19 April Friday

നിലപാടിന്റെ രോഹിണി നക്ഷത്രം

എ പി സജിഷUpdated: Sunday Feb 27, 2022


ഫ്രീഡം ഫൈറ്റ്‌ എന്ന സിനിമാ സമാഹാരത്തിലെ ഓൾ ഏജ്‌ ഹോമിലെ   തനു ആസ്വാദകരുടെ മനസ്സ്‌ നീറ്റുമ്പോൾ തമിഴകം ചുവന്ന ആവേശത്തിലാണ് രോഹിണി. തമിഴ്നാട് തെരഞ്ഞെടുപ്പിൽ സിപിഐ എം ചരിത്രം കുറിക്കുമ്പോൾ രോഹിണിയുടെ ‘തനു' വിനെ തേടി ഫോൺ കോളുകൾ എത്തുന്നുണ്ട്. ഫ്രീഡം ഫൈറ്റ് സിനിമയിൽ ജിയോ ബേബി സംവിധാനം ചെയ്‌ത ഓൾഡ് ഏജ്‌ ഹോമിൽ രോഹിണിയുടെ തകർപ്പൻ അഭിനയമുണ്ട്. തെന്നിന്ത്യൻ സിനിമകളിലെ തന്നെ മികച്ച നടിമാരിൽ ഒരാളായ രോഹിണി ഒരു കാലത്ത് മലയാളിയുടെ ജനപ്രിയ താരമായിരുന്നു. ബാഹുബലി പോലുള്ള ഹിറ്റ് സിനിമയിലും രോഹിണിയുണ്ട്.

തന്റേടിയായ തനു
ജിയോ ബേബി വിളിച്ചപ്പോൾ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സിനിമയുടെ സംവിധായകൻ ആണെന്ന ആകർഷണം ഉണ്ടായിരുന്നു. കഥ കേട്ടപ്പോൾ ഏറെ ഇഷ്ടം തോന്നി. വേലക്കാരി തമിഴ് സ്‌ത്രീയാണ്. തമിഴ്  ചുവയുള്ള മലയാളത്തിന് എന്റെ ശബ്‌ദം  തന്നെ കൊടുക്കണം എന്നും തോന്നി. ബന്ധുക്കൾ ശത്രുക്കൾ, സിറ്റി ഓഫ് ഗോഡ് എന്നീ ചിത്രങ്ങളിലും തന്റെ ശബ്‌ദം തന്നെയാണ് നൽകിയത്.

തനു  നിലപാടുള്ള സ്‌ത്രീയാണ്‌. മകൻ വീട്ടിൽനിന്ന് ഇറക്കിയ അമ്മയാണ്. പലയിടങ്ങളിൽ ജോലി ചെയ്യുമ്പോൾ അവർക്ക് ഒരു തന്റേടം വരുന്നു. വേദനകൾ തനിക്ക് ശീലമാണെന്ന് ഉറച്ച ശബ്‌ദത്തിൽ പറയാൻ അവർക്കാകുന്നു.

 

സിപിഐ എം പ്രചാരണം
ലോക്‌സഭ–- നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സിപിഐ എമ്മിനു വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു.   തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും സജീവമായിറങ്ങി. ഇടതുപക്ഷ കലാസാംസ്‌കാരിക സംഘടനയായ തമിഴ്നാട് മുർപ്പോക്ക് എഴുത്താളർ  കലൈഞ്ജർ സംഘത്തിന്റെ വൈസ് പ്രസിഡന്റാണ്.

പിന്നോട്ടടിക്കുന്നതിനേക്കാൾ പുരോഗമനമാണ്  വേണ്ടതെന്ന്‌ ആളുകൾ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതാണ്‌ ഈ വിജയത്തിന് പിന്നിൽ. ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ പുരോഗമന ചിന്തയുള്ളവർ തന്നെ വരണം.

 

എൺപതുകളിലെ ജനപ്രിയ താരം
മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ പോലുള്ള താരങ്ങൾക്കൊപ്പം ഹിറ്റ് സിനിമകളിൽ അഭിനയിച്ചു.  ലൗ സ്റ്റോറി (1986) യിലെ ഒരു മലർത്തോപ്പിലെ.., ഒരു കടലോളം സ്നേഹം തന്നു..., കുയിലിനെ തേടിയിലെ സിന്ദൂരതിലകവുമായ്... തുടങ്ങിയ ​ഗാനങ്ങൾ ഇപ്പോൾ കേൾക്കുമ്പോഴും ആളുകൾക്ക് ഓർമ വരിക രോഹിണിയെയാണ്.  സമാ​ഗമത്തിലെ വാഴ്‌ത്തിടുന്നിതാ സ്വർ​ഗനായകാ... എന്ന ​ക്രിസ്തീയ ഭക്തിഗാനം ഇന്നും ഏവരുമിഷ്ടപ്പെടുന്നതാണ്.

നായികമാർക്ക് ഡബ്ബിങ്
അഭിനയത്തോടൊപ്പം പല ഹിറ്റ് സിനിമകൾക്കും ഡബ്ബിങ് നൽകി. രാവണിന്റെ തമിഴിൽ ഐശ്വര്യ റായി, വേട്ടയാട് വിളയാടിൽ ജ്യോതിക, ബോംബെയിൽ മനീഷ കൊയ്‌രാള, അഞ്ജലിയിൽ രേവതി, കുരുതിപ്പുനലിൽ ഗൗതമി... അങ്ങനെ എത്രയെത്ര.

ഒരേയൊരു രഘുവരൻ
കക്കയിലാണ് ആദ്യം നായികയാകുന്നത്. നായകൻ രഘുവരൻ. വർഷങ്ങൾക്ക് ശേഷം രഘുവരനെ വിവാഹം ചെയ്‌തു. രഘുവരൻ അതുല്യ നടനാണെന്ന് രോഹിണി ഇന്നും പറയും. മരണത്തിന്റെ വേദന ഇന്നും മാറിയിട്ടില്ല. ഏക മകൻ ഋഷിവരൻ യു എസിൽ വിദ്യാർഥി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top