29 March Friday

പഠിച്ച ചികിത്സയ്‌ക്കപ്പുറം ഈ വൈകാരികാനുഭവം

ഡോ. ഷിംന അസീസ്/ ഉണര്‍ത്തെഴുത്ത്‌Updated: Sunday Aug 25, 2019

ഷിംന അസീസ്‌

ഷിംന അസീസ്‌

കഴിഞ്ഞ വർഷത്തെ പ്രളയത്തെ ‘നൂറ്റാണ്ടിന്റെ വെള്ളപ്പൊക്കം' എന്നൊക്കെ വിളിച്ച്‌ മഴയും വേദനയും വല്ലാതെ ബാധിക്കാത്ത ഒരിടത്തിരുന്ന്‌ ഫോണും ഫേസ്‌ബുക്കും ഉപയോഗിച്ച് രക്ഷാപ്രവർത്തനത്തിലെ ചെറിയ പങ്ക്‌ പകരുമ്പോൾ കൃത്യം ഒരു വർഷം കഴിയുമ്പോൾ അതുപോലൊരു പ്രളയഭൂമിയിൽ നേരിട്ട്‌ ഇറങ്ങിനിൽക്കുന്നത്‌ വിദൂരസങ്കൽപത്തിൽ പോലുമില്ലായിരുന്നു.

ഇത്തവണ കലക്‌ടർ അവധി പ്രഖ്യാപിച്ച വകയിൽ ‘മഴ കഴിഞ്ഞു' എന്ന്‌ തമാശ പറഞ്ഞ്‌ അപ്രതീക്ഷിതമായ അവധിയുടെ ആവേശത്തോടെ ടിവി വെച്ചപ്പോൾ കണ്ടത്‌ കവളപ്പാറയാണ്‌. ഏകദേശം നാൽപത്‌ മിനിറ്റിൽ താഴെ യാത്ര ചെയ്‌താൽ എന്റെ നാടായ മഞ്ചേരിയിൽ നിന്ന്‌ നിലമ്പൂരെത്താം. കവളപ്പാറയെ പരിചയമില്ലെങ്കിലും ആഘാതം ചെറുതല്ലെന്ന്‌ ഒറ്റ നോട്ടത്തിൽ തന്നെ ഞെട്ടലോടെ മനസ്സിലാക്കി. അന്ന്‌ തന്നെ മഞ്ചേരിയിലും മലപ്പുറത്തുമായി വെള്ളപ്പൊക്ക ദുരിതാശ്വാസ  കളക്ഷൻ സെന്റർ തുറന്നതായി വാർത്ത വന്നത്‌ കണ്ടു.

കളക്ഷൻ സെന്ററിൽ ആഗസ്ത്‌   ഒൻപതിന്‌ വൈകുന്നേരം ചെല്ലുമ്പോൾ മരുന്നുകൾ കാര്യമായൊന്നും എത്തിയിട്ടില്ല. പിറ്റേന്ന്‌ രാവിലെ ചെല്ലുമ്പോൾ  കുറച്ചൊക്കെ വന്നു തുടങ്ങിയിട്ടുണ്ട്‌. ഗവർമെന്റ്‌  ബോയ്‌സ്‌ ഹയർസെക്കന്ററി സ്‌കൂളിലെ ഒരു മുറിയിലെ രണ്ട്‌ ഡെസ്‌കിൽ ഒതുങ്ങിയ മരുന്നുശേഖരണം    രണ്ട്‌ ദിവസം കഴിഞ്ഞപ്പോൾ മറ്റൊരു മുറിയിലേക്ക് മാറ്റേണ്ട വിധത്തിൽ നിറയെ മരുന്നുകൾ വന്നുതുടങ്ങി. ഡോക്‌ടർമാരും ഫാർമസിസ്‌റ്റുകളും നേഴ്‌സുമാരും വിദ്യാർഥികളുമെല്ലാമുള്ള മികച്ചൊരു ടീമുണ്ടായി. ഒരേ മനസ്സോടെ ദുരിതബാധിതർക്കായി പ്രവർത്തിച്ച ദിവസങ്ങളായിരുന്നു പിന്നീട്‌.

മിക്കവാറും ദിവസങ്ങളിൽ ഉച്ച തിരിഞ്ഞ്‌ കളക്ഷൻ സെന്ററിൽ തിരക്കൊഴിയുമ്പോൾ നിലമ്പൂരിലെ ക്യാമ്പുകളിലേക്ക്‌ പോയിരുന്നു. ചുരുങ്ങിയ സമയം കൊണ്ട്‌ കവളപ്പാറ  ഒരു ഗ്രൗണ്ടായി മാറിയിരുന്നു. "ഞങ്ങളുടെ വീട്‌ എവിടെയാണെന്നറിയില്ല ഡോക്‌ടറേ’ എന്നൊക്കെ പറഞ്ഞ്‌ വിതുമ്പിയവരോട്‌ പറയാനുള്ള മറുപടിയൊന്നും  കൈവശമില്ലായിരുന്നു. വീട്ടിലെ ഏഴു പേർ മരിച്ച ആളെയും മകളും ഭർത്താവും നഷ്ടപ്പെട്ട  സ്‌ത്രീയെയും അവരുടെ കുഞ്ഞിനെയുമൊക്കെ ചികിത്സിച്ചത്‌ ഹൃദയം കല്ലാക്കി തന്നെയാണ്‌. പലപ്പോഴും ആശ്വസിപ്പിക്കാൻ വല്ലാതെ പാടുപെട്ടിരുന്നു.

