29 March Wednesday

സഫ്ദറിന്റെ സ്മരണയില്‍

പി എസ് സ്മിജUpdated: Saturday Mar 26, 2016

ഇപ്പോഴും ഒരു കലാകാരിയാണെന്ന് എനിക്ക് സ്വയം തോന്നിയിട്ടില്ല. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമായിത്തന്നെയാണ് അഭിനയത്തെ കാണുന്നത്. തിയറ്ററുമായി പ്രവര്‍ത്തിക്കുന്ന ഒരു വ്യക്തി എന്ന നിലയിലാണ് സ്വയം വിലയിരുത്തുന്നത്– തെരുവുനാടകപ്രസ്ഥാനത്തിലെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സാന്നിധ്യവും സഫ്ദര്‍ ഹാഷ്മിയുടെ പത്നിയുമായ മാലശ്രീ ഹാഷ്മി സംസാരിക്കുന്നു.

തെരുവു നാടകരംഗത്തെ ഇന്ത്യയിലെ ഏറ്റവും ശക്തമായ സാന്നിധ്യമാണ് മാലശ്രീ. ജനനാട്യമഞ്ച് എന്ന കലാസാംസ്കാരിക സംഘത്തെ നയിച്ച് രാജ്യമൊട്ടുക്ക് തെരുവു നാടകങ്ങളുമായി യാത്ര ചെയ്യുന്ന മാലശ്രീയുടെയും സഹപ്രവര്‍ത്തകരുടെയും ഇന്നലെകള്‍ തീവ്രമായ അനുഭവങ്ങള്‍ നിറഞ്ഞതാണ്. ആ അനുഭവങ്ങളെ കരുത്താക്കി അവര്‍ ആസന്ന ഭാവിയില്‍തന്നെ കലാപ്രവര്‍ത്തനങ്ങള്‍ക്കും ആവിഷ്കാരങ്ങള്‍ക്കും വിലങ്ങുവീഴാന്‍ സാധ്യതയുള്ള അസഹിഷ്ണുതയുടെ ഈ കാലത്തും നാടകങ്ങളുമായി വേദികളില്‍ നിന്ന് വേദികളിലേക്ക് നീങ്ങുകയാണ്....

ഇപ്റ്റയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പഠനകാലത്തു തന്നെ സാമൂഹിക – രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമായ മാലശ്രീ ഹാഷ്മി നാലുപതിറ്റാണ്ടോളമായി നാടകവുമായി തെരുവിലുണ്ട്. സഫ്ദര്‍ ഹാഷ്മി എന്ന മഹാനായ കലാകാരനെ, കവിയെ, അധ്യാപകനെ, ഗായകനെ, കമ്യൂണിസ്റ്റ് നേതാവിനെ, വാഗ്മിയെ പട്ടാപ്പകല്‍ സാഹിബാബാദിലെ തെരുവരങ്ങില്‍ കുത്തിവീഴ്ത്തുമ്പോള്‍ അതിന് സാക്ഷി. ആശുപത്രിയില്‍ സഫ്ദര്‍ മരിക്കുമ്പോള്‍, ഡല്‍ഹിയും രാജ്യവും ആ രക്തസാക്ഷിത്വത്തില്‍ തപിച്ചു നിന്നപ്പോള്‍ അതിനും സാക്ഷി. തെരുവില്‍ വീണ ആ ചോരയാണ് മാലശ്രീ ഹാഷ്മിക്കും ജനനാട്യമഞ്ചിനും വിശ്രമമില്ലാത്ത സാംസ്കാരിക ഇടപെടലുകള്‍ക്ക് പ്രചോദനം. സഫ്ദര്‍ കുത്തേറ്റുവീണിടത്ത് അര്‍ധവിരാമമിട്ട നാടകം രണ്ടുനാള്‍ക്കകം വീണ്ടും അവതരിപ്പിച്ചുകൊണ്ടാണ് മാലയും സഖാക്കളും ആ കുരുതിയോട് കണക്കു തീര്‍ത്തത്. തെരുവരങ്ങിനെ ചടുലമാക്കുന്ന മാലയുടെ നാടകജീവിതത്തെക്കുറിച്ച്: 

? നാടകപ്രവര്‍ത്തകയെന്ന നിലയ്ക്ക് ആദ്യകാലാനുഭവങ്ങള്‍ വിശദീകരിക്കാമോ.

