26 April Friday

ശൂന്യത ഇവരുടെ മഹാസമ്പാദ്യം

എസ് ശാരദക്കുട്ടിUpdated: Wednesday May 25, 2016

 "പുരുഷന്റെ കഷ്ടപ്പാടു കണ്ടവര്‍ ഒന്നും കണ്ടിട്ടില്ല, സ്ത്രീയുടെ കഷ്ടപ്പാടാണ് കാണേണ്ടത്. സ്ത്രീയുടെ കഷ്ടപ്പാടു കണ്ടവര്‍ ഒന്നും കണ്ടിട്ടില്ല, കുട്ടിയുടെ കഷ്ടപ്പാടാണ് കാണേണ്ടത്'–പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവലില്‍ ഇത്രയും എഴുതിയത് മഹാനായ വിക്ടര്‍ യൂഗോ. വര്‍ത്തമാനകാലത്ത് ഇതിനോട് ചേര്‍ത്തുവയ്ക്കേണ്ടതായ മറ്റൊരു വലിയ കഷ്ടപ്പാടുണ്ട്. അത് വൃദ്ധരുടെ കഷ്ടപ്പാടാണ്.

തിനെട്ടു വയസ്സില്‍ കോട്ടയത്ത് വിവാഹം കഴിഞ്ഞുവന്നെത്തിയ പെണ്‍കുട്ടിയാണ് ജ്ഞാനാംബാള്‍. സാമ്പ്രദായിക രീതിയില്‍ വളര്‍ന്ന ബ്രാഹ്മണപ്പെണ്‍കുട്ടി. ഈയിടെ മൂകാംബികയില്‍വച്ച് കാണുമ്പോള്‍ ജ്ഞാനംമാമിക്ക് വയസ്സ് അറുപത്തിയഞ്ച്. അന്നത്തെ അതേ ചുറുചുറുക്കും സാമര്‍ഥ്യവും. ഇരുപത്തിയൊന്നു വയസ്സില്‍ മാമി വിധവയാകുമ്പോള്‍ രണ്ടു പൊടിക്കുഞ്ഞുങ്ങള്‍. ഭര്‍ത്താവിന്റെ വീട്ടുകാരുടെ നിര്‍ദയമായ പെരുമാറ്റങ്ങളോടു പൊരുതി, ഭര്‍ത്താവു മരിച്ചതിന്റെ പുലകുളിയടിയന്തിരത്തിനു മുമ്പ് നഗരത്തിലുള്ള കടമുറിയില്‍ പോയി കടതുറന്ന് കച്ചവടത്തിനിരുന്ന ജ്ഞാനം. തന്റേടത്തോടെ കട നടത്തി മകനെയും മകളെയും വളര്‍ത്തി. ഏകയായിരുന്നിട്ടും സ്വത്തുതര്‍ക്കങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാതെ മക്കള്‍ക്ക് അവകാശപ്പെട്ട പിതൃസ്വത്ത് നേടിക്കൊടുത്ത ജ്ഞാനംമാമി. പണ്ട് പറഞ്ഞുനിര്‍ത്തിയതിന്റെ ബാക്കി എന്നപോലെ മാമി കഥകള്‍ പറഞ്ഞുതുടങ്ങി. മക്കള്‍ രണ്ടും വളര്‍ന്നു വിവാഹം കഴിഞ്ഞു കുട്ടികളുമായി. മാമി അമ്പലത്തോടു ചേര്‍ന്ന് വീടുവാങ്ങി അതിലാണ് താമസം. മകള്‍ ഗള്‍ഫില്‍. മകനും ഭാര്യയും നാട്ടിലുണ്ട്. അന്യജാതിക്കാരിയായിരുന്നിട്ടും സാമ്പത്തികശേഷി തീരെ കുറവായിരുന്നിട്ടും തന്റെ മരുമകളെ സ്വന്തം മകളായി കരുതി കൂടെ താമസിപ്പിക്കാനുള്ള മനസ്സ് തനിക്കുണ്ടായത് വിദ്യാഭ്യാസമോ പുരോഗമനസ്വഭാവമോ ഒന്നുമുണ്ടായിട്ടല്ല, ജീവിതാനുഭവങ്ങള്‍ അത്രക്ക് തന്നെ പവിത്രീകരിച്ചിരുന്നതുകൊണ്ടാണെന്ന് മാമി പറഞ്ഞു.

ആദ്യമാദ്യം മകന്റെ ഭാര്യക്ക് തന്നോട് വലിയ സ്നേഹമായിരുന്നു. എന്നാല്‍ അവള്‍ പിന്നീട് നിഷേധവും അവഗണനയും കാണിച്ചുതുടങ്ങി. മകനോട് മാമി

കാര്യങ്ങള്‍ പറഞ്ഞു. 'അവഗണന സഹിച്ച് സാധാരണ വൃദ്ധമാതാക്കളെപ്പോലെ ഞാന്‍ കരഞ്ഞും വിളിച്ചും ഇവിടെ കഴിയില്ല. നീ നിന്റെ ഭാര്യയോട് പറഞ്ഞുകൊടുക്കണം, അമ്മ തീയില്‍ കുരുത്തതാണ്, സമാധാനമായി കഴിഞ്ഞാല്‍ എല്ലാവര്‍ക്കും ഒരുമിച്ചു കഴിയാം.' മകന് അമ്മയുടെ ആ അധികാരസ്വരം തീരെ പിടിച്ചില്ല. അമ്മയും മകനും തമ്മില്‍ വഴക്കായി. അമ്മയെ മകന്‍ എന്തോ ചീത്തവിളിച്ചു. ഒന്നേ വിളിച്ചുള്ളൂ. അതോടെ മാമി തീരുമാനിച്ചു. ഇനിമേല്‍ മകനുമായി ഒരുമിച്ചൊരു ജീവിതം സാധ്യമല്ല. തന്റെ അവകാശങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്ന ആ സ്ത്രീയെ കടപ്പാടുകള്‍ തളര്‍ത്തിയില്ല. മാതൃസ്നേഹമെന്നത് തന്നെ കുരുക്കാനുള്ള ഒരു കയറാക്കി മാറ്റാന്‍ അവര്‍ മക്കളെ അനുവദിച്ചില്ല. ഇരുപത്തൊന്നാം വയസ്സില്‍ മക്കള്‍ക്ക് അവകാശപ്പെട്ട പിതൃസ്വത്ത് വാങ്ങിക്കൊടുത്ത അതേ വീറോടെ അവര്‍ മകന് തെളിയിച്ചുകൊടുത്തു, ജീവിച്ചിരിക്കുന്ന മാതാപിതാക്കളുടെ സ്വത്ത് മക്കളുടെ അവകാശമല്ല ഔദാര്യമാണ് എന്ന്.   നിയമാവബോധമുണ്ടായാല്‍ത്തന്നെ പകുതി സ്വാതന്ത്യ്രമായി, പകുതി അധികാരമായി എന്നാണ് ജ്ഞാനംമാമിയുടെ ജീവിതം തെളിയിക്കുന്നത്. മക്കള്‍ക്ക് പരിപൂര്‍ണമായി അടിമപ്പെട്ടുകഴിഞ്ഞിരുന്നുവെങ്കില്‍ ഏതെങ്കിലും അനാഥാലയത്തിലോ വൃദ്ധമന്ദിരത്തിലോ ഒടുങ്ങേണ്ടിവരുമായിരുന്ന ഒരു ജീവിതം. മരണശേഷം തന്റെ സ്വത്തുക്കള്‍ ആര്‍ക്കു കൊടുത്താലും തന്നെ അധിക്ഷേപിച്ച മകനു കൊടുക്കില്ല എന്നവര്‍ ഉറപ്പിച്ചു. കണ്ണുനീരിനുപകരം തീയായിരുന്നു ആ കണ്ണില്‍. കൈയില്‍ സ്വത്തും ശരീരത്തിന് ആരോഗ്യവും അത്യാവശ്യം ലോകപരിചയവുമുള്ള ഒരു സ്ത്രീക്ക് കഴിഞ്ഞത് എല്ലാ വൃദ്ധജനങ്ങള്‍ക്കും സാധിച്ചെന്നുവരില്ല.

