28 March Thursday

പ്രതിരോധിക്കാം, ഉള്‍ക്കരുത്തോടെ...

റഷീദ് ആനപ്പുറംUpdated: Tuesday Jul 25, 2017

പേര് ശാലിനി. തലസ്ഥാനത്തെ പ്രമുഖ വസ്ത്ര വില്പനശാലയിലെ കാഷ്യര്‍. ഡ്യൂട്ടി കഴിയുമ്പോള്‍ രാത്രി എട്ടാകും. നാല് കിലോമീറ്റര്‍ ദൂരെയുള്ള വീട്ടിലേക്ക് ഒറ്റയ്ക്ക് സ്കൂട്ടറിലാണ് യാത്ര. ചന്നംപിന്നം മഴയുള്ളൊരു രാത്രി. വീട്ടിലേക്കുള്ള ഇടറോഡിലേക്ക് ശാലിനി സ്കൂട്ടര്‍ വളച്ചതും ഒരു ബൈക്ക് വട്ടമിട്ട് നിന്നു. പിന്നെ എല്ലാം ഞൊടിയിടയിലായിരുന്നു. മഴക്കോട്ടും ഹെല്‍മറ്റും ധരിച്ച് ബൈക്കിന് പിറകിലിരുന്നയാളുടെ കൈകള്‍ കഴുത്തിന് നേരെ നീണ്ടതും ജീവിതത്തിലെ ഏക സമ്പാദ്യമായ സ്വര്‍ണമാല ആ ബലിഷ്ഠമായ കൈകളിലേക്ക് ഊര്‍ന്നുവീണതും അവളറിഞ്ഞില്ല.

ഇത് ഒരു ശാലിനിയുടെ മാത്രം കഥയല്ല. ഇങ്ങനെ എത്രയോ ശാലിനിമാര്‍ നമുക്കിടയിലുണ്ട്. ഈ ഹതഭാഗ്യരുടെ കണ്ണീര് വീണ മണ്ണാണ് നമ്മുടേത്. ഓരോ ദിനവും പുലരുന്നത് സ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളുടെ ഓരോ വാര്‍ത്തയിലേക്കാണ്. ഒരിടത്ത് ബസ്സില്‍ യാത്രക്കാരിയെ ശല്യപ്പെടുത്തുന്ന വാര്‍ത്തയാണെങ്കില്‍ മറ്റൊരിടത്ത് സ്കൂള്‍, കോളേജുകള്‍ക്കുമുമ്പിലെ പൂവാലശല്യമാകും. ബസ്സ്റ്റാന്റിലാകട്ടെ സ്ത്രീകളെ കാത്തിരിക്കുന്നത് ചിലരുടെ തുറിച്ച നോട്ടങ്ങളാകും. ഷോപ്പിങിന് പോയാല്‍ അവിടെയുമുണ്ടാകും ചില ഞരമ്പുരോഗികള്‍.... ചിലര്‍ക്ക് വേണ്ടത് കഴുത്തിലും കാതിലുമണിഞ്ഞ ആഭരണമാണ്. ചിലരുടെ നോട്ടം ശരീരത്തിലേക്കാകും. തൊട്ടും തലോടിയും കണ്ണെറിഞ്ഞും അവര്‍ സ്ത്രീക്ക് പിറകെ കൂടും. എല്ലാ പുരുഷന്‍മാരും ആഭാസരല്ല. ഭൂരിപക്ഷവും സ്ത്രീകളെ ആദരിക്കുന്നവരാണ്. സ്ത്രീ അമ്മയാണ്, ഭാര്യയാണ്, മകളാണ്, സഹോദരിയാണ് എന്ന പഴയ കാഴ്ചപ്പാടിനപ്പുറം പുരുഷനുള്ള എല്ലാ അധികാരവുമുള്ള വ്യക്തിയാണ് സ്ത്രീ എന്ന വസ്തുതയ്ക്ക് ഇന്ന് അംഗീകാരം ലഭിച്ചുകൊണ്ടിരിക്കുകയാണ്.

എന്നാല്‍ ബലഹീനതയും ആത്മവിശ്വാസമില്ലായ്മയും പല സ്ത്രീകള്‍ക്കുമുണ്ട്. ഇതാണ്  അക്രമികള്‍ മുതലെടുക്കുന്നത്. കേരളത്തിലെ  സ്ത്രീകള്‍ പൊതുവേ വിദ്യാസമ്പന്നരാണ്. നല്ലൊരു ശതമാനം  ജോലിക്കായി പുറത്തുപോകുന്നു. പൊതു ഇടങ്ങളില്‍ സ്ത്രീ സാന്നിധ്യവും ഏറെയാണ്. ജനപ്രതിനിധികളായും ഒട്ടേറെ സ്ത്രീകള്‍ തിളങ്ങുന്നു. എന്നാല്‍ ഈ തിളക്കം പലരിലും പുറംമോടി മാത്രമാണ്. അപകടകരമായ സന്ദര്‍ഭം നേരിടുന്നതില്‍ ഇവരില്‍ പലരും പരാജയപ്പെടുന്നു. ആത്മസ്ഥൈര്യത്തിന്റെയും ഉള്‍ക്കരുത്തിന്റെയും അഭാവമാണിതിന് കാരണം. ഇവിടെയാണ് കേരള പൊലീസ് നടപ്പാക്കുന്ന സ്വയം പ്രതിരോധ പരിശീലനത്തിന്റെ പ്രസക്തി. സ്ത്രീകളെ ആത്മവിശ്വാസമുള്ളവരും തന്റേടികളുമാക്കുന്നതാണ് ഈ പരിശീലനം.  അതിക്രമ സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ പ്രാപ്തരാക്കുക, അത്തരം സന്ദര്‍ഭങ്ങള്‍ നേരിടേണ്ടിവന്നാല്‍ സ്വയംരക്ഷയ്ക്കായി പെട്ടെന്നു സ്വീകരിക്കേണ്ട പ്രതിരോധതന്ത്രങ്ങള്‍ പരിശീലിക്കുക, അതുവഴി സംസ്ഥാനത്തെ സ്ത്രീകള്‍ക്ക് സുരക്ഷയും കൂടുതല്‍ ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്നിവയാണ് പരിശീലന ലക്ഷ്യം. പ്രത്യേക പരിശീലനം നേടിയ വനിതാപൊലീസ് ഉദ്യോഗസ്ഥരാണ് നേതൃത്വം നല്‍കുന്നത്. സ്കൂളുകള്‍, കോളേജുകള്‍, റസിഡന്‍സ് അസോസിയേഷനുകള്‍, കുടുംബശ്രീ തുടങ്ങിയ സ്ത്രീ കൂട്ടായ്മകളിലെത്തി സ്വയം പ്രതിരോധ പരിശീലനം നല്‍കും. ഇതിന് പുറമെ എല്ലാ ജില്ലകളിലും സ്ഥിരം പരിശീലന കേന്ദ്രങ്ങളും തുടങ്ങിയിട്ടുണ്ട്.  രണ്ട് ലക്ഷത്തിലേറെ സ്ത്രീകള്‍ക്കാണ് ഇതുവരെ  സംസ്ഥാനത്ത് സ്വയം പ്രതിരോധ പരിശീലനം നല്‍കിയത്.

