20 April Saturday

ലിംഗനീതിയിലേക്ക് നിർണായകചുവട്

കെ ഇന്ദുലേഖUpdated: Tuesday Dec 25, 2018

നിരവധിയായ പോരാട്ടങ്ങളിലൂടെയാണ് സ്ത്രീകൾ അവരുടെ അവകാശങ്ങൾ നേടിയെടുത്തിട്ടുള്ളത്. സ്ത്രീകൾ തനിച്ചും സ്ത്രീയും പുരുഷനും ചേർന്നുനടത്തിയ മുന്നേറ്റങ്ങളിലൂടെയാണ് അത് സാധ്യമായത്. ലിംഗസമത്വമെന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ച് നിർമ്മിക്കുന്ന ‘വനിതാ മതിൽ' നവോത്ഥാനന്തര കേരളത്തെ പുനർ നിർമ്മിക്കേണ്ടതെങ്ങനെയന്ന ഓർമ്മപ്പെടുത്തലാണ്.  അതുകൊണ്ട് വനിതാ മതിലിലൂടെ സ്ത്രീകളുടെ എല്ലാ പ്രശ്നങ്ങൾക്കും ഒരു ദിവസംകൊണ്ട് പരിഹാരം കാണുകയെന്നതിനപ്പുറം ഈ ദിവസം പുതിയൊരു സമരത്തിന് തുടക്കം കുറിക്കുക എന്നതാണ്.

സ്ത്രീയുടെ സമത്വവും സ്വാതന്ത്ര്യവും ആഗ്രഹിക്കുന്ന എല്ലാ വിഭാഗം മനുഷ്യരും ഈ മുന്നേറ്റത്തിനൊപ്പം അണിചേരുകയാണ് വേണ്ടത്. ഈ മതിൽ സ്ത്രീകളുടെ കരുത്തിന്റെ പ്രതീകമാണ്. പുതുകാലത്തിന്റെ മുന്നേറ്റങ്ങൾക്ക് പ്രചോദനമാകുന്ന ശക്തികൾ  എല്ലാം  ഇവിടെ ഒത്തുചേരുന്നു എന്നതാണ് പ്രത്യേകത. ഭരണഘടന ഉറപ്പു നൽകുന്ന തുല്യനീതിയുടെ സൃഷ്ടിക്കും സാമൂഹികമായി കേരളം ആർജിക്കേണ്ട സ്ത്രീ സമത്വ ചിന്തയുടെ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതിനും വനിതാ മതിൽ പ്രചോദനമാകും.  എല്ലാത്തരം വിമർശനങ്ങളും സ്ത്രീകളുടെ കരുത്തിൽ തകർന്നു വീഴും. ചരിത്രം അതാണ് നമ്മളെ പഠിപ്പിക്കുന്നത്.

പ്രളയത്താൽ സർവതും നഷ്ടപ്പെട്ട മനുഷ്യരുടെ ഇടയിലേയ്ക്ക് നവോത്ഥാനകാലം തള്ളിക്കളഞ്ഞ ആചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും തിരികെ കൊണ്ടുവരാനാണ് ചില ശക്തികൾ നീക്കം നടത്തുന്നത്. പ്രളയം സമൂഹത്തിന് നൽകിയ ഐക്യത്തെ തകർക്കുന്ന തരത്തിൽ കേരളത്തെ രണ്ടായി വിഭജിക്കാനാണ് ആൺകോയ്മയെ അധികാരമായി കാണുന്നവരും സ്ത്രീകളെ രണ്ടാംതരം പൗരകളായി കരുതുന്നവരും ശ്രമിക്കുന്നത്.