വിക്ടര്‍ യൂഗോ

വിക്ടര്‍ യൂഗോ

"പുരുഷന്റെ കഷ്ടപ്പാടു കണ്ടവര്‍ ഒന്നും കണ്ടിട്ടില്ല, സ്ത്രീയുടെ കഷ്ടപ്പാടാണ് കാണേണ്ടത്. സ്ത്രീയുടെ കഷ്ടപ്പാടു കണ്ടവര്‍ ഒന്നും കണ്ടിട്ടില്ല, കുട്ടിയുടെ കഷ്ടപ്പാടാണ് കാണേണ്ടത്'–പാവങ്ങള്‍ എന്ന വിശ്വവിഖ്യാതമായ നോവലില്‍ ഇത്രയും എഴുതിയത് മഹാനായ വിക്ടര്‍ യൂഗോ. വര്‍ത്തമാനകാലത്ത് ഇതിനോട് ചേര്‍ത്തുവയ്ക്കേണ്ടതായ മറ്റൊരു വലിയ കഷ്ടപ്പാടുണ്ട്. അത് വൃദ്ധരുടെ കഷ്ടപ്പാടാണ്. ജീവിതം മുഴുവന്‍ മക്കളെ വളര്‍ത്തുവാനും അവരുടെ ജീവിതം ഭദ്രമാക്കാനുമായി രാപ്പകലില്ലാതെ കഷ്ടപ്പെടുന്നവര്‍ അവരുടെ വാര്‍ധക്യത്തില്‍ അനുഭവിക്കുന്ന ഒറ്റപ്പെടലും അനാഥത്വവും അശരണത്വവും വേദനകളും മറ്റേതുകഷ്ടപ്പാടുകളെക്കാള്‍ ഹൃദയഭേദകമാണ്. 'അസ്ഥിയല്ലാതോരു വസ്തു ശരീരത്തിലവര്‍ക്കില്ല; ദുഃസ്ഥിതിക്കും കുറവില്ല ദുര്‍ന്നിലക്കും കുറവില്ല' എന്നതാണ് അവസ്ഥ. കടലിലേക്ക് വഞ്ചി തുഴയുന്നതുപോലെ ജീവിതം തുഴഞ്ഞവര്‍. കുറെ തുഴഞ്ഞുകഴിഞ്ഞപ്പോള്‍ കര കാണാനില്ലാതായവര്‍. തിരിയെ തുഴയുവാന്‍ ത്രാണി നഷ്ടപ്പെട്ടവര്‍. അങ്ങനെ ജീവിതക്കടലിന് അടിമയായവര്‍.

