02 July Saturday

താരാകാശത്തെ രോഹിണി നക്ഷത്രം

ഹസന്‍ സബീര്‍Updated: Tuesday Jul 25, 2017

1975ലാണ് രോഹിണി സിനിമയിലെത്തിയതെങ്കിലും മലയാളത്തിലേക്കുള്ള അരങ്ങേറ്റം 82ലായിരൂന്നു. അക്കാലത്തെ ഹിറ്റ് മേക്കറായ പി എന്‍ സുന്ദരത്തിന്റെ 'കക്ക'യാണ് രോഹിണിയൂടെ ആദ്യ മലയാള ചിത്രം. അയോദ്ധ്യ, അപരാധി എന്നീ നസീര്‍ ചിത്രങ്ങള്‍ക്കും കോളിളക്കം എന്ന ജയന്‍ ചിത്രത്തിനൂം ശേഷം പി എന്‍ സുന്ദരമൊരുക്കിയ ചിത്രത്തില്‍ നിഴല്‍കള്‍ രവി, രഘുവരന്‍ എന്നിവര്‍ക്കൊപ്പം...

ഇന്നും മലയാളിയുടെ മനസ്സില്‍ മധുരം നിറക്കുന്ന 'കായലൊന്ന് ചിരിച്ചാല്‍ കരയാകെ നീര്‍മുത്ത്' എന്ന ഗാനത്തിനൊപ്പം രോഹിണി മലയാളക്കരയില്‍ നിന്നും സിനിമാസ്വപ്നങ്ങളൂടെ കക്കകള്‍ പെറുക്കിക്കൂട്ടി... ഇന്ന് തെന്നിന്ത്യന്‍ സിനിമയിലെ പ്രശസ്ത നടിയായിരിക്കുമ്പോഴും വെറും ഒരൂ അഭിനേത്രിയെന്നതിനുമപ്പുറം ചലച്ചിത്ര സംവിധായിക, തിരക്കഥാകൃത്ത്, വോയ്സ് ആര്‍ടിസ്റ്റ്, ഗാന രചയിതാവ് എന്നീ നിലകളില്‍ കൂടി പ്രതിഭ തെളിയിച്ചു. രോഹിണിയോടൊപ്പം അല്പനേരം...

'കക്ക'യില്‍ തുടങ്ങി 'റോള്‍ മോഡല്‍സ്' വരെ... പലതരം കഥാപാത്രങ്ങള്‍... അഭിനേതാക്കളുടെ തലമുറകള്‍... എന്താണ് മലയാളം തന്ന അനുഭവങ്ങള്‍ ?

അഭിനയത്തില്‍ മലയാളമാണെന്റെ സ്ക്കൂള്‍... ഞാനഭിനയിക്കാന്‍ വന്ന കാലത്തൊക്കെ എന്നെ വിസ്മയിപ്പിച്ച അഭിനേതാക്കളായിരുന്നു ഇവിടെ... ശരിക്കും പറഞ്ഞാല്‍. ഇവിടെ നിന്നാണ് ഞാന്‍ പഠിച്ചത്... സ്ക്രീനില്‍ എന്തു ചെയ്യണം... എങ്ങനെ ചെയ്യണം എന്നൊക്കെ... അതാണെന്റെ ഭാഗ്യം... ഇന്നാര്‍ക്കൂം കിട്ടാത്ത ഭാഗ്യമെന്നൊക്കെ പറയാം... മഹാനടന്മാരൂടെ ഒരൂ വലിയ നിരയുടെ കൂടെയാണല്ലോ നമ്മളും... ആക്ടിംഗ് എന്താണെന്ന് പഠിക്കൂമ്പോള്‍ തന്നെ ഇവരൂടെ കൂടെയൊക്കെ അഭിനയിക്കാനാവുക... ഇത്രേം വലിയ ഡയറക്ടേഴ്സിന്റെ കൂടെയൊക്കെ വര്‍ക്ക് ചെയ്യാനാവുക... ഷൂട്ടിങ്ങിന്റെ ഇടവേളകളിലൊക്കെ ഞാന്‍ നെടുമുടി വേണുച്ചേട്ടനോടൊക്കെ ഓരോന്നിനെപ്പറ്റി ചോദിക്കും... ആക്ടിങ്ങിനെപ്പറ്റിയും മറ്റും... അതൊക്കെ അദ്ദേഹം വളരെ ക്ഷമയോടെ, വ്യക്തമായി പറഞ്ഞുതരൂം... എന്നിലെ ആക്ടറിനെ മോള്‍ഡ് ചെയ്യാന്‍ അതൊക്കെ ഒരുപാട് സഹായിച്ചിട്ടുണ്ട്... അവരുടെ കൂടെയൊക്കെ വര്‍ക്ക് ചെയ്യുമ്പോള്‍ നമ്മളധികമൊന്നൂം ചെയ്യേണ്ട. അവരൂടെ അഭിനയത്തിന് റിയാക്ട്ട് ചെയ്താല്‍ മതി... അത്ര ഗംഭീരമായല്ലേ പെര്‍ഫോം ചെയ്യുന്നത്... അതൊരു വല്ലാത്ത എനര്‍ജിയാണ്...