വനിതാ മതിലെന്ന ആശയം ഉയർന്നു വന്ന സമയം മുതൽ അതിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ അവയെല്ലാം ബാലിശവും അൽപജ്ഞാനികളുടെ ജൽപ്പനങ്ങളുമാണെന്ന് കേരളം തിരിച്ചറിയുന്നു

വനിതാ മതിലെന്ന ആശയം ഉയർന്നു വന്ന സമയം മുതൽ അതിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്. എന്നാൽ അവയെല്ലാം ബാലിശവും അൽപജ്ഞാനികളുടെ ജൽപ്പനങ്ങളുമാണെന്ന് കേരളം തിരിച്ചറിയുന്നു. വനിതാ മതിലിലൂടെ സ്ത്രീകളുടെ എല്ലാ അവകാശങ്ങളും നേടിയെടുക്കാൻ കഴിയുമോ, പുരുഷാധിപത്യംപോലെ മറ്റൊരു ആധിപത്യത്തെയല്ലേ ഇതൊക്കെ സൃഷ്ടിക്കൂ? ... ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങളാണ് പലരും ഉയർത്തുന്നത്. ഇത്തരക്കാർ തിരിച്ചറിയാതെ പോകുന്ന കാര്യങ്ങൾ നിരവധിയാണ്. നവോത്ഥാനം എന്നത് ഏതെങ്കിലും കാലത്ത് നടന്ന് അവിടെ തന്നെ സ്്തംഭിച്ചു പോകുന്ന ഒന്നല്ല. നിരന്തര പ്രക്രിയയുടെ ഭാഗമാണത്. ലിംഗ നീതിയും തുല്യതയും പൂർണമായും സാധ്യമാകാത്ത സമൂഹത്തിൽ സ്ത്രീകൾ അതിനു വേണ്ടി നിരന്തരം സമരം ചെയ്തുകൊണ്ടേയിരിക്കും. അത് മറ്റൊരു ആധിപത്യത്തിനു വേണ്ടിയല്ല മറിച്ച് തുല്യതയ്ക്കു വേണ്ടിയാണ്.

കേരളീയ നവോത്ഥാനത്തിലെ സ്ത്രീപങ്കാളിത്തവും സ്ത്രീ മുന്നേറ്റവും ചരിത്രത്തിന് അവഗണിക്കാനാവാത്തതാണ്. ചരിത്രം നിർമ്മിക്കുന്നതിന് നിരവധി സ്ത്രീകൾക്ക് ജീവൻവരെ നൽകേണ്ടി വന്നിട്ടുണ്ട്. രേഖപ്പെടുത്തിയതും രേഖപ്പെടുത്താത്തതുമായ പേരുകൾ നിരവധിയാണ്. എന്നാൽ പല നവോത്ഥാന ചരിത്ര ഗ്രന്ഥങ്ങളിലും സ്ത്രീ ഇടപെടലുകളെക്കുറിച്ച് കാണാൻ കഴിഞ്ഞിരുന്നില്ല. പുരുഷനാൽ എഴുതപ്പെട്ടു എന്നതാണ് ഇതിന് കാരണം. സ്ത്രീകൾ രാഷ്ട്രീയ രംഗത്ത് സജീവമാവുകയും സ്ത്രീ അന്വേഷണങ്ങളും ഫെമിനിസ്റ്റ് പഠനങ്ങളും അടുത്തകാലത്ത്  പുരോഗമിക്കുകയും ചെയ്തതോടെ ഇതിന് മാറ്റമുണ്ടാകുന്നുണ്ട്. ഇന്ന് എല്ലാം രംഗത്തും സ്ത്രീകൾക്ക് പങ്കാളിത്തം ലഭിക്കുന്നുണ്ട്.