തടയും ചുവടും പഠിക്കാം

നിങ്ങള്‍ക്ക് സ്വാഗതം, കേരള പൊലീസിന്റെ സ്വയം പ്രതിരോധ പാഠശാലയിലേക്ക്. തങ്ങള്‍ ദുര്‍ബലരും അബലകളുമല്ലെന്ന പാഠം ഇവിടെനിന്ന് അഭ്യസിക്കാം. ആര്‍ക്കുമുമ്പിലും ഇനി നിങ്ങള്‍ക്ക് ചൂളേണ്ട, ഒന്ന് കണ്ണുരുട്ടൂ, അല്ലെങ്കില്‍ കൈകളും കാലുകളും ചലിപ്പിക്കൂ, എതിരാളിയെ എളുപ്പത്തില്‍ കീഴടക്കാം.  ഇങ്ങനെ ഏത് സാഹചര്യവും നേരിടാനുള്ള കൊച്ചുകൊച്ചു ട്രിക്കുകളുമായി ഇവിടെനിന്ന് മടങ്ങാം. ബൈക്കില്‍ മാല പൊട്ടിക്കാന്‍ വന്നാല്‍ ഒച്ചയിട്ട് പിന്തിരിപ്പിക്കാം. എന്നിട്ടും രക്ഷയില്ലെങ്കില്‍ കായികമായി നേരിടാം. തുറിച്ചുനോട്ടക്കാരെ അതേ രീതിയില്‍തന്നെ ഒന്നു തുറിച്ചുനോക്കൂ. അതിനുള്ള ഉള്‍ക്കരുത്തും അന്തസ്സും ആത്മവിശ്വാസവുമാണ് സ്വയം പ്രതിരോധ പരിശീലനത്തിന്റെ പരമ ലക്ഷ്യം. ആയുധമില്ലാതെ സ്വയം പ്രതിരോധിക്കാനും അക്രമിയെ നിശ്ചലമാക്കാനുമാണ്  ഇവിടെ പഠിപ്പിക്കുന്നത്. സ്വന്തം ശരീരഭാഗങ്ങള്‍തന്നെയാണ് ഇവിടെ ആയുധം.  അതെ, ഏത് സാഹചര്യവും നേരിടാനുള്ള ലൈഫ് സ്കില്ലാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ നേടിയെടുക്കുന്നത്. 

രണ്ട് ഘടകങ്ങളാണ് സ്വയം പ്രതിരോധ പരിശീലനത്തിനുള്ളത്.  ഒന്ന് ശാരീരികമായി പ്രതിയോഗിയെ കീഴടക്കാനുള്ള പരിശീലനം. മറ്റൊന്ന് സ്ത്രീ സുരക്ഷാ നിയമങ്ങളെകുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍. ഇതിനായി പ്രത്യേക സിലബസുമുണ്ട്.  20 മണിക്കൂര്‍, 60 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള രണ്ട് കോഴ്സുകളാണ് നടത്തുന്നത്.  സ്ത്രീകളുമായി ബന്ധപ്പെട്ട നിയമം, പൊലീസ് സേവനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിലാണ് ക്ളാസ്. സ്ത്രീകളുടെ മാനസികവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ട ക്ളാസുകളും ഇതോടൊപ്പമുണ്ട്. സൌജന്യമായാണ് പരിശീലനം.