സിനിമയിലുപരി നാടകത്തിലൂം അഭിനയിക്കുന്നൂണ്ട് രോഹിണി ?

അതേ... ഞാന്‍ തമിഴ് തീയേറ്ററിന്റേയും ഭാഗമാണ്... എന്നുവെച്ചാല്‍ കണ്ടംപററി സ്റ്റയിലിസ്റ്റിക് തീയേറ്റര്‍... അത് സംഭാഷണങ്ങള്‍ക്കുപരി ഭാവാഭിനയത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സ്റ്റേജാണ്... ലിഖിത നിയമങ്ങളില്ലാത്തവ... ഞാന്‍ 2006ലാണ് നാടകത്തിലേക്ക് വരുന്നത്... കുറെക്കാലമായി ചെയ്യണം... സമയം കണ്ടെത്തണം... എന്നൊക്കെ വിചാരിക്കുകയായിരുന്നു... നസിറുദ്ദീന്‍ ഷാ, ഓംപുരി, ശബാന ആസ്മി ഇവരുടെയൊക്കെ പെര്‍ഫോമന്‍സ് കണ്ടിട്ടില്ലേ... അതൊരു വേറെ ടൈപ്, വേറെ ലെവല്‍ അഭിനയ രീതിയാണ്... അപ്പോ എനിക്കൂം തോന്നി അതൊന്നു ചെയ്തു നോക്കിയാലോന്ന്... വാക്കുകള്‍ക്കതീതമയൊരു വികാരമെന്നൊക്കെ പറയാം...കാണികളുമായി നേരിട്ട് സംവദിക്കുന്നതിനൂമപ്പുറം വേറെ ചിലതു കൂടിയൂണ്ട്...

അതിനൊരു തുടര്‍ച്ചയുണ്ട്... ഓരോ സ്റ്റേജിലൂം അത് നമുക്ക് വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിക്കുന്നു... പക്ഷേ, അത്തരത്തിലുള്ള മേക്കിംഗ് കൂടിയാവണം... പല തലങ്ങളിലായി രൂപപ്പെടാനുള്ള മാനങ്ങളുണ്ടാവണം... അല്ലാതെ ഒരേ രീതിയില്‍ നില്‍ക്കുന്നതാവരുത്... പ്രമേയപരമായ വ്യത്യസ്തതകള്‍ കൊണ്ടുവരണം... അങ്ങനെയൂള്ള സ്ക്രിപ്റ്റ്... ആള്‍ക്കാര്‍... സംവിധായകര്‍ ഒക്കെയായിരിക്കണം... സിനിമ തീര്‍ച്ചയായും എന്റെ ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നത് തന്നെയാണ്... പക്ഷേ, തീയേറ്റര്‍ നല്‍കുന്നത് പകരം വെക്കാനാവാത്ത അനുഭവങ്ങളാണ്... ഒരു പത്തു സിനിമയില്‍ നിന്ന് ലഭിക്കാത്ത സംതൃപ്തി ഒന്നോ ഒന്നരയോ മണിക്കൂറുള്ള നാടകത്തില്‍ നിന്നും കിട്ടുന്നു... വളരെ ലിൃശരവശിഴ ആണത്...

മലയാളത്തില്‍ തീയേറ്റര്‍ ബാക്ക് ഗ്രൌണ്ടുള്ള കുറെ ആര്‍ട്ടിസ്റ്റിനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചല്ലോ ?

