19 April Friday

കുടുംബശ്രീയിൽ ഇത് വേറിട്ട വിജയഗാഥ; ഹോം ഷോപ്പ്പദ്ധതി കോഴിക്കോട് ജില്ലയിലെ എഴുന്നൂറ്റമ്പതോളം കുടുംബങ്ങളുടെ ജീവിത പ്രതീക്ഷ

എ സജീവ്കുമാർUpdated: Thursday Jan 25, 2018

'ദിവസം മൂന്ന് നാലു മണിക്കൂർ മാത്രമേ ഞങ്ങൾ ജോലി ചെയ്യുന്നുളളു. മാസത്തിൽ പതിനയ്യായിരത്തിൽ അധികം രൂപ ലഭിക്കുന്നുണ്ട്. ഉൽപന്നത്തിന്റെ ഗുണം തിരിച്ചറിഞ്ഞവർ വീടുകളിൽ ഞങ്ങളെ കാത്തിരിക്കുകയാണ്. ശമ്പളത്തിനു പുറമേ എല്ലാമാസവും ഗൃഹോപകരണങ്ങൾ സമ്മാനമായി ലഭിക്കുന്നുമുണ്ട്....'

ഒഞ്ചിയത്തെ ഹോം ഷോപ്പ് ഓണർമാരായ നിഷയുടേയും ഷൈനിയുടേയും വാക്കുകളിൽ കേരളത്തിലെ ഒരു വേറിട്ട പ്രസ്ഥാനത്തെകുറിച്ചുള്ള ആത്മവിശ്വാസം പ്രകടമാണ്. എട്ടാമത് വർഷത്തിലേക്ക് കടