25 April Thursday

അനുമോള്‍ അച്ഛന് നല്‍കി ഐഎഎസ്‌

എം അനില്‍Updated: Tuesday Jul 25, 2017

ബറേലിയില്‍ ഇന്ത്യന്‍ വെറ്ററിനറി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വെറ്ററിനറി സയന്‍സില്‍ പിജിക്ക് ചേര്‍ന്ന് പഠിക്കാന്‍ ഒരു നാട്ടിന്‍പുറത്തുകാരി ഉത്തര്‍പ്രദേശിലേക്ക് വണ്ടികയറി. പക്ഷേ, മനസുനിറയെ കൂട്ടിനുണ്ടായിരുന്നത് സിവില്‍ സര്‍വീസ് മോഹം. കുട്ടിക്കാലം മുതല്‍ മനസില്‍ കുടിയേറിയ ഐഎഎസ് എന്ന മൂന്നക്ഷരം സ്വന്തമാക്കാന്‍ അവള്‍ തന്റെ പരിമിതമായ സാഹചര്യങ്ങളോട് പൊരുതി. നിശ്ചയദാര്‍ഢ്യം ഒടുവില്‍ വിജയതിലകമണിയിച്ചു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്ത് 42-ാം റാങ്കും സംസ്ഥാനാടിസ്ഥാനത്തില്‍ നാലാം റാങ്കും നേടി. കൊല്ലം കുന്നത്തൂര്‍ താലൂക്കില്‍ പോരുവഴി പഞ്ചായത്ത് ഇടയ്ക്കാട്  മുരളി വിലാസത്തില്‍ മുരളീധരന്‍പിള്ളയുടെ ഏക മകള്‍ എസ് അനു ഇന്ന് മലയാളക്കരയുടെയും ഇടയ്ക്കാട്  ഗ്രാമത്തിന്റെയും അഭിമാനമാണ്.

ഈ മിടുമിടുക്കിയെ കേരളം വേണ്ടത്ര ചര്‍ച്ച ചെയ്യാതെ പോയത് ബോധപൂര്‍വമല്ല. തനിക്ക് കിട്ടിയ റാങ്കിന്റെ പൊന്‍തിളക്കം അധികമാരെയും അറിയിക്കാതെ അച്ഛന് മാത്രം സമര്‍പ്പിച്ച പെണ്‍കുട്ടിയും പ്രസിദ്ധി ആഗ്രഹിച്ചിരുന്നില്ല. ഡോ. എസ് അനു എന്ന റാങ്ക് ജേതാവിനെ മാളോര് അറിഞ്ഞുതുടങ്ങിയത് മാധ്യമങ്ങളില്‍ വൈകിവന്ന വാര്‍ത്തകള്‍ക്ക് ശേഷം.

ഐഎഎസ് നേടണമെന്ന മോഹത്തിന് ചൂടും ചൂരും പകര്‍ന്നത് അച്ഛന്‍ മുരളീധരന്‍പിള്ളയാണ്. ആഗസ്ത് 28ന് പരിശീലനം ആരംഭിക്കും. ഉത്തരാഖണ്ഡ് മുസൂറിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷനിലാണ് പരിശീലനം.

അമ്മയുടെ വേര്‍പാട്...

അകാലത്തില്‍ അമ്മ സീതാലക്ഷ്മിയുടെ വേര്‍പാട് ആറാം വയസില്‍ അനുവില്‍ തീര്‍ത്തത് വല്ലാത്തൊരു ഒറ്റപ്പെടല്‍. പിന്നെ താങ്ങും തണലുമായത് അച്ഛന്‍. കുണ്ടറ കാരുവേലില്‍ സെന്റ് ജോണ്‍സ് റസിഡന്‍ഷ്യല്‍ സ്കൂളിലായിരുന്നു 12-ാം ക്ളാസ് വരെ പഠനം. പത്താംക്ളാസില്‍ 92 ശതമാനവും പ്ളസ്ടൂവിന് 90 ശതമാനവും മാര്‍ക്ക് നേടി. ബോര്‍ഡിങ്ങില്‍ നിന്നായിരുന്നു പഠനം. തുടര്‍ന്ന് തൃശൂര്‍ മണ്ണൂത്തി വെറ്ററിനറി കോളേജില്‍ നിന്നും വെറ്ററിനറി സയന്‍സ് പാസായത് രണ്ടാം റാങ്കോടെ.

അച്ഛനുവേണ്ടി സ്വരുക്കൂട്ടിയ സമ്മാനം

തന്റെ പ്രിയപ്പെട്ട അച്ഛന് നല്‍കാനായി അനു സ്വരുക്കൂട്ടിയ സ്നേഹസമ്മാനമാണ് ഈ വിജയം. 'എവിടെ എത്തണമെന്ന് ആഗ്രഹിക്കുന്നുവോ അവിടെവരെ നീ പഠിക്കുക' എന്ന ഉപദേശമാണ് കെഎസ്ആര്‍ടിസി റിട്ട. ഉദ്യോഗസ്ഥനായ അച്ഛന്‍ മുരളീധരന്‍പിള്ള മകള്‍ക്ക് നല്‍കിയ ഉപദേശം. ഈ അച്ഛന്റെ ഏക സമ്പാദ്യമാണ് അനു.