നിങ്ങള്‍ അലസരാണോ, എങ്കില്‍ ഒരാള്‍ പിന്നാലെയുണ്ട് 

അശ്രദ്ധ, അലസത... ഇതു രണ്ടുമുള്ളവരാണോ നിങ്ങള്‍. എങ്കില്‍ നിങ്ങളെ മറ്റുള്ളവര്‍ക്ക് ഇരയാക്കാന്‍ എളുപ്പം.  സംശയം, പേടി തുടങ്ങിയവ പ്രകടമാക്കുന്ന ഭാവം, തലകുനിച്ചുള്ള നടപ്പ് എന്നിവയും പലരിലും കാണാം. സ്ത്രീകളുടെ ആത്മവിശ്വാസമില്ലായ്മ വെളിപ്പെടുത്തുകയാണിവിടെ.  ഒന്ന് സംസാരിച്ചാല്‍മതി ചില സ്ത്രീകളുടെ ആത്മവിശ്വാസകുറവ്  മനസ്സിലാക്കാന്‍. സ്ത്രീകളുടെ ഇത്തരം ബലഹീനതയാകും അക്രമി ആദ്യം മുതലെടുക്കുക. അതിനാല്‍ അലസമായ സംസാരവും ആത്മവിശ്വാസമില്ലായ്മയും ഒഴിവാക്കണം. ശരീരഭാഷ ഊര്‍ജ്ജസ്വലമാകണം. ചില ആക്രമണങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്നതാണെങ്കില്‍ ചിലത് പൊടുന്നനെയുണ്ടാകുന്നതാണ്.  ഇത്തരം സാഹചര്യങ്ങളില്‍ ഭയചകിതരാകാതെ കൂള്‍ ആകുകയാണ് ആദ്യം വേണ്ടത്. തുടര്‍ന്ന്  അക്രമിയെ മാനസികമായും ശാരീരികമായും നിര്‍വീര്യമാക്കണം. ആദ്യംവേണ്ടത് എതിരാളിയെ മാനസികമായി തളര്‍ത്തുകയാണ്.  അല്ലെങ്കില്‍ രണ്ടും ഒന്നിച്ച് ചെയ്യണം. ഇതിനുള്ള പരിശീലനമാണ് പൊലീസ് നല്‍കുന്നത്. ബസ്സിലോ പൊതുസ്ഥലത്തോ ശല്യം ചെയ്യാനായി വരുന്നയാളെ നേരിടാന്‍ രൂക്ഷമായ നോട്ടം മാത്രം മതിയാകും. 

ഇതൊരു മാനസികമായി കീഴ്പ്പെടുത്തല്‍ തന്ത്രമാണ്. ഒച്ചവെച്ചും ആക്രോശിച്ചും മാനസികമായി കീഴ്പ്പെടുത്താം. മറുള്ളവരുടെ സഹായം ഇതുവഴി ലഭിക്കും. എന്നാല്‍ ചിലപ്പോള്‍ ഇതൊന്നും മതിയാകില്ല. അത്തരം സാഹചര്യത്തില്‍ കായികമായി പ്രതികരിക്കാം. പ്രഹരമേറ്റാല്‍ അതിവേഗം തളര്‍ന്നുപോകുന്ന ചില ഭാഗങ്ങളുണ്ട് ശരീരത്തില്‍. കണ്ണ്, മൂക്ക്, ചെകിട്, തൊണ്ട, കണ്ഠമുഴയുടെ ഇരുവശവും, നെഞ്ചിന്റെ മധ്യഭാഗം, മടിക്കുത്ത്, വൃഷണഭാഗം തുടങ്ങിയവയാണ് ഈ ഭാഗങ്ങള്‍. എതിരാളിയുടെ ഈ ഭാഗങ്ങളില്‍ തൊഴിച്ചോ പ്രഹരിച്ചോ ആണ് കായികമായി  തളര്‍ത്തല്‍. നമ്മുടെ ശരീരത്തിലെ ദൃഢഭാഗങ്ങളായ കൈമുട്ട്, കാല്‍മുട്ട്, നെറ്റി, മുഷ്ടി, ഉപ്പൂറ്റി, പാദം, പൃഷ്ഠഭാഗം, നഖം, പല്ല് എന്നിവയൊക്കെ ആയുധമാക്കിയാണ് ഇത് നടത്തേണ്ടത്.