= വളരെ ചെറുപ്പം മുതല്‍ അഭിനയം തുടങ്ങിയിരുന്നു. വിദ്യാര്‍ഥിയായിരിക്കെ ജനനാട്യമഞ്ചിന്റെ ഭാഗമായിരുന്നു. അവിടെ എല്ലാവരും എല്ലാ ചുമത ലകളും നിര്‍വഹിക്കും. ചിലര്‍ വിദ്യാര്‍ഥികള്‍, ചിലര്‍ തൊഴിലാളികള്‍. ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ അണ്ടര്‍ ഗ്രാജ്വേറ്റ് പഠന കാലത്തായിരുന്നു സംഘടനയില്‍ എത്തുന്നത്. നാടക പ്രവര്‍ത്തനമായിരുന്നില്ല ലക്ഷ്യം. സാമൂഹിക–രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് വന്നത്. കലാപ്രവര്‍ത്തനം അതിന്റെ ഭാഗം. ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) ആയിരുന്നു പ്രചോദനം. 

ഇപ്പോഴും ഒരു കലാകാരിയാണെന്ന് എനിക്ക് സ്വയം തോന്നിയിട്ടില്ല. സാമൂഹിക രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള പ്രവര്‍ത്തനമായിത്തന്നെയാണ് അഭിനയത്തെ കാണുന്നത്. തിയറ്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തി എന്ന നിലയിലാണ് സ്വയം വിലയിരുത്തുന്നത്. കലാജീവിതവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ ഘടകങ്ങളുമടക്കം ജീവിതത്തിന്റെ എല്ലാ ഭാഗങ്ങളും പരസ്പര ബന്ധിതമാണ്. അതുകൊണ്ടുതന്നെ കലയും സംസ്കാരവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെല്ലാം സാമൂഹിക പ്രസ്ഥാനങ്ങളുമായി ഇഴചേര്‍ന്നതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് വര്‍ഷങ്ങളിലൂടെ ഉണ്ടായ മാറ്റമാണ്. ചെറുപ്പത്തിലെ ധാരണകളില്‍നിന്ന് ഇപ്പോള്‍ വല്ലാതെ മാറിയിട്ടുണ്ട്. പക്ഷേ അതെക്കുറിച്ച് ഞാന്‍ അത്രയൊന്നും ചിന്തിച്ചിരുന്നില്ല. ചിന്തകള്‍ മാറിയതിനെ ഞാന്‍ കാര്യമാക്കുന്നില്ല. 


? മാലശ്രീയിലെ സാംസ്കാരിക പ്രവര്‍ത്തകയെ രൂപപ്പെടുത്തിയതില്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) എന്ത് പങ്കാണ് വഹിച്ചത്. 

= ഇപ്റ്റയില്‍ പ്രവര്‍ത്തിച്ചവരുടെ അനുഭവം പരിശോധിച്ചാല്‍ അവരുടെ കലാ സാംസ്കാരിക ഇടപെടലുകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ തന്നെയായിരുന്നു എന്നു കാണാം. ഇപ്റ്റയുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും സ്വാതന്ത്യ്രസമരവുമായി ബന്ധപ്പെട്ടതായിരുന്നു. ഇപ്റ്റ അംഗങ്ങള്‍ സാംസ്കാരിക പ്രവര്‍ത്തനത്തോടൊപ്പം കര്‍ഷകരെയും തൊഴിലാളികളെയും വിദ്യാര്‍ഥികളെയും സംഘടിപ്പിച്ചു. അവര്‍ക്ക് ആ പ്രവര്‍ത്തനങ്ങള്‍ സ്വാതന്ത്യ്ര സമരത്തിന്റെ ഭാഗമായിരുന്നു. പക്ഷേ ഇപ്റ്റയിലെ പ്രതിഭകള്‍ ചെയ്തതുമായി താരതമ്യം ചെയ്യുമ്പോള്‍ ഞങ്ങള്‍ ചെയ്യുന്നത് ഒന്നുമല്ല. കൂടുതല്‍ കൂടുതല്‍ ചെയ്തുകൊണ്ടിരിക്കണമെന്ന തോന്നല്‍ എപ്പോഴുമുണ്ട്. അതുകൊണ്ടാണ് ഇപ്റ്റ പ്രവര്‍ത്തനങ്ങള്‍ എക്കാലവും പ്രചോദനമാണെന്ന് പറയുന്നത്. അതില്‍ നിന്ന് ഇപ്പോഴും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ട്. 

? തിയറ്റര്‍ പ്രവര്‍ത്തക എന്ന നിലയ്ക്കും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയ്ക്കും എന്തെല്ലാം തടസ്സങ്ങളാണ് നേരിടുന്നത്. 