മലയാളത്തില്‍ ആര്‍ക്കാണ് തീയേറ്ററിന്റെ പശ്ചാത്തലമില്ലാത്തത്? കെപിഎസി ലളിത, നെടുമുടി, തിലകന്‍, ഗോപി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങി എലാവരും നാടകത്തില്‍ നിന്നല്ലേ... പേര് പറഞ്ഞാല്‍ തീരില്ല... മലയാള സിനിമ നോക്കുമ്പോ വന്നവരെല്ലാം തന്നെ നാടകത്തില്‍ നിന്നാണ്... നടീനടന്മാരൂം സംവിധായകരൂം എഴുത്തുകാരുമൊക്കെ...

ഭരതന്റെ ഒഴിവുകാലം, പദ്മരാജന്റെ പറന്ന് പറന്ന് പറന്ന്... മലയാളത്തിന്റെ വിഖ്യാത ചലച്ചിത്രകാരന്മാര്‍ക്കൊപ്പം..?

1980കളിലാണത്. മലയാളസിനിമയുടേത് മാത്രമല്ല... എന്റെ അഭിനയജീവിതത്തിലേയും സുവര്‍ണ്ണകാലം... എന്നിലെ കലാകാരിക്ക് രൂപപ്പെടാന്‍ ഏറ്റവും നല്ല ഇടങ്ങളായിരുന്നു അവരുടെ സിനിമകള്‍... ഒരു നടിയെന്ന നിലയില്‍ അഭിനയപാഠങ്ങള്‍ക്ക് വളരെ നല്ല പരിചരണമാണ് ഭരതന്‍ സാറില്‍ നിന്ന് ലഭിച്ചത്... പദ്മരാജന്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തപ്പോള്‍ കൃത്യമായ നറേഷന്‍ ഉണ്ടായിരൂന്നൂ. ഒരൂ ചെറിയ കുട്ടിയായാണ്... അവള്‍ക്ക് സംഭാഷണം മാത്രം പറഞ്ഞുകൊടുത്താല്‍ മതി എന്ന് കരുതിയില്ല... മറിച്ച് കഥ പൂര്‍ണ്ണമായും പറഞ്ഞ് തരൂം... കഥാപാത്രമെങ്ങനെ... അതിന്റെ ഇടപെടലുകള്‍... സീന്‍ ബാക്ക് ഗ്രൌണ്ട്... ഇമോഷണല്‍ ട്രാക്കിംഗ്... എന്നതെല്ലം വിശദമായി പറഞ്ഞുതരും...

ഗൌതം മേനോന്റെ 'പച്ചൈക്കിളി മുത്തുച്ചര'ത്തിലൂടെ ഗാന രചയിതാവുമായി ?

ഞാനതിലല്ല ആദ്യമെഴുതുന്നത്. രേവതിയുടെ ഒരു ടെലിസിനിമക്കാണ്... അതിലേക്കൊരൂ കവിത വേണ്ടിവന്നപ്പോ രേവതിയൂടെ നിര്‍ബന്ധപ്രകാരം എഴുതിയതാണ്... ഗൌതം മേനോന്റെ 'വേട്ടയാട് വിളയാട്' എന്ന സിനിമയുടെ ഡബ്ബിംഗ് ജോലിക്കിടെയായിരുന്നൂ അത്... ഞാന്‍ ഗൌതമിനോട് അല്‍പം സമയം വാങ്ങിയാണ് അതെഴുതിയത്... വായിച്ചു കേട്ടപ്പോള്‍ ഗൌതം പറഞ്ഞു പച്ചൈക്കിളിക്ക് വേണ്ടി ഒരു പാട്ടെഴുതാന്‍... ഒരു സംഭാഷണരീതിയിലുള്ള ഒരു പാട്ട്... സംഗീതത്തിനനുസൃതമായി എഴുതേണ്ടന്നുള്ളത് അനുഗ്രഹമായി... പിന്നെ, ആ പടത്തിന് ശേഷം രണ്ടുമൂന്നു ചിത്രങ്ങള്‍ക്കുകൂടി... അല്ലാതെ ഒരു സീരിയസ് പ്രൊഫഷനല്ല...