ഉദാഹരണത്തിന് മുന്നില്‍നിന്ന് മാല പിടിച്ചു പറിക്കാന്‍ ഒരാള്‍ ശ്രമിച്ചാല്‍ നമ്മുടെ വലതു കൈകൊണ്ട് അക്രമിയുടെ കൈക്കുഴയില്‍ പിടിച്ച് ശരീരത്തോട് ചേര്‍ത്ത് പിടിക്കുക. തുടര്‍ന്ന് ഇടതുകൈകൊണ്ട് ശത്രുവിന്റെ കൈമുട്ട് ഭാഗത്ത് ശക്തമായി അമര്‍ത്തിത്താഴ്ത്തി കാല്‍മുട്ട്കൊണ്ട് മുഖത്ത് ശക്തമായി പ്രഹരിക്കുക. ബസ്, ട്രെയിന്‍ യാത്രക്കിടെ പിറകില്‍നിന്ന് ശല്യപ്പെടുത്തിയാല്‍ നോട്ടം കൊണ്ടോ, ഒച്ചവെച്ചോ പിന്തിരിപ്പിക്കാന്‍ ശ്രമിക്കുക. എന്നിട്ട് രക്ഷയില്ലെങ്കില്‍ അയാള്‍ നില്‍ക്കുന്ന സ്ഥാനം നോക്കി കൈമുട്ട്കൊണ്ട് അയാളുടെ നെഞ്ചിന്‍കുഴിയില്‍ പ്രഹരിക്കുകയും അല്‍പം ചെരിഞ്ഞ് മടിക്കുത്തില്‍ ശക്തിയായി പ്രഹരിക്കുകയോ വെട്ടിത്തരിഞ്ഞ് കൈമുട്ട് കൊണ്ട് അക്രമിയുടെ മുഖത്ത് ഇടിക്കുകയോ ചെയ്യുക. ലിഫ്റ്റിനുള്ളിലെ അക്രമം, എടിഎമ്മുനിള്ളില്‍വെച്ചുള്ള അക്രമം. ആസിഡ് അക്രമണം, കത്തി കഴുത്തില്‍വെച്ച് ഭീഷണിപ്പെടുത്തല്‍, തലമുടിയില്‍പിടിച്ച് അക്രമിക്കല്‍, ബാഗ്തട്ടിപ്പറിക്കല്‍ തുടങ്ങി ലൈംഗികാതിക്രമങ്ങള്‍ തടയുന്നതിനുള്ള മുറകള്‍ പരിശീലിപ്പിക്കുന്നുണ്ട്. എന്നാല്‍  എല്ലാ സാഹചര്യത്തിലും എതിരാളിയെ സ്വയം പ്രതിരോധിക്കാനായെന്നു വരില്ല. പ്രത്യേകിച്ച് എതിരാളി കരുത്തനാണെങ്കില്‍. അത്തരം സമയത്ത് സ്വയം പ്രതിരോധത്തിന് നില്‍ക്കാതെ ജീവന്‍ സ്വയം രക്ഷിക്കുകയാണ് വേണ്ടത്. തുടര്‍ന്ന് പൊലീസിനെയും ബന്ധുക്കളെയും വിവരം അറിയിച്ച് നിയമനടപടി സ്വീകരിക്കണം. 

സ്വയംരക്ഷക്കായി ഒരാളെ മര്‍ദിച്ചാല്‍ നമ്മള്‍ നിയമ നടപടിക്ക് വിധേയമാകില്ലേയെന്ന ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. എന്നാല്‍ സ്വയംരക്ഷക്കായി അക്രമിയെ ആവശ്യമായ അളവില്‍മാത്രം പ്രഹരമേല്‍പ്പിക്കുന്നതിന് നിയമ പരിരക്ഷയുണ്ട്.  ഇന്ത്യന്‍ ശിക്ഷാനിയമം 96മുതല്‍ 106വരെയുള്ള വകുപ്പുകള്‍ സ്വയം രക്ഷാവകാശത്തെക്കുറിച്ചുള്ളവയാണ്.  നിയമപരമായ ക്ളാസിലുടെ അതിനുള്ള അറിവ് പകര്‍ന്നുനല്‍കുന്നു. ഇതോടൊപ്പം ഗാര്‍ഹിക പീഡന നിയമം, ഇമ്മോറല്‍ ട്രാഫിക് (പ്രിവന്‍ഷന്‍) ആക്ട്, സൈബര്‍ കുറ്റകൃത്യങ്ങള്‍, ലൈംഗികാതിക്രമത്തില്‍നിന്ന് കുട്ടികളെ സംരക്ഷിക്കല്‍ നിയമം (പോക്സോ ആക്ട് ), സ്ത്രീ സുരക്ഷക്കായി കേരള പൊലീസ് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ചും ക്ളാസ് നല്‍കുന്നുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ ഏറെ പ്രാധാന്യമാണ് വനിതകള്‍ക്കുള്ള സ്വയം പ്രതിരോധ പരിശീലനത്തിന് നല്‍കുന്നത്. ഇക്കഴിഞ്ഞ ബജറ്റില്‍ പിങ്ക് പൊലീസിനും സ്വയം പ്രതിരോധ പരിശീലനത്തിനുമായി മാത്രം 12 കോടി രൂപയാണ് അനുവദിച്ചത്. ഈ പദ്ധതി ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ കങ്ങഴ സമ്പൂര്‍ണ സ്വയം പ്രതിരോധ പരിശീലനം നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്താകാനൊരുങ്ങുകയാണ്. പൊലീസും കുടുംബശ്രീയും സംയുക്തമായി പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും പരിശീലനം നല്‍കുകയാണ്. കുടുംബശ്രീയുടെ 183 യൂണിറ്റുകള്‍ വഴിയാണ് പരിശീലനം. സ്വയം പ്രതിരോധ പരിശീലനത്തിന്റെ പ്രചാരണത്തിന് സ്വന്തമായി നാടകവും കോട്ടയം പൊലീസ് സെല്‍ഫ് ഡിഫന്‍സ് ടീം തയ്യാറാക്കിയിട്ടുണ്ട്.  പദ്ധതിയുടെ പ്രാധാന്യമടക്കം വിശദീകരിച്ച്  'സഹജ' എന്ന പേരില്‍ സുവനീര്‍ പുറത്തിറക്കാനുള്ള  പ്രവര്‍ത്തനത്തിലാണ് പരിശീലകയായ കെ എസ് പ്രിയമോളും കൂട്ടുകാരും.