= നേരത്തെ പറഞ്ഞല്ലോ, ഒരു നാടകപ്രവര്‍ത്തകയാണെന്ന് എനിക്ക് ഇപ്പോഴും തോന്നിയിട്ടില്ല. അടിസ്ഥാനപരമായി ഞാന്‍ അധ്യാപികയാണ്. സാമൂഹിക–സാംസ്കാരിക പ്രവര്‍ത്തനത്തിന് സാമൂഹിക ബോധം നിര്‍ണയിക്കുന്നതില്‍ സുപ്രധാന പങ്കുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാംസ്കാരികാനുഭവങ്ങള്‍ ഇതിനാല്‍ പ്രധാനമാണ്. ഫാക്ടറികളിലും ക്യാമ്പസുകളിലും പൊതുസമൂഹത്തിലും നടക്കുന്ന സമരങ്ങള്‍ക്ക് സാംസ്കാരികമായ ഒരു തലം കൂടിയുണ്ട്. അത് വളരെ പ്രധാനമാണ്. അതാണ് ഞാന്‍ പഠിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്നത്. അതുകൊണ്ട് ഒരു സാംസ്കാരിക പ്രവര്‍ത്തക എന്ന നിലയ്ക്കാണ് ഞാന്‍ സ്വയം പരിഗണിക്കുന്നത്. നാടകങ്ങള്‍ സംഘടിപ്പിക്കാനും മറ്റുമാണ് ജനനാട്യമഞ്ചിന്റെ ബാനറില്‍ ശ്രമിക്കുന്നത്. നാടകത്തിനൊപ്പം പ്രഭാഷണങ്ങളും സെമിനാറുകളും വ്യത്യസ്ത വിഷയങ്ങളില്‍ ശില്‍പ്പശാലകളും നടത്തുന്നുണ്ട്. സിഐടിയുവിന്റെയും ജനാധിപത്യ മഹിളാ അസോസിയേഷന്റെയും പ്രവര്‍ത്തകരുമായി ഇക്കാര്യങ്ങളില്‍ സഹകരിക്കുന്നു. ഞങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനം വിപുലമായ സാമൂഹിക പ്രസ്ഥാനത്തിന്റെ വളര്‍ച്ചക്കുവേണ്ടിയുള്ളതാണെന്നാണ് മനസ്സിലാക്കുന്നത്. 

? വ്യക്തിയെന്ന നിലയ്ക്ക് ഈ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട, നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാമാണ്.

= വ്യക്തിയെന്ന നിലയ്ക്ക്  അത്രയ്ക്കൊന്നും വെല്ലുവിളികള്‍ നേരിട്ടിട്ടില്ല. എന്റെ മാതാപിതാക്കള്‍ ഇടതുപക്ഷ പ്രസ്ഥാനത്തിനൊപ്പം നിന്നവരായതുകൊണ്ടുതന്നെ ഒരു പ്രശ്നവും നേരിട്ടിട്ടില്ല. ജനനാട്യമഞ്ചില്‍ നാടക പ്രവര്‍ത്തനം നടത്തുമ്പോള്‍ നേരിടുന്ന പ്രധാന വെല്ലുവിളി അത് തുടരുക എന്നതാണ്. 

ഓരോ സമരത്തില്‍നിന്നും ഓരോ അനുഭവങ്ങള്‍ നമുക്ക് ലഭിക്കും അത് നാടകത്തിനും മുതല്‍ക്കൂട്ടാകും. ഉദാഹരണത്തിന് സമരംചെയ്യാനുള്ള അവകാശമോ തൊഴിലാളികളുടെ മറ്റവകാശങ്ങളോ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമമോ വിഷയമാക്കി  നാടകം ചെയ്യുകയാണെന്നിരിക്കട്ടെ, ആ നാടകം തികച്ചും ഒരു നാടകമാക്കി മാറ്റുക എന്നതാണ് ഞങ്ങള്‍ നേരിടുന്ന പ്രധാന പ്രശ്നം. ഞങ്ങള്‍ക്ക് നാടകത്തിന്റെ സിദ്ധാന്തങ്ങള്‍ അറിയാം. നാടകം ചെയ്യുമ്പോള്‍ അതൊരു പ്രസ്താവനപോലെ ആയിക്കൂടാ എന്ന നിര്‍ബന്ധമുണ്ട്. അത് പൂര്‍ണമായും നാടകം തന്നെയാവണം. ഞാന്‍ ഇവിടെനിന്ന് പ്രസംഗിക്കുമ്പോള്‍ എനിക്ക് പ്രസംഗിക്കുന്ന വിഷയത്തിന്റെ ചരിത്രം പറയാനാവും. തൊഴിലാളികളെക്കുറിച്ചു സംസാരിക്കുമ്പോള്‍ തൊഴിലാളിവര്‍ഗ ചരിത്രം പറയാന്‍ സാധിക്കും. മനുഷ്യന്റെ വികാസത്തില്‍ തൊഴിലാളികള്‍ വഹിച്ച പങ്കിനെക്കുറിച്ച് പറയാന്‍ സാധിക്കും. അടിച്ചമര്‍ത്തല്‍ തെറ്റാണെന്നും വര്‍ഗസമരം പ്രധാനമാണെന്നും വേദിയില്‍ പ്രസംഗിക്കുമ്പോള്‍ എളുപ്പം പറയാം. പക്ഷേ ഈ വിഷയത്തില്‍ നാടകം തയ്യാറാക്കുമ്പോള്‍ ഇത്രയും കാര്യങ്ങള്‍ നാടകത്തില്‍ വരണം. അതൊരു പ്രഭാഷണം ആവുകയുമരുത്. ഇതിനെ കലാപരമായ വെല്ലുവിളി എന്നതിലപ്പുറം രചനാത്മകമായ വെല്ലുവിളിയായാണ് ഞാന്‍ പരിഗണിക്കുന്നത്. ഇത് തടസ്സമല്ല. ഓരോ തവണ നാടകം സജ്ജമാക്കുമ്പോഴും ഞങ്ങള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. ഓരോന്നിലും വ്യത്യസ്തമായിത്തന്നെ.