"നൂറാം വയസ്സില്‍ ഞാനൊരു വിസ്മയമായിരിക്കും' എന്ന ആത്മവിശ്വാസത്തോടെ വാര്‍ധക്യത്തെ നേരിടുന്ന വിവേകശാലികള്‍ ലോകമെമ്പാടും ഉള്ളതായി നമുക്കറിയാം. വാര്‍ധക്യത്തെ ആഘോഷമൊന്നുമാക്കിയില്ലെങ്കില്‍പ്പോലും അന്നുവരെ ജീവിച്ചത്ര സമാധാനത്തോടെ ജീവിക്കാനുള്ള അവകാശമെങ്കിലും അവര്‍ക്കു ലഭ്യമാകേണ്ടതുണ്ട്. ഇന്ത്യയില്‍ പത്തു ദമ്പതിമാരില്‍ ആറു പേരും വീടു വിട്ടിറങ്ങാന്‍ നിര്‍ബന്ധിതരാകുന്നു എന്ന് കണക്കുകള്‍ പറയുന്നു. ഒരിടത്തും പോകാനില്ലാതെ, എല്ലാ പ്രതീക്ഷയും അസ്തമിച്ച്, വൃദ്ധസദനങ്ങളില്‍ അന്ത്യകാലം കഴിച്ചുകൂട്ടേണ്ടിവരുന്നു. മക്കളോടൊപ്പം താമസിക്കുന്ന വൃദ്ധജനങ്ങളില്‍ത്തന്നെ നാല്‍പ്പതു ശതമാനത്തിലധികം പേരും ഏതെങ്കിലും തരത്തിലുള്ള ആക്രമണങ്ങളോ പീഡനങ്ങളോ നേരിടുന്നുണ്ട് എന്നതിന് കൃത്യമായ രേഖകളുണ്ട്. യഥാര്‍ഥ സംഭവങ്ങളില്‍ ആറില്‍ ഒന്നു മാത്രമാണ് വെളിച്ചത്തു വരുന്നത്. സത്യത്തില്‍ ഈ വൃദ്ധജനങ്ങള്‍ നിരാശ്രയരല്ല. അവര്‍ക്ക് മാനുഷികാവകാശങ്ങള്‍ അനുവദിച്ചുകൊടുക്കുന്ന ഒട്ടേറെ നിയമങ്ങള്‍ ഉണ്ടെങ്കിലും പലര്‍ക്കും അവയെക്കുറിച്ച് അറിയില്ല, അറിഞ്ഞാല്‍ത്തന്നെ അവയൊന്നും ഉപയോഗിക്കാന്‍ ആരും തയ്യാറാകുന്നില്ല. അമ്മ എന്ന വാക്കുതന്നെ അതിവൈകാരികതയില്‍ കുഴച്ചു രചിക്കപ്പെട്ടതാണ്. അതുകൊണ്ട് കടമയെക്കുറിച്ചല്ലാതെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്ന അമ്മ മാതൃകാമാതാവല്ലാതാകുന്നു. മാതൃത്വത്തിന്റെ മാഹാത്മ്യം  കാലങ്ങളായി കേട്ടുകേട്ടു ശീലിച്ച സ്ത്രീകള്‍ക്ക് തങ്ങളുടെ കടമ, സാമൂഹികമായ റോളുകള്‍ ഒരിക്കലും തീരുന്നതായി കരുതാനാവുന്നില്ല. അനാരോഗ്യം വരുമ്പോഴും മക്കള്‍ക്കുവേണ്ടി ഒന്നും ചെയ്യാന്‍ കഴിയാത്തതിന്റെ വേദനയാണവര്‍ക്ക്. അവരുടെ കണ്ണുകള്‍ സദാ ഈറനണിഞ്ഞുനില്‍ക്കുന്നത് വാര്‍ധക്യം മൂലം ശരിയായി പ്രവര്‍ത്തിക്കാത്ത കണ്ണുനീര്‍ ഗ്രന്ഥികളുടെ തകരാറുമൂലമാണെന്ന് നമുക്കു ഭാവിക്കാം. സാമൂഹികബന്ധം തീരെ ഇല്ലാതാകുന്നതുകൊണ്ടുള്ള ഒറ്റപ്പെടല്‍ അവരെ നിരാശയിലാഴ്ത്തിയിരിക്കുന്നു. സാമ്പത്തികമായ ആശ്രയത്വം അവരെ അപമാനകരമാംവിധം അടിമകളാക്കി നിലനിര്‍ത്തുകയാണ്.

2015 ലെ കണക്കനുസരിച്ച് കേരളത്തിലെ വൃദ്ധസദനങ്ങളിലെ അന്തേവാസികളുടെ എണ്ണത്തില്‍ നാലു വര്‍ഷം കൊണ്ട് 69% വര്‍ധനവുണ്ടായിട്ടുണ്ട്. 1961 ല്‍ 5.83% ആയിരുന്നത് 1991 ല്‍ 8.82% ആയും 2001 ല്‍ അത് 9.79% ആയും വര്‍ധിച്ചു. ഈ കണക്കുകള്‍ സാമൂഹികനീതി വകുപ്പിനും മനുഷ്യമനസ്സാക്ഷിക്കും ചില മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചപ്പോള്‍ നാട്ടില്‍ വൃദ്ധജനങ്ങളുടെ എണ്ണം ചെറുപ്പക്കാരുടെ എണ്ണത്തിലും കൂടുതലായി. ഇതൊരു പുരോഗമനമാണെങ്കില്‍ ആ പുരോഗമനം ഒട്ടേറെ വെല്ലുവിളികളെയും നേരിടുന്നുണ്ട്. ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവും സാമ്പത്തികവുമായി ഇവരനുഭവിക്കുന്ന പ്രശ്നങ്ങള്‍ സമീപഭാവിയില്‍ കൂടിവരാനല്ലാതെ കുറയാന്‍ ഒരു സാധ്യതയും കാണുന്നില്ല. കാരണം അണുകുടുംബങ്ങളുടെ ഘടന, കുടുംബത്തിലെ ആരോഗ്യമുള്ള എല്ലാ അംഗങ്ങളും പുറത്തുപോയി തൊഴില്‍ ചെയ്യുന്ന സാഹചര്യം, മനുഷ്യരുടെ കുറഞ്ഞുവരുന്ന സാമൂഹികബന്ധങ്ങള്‍, അതുമൂലമുണ്ടാകുന്ന ഏകാന്തത,  ജീവിതശൈലീരോഗങ്ങളുടെ വര്‍ധനവ്–  ഇതെല്ലാം വാര്‍ധക്യം നേരിടുന്ന ഗുരുതരമായ പ്രശ്നങ്ങളാണ്.

ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ പ്രത്യേകത മക്കള്‍ക്ക് പ്രായപൂര്‍ത്തിയായാലും അച്ഛനമ്മമാര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍
നിന്നു രക്ഷപ്പെടാനോ മക്കളെ ഒഴിവാക്കാനോ ആഗ്രഹിക്കുന്നില്ല എന്നതാണ്. വാത്സല്യംകൊണ്ട് പൊന്‍വേലി കെട്ടിയാണ് ഓരോ രക്ഷിതാവും മക്കളെ വളര്‍ത്തുന്നത്. രക്ഷിതാക്കളുടെ ചിന്തകളില്‍ ഒരിക്കലും തങ്ങളുടെ മക്കള്‍ക്ക് വയസ്സാകുന്നില്ല. തങ്ങളുടെ സ്നേഹവും വാത്സല്യവും എപ്പോഴും അവര്‍ക്കുമേല്‍ കുടയായി ഉണ്ടല്ലോ എന്നാണ് അവരുടെ ധൈര്യം.  പക്ഷേ ഈ വിശ്വാസം, ഉറപ്പ്, മനോബലം ഒക്കെ രക്ഷിതാക്കള്‍ക്ക് തിരിയെ നല്‍കാന്‍ മക്കള്‍ക്ക് പലപ്പോഴും കഴിയാതെ വരുന്നു. എന്തെല്ലാം ഒഴികഴിവുകളുണ്ട് അവര്‍ക്കു പറയുവാനായി! മാതാപിതാക്കള്‍ക്ക് മക്കളോടുള്ള സ്നേഹം തിരിയെ മക്കള്‍ക്ക് രക്ഷിതാക്കളോടുണ്ടാകുന്ന കാലത്ത് കീഴോട്ടൊഴുകുന്ന പുഴ മേലോട്ടൊഴുകുമെന്ന് പഴമൊഴിയുണ്ട്. കായുടെ പേരില്‍ മാത്രം പൂവിനെ മതിക്കുന്ന കാലമെന്ന് വൈലോപ്പിള്ളി ഈ യുഗപരിവര്‍ത്തനത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. മാനുഷിക മൂല്യങ്ങള്‍ക്ക് വിലയിടിവു സംഭവിക്കുമ്പോഴാണ് വ്യക്തിയുടെ പിന്നാലെ നിയമത്തിന് ചൂരല്‍വടിയുമായി നടക്കേണ്ടിവരുന്നത്. സാമാന്യജനങ്ങള്‍ക്കിടയില്‍ നിയമ ബോധവത്കരണത്തിന്റെ അവശ്യകതയെക്കുറിച്ച് ഇനിയും നമ്മുടെ ഭരണാധികാര സംവിധാനങ്ങളും പൊതുസമൂഹവും  ജാഗരൂകമല്ല എന്നത് നാടിന്റെ അവികസിതാവസ്ഥയെത്ത ന്നെയാണ് കാണിക്കുന്നത്.