മാതൃകയായി കങ്ങഴ

കോട്ടയം ജില്ലയിലെ കങ്ങഴ സമ്പൂര്‍ണ സ്വയം പ്രതിരോധ പരിശീലനം നേടിയ സംസ്ഥാനത്തെ ആദ്യ പഞ്ചായത്താകാനൊരുങ്ങുകയാണ്. പൊലീസും കുടുംബശ്രീയും സംയുക്തമായി പഞ്ചായത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും പരിശീലനം നല്‍കുകയാണ്. കുടുംബശ്രീയുടെ 183 യൂണിറ്റുകള്‍ വഴിയാണ് പരിശീലനം. സ്വയം പ്രതിരോധ പരിശീലനത്തിന്റെ പ്രചാരണത്തിന് സ്വന്തമായി നാടകവും കോട്ടയം പൊലീസ് സെല്‍ഫ് ഡിഫന്‍സ് ടീം തയ്യാറാക്കിയിട്ടുണ്ട്.  പദ്ധതിയുടെ പ്രാധാന്യമടക്കം വിശദീകരിച്ച്  'സഹജ' എന്ന പേരില്‍ സുവനീര്‍ പുറത്തിറക്കാനുള്ള  പ്രവര്‍ത്തനത്തിലാണ് പരിശീലകയായ കെ എസ് പ്രിയമോളും കൂട്ടുകാരും.

കങ്ങഴ പഞ്ചായത്തിലെ തെരഞ്ഞടുക്കപ്പെട്ട 40 വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് മുഴുവന്‍ പേര്‍ക്കും പരിശീലനം നല്‍കുന്നത്. കുടുംബശ്രീ അയല്‍കൂട്ടങ്ങള്‍ക്ക് പുറമെ സ്കൂളുകളിലെത്തി പെണ്‍കുട്ടികള്‍ക്കും പരിശീലനം നല്‍കുന്നുണ്ട്. 'നിര്‍ഭയം നിതാന്തം' എന്ന പേരിലുള്ള നാടകം നിരവധി വേദികള്‍ പിന്നിട്ടു. വനിതാ പൊലീസുകാര്‍ക്കൊപ്പം കുടംബശ്രീ അംഗങ്ങളും ഇതില്‍ അഭിനയിക്കുന്നുണ്ട്.  കെ എസ് പ്രിയമോളും ക്ഷേമയുമാണ് ഈ നാടകം രചിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top