? സഫ്ദറുമായുള്ള ബന്ധം രൂപപ്പെടുന്നത് എങ്ങനെയാണ്.

= വ്യക്തിപരമായ കാര്യങ്ങള്‍ ഞാന്‍ പറയാറില്ല. അതിന് ഇവിടെ പ്രാധാന്യവുമില്ല. എന്തിനാണ് നമ്മള്‍ വ്യക്തിപരതയിലേക്ക് ചുരുങ്ങുന്നത് എന്ന് മനസ്സിലാവുന്നില്ല. അദ്ദേഹവും ഞാനും ജനനാട്യമഞ്ച് അംഗങ്ങളായിരുന്നു. ജനനാട്യമഞ്ചിലായതുകൊണ്ടല്ല ഞങ്ങള്‍ പ്രണയിച്ചത്. ഒരാളോടുള്ള ഇഷ്ടം തോന്നുമ്പോഴാണ് അയാളെ പ്രണയിക്കുക. ലോകം മുഴുവന്‍ അങ്ങനെ തന്നെയല്ലേ. അതില്‍ എന്തുണ്ട് പുതുമ. 

? സഫ്ദറിനെ ഫാക്ടറി മുതലാളിമാരുടെ ഗുണ്ടകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയപ്പോള്‍ പാതിയില്‍ നിര്‍ത്തിയ നാടകം സാഹിബാബാദിലെ ഝണ്ടാപുരിലെ അതേ തെരുവ് വേദിയാക്കി പുനരവതരിപ്പിക്കാന്‍ ധീരത കാട്ടി മാലശ്രീ. ലോകത്തുതന്നെ മറ്റൊരു ആര്‍ടിസ്റ്റിനും ഉണ്ടാകാന്‍ ഇടയില്ലാത്തതാണ് ആ അനുഭവം. രക്തസാക്ഷിക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത നാടകം അദ്ദേഹത്തിന്റെ ഭാര്യതന്നെ പുനരവതരിപ്പിച്ച അനുഭവം പങ്കുവയ്ക്കാമോ.

മാലശ്രീ ഹാഷ്മിയും സംഘവും തെരുവുനാടകം അവതരിപ്പിക്കുന്നു

മാലശ്രീ ഹാഷ്മിയും സംഘവും തെരുവുനാടകം അവതരിപ്പിക്കുന്നു

= സിഐടിയു 1998ല്‍ തൊഴിലാളികളുടെ വലിയ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. ഏഴുദിവസത്തെ പണിമുടക്കായിരുന്നു അത്. ചരിത്രപരമായ ഒരു സമരമായിരുന്നു അത് – അന്നും ഇന്നും. ഞങ്ങള്‍ ആ സമരത്തിന്റെ സന്ദേശം കൂടുതല്‍ ജനങ്ങളിലെത്തിക്കാന്‍ നാടക മൊരുക്കി. സമരത്തിനു ശേഷം ഞങ്ങള്‍ ആ നാടകത്തില്‍ മാറ്റം വരുത്തി ഹല്ലാബോല്‍ എന്ന പേരിലാക്കി തുടര്‍ന്നവതരിപ്പിച്ചു. 1973ലാണ് ജനനാട്യമഞ്ച് രൂപീകരിക്കുന്നത്. 1978ലാണ് തെരുവുനാടകം അവതരിപ്പിക്കാന്‍ തുടങ്ങുന്നത്. ചേരികളിലും തൊഴിലാളി കേന്ദ്രങ്ങളിലും ഫാക്ടറികളിലും സ്കൂളുകളിലും കോളേജുകളിലുമൊക്കെ ഞങ്ങള്‍ നാടകവുമായി ചെന്നു. ഡല്‍ഹിയിലും പരിസരങ്ങളിലുമൊക്കെ നടക്കുന്ന വിവിധ റാലികളിലും ഞങ്ങള്‍ തെരുവുനാടകങ്ങള്‍ അവതരിപ്പിച്ചു. ഇപ്പോഴും അവതരിപ്പിക്കുന്നു. 