ബാലാമണിയമ്മ

ബാലാമണിയമ്മ

മകന്റെ നര എന്ന പേരില്‍ ബാലാമണിയമ്മയുടെ ഒരു കവിതയുണ്ട്. മധ്യവയസ്സിലെത്തിയ മകന്റെ ശിരസ്സില്‍ എഴുന്നു നില്‍ക്കുന്ന ഒരു നരച്ച മുടികണ്ട് അവനെ ബാധിക്കാന്‍ പോകുന്ന വാര്‍ധക്യത്തെയോര്‍ത്ത് വേവലാതിപ്പെടുന്ന അമ്മയുടെ വേദനയും ആകുലതകളുമാണ് ആ കവിതയില്‍. തന്റെ മകന്റെ ശിരസ്സിനു മുകളില്‍ ജീവിതാദിത്യന്‍ ഉച്ചസ്ഥനായി വന്നു നില്‍പ്പായിരിക്കുന്നു. ചോരയറ്റു ചുക്കിച്ചുളിഞ്ഞു പോയ തന്റെ കൈകള്‍ക്ക് അതിനെ തടയാന്‍ കഴിയുന്നില്ല. ആണ്ടുകളുടെ ചിറകടിക്കാറ്റില്‍ തന്റെ ഉണ്ണിയും ഒരു ആലിലയാകുന്നു. 'നിന്റെ മകനും എന്റെ കീഴിലായിപ്പോയി' എന്ന വാര്‍ധക്യത്തിന്റെ ചിരികേട്ട് ആ മനസ്സ് പിളരുന്നു. വാര്‍ധക്യം അതിന്റെ തീക്ഷ്ണവും ഉഗ്രവുമായ സൂചികള്‍ കൊണ്ട് തന്റെ മകനെയും കുത്തുമല്ലോ എന്നോര്‍ത്ത് അവര്‍ ഉരുകുന്നു. ജീവിതമേല്‍പ്പിച്ച ഏതു വേദനയും നൈരാശ്യങ്ങളുമാണ് തന്റെ മകന്റെ ശരീരത്തിലെ ചുളിവുകളും കണ്ണിലെ കണ്ണീര്‍ച്ചാലുകളുമായി  അവനെ നീറ്റുന്നതെന്നറിയാന്‍ ആ മാതൃഹൃദയം മുന്നോട്ടു കുതിക്കുകയാണ്. പക്ഷേ, തലമുറകളുടെ ഇടയിലെ പ്രായഭേദത്തിന്റെ വന്മതില്‍ കണ്ട് അമ്മ തളരുന്നു.

എണ്‍പത് വയസ്സിനു മേല്‍ പ്രായമുണ്ടായിരുന്ന വൃദ്ധദമ്പതികള്‍ മുന്‍വശത്തെ വരാന്തയില്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതും മുറുക്കാനിടിക്കുന്നതും കണ്ടുകൊണ്ടാണ് ഞാന്‍ പതിവായി കോളേജിലേക്ക് പോയ്ക്കൊണ്ടിരുന്നത്. മകനും ഭാര്യയും പേരക്കുട്ടികളുമുള്ള വീട്. ഒരു സങ്കടവും ഉള്ളതായി പുറമേക്ക് തോന്നില്ല. എന്നും എന്തെങ്കിലും കുശലം ചോദിക്കും. ഓടുന്ന ഓട്ടത്തിനിടയില്‍ ഞാന്‍ എന്തെങ്കിലുമൊരു മറുപടിയും പറയും. വൈകിട്ട് വരുമ്പോള്‍ അവരുടെ ചായയുടെ സമയമാണ്. അപ്പോഴും എന്തെങ്കിലുമൊന്ന് ചോദിക്കും. അന്നും പതിവുപോലെ  രാവിലെ ഞങ്ങള്‍ കുശലം പറഞ്ഞു പിരിഞ്ഞതാണ്. വൈകിട്ട് ഞാന്‍ കോളേജില്‍ നിന്നു വരുമ്പോള്‍ അവരുടെ വീട്ടുപരിസരത്തുനിന്ന് പുക ഉയരുന്നു. നിറയെ വാഹനങ്ങളും ജനക്കൂട്ടവും.  വൃദ്ധദമ്പതികള്‍ ഒരുമിച്ചു ജീവനൊടുക്കുകയായിരുന്നു. കാരണമെന്തെന്ന് ആരും പറയുന്നതു കേട്ടില്ല. അടുത്തറിയുന്നവര്‍ പോലും ഒരു ഉത്കണ്ഠയും  പ്രകടിപ്പിച്ചിരുന്നില്ല. എന്തിനായിരിക്കും അവര്‍ ജീവനൊടുക്കിയത്? അവര്‍ പരസ്പരം സഹായിച്ചതാകും, മുന്‍കൂട്ടി തീരുമാനമെടുത്തതാകും, അവരുടെ  ദിവസേനയുള്ള ആലോചനകളില്‍ ഇതും ഉണ്ടായിരുന്നിരിക്കും. മക്കള്‍ക്ക് ബുദ്ധിമുട്ടാകരുതെന്നു തീരുമാനിച്ചിരിക്കും.   മുറുക്കിക്കെട്ടി ചിതയിലേക്കെടുത്ത ആ ശരീരങ്ങള്‍ പറയുന്നത് ഒരു സമൂഹത്തിന്റെ മുഴുവന്‍ പാപത്തിന്റെ കഥയാണ്. അവരുടെ ഒരു ജന്മത്തെ ജീവിതാധ്വാനത്തിന്റെ ഫലമായ ആ വീട്ടിലും തൊടിയിലും തങ്ങള്‍ക്കവകാശപ്പെട്ട ഭൂമിയിലെന്നതു പോലെ പെരുമാറുന്ന മക്കള്‍ കാലഘട്ടത്തിലെ ഏറ്റവും അശ്ളീലമായ കാഴ്ചകളിലൊന്നാണ്.