ആമാശയം എടുത്തു കളഞ്ഞൊരു കാൻസർ രോഗിക്ക്‌ ആകെ ശീലമുള്ള ഭക്ഷണം പ്രൊട്ടീൻ പൗഡർ കലക്കിയത്‌ മാത്രമാണ്‌. മൂന്ന്‌ നാൾ അവർ പിടിച്ചു നിന്നത്‌ പഞ്ചസാരവെള്ളം മാത്രം കുടിച്ചാണ്‌. അവർക്കുള്ള പ്രൊട്ടീൻ പൗഡർ എത്തിച്ചു കൊടുത്തപ്പോൾ ഞങ്ങളെ കെട്ടിപ്പിടിച്ച്‌ കരഞ്ഞ്‌ കുറേ ഉമ്മ തന്നു ആ അമ്മ. ചിലതൊന്നും വില മതിക്കാനാകാത്തവയാണല്ലോ. പഠിച്ച ചികിത്സകൾക്കെല്ലാം  അപ്പുറത്തുള്ള വൈകാരികാനുഭവമായിരുന്നു നിലമ്പൂരും പരിസരവും.

ഓരോ ക്യാമ്പും ഓരോ തരം അനുഭവമായിരുന്നു. പലരും പറഞ്ഞത്‌ ചേർത്തുവായിക്കുക കൂടി ചെയ്യുമ്പോൾ കവളപ്പാറ കാണിച്ച്‌ തന്നിരിക്കുന്ന ദുരിതങ്ങൾ അസഹനീയമാണ്‌. എന്നിട്ടും ക്യാമ്പിൽ  ഭക്ഷണമുണ്ടാക്കി വിളമ്പിയും കരയുന്നവരെ ചേർത്തുപിടിച്ചും ധൈര്യം നൽകിയും ആ നാടിന്റെ ജീവിക്കുന്ന കണ്ണികൾ കാണിച്ചുകൊണ്ടിരുന്ന ഒരുമയും ഐക്യവും അഭിനന്ദനാർഹമാണെന്ന്‌ പറയാതെ വയ്യ.

'അങ്ങാടിയായിരുന്നു' എന്ന്‌ വിശേഷിപ്പിക്കേണ്ടി വരുന്ന പാതാറും  ഉരുൾപൊട്ടി തകർന്നുപോയ കവളപ്പാറയും ഭൂദാനവുമൊക്കെ വല്ലാത്ത വേദനകളായപ്പോഴും ബാച്ചുകളായി വന്ന്‌ വീടുകൾ വൃത്തിയാക്കിയ പല നാട്ടിലെ ചെറുപ്പക്കാരും അവർക്ക്‌ പ്രാതലും വൈകുന്നേരച്ചായയുമൊരുക്കി നന്ദിയറിയിച്ച നാട്ടുകാരും ദൂരെ എറണാകുളത്തെ നൗഷാദ്‌ക്കയും ഇങ്ങ്‌ മഞ്ചേരിയിലെ കളക്ഷൻ സെന്ററിൽ ഇരുപതിനായിരം രൂപക്ക്‌ മീതെ വില മതിക്കുന്ന മൺകുടങ്ങൾ കൊണ്ടുവന്നു തന്ന മേലാറ്റൂർ ചെമ്മാണിയോടുള്ള ചേട്ടൻമാരും... ആനയിക്കാതെയും ഉത്തരവിടാതെയും തന്നാൽ സാധിക്കുന്ന ജോലികൾ ചെയ്‌ത്‌ പ്രളയബാധിതരെ സഹായിച്ച നൂറായിരം പേരും...

തലയ്ക്കടിയേറ്റ്‌ കമിഴ്‌ന്ന്‌ വീഴുമ്പോഴും എഴുന്നേറ്റ്‌ നിന്ന്‌ ചിരിക്കാൻ പ്രേരിപ്പിക്കുന്ന പ്രതീക്ഷയുടെ തുരുത്തുകളാണെങ്ങും. ഇങ്ങ്‌ മലപ്പുറത്ത്‌ മാത്രമല്ല. അങ്ങ്‌ വയനാടും കണ്ണൂരുമെല്ലാം.ഏതപകടം വന്നാലും ഒന്നിച്ച്‌ നിൽക്കുമെന്ന്‌ ഒരിക്കൽ കൂടി തെളിയിച്ചു നമ്മൾ. ഇടക്ക്‌ വന്ന്‌ കുത്തിത്തിരിപ്പുണ്ടാക്കാൻ ശ്രമിച്ചവരെയെല്ലാം എത്ര പക്വതയോടെയും തന്മയത്വത്തോടെയുമാണ്‌ കേരളജനത ഒറ്റപ്പെടുത്തിയത്‌ !
കഴിഞ്ഞ ദിവസങ്ങൾ പഠിപ്പിച്ച പാഠങ്ങൾ ഉൾക്കൊണ്ട് തന്നെ പറയട്ടെ,
നമ്മൾ അതിജീവിച്ചിരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top