മാറുമറയ്ക്കൽ സമരം, ആചാരങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ സമരം, കല്ലൂമാല ബഹിഷ്കരിക്കൽ സമരം, മൂക്കുത്തി ധരിക്കൽ സമരം, തോൽവിറക് സമരം, സ്വാതന്ത്ര്യ സമരം, മിശ്രഭോജനം, മിശ്രവിവാഹം അങ്ങനെ സമൂഹത്തെ ഇളക്കിപ്പണിയലിന് വിധേയമാക്കിയ മുന്നേറ്റങ്ങളിൽ സ്ത്രീകൾ സജീവ പങ്കാളിത്തം വഹിച്ചിരുന്നു

മാന്യമായി വസ്ത്രം ധരിക്കുന്നതിനുവേണ്ടി സ്ത്രീകൾ നടത്തിയ സമരത്തിൽനിന്നാണ് കേരള നവോത്ഥാനത്തിലെ സ്ത്രീ മുന്നേറ്റങ്ങൾക്ക് തുടക്കമാകുന്നത്.  മാറുമറയ്ക്കൽ സമരം, ആചാരങ്ങൾക്കും അനാചാരങ്ങൾക്കും എതിരായ സമരം, കല്ലൂമാല ബഹിഷ്കരിക്കൽ സമരം, മൂക്കുത്തി ധരിക്കൽ സമരം, തോൽവിറക് സമരം, സ്വാതന്ത്ര്യ സമരം, മിശ്രഭോജനം, മിശ്രവിവാഹം അങ്ങനെ സമൂഹത്തെ ഇളക്കിപ്പണിയലിന് വിധേയമാക്കിയ മുന്നേറ്റങ്ങളിൽ സ്ത്രീകൾ സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ചാന്നാർ സമരം മുതൽ അടുത്ത കാലത്തുണ്ടായിട്ടുള്ള മുന്നേറ്റങ്ങൾ വരെ സ്ത്രീകളുടെ കർതൃത്വത്തെ നിർണയിക്കുന്നതായിരുന്നു. മാറു മറയ്ക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടി മരിച്ച നങ്ങേലിയെ ഇവിടെ ഓർക്കാതിരിക്കാൻ കഴിയില്ല. അടിമത്ത വ്യവസ്ഥപോലെ കേരളത്തിൽ നിലനിന്നിരുന്ന ഊഴിയം വേലയെ എതിർത്തതിന്റെ പേരിൽ രക്തസാക്ഷിയായ പോരാളിയാണ് ശകുന്തളാദേവി. ഇനിയും നിരവധി പേരുകൾ ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്.

കേരളീയ നവോത്ഥാന ചിന്താമണ്ഡലത്തിൽ സമത്വത്തിന്റെ ആശയം മുന്നോട്ടുവെച്ച വൈകുണ്ഠസ്വാമി സമത്വ സമാജം രൂപീകരിക്കുമ്പോൾ സ്ത്രീകൾക്ക് വലിയ പ്രാധാന്യമാണ് നൽകിയത്. ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ നേതൃത്വത്തിൽ നടന്ന മൂക്കുത്തി സമരത്തിൽ സ്ത്രീകളുടെ സജീവമായ പങ്കാളിത്തം ഉണ്ടായെന്നു മാത്രമല്ല, സ്ത്രീ വിമോചനം തന്നെയായിരുന്നു ആ സമരം. കല്ലുമാല പൊട്ടിക്കൽ സമരവും തുടർന്നു നടന്ന പ്രതിഷേധങ്ങളിൽ അയ്യൻകാളി പങ്കെടുത്തതും സ്ത്രീ വിമോചന സമരപാതയിലെ സുപ്രധാന നാഴികക്കല്ലാണ്. ഇത്തരത്തിൽ വിവിധ സ്ത്രീ സമരങ്ങളിലൂടെയാണ് നവോത്ഥാന കാലഘട്ടം കടന്നുപോയത്. സ്ത്രീ എഴുത്തിന്റെ കരുത്തും നവോത്ഥാനകാലം മുതൽ നമ്മൾ അറിഞ്ഞു തുടങ്ങി. ഇന്ന് എല്ലാ രംഗങ്ങളിലും സ്ത്രീകൾ അവരുടെ സാന്നിധ്യം അറിയിക്കുന്നുണ്ട്. ഈ സന്ദർഭത്തിലാണ് കേരളത്തെ പുറകോട്ടു നയിക്കുന്ന ശക്തികൾക്കെതിരെ വനിതാ മതിൽ ഉയരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top