ചെലവിനു തരാത്ത മക്കളെക്കുറിച്ച് അപമാനഭാരത്തോടെ സംസാരിക്കുന്ന അമ്മ, 'മരുമകള്‍ രണ്ടു ചപ്പാത്തി മാത്രമേ തരൂ' എന്ന് നിസ്സഹായതയോടെ പറയുന്ന എഴുപതു വയസ്സായ സ്ത്രീ, മരുന്നു വാങ്ങാനുള്ള പണംപോലും മക്കള്‍ തരുന്നില്ല എന്നു വിതുമ്പുന്ന വൃദ്ധദമ്പതികള്‍, അച്ഛന്റെ സഞ്ചയനം നടക്കുമ്പോള്‍ വീട്ടില്‍നിന്ന് തന്നെ ഇറക്കിവിടാന്‍ ആലോചിക്കുന്ന മകന്റെ നടപടിക്കു മുന്നില്‍ തളര്‍ന്നു നില്‍ക്കുന്ന റിട്ടയേഡ് അധ്യാപികകൂടിയായ അമ്മ, ഇങ്ങനെ എത്രയോ പേര്‍. അവരുടെ ജീവിതങ്ങള്‍ക്ക് മാനുഷികമായ അസ്തിത്വം തന്നെ നിഷേധിക്കപ്പെട്ടിരിക്കുന്നു. മക്കള്‍ ദയയില്ലാത്തവരാണെന്നും സ്വന്തം ശരീരം വെറുമൊരു അധ്വാനോപകരണം മാത്രമായിരുന്നുവെന്നും തിരിച്ചറിഞ്ഞ് വിലപിക്കുന്ന ഈ വൃദ്ധജനങ്ങളെ പ്രതിക്രിയാസന്നദ്ധരാക്കുക എന്നതാണ് സമൂഹത്തിന്റെ വലിയ കര്‍ത്തവ്യം. തക്കസമയത്ത് വേണ്ട നിയമോപദേശവും അത് പ്രാവര്‍ത്തികമാക്കാനുള്ള കരുത്തും നല്‍കുകയാണ് ഏകപരിഹാരം.

ഗതികേടുകൊണ്ട് അമ്മയെ നടതള്ളാന്‍ നിര്‍ബന്ധിതനാകുന്ന മകന്റെ നിസ്സഹായത 'ബ്രിഡ്ജ്' എന്ന ചലച്ചിത്രത്തില്‍ സലിംകുമാര്‍ ഉള്ളുനീറ്റുന്ന വിധത്തില്‍ അവതരിപ്പിക്കുന്നുണ്ട്. പക്ഷേ, 2007 ലെ സീനിയര്‍ സിറ്റിസണ്‍ ആക്ടനുസരിച്ച് മൂന്നു മാസംവരെ തടവോ 5000 രൂപവരെ പിഴയോ രണ്ടുംകൂടിയോ ലഭിക്കാവുന്ന കുറ്റമാണ് ആ മകന്‍ ചെയ്യുന്നത്. സംരക്ഷിക്കാന്‍ ബാധ്യതയുള്ളവര്‍ ആരോ അവര്‍ ബോധപൂര്‍വം ഉപേക്ഷിക്കാന്‍ ശ്രമിച്ചാല്‍ ഇതാണനുഭവമെന്ന് എത്ര മക്കള്‍ക്കറിയാം? ഈ നിയമത്തിന്റെ ഒരു പോരായ്ക, പൊലീസ് സ്റ്റേഷനില്‍തത്തന്നെ കുറ്റവാളിക്ക് ജാമ്യം കിട്ടുമെന്നതാണ്. അത്ര നിസ്സാരമാണോ ഈ കൃത്യം? അശരണരെ ഉപേക്ഷിക്കുക എന്നാല്‍ മരണത്തിനു വിട്ടുകൊടുക്കുക തന്നെയാണെന്നിരിക്കെ കുറ്റകരമായ നരഹത്യയല്ലേ ഇത്?