ബറേലിയില്‍ വെറ്ററിനറി സയന്‍സില്‍ പിജിക്ക് ചേര്‍ന്നത് 2015 ആഗസ്ത് ഒന്നിന്. ആഗസ്ത് 27ന് ആയിരുന്നു ആദ്യമായി സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. എന്നാല്‍ ആദ്യ പരിശ്രമം പരാജയപ്പെട്ടെങ്കിലും അനു തളര്‍ന്നില്ല. എല്ലാം വിജയത്തിന് മുന്നോടിയായി കണ്ടു. എന്നാല്‍ തോല്‍വി അച്ഛനെ വല്ലാതെ വിഷമിപ്പിച്ചു. അതുകൊണ്ടുതന്നെ ഒരു തീരുമാനത്തിലെത്തി. ഇനി പരീക്ഷ എഴുതുന്നത് അച്ഛന്‍ അറിയേണ്ട. വിജയിച്ചാല്‍ മാത്രം പറയുക. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് രണ്ടാമത്തെ ഐഎഎസ് പരീക്ഷ എഴുതിയതും.

എന്നാല്‍ വിജയം ഇക്കുറി അനുവിനെ തേടിയെത്തി. 2016 ആഗസ്ത് ഏഴിന് പ്രിലിമിനറി പരീക്ഷയെയും ഡിസംബര്‍ 10ന് മെയിന്‍ പരീക്ഷയെയും നേരിട്ടു. പഠനത്തിന് ആവശ്യമായ തയാറെടുപ്പിന് പലപ്പോഴും പണം തികഞ്ഞിരുന്നില്ല. എന്നാല്‍ തമിഴ്നാട് സേലം സ്വദേശി രാഘവി എന്ന സഹപാഠി പഠനസഹായി തന്നത് അനു ഓര്‍ക്കുന്നു. സാധാരണ ഐഎഎസിന് തയ്യാറെടുക്കുന്നവര്‍ ഇങ്ങനൊരു സഹായം ചെയ്യാറില്ല. ഇതിനിടെ വെറ്ററിനറി സയന്‍സില്‍ 88 ശതമാനം മാര്‍ക്കോടെ പിജി കോഴ്സും അനു പാസായി.

സേവനം മാത്രം ലക്ഷ്യം

അനുവിന് വലിയ മോഹങ്ങളില്ല, എന്നാല്‍ ലക്ഷ്യങ്ങളേറെ. അര്‍ഥപൂര്‍ണമായ സേവനം മാത്രമാണ് ഈ 28കാരിയുടെ മനസുനിറയെ. സാധാരണക്കാരനെ പരിമിതിക്കുള്ളില്‍ നിന്ന് പരമാവധി വേഗത്തില്‍ സഹായിക്കണം. പിന്നെ ഒരു വീട്വയ്ക്കണം. വായ്പയെടുത്ത് അച്ഛന് വീടുവയ്ക്കാമായിരുന്നു. പക്ഷേ മകളുടെ പഠനത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയത്. 70 വര്‍ഷത്തിലേറെ പഴക്കമുള്ള വീട്ടിലാണ് ഇപ്പോള്‍ താമസം.

കാലിത്തൊഴുത്തിലെ ഇന്ത്യന്‍ ജീവിതം

ദുരിതം മാത്രം പേറുന്ന ഇന്ത്യയിലെ പട്ടിണിപാവങ്ങളുടെ നരകജീവിതം അനു നന്നായി തിരിച്ചറിഞ്ഞു. അവകാശങ്ങളെക്കുറിച്ചോ ആനുകൂല്യങ്ങളെ കുറിച്ചോ ഒന്നുമറിയാത്ത ദരിദ്രര്‍. ഒരു കുടിലിനുള്ളില്‍ തന്നെ കാലിത്തൊഴുത്തും അടുക്കളയും പിന്നെ കട്ടിലും. കട്ടിലുള്ളത് തന്നെ അപൂര്‍വം കുടിലുകളില്‍. അധികാര കേന്ദ്രങ്ങളില്‍ ഇരിക്കുന്നവരോട് ഒന്നും ചോദിക്കാനുള്ള അറിവില്ല. പേടിയാണ് അവര്‍ക്ക്. കേരളത്തിലെ സാമൂഹ്യപുരോഗതിയുടെ നന്മ തിരിച്ചറിഞ്ഞത് മറ്റ് സംസ്ഥാനങ്ങളിലെ ജനജീവിതം നേരില്‍ കണ്ടപ്പോഴാണെന്ന് അനു പറയുന്നു. പാവങ്ങള്‍ക്കായുള്ള പദ്ധതികള്‍ പലതും അവരില്‍ എത്തുന്നില്ല.

എല്ലാവരെയും ഭൂമിയുടെ ഉടമകളാക്കുകയാണ് വേണ്ടതെന്നും അനു തുറന്നുപറയുന്നു. ഒരുപിടി മണ്ണിന്റെ അവകാശികളാകുക എന്നത് ഏതൊരാളിലും അഭിമാന ബോധമാണ് തീര്‍ക്കുക. രാജ്യമാകെ ഭൂപരിഷ്ക്കരണം നടപ്പാക്കുകയാണ് വേണ്ടതെന്നും അനു പറഞ്ഞു.

മുഖ്യമന്ത്രി പറഞ്ഞതാണ് ശരി...

കേരളത്തിലുള്‍പ്പെടെ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ താഴേത്തട്ടിലെത്തണം. സര്‍ക്കാര്‍ ഓഫീസില്‍ സേവനം ബോധപൂര്‍വം വൈകിപ്പിക്കാന്‍ പാടില്ല. ഓരോ ഫയലിലുമുള്ളത് സാധാരണക്കാരന്റെ ജീവിതമാണെന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തിയെയാണ് കാണിക്കുന്നതെന്നും അനു പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top