പക്ഷേ, വരികള്‍... ഭാഷയിലെ ആഴവും പ്രയോഗവൂം, പ്രാസഭംഗി.. ഇവയൊക്കെ നോക്കുമ്പോള്‍... ഉദാഹരണത്തിന് "വെണ്ണില്ലാത്തൂവി താന്‍ കാതല്‍ സൊന്നാളെ... മല്ലികൈ വാസം ഉന്‍ പേച്ചില്‍ കണ്ടാളെ..." അതുപോലെ ''ഉന്‍ വാസം ഇവളാ... ഉന്‍ വനവില്ലാ..." ഇതൊക്കെ നേരംപോക്കിനെഴുതുന്ന ഒരാള്‍ക്ക് പറ്റുമോ ? അപ്പോ... ഉള്ളില്‍ നല്ല കവിതയും കല്പനയൂം ഉള്ളയാള്‍ എന്തിനാണ് ഗാനരചനയില്‍ തുടരാതിരിക്കുന്നത് ?

അതായത്, അഭിനയം വെച്ചുനോക്കൂമ്പോള്‍ അതെന്റെയൊരു പ്രൊഫഷനല്ലല്ലോ... പിന്നെ സംവിധായകനും സംഗീതസംവിധായകനും ചേര്‍ന്ന് പടത്തിന്റെ പാട്ട് എങ്ങനെ വേണമെന്ന് തീരുമാനിക്കുകയാണല്ലോ... മിക്കവാറും സംഗീതസംവിധായകന്‍ പാട്ട് കമ്പോസ് ചെയ്യുമ്പോള്‍ അവരുടെ മനസ്സില്‍ പാട്ടിനെക്കുറിച്ച്, എഴുത്തുകാരെക്കുറിച്ച്., പാടേണ്ടവരെക്കുറിച്ചൊക്കെ ഒര ധാരണയുണ്ടാവും... പിന്നെ എനിക്കങ്ങനെ മ്യൂസിക് ഡയറക്ടേഴ്സൂമായി വലിയ കോണ്ടാക്ടൊന്നൂമില്ല... അപ്പോ ഏതെങ്കിലും സംവിധായകനോ മ്യൂസിക് ഡയറക്ടറോ എന്റെ പാട്ട് ആ ചിത്രത്തില്‍ വേണമെന്ന് ആവശ്യപ്പെടുമ്പോഴാണ് അങ്ങനെയുണ്ടാവുന്നത്... അല്ലെങ്കില്‍ നമ്മളതിനുവേണ്ടി പരിശ്രമിക്കണം... കുറച്ച് സമയം അതിനായി മാറ്റി വെക്കണം... പലപ്പോഴും അത് ഫിലിം മേക്കേഴ്സിന്റെ ചോയ്സാണ്...

മണിരത്നം, ഗൌതം മേനോന്‍ ചിത്രങ്ങളിലൊക്കെ നായികമാരുടെ ശബ്ദമായി രോഹിണിയെ കേള്‍ക്കാം. ഗീതാഞ്ജലിയില്‍ ഗിരിജാ ഷെട്ടര്‍... ഇരുവര്‍, ഗുരു, രാവണന്‍ എന്നിവയില്‍ ഐശ്വര്യാറായ്, പിന്നെ ജ്യോതിക, ആന്‍ഡ്രിയ ജെറിമിയ, അമല... ഇവരുടെയൊക്കെ തമിഴ്ശബ്ദമാണ് രോഹിണി. നടിയെന്ന നിലയില്‍ അഭിനയത്തിന്റെ പ്രധാന ഘടകമായ ഡബ്ബിംഗിനെ എങ്ങനെ നോക്കിക്കാണുന്നു?

ഡബ്ബിംഗ് എനിക്ക് ഭയങ്കര എക്സൈറ്റ്മെന്റാണ്... ഇന്ന് വോയ്സ് ഓവര്‍ ഉണ്ട്... ഡബ്ബിംഗ് ഉണ്ട്... അങ്ങനെ എന്തെങ്കിലും വോയ്സ് വര്‍ക്ക് ഉണ്ടെന്ന് അറിഞ്ഞാല്‍ എനിക്ക് ഭയങ്കര ത്രില്‍ ആണ്...