ഈ ആക്ടനുസരിച്ച്, മതിയായ സംരക്ഷണം ലഭിക്കാത്ത സാഹചര്യത്തില്‍, ഒരിക്കല്‍ മക്കള്‍ക്ക് നല്‍കിയ സ്വത്തുക്കള്‍ തിരിച്ചെടുക്കാനുള്ള അധികാരം രക്ഷിതാക്കള്‍ക്കുണ്ട്. സ്വന്തം സ്വത്തുക്കള്‍ മക്കള്‍ക്ക് എഴുതി വയ്ക്കുമ്പോള്‍ രക്ഷിതാക്കള്‍ ഉപാധികളോടെ മാത്രമേ അതു ചെയ്യാവൂ. ചെലവിന് കൊടുക്കുന്നില്ലെങ്കില്‍ ജീവിതച്ചെലവ് മക്കളില്‍നിന്ന് നേടിയെടുക്കാനും ഈ നിയമം അവസരം നല്‍കുന്നുണ്ട്. ആര്‍ഡിഒ മുമ്പാകെ ഒരു വെള്ളക്കടലാസില്‍ അപേക്ഷ നല്‍കിയാല്‍ മാത്രംമതി.

നാട്ടിലെ അശരണരായ വൃദ്ധജനങ്ങളെ കണ്ടെത്തി, അവര്‍ക്കവകാശപ്പെട്ട ജീവിതം ജീവിക്കുവാന്‍ അവരെ പ്രാപ്തരാക്കാന്‍ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്. വാര്‍ഡ് മെമ്പര്‍മാരോ പഞ്ചായത്തുകളോ പാരാലീഗല്‍ വോളന്റിയേഴ്സ് പോലെയുള്ള നിയമസംവിധാനത്തിലെ കണ്ണികളോ സന്നദ്ധസംഘടനകളോ വൃദ്ധജനങ്ങളുടെ അവസ്ഥകള്‍ അധികാരകേന്ദ്രങ്ങളെ അറിയിക്കുകയും അവരുടെ അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ സഹായിക്കുകയും ചെയ്യേണ്ടതാണ്. വോട്ടു ചെയ്യിക്കാന്‍ എടുത്ത് ചുമലില്‍വച്ചു കൊണ്ടുപോകുന്ന ഉത്സാഹം അവര്‍ക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഉറപ്പാക്കുന്നതിലുംകൂടി ഉണ്ടാകേണ്ടതാണ്. സ്വത്തുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും ഒരേപോലെ പരിരക്ഷ നല്‍കുന്ന ഒരു നിയമസംവിധാനം ഇവിടെ നിലനില്‍ക്കുന്നുണ്ട്. അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള പ്രായോഗിക പരിജ്ഞാനവും ആത്മവിശ്വാസവും വൃദ്ധജനങ്ങളില്‍ ഉണ്ടാക്കിയെടുക്കുക എന്നത് അനിവാര്യമായിരിക്കുന്നു. അപേക്ഷകളുമായി അശരണരായ വൃദ്ധജനങ്ങള്‍ കോടതി കയറിയിറങ്ങുന്നതിനുപകരം അവര്‍ക്ക് അവകാശപ്പെട്ട ജീവിതം അവരുടെ ഇരിപ്പിടത്തില്‍ ഉറപ്പാക്കുകയാണ് വേണ്ടത് .

 

(ദേശാഭിമാനി വാരികയിലെ ജ്ഞാനപ്പല്ല് പംക്തിയില്‍ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top