ജനുവരി ഒന്നിനാണ് സഫ്ദര്‍ രക്തസാക്ഷിയാകുന്നത്. സഫ്ദറിന്റെ രക്തസാക്ഷിത്വമാണ് കൂടുതല്‍ കൂടുതല്‍ നാടകങ്ങളുമായി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ഞങ്ങളെ ഇന്നും പ്രചോദിപ്പിക്കുന്നത്. ജനുവരി ഒന്നിനായിരുന്നു ആക്രമണം. രണ്ടിന് അദ്ദേഹം മരിച്ചു. മൂന്നിന് സംസ്കരിച്ചു. ഒരു നാടകവും അപൂര്‍ണമായി അവസാനിച്ചുകൂടാ എന്ന് നിര്‍ബന്ധമുള്ള ഞങ്ങള്‍ അവിടെ പോയി നാടകം വീണ്ടും അവതരിപ്പിച്ചു. ഞങ്ങളുടെ നാടകം പുരോഗമിക്കവേ, ജനങ്ങള്‍ അത് ആസ്വദിക്കവെയാണ് സഫ്ദര്‍ ഹാഷ്മി നിഷ്ഠൂരമായി ആക്രമിക്കപ്പെടുന്നത്. ഒരു നാടകത്തിനും അര്‍ധവിരാമം പാടില്ലെന്നതിനാല്‍ ഞങ്ങള്‍ അവിടെ ചെന്ന് അത് പൂര്‍ത്തിയാക്കി. തൊഴിലാളികളുമായി, അവരുടെ സമരങ്ങളുമായി കലാപ്രവര്‍ത്തകര്‍ക്കുള്ള ഐക്യദാര്‍ഢ്യം ആവര്‍ത്തിച്ചു പ്രഖ്യാപിക്കാനായിരുന്നു ഞങ്ങള്‍ വീണ്ടും സാഹിബാബാദിലെത്തിയത്. ആ ഐക്യദാര്‍ഢ്യം ഞങ്ങള്‍ എല്ലാ വര്‍ഷവും ആവര്‍ത്തിക്കുന്നു. 

? ഈ പുതിയ കാലത്ത് നാടകവും സംഗീതവും സിനിമയും അടക്കമുള്ള കലാരൂപങ്ങള്‍ കംപ്യൂട്ടറിന്റെയും സ്മാര്‍ട് ഫോണിന്റെയും ഒരു ക്ളിക് അകലത്തിലാണ്. ഇന്റര്‍നെറ്റും സാമൂഹിക മാധ്യമങ്ങളും അരങ്ങുവാഴുന്ന ആധുനികോത്തര കാലത്ത് തെരുവു നാടകങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രസന്നമായ ഒരു ഭാവി കാണുന്നുണ്ടോ.

= ഭാവി പ്രസന്നമാണ് എന്ന് പറയാമോ എന്നറിയില്ല. ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്കുമുമ്പ് തെരുവു നാടകങ്ങള്‍ മുമ്പൊക്കെ ചെറിയ കൂട്ടം ആളുകള്‍ക്കിടയിലാണ് അവതരിപ്പിച്ചതെങ്കില്‍ ഇന്ന് സ്ഥിതി മാറി. ഇന്ന് പലരും ഈ രംഗത്തുണ്ട്. കോളേജുകളിലും ചെറുനഗരങ്ങളിലും വലിയ വിഭാഗം ജനങ്ങള്‍ തെരുവുനാടക പ്രവര്‍ത്തനം നടത്തുന്നുണ്ട്. അത് ആശാവഹമാണ്.

? വിമതശബ്ദങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന കാലമാണിത്. നാടകം പോലുള്ള ആവിഷ്കാരങ്ങളോട് നരേന്ദ്രമോഡി സര്‍ക്കാരിന്റെ സമീപനത്തെക്കുറിച്ചുള്ള ആശങ്കകള്‍...