എന്റെ വലിയൊരു സമ്പാദ്യമെന്തെന്ന് ചോദിച്ചാല്‍ എന്റെ തമിഴ് ഉച്ചാരണം തന്നെയാണ്... ഞാന്‍ തമിഴ് പറയുന്നത് കേള്‍ക്കാന്‍  ഇവിടെ എല്ലാവര്‍ക്കും ഇഷ്ടമാണ്.. ഒരു കഥ പറയുമ്പോഴും കവിത ചൊല്ലുമ്പോഴും അവര്‍ പറയുന്നു... ഈ ശബ്ദത്തിലത് കേള്‍ക്കാന്‍ ഇഷ്ടമാണെന്ന്... എനിക്കും ഈ ഭാഷയോട് ഭയങ്കര സ്നേഹമുണ്ട്... അതിന്റെ സൌന്ദര്യം അതേ മികവോടെ അവതരിപ്പിക്കണം... ആ ശ്രമങ്ങളാണ് എന്റെ സമ്പാദ്യം... പിന്നെ ഡബ്ബിംഗില്‍... അതിലെപ്പോഴും വെല്ലുവിളികളുണ്ട്...

ഇപ്പോള്‍ ഒരേ സംവിധായകന്റെ ചിത്രങ്ങളില്‍ ഒരേ നായിക പ്രത്യക്ഷപ്പെടുന്നുവെന്ന് വയ്ക്കുക, പക്ഷേ, അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങള്‍ വ്യത്യസ്തങ്ങളാകും... കഥാപാത്രത്തിന്റെ പ്രായം, പരിസരം ഒക്കെ നമുക്ക് പുതിയ വെല്ലുവിളികള്‍ നല്‍കുന്നു... വോയ്സ് മോഡുലേഷനില്‍, ഭാവങ്ങളില്‍... അതൊക്കെ ത്രില്ലിംഗാണ്...

പെണ്‍സംവിധായകര്‍ പലപ്പോഴും സ്ത്രീകളുടെ പ്രശ്നങ്ങള്‍ പ്രമേയവല്‍ക്കരിക്കാന്‍ ഇഷ്ടപ്പെടുമ്പോള്‍ "സൈലന്റ് ഹ്യൂസ്''....

അതിന്റെ കാരണം ഞാന്‍ 'യശോദ കൃഷ്ണ'യിലൂടെ വന്നത് ബാലതാരമായിട്ടാണ്... അപ്പോ എന്റെ ഒരു കാഴ്ചപ്പാട് എന്റെ അനുഭവത്തിലൂടെ അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിച്ചത്... എന്റെ അഭിപ്രായം ഞാന്‍ ആധികാരികമായി പറഞ്ഞു... അത്രതന്നെ...

അപ്പാവിന്‍ മീസൈ?

എന്റെ ആദ്യ ചലച്ചിത്ര സംരംഭം... അതൊരു ഇമോഷണല്‍ ഫിലിമാണ്... എല്ലാ സംസ്ഥാനങ്ങളില്‍നിന്നും പൊതുവേ നല്ല സ്വീകരണമാണ് അതിന് ലഭിക്കുന്നത്.  വളരെ സത്യസന്ധമായ, സ്ട്രെയിറ്റായ ഒരു സമീപനമാണത്...

സിനിമയോടെന്ന പോലെ ജീവിതത്തോടും ഒരേ പാഷനാണ് രോഹിണിക്ക്... സിനിമയോടുള്ള തിരക്കിലും മകനോടുള്ള വാത്സല്യം സൂക്ഷിക്കുന്ന അമ്മയാണ് രോഹിണി... }ഋഷിവരന്റെ എല്ലാ കാര്യങ്ങളിലും കൂട്ടുകാരിയെപ്പോലെ കൂടെയുണ്ടാവുന്ന അമ്മ...

സംഭാഷണം അവസാനിപ്പിക്കാറായി... എയര്‍പോര്‍ട്ടില്‍ കാത്തുനില്‍ക്കുന്ന കസിനെ കൂട്ടാന്‍ പോവണം... മറ്റൊരു സന്ദര്‍ഭത്തില്‍ ഇനിയും ദേശാഭിമാനിയുടെ 'സ്ത്രീ' വായനക്കാര്‍ക്കായി മനസ്സുതുറക്കാമെന്ന വാക്കോടെ അവര്‍ പറഞ്ഞവസാനിപ്പിച്ചു... സിനിമയുടെ വെള്ളിവിതാനത്ത് മിന്നിത്തിളങ്ങുന്ന ഉജ്വലനക്ഷത്രം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top