28 March Thursday

ക്യാപ്റ്റന്‍ ഹരിത

നന്ദു വിശ്വംഭരന്‍Updated: Sunday Mar 27, 2022

ഹരിത

സിഫ്നെറ്റിലെ അരുണ്‍സാര്‍ ക്ലാസിനിടയ്ക്ക് എപ്പോഴോ വിളിച്ചു, 'ക്യാപ്റ്റന്‍ ഹരിത...' സീനിയേഴ്‌സിന്റെയും കൂട്ടുകാരുടെയും മുന്നിലത് വലിയ അംഗീകാരവും പ്രചോദനവുമായി. അപ്പോഴേ മനസ്സില്‍ തോന്നി, പേരിനൊപ്പം 'ക്യാപ്റ്റന്‍,' കൊള്ളാമല്ലോ. കപ്പലുകളെ നിയന്ത്രിക്കുന്ന (സ്‌കിപ്പര്‍) ക്യാപ്റ്റന്‍ പരീക്ഷയില്‍ വിജയം നേടിയ രാജ്യത്തെ ആദ്യ വനിത ഹരിതയുടെ വാക്കുകള്‍. പ്ലംബിങ് തൊഴിലാളി എരമല്ലൂര്‍  കൈതക്കുഴിയില്‍ കുഞ്ഞപ്പന്റെയും സുധര്‍മയുടെയും മകളായ ഹരിതയ്ക്ക് ചെറുപ്പം മുതലേ യൂണിഫോം ജോലികളോട് പ്രിയമായിരുന്നു. 2016ലാണ് സിഫ്നെറ്റില്‍നിന്ന് ബിഎഫ്എസ്സി നോട്ടിക്കല്‍ സയന്‍സ് പൂര്‍ത്തിയാക്കുന്നത്. തുടര്‍ന്ന് കോളേജിന്റെ തന്നെ എംവി പ്രശിക്ഷണിയില്‍ പോസ്റ്റിങ്. പിന്നീട് മേറ്റ് ഓഫ് ഫിഷിങ് വെസല്‍സ് പരീക്ഷ വിജയിച്ച് പ്രശിക്ഷണി, എംവി ലാവണിക എന്നീ കപ്പലുകളില്‍ മേറ്റായി പ്രവര്‍ത്തിച്ചു. പതിനഞ്ചു മാസം കടല്‍ സേവനം പൂര്‍ത്തിയാക്കി.  2021 നവംബറി സ്‌കിപ്പര്‍ പരീക്ഷ  വിജയിച്ചു. തുടര്‍ന്നാണ്  ലാവണികയില്‍ ക്യാപ്റ്റനാകുന്നത്.

ക്യാപ്റ്റന്‍ ആകാനുള്ള ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്റെ സ്‌കിപ്പര്‍ ഓഫ് ഫിഷിങ് വെസല്‍ പരീക്ഷ വിജയിച്ചപ്പോള്‍ വീട്ടുകാരെ അറിയിക്കുന്നതിനും മുമ്പേ ഹരിത പ്രിയ അധ്യാപകനെ വിളിച്ചുപറഞ്ഞു, 'സാര്‍ അന്ന് പറഞ്ഞപോലെ ഞാന്‍ ക്യാപ്റ്റനായി'.
കരാര്‍ നിയമനമായിരുന്നു.  രണ്ടുമാസം മുമ്പ് ഇത് അവസാനിപ്പിച്ചു. മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനര്‍ജി മാരിടൈം കമ്പനിയില്‍ ജൂനിയര്‍ ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. ക്യാപ്റ്റന് ഉത്തരവാദിത്വമേറെയാണ്. കപ്പലിന്റെ യാത്ര സുരക്ഷിതമാണോ, ഫിഷിങ് ഓപ്പറേഷന്‍ എപ്പോള്‍ തുടങ്ങണം, എപ്പോള്‍ അവസാനിപ്പിക്കണം, എത്ര ആഴം വേണം, ജീവനക്കാരുടെ ജോലി, വിശ്രമ സമയങ്ങള്‍ തുടങ്ങി ആ ദിവസത്തെ ഭക്ഷണകാര്യത്തില്‍ പോലും തീരുമാനമെടുക്കേണ്ടത് ക്യാപ്റ്റനാണ്. ഹരിത പറഞ്ഞു. എഴുപുന്ന സെന്റ് റാഫേല്‍സ് സ്‌കൂളില്‍ ഹൈസ്‌കൂള്‍ വരെ പഠിച്ചു. വടുതല ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍, പ്ലസ്ടു പൂര്‍ത്തിയാക്കി. പിന്നീടാണ് സിഫ്നെറ്റിലെത്തിയത്.

സിഫ്നെറ്റില്‍ മെറിറ്റിലാണ് പ്രവേശനമെങ്കിലും അനുബന്ധ പരീക്ഷകള്‍ക്കും കോഴ്‌സുകള്‍ക്കുമായി പണം കണ്ടെത്താന്‍ ലോണ്‍ എടുക്കേണ്ടിവന്നു.  സഹോദരന്‍ ഹരി ഓട്ടോ ഡ്രൈവറാണ്. പ്രശിക്ഷണിയും ലാവണികയും കേന്ദ്രസര്‍ക്കാരിന്റെ ഫിഷറീസ് ഗവേഷണത്തിനുള്ളതായിരുന്നു. ജൂനിയര്‍ ഓഫീസറായി മര്‍ച്ചന്റ് നേവിയിലേക്കാണ് പോകുന്നത്. ഇതുവരെ ലഭിച്ച പരിചയം പുതിയ ജോലിയില്‍ സഹായിക്കുമെന്നാണ് ഹരിതയുടെ പ്രതീക്ഷ.  

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top