= സര്‍ഗാത്മകമായ ആവിഷ്കാരങ്ങള്‍ക്കോ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്കോ തിയറ്റര്‍ പ്രവര്‍ത്തനങ്ങള്‍ക്കോ ഇടം നല്‍കുന്ന സര്‍ക്കാരല്ല ഇത്. ഒരു നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമ നമുക്കുണ്ട്. ചില സംസ്ഥാനങ്ങളില്‍ സെന്ററുകളുമുണ്ട്. സര്‍ക്കാരില്‍ നിന്ന് ഒരു പിന്തുണയും സഹായവും ഉണ്ടാകില്ല. അത് പ്രതീക്ഷിക്കയുമരുത്. ഞങ്ങള്‍ ജനങ്ങളിലേക്കും ജനാധിപത്യ പ്രസ്ഥാനങ്ങളിലേക്കുമാണ് ഇറങ്ങിച്ചെല്ലുന്നത്. അവയുടെ പിന്തുണയോടെയാണ് പ്രവര്‍ത്തിക്കുന്നത്. ജനനാട്യമഞ്ച്, കേരളത്തില്‍ പുരോഗമന കലാസാഹിത്യ സംഘം, കര്‍ണാടകത്തില്‍ സമുദായ, തെലങ്കാനയിലും ആന്ധ്രാപ്രദേശിലും പ്രജാനാട്യ മണ്ഡലി, ബിഹാറിലെ പ്രേരണ തുടങ്ങിയ സംഘടനകള്‍ എല്ലായ്പ്പോഴും സ്റ്റേറ്റിന്റെ അമിതാധികാരത്തെയാണ് എതിര്‍ത്തുപോന്നിട്ടുള്ളത്. ചെറു ഗ്രൂപ്പുകളാണെങ്കിലും അവയുടെ പ്രവര്‍ത്തനം വളരെ സജീവമാണ്. ജനങ്ങളാണ് ഞങ്ങളുടെ ശക്തി. അവരാണ് ഞങ്ങളെ പിന്തുണയ്ക്കുന്നത്. സര്‍ക്കാരില്‍നിന്ന് ഒരു സഹായവും ഉണ്ടാകില്ല. 

? മാലശ്രീയുടെ അഭിപ്രായത്തില്‍ തെരുവു നാടകം എന്ന കലാരൂപത്തിന് വന്നുചേരുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്.

= പല മാറ്റങ്ങളും ഈ ജനകീയ കലാരൂപത്തിന് സംഭവിക്കുന്നുണ്ട്. പക്ഷേ അടിസ്ഥാനപരമായ മാറ്റങ്ങള്‍ കാര്യമായി സംഭവിക്കുന്നില്ല. ഉദാഹരണത്തിന് ഒരു കമ്പനി നിര്‍മിക്കുന്ന കാറിന് പല ദശകങ്ങ ളില്‍ പല പല മാറ്റങ്ങളും സംഭവിക്കും. അത് തുടങ്ങിയ കാലത്തെ രൂപഘടനയായിരിക്കില്ല നൂറു വര്‍ഷത്തിനുശേഷമുള്ളത്. പക്ഷേ ആ കാര്‍ ആ കമ്പനിയുടെ ബ്രാന്റ് തന്നെയാണ്. അടിസ്ഥാന തത്വങ്ങളില്‍ മാറ്റമല്ല. 

തുടക്കത്തില്‍ പല തരത്തിലുള്ള തെരുവു നാടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. വ്യത്യസ്തമായ ഞങ്ങളുടെ നാടകങ്ങള്‍ പരിശോധിച്ചാലറിയാം. മെഷീന്‍ പോലുള്ള നാടകങ്ങളുടെ ഘടന തന്നെ വ്യത്യസ്തമാണ്. പല മാറ്റങ്ങളും തുടര്‍ച്ചയായി സംഭവിക്കുന്നു. പല നാടകങ്ങള്‍ക്കും ഭിന്നമായ രീതിയിലാണ് ഞങ്ങള്‍ മാറ്റങ്ങള്‍ വരുത്തുന്നത്. അനുഭവങ്ങളിലൂടെയും അനുശീലനത്തിലൂടെയും ആര്‍ജിക്കുന്ന അറിവുകളില്‍ നാടകങ്ങളില്‍ സ്വാധീനം ചെലുത്തും. സ്വാഭാവികമായി നാടകത്തിന്റെ രൂപ ഘടനയിലും മാറ്റം വരും. ഓഡിറ്റോറിയത്തിലും റോഡിലും നമ്മള്‍ സംസാരിക്കുന്ന രീതിയിലും മോഡുലേഷനിലും തികച്ചും വ്യത്യാസമുണ്ട്. 

