംഎല്‍എ ബാബുവിന്റെ നേതൃത്വത്തില്‍  ജോയിന്റ് എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. ജാബിര്‍ മാളിയേക്കല്‍ (ഒമാന്‍), കെ ജയചന്ദ്രന്‍ എടപ്പാള്‍ (യുകെ) മൂസ്സ മാസ്റ്റര്‍ (പാലക്കാട് ) എന്നിവരാണ് ആക്ഷന്‍ കമ്മിറ്റിയെ നയിക്കുന്നത്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top