സഫ്ദര്‍ ഹാഷ്മി

സഫ്ദര്‍ ഹാഷ്മി

നമ്മള്‍ തൊഴിലാളികള്‍ ഉള്ള ഒരിടത്തു പോയാല്‍, മുന്നിലും പിന്നിലും കാണികളുണ്ടാവും. ഇരുവശത്തും നിരനിരയായി വീടുകളുള്ള വഴികളില്‍ നാടകം അവതരിപ്പിക്കുമ്പോള്‍ മറ്റൊരനുഭവമാണ്. എങ്ങനെ നില്‍ക്കണം, എങ്ങനെ ചലിക്കണം, എങ്ങനെ കാണികളെ നോക്കണം എന്നിവയൊക്കെ വ്യത്യസ്തമായിരിക്കും. ഔരത് എന്ന നാടകം അവതരിപ്പിച്ചത് ഫാക്ടറിക്ക് മുന്നിലാണ്. നമുക്കു മുന്നിലൂടെ ട്രക്കുകള്‍ ഓടിക്കൊണ്ടിരിക്കും. അതിനനുസരിച്ച് നമ്മുടെ ശബ്ദത്തിലും വ്യത്യാസം വരണം. ഇതില്‍ നമ്മള്‍ ചിലപ്പോള്‍ വിജയിച്ചേക്കാം, ചിലപ്പോള്‍ പരാജയപ്പെട്ടേക്കാം. വിജയിക്കുമ്പോള്‍ നമ്മള്‍ ആ അനുഭവം കൂടെയുള്ളവര്‍ക്ക് കൈമാറും. അങ്ങനെ നിരന്തരമായ അനുഭവത്തിലൂടെയും അറിവിലൂടെയുമാണ് മാറ്റങ്ങള്‍ സാധ്യമാകുന്നത്. നില്‍പ്പ്, ശരീരചലനം, ആംഗ്യങ്ങള്‍, വേദിയിലേക്ക് വരവും പോക്കും, പ്രോപ്പര്‍ടികളുടെ ഉപയോഗം തുടങ്ങിയവയെല്ലാം ഓരോ നാടകത്തിലും തുടര്‍ച്ചയായി മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന തിയറ്റര്‍ സ്കില്ലുകളാണ്. നാടകത്തിന്റെ ഘടനയുടെ കാര്യത്തില്‍ നാം എങ്ങനെ സമീപിക്കുന്നു എന്നതാണ് പ്രധാനം. ഒരു പുതിയ നാടകം ചെയ്യുമ്പോള്‍ അതിന്റെ രൂപഘടന എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ഓരോന്നിലും പുതിയതും വ്യത്യസ്തവുമായിരിക്കും. ഒരു നാടകം അതിശക്തമായും ഗാംഭീര്യത്തോടെയും ചെയ്തുവെങ്കിലും അതേ ഘടനയില്‍ പുതിയതൊന്ന് ചെയ്യാം എന്ന് തീരുമാനിക്കരുത്. മിക്കവാറും ആ നാടകം വേറൊരു വിഷയമായിരിക്കാം ചര്‍ച്ച ചെയ്യുന്നത്. പുതിയൊരു ചിന്തയായിരിക്കാം അത് മുന്നോട്ടുവയ്ക്കുന്നത്. അതുകൊണ്ടുതന്നെ സ്റ്റൈലും ഫോമും ആവര്‍ത്തിക്കുന്നത് ഫലപ്രദമാവില്ല. അതിനെ വേറൊരു രൂപത്തിലാവണം സമീപിക്കേണ്ടത്. രചനാത്മകതയുടെ അതിരുകളെ തള്ളിമാറ്റുകയാണ് നാം ചെയ്യേണ്ടത്.

? അമിതാധികാരത്തിന്റെയും ഫാസിസത്തിന്റെയും പ്രവണതകള്‍ അതിശക്തമാകുന്ന ഇന്ത്യയില്‍ അതിനെ ചെറുക്കാന്‍ കലാപ്രവര്‍ത്തകര്‍ക്ക് എന്തു പങ്കാണ് വഹിക്കാനാകുക.

= ഏതു രാജ്യത്തും ഏതു കാലത്തും കലാപ്രവര്‍ത്തകര്‍ക്ക് സുപ്രധാന പങ്കാണ് വഹിക്കാനുള്ളത്. അസഹിഷ്ണുത പടരുന്ന ഇന്ത്യയില്‍ ഇന്ന് കലാപ്രവര്‍ത്തകര്‍ ജനങ്ങളുമായി ചേര്‍ന്നുനില്‍ക്കണം. എഴുത്തുകാരും നാടകക്കാരും സാംസ്കാരിക പ്രവര്‍ത്തകരും സ്വന്തം നിലയ്ക്ക് പുറത്തുവന്ന് അസഹിഷ്ണുതയ്ക്കെതിരെ അവരുടെ പ്രതിഷേധം തുറന്നു പറയണം. ചിലര്‍ അവാര്‍ഡുകള്‍ തിരിച്ചു നല്‍കി. ചിലര്‍ തിരിച്ചു നല്‍കിയില്ല. അവര്‍ അസഹിഷ്ണുതയെ തുറന്നെതിര്‍ത്തു. പ്രതിഷേധത്തിന്റെ രൂപം വ്യത്യസ്തമായിരുന്നു. നമ്മുടെ പ്രതീക്ഷയെ കവച്ചുവയ്ക്കുംവിധം പലരും രംഗത്തുവന്നു. രാഷ്ട്രീയമില്ലാത്തവരെന്ന് നാം കരുതിയ പലരും രാജ്യമൊട്ടുക്കും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നത് അത്ഭുതകരമാണ്. അസഹിഷ്ണുതയും അടിച്ചമര്‍ത്തലും വര്‍ധിക്കുന്നതിനനുസരിച്ച് പ്രതിഷേധവും വര്‍ധിച്ചു. അതാണ് കലാകാരന്മാരുടെയും കലാകാരികളുടെയും ശക്തി. 

ഒരു കലാസൃഷ്ടി നിങ്ങളെ അസ്വസ്ഥമാക്കിയാല്‍ അതാണ് ആ കലാസൃഷ്ടിയുടെ വിജയം. അത് എക്കാലവും അനുവാചകന്‍ ഓര്‍ത്തിരിക്കും. 1978 ഒക്ടോബറില്‍ ഞങ്ങള്‍ ആദ്യമായി അവതരിപ്പിച്ചത് മെഷീന്‍ എന്ന നാടകമാണ്. മുതലാളിത്തത്തിനെതിരെ മുപ്പത്തെട്ട് വര്‍ഷം മുമ്പ് അവതരിപ്പിച്ച ആ നാടകം ഞങ്ങള്‍ ഇപ്പോഴും അവതരിപ്പിക്കുന്നുണ്ട്. ഓരോ തവണ അവതരിപ്പിക്കുമ്പോഴും ജനങ്ങള്‍ അത് ഏറ്റുവാങ്ങുന്നുണ്ട്. ഞങ്ങള്‍ ഓരോ തവണയും അതിന് പുതിയ അര്‍ഥങ്ങള്‍ കണ്ടെത്തുന്നുണ്ട്. 

രണ്ടു ദശകത്തിലേറെയായി തൊഴിലാളികളുടെ അവകാശങ്ങള്‍ക്കുനേരെ അതിരൂക്ഷമായ കടന്നാക്രമണങ്ങള്‍ തുടരുകയാണ്. തൊഴിലാളികളുടെ സംഘടനകളെ ദുര്‍ബലമാക്കുന്ന നയങ്ങളാണ് എക്കാലവും ഭരണകൂടങ്ങള്‍ പിന്തുടര്‍ന്നു പോന്നിട്ടുള്ളത്. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഈ ആക്രമണം കൂടുതല്‍ രൂക്ഷമാക്കുന്നു. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങള്‍ ദുസ്സഹമാക്കുന്നതില്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം മത്സരിക്കുകയായിരുന്നു. ഒപ്പം ഉപഭോക്തൃ സംസ്കാരത്തിന്റെ വിടാപ്പിടിയും ഗുരുതരമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. മെഷീന്‍ എന്ന തെരുവുനാടകം അവതരിപ്പിക്കുന്നത് രാജ്യത്തെങ്ങും തൊഴിലാളി പ്രസ്ഥാനങ്ങള്‍ ശക്തിപ്പെടുന്ന കാലത്തായിരുന്നു. വിദ്യാര്‍ഥി–വനിതാ പ്രസ്ഥാനങ്ങള്‍ ശക്തിയാര്‍ജിക്കുന്ന കാലമായിരുന്നു അത്. നവലിബറല്‍ നയങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പുള്ള കാലമായിരുന്നു അത്്. തൊണ്ണൂറുകളില്‍ പുത്തന്‍ സാമ്പത്തിക നയങ്ങള്‍ വന്നത് ഉയര്‍ന്ന മധ്യവര്‍ഗത്തിന് മാത്രമാണ് ഗുണംചെയ്തത്. ഇന്ന് സ്ത്രീകള്‍ക്കെതിരെ അതിക്രമം ശക്തമാകുമ്പോള്‍ തന്നെ പുരുഷാധിപത്യ സമൂഹത്തോടുള്ള ചെറുത്തുനില്‍പ്പ് ശക്തമാകുന്നുണ്ട്. ദളിത് ധ്വംസനത്തിനെതിരെയും പ്രതിരോധം വളരുന്നുണ്ട്. രണ്ടു പതിറ്റാണ്ട് മുമ്പത്തെ സ്ഥിതിയല്ല ഇന്ന്. സമൂഹത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് നാടകങ്ങളിലും മാറ്റം വരുന്നുണ്ട്. പ്രതിരോധങ്ങളും ചെറുത്തുനില്‍പ്പും കലാസൃഷ്ടികളിലും പ്രതിഫലിക്കേണ്ടതുണ്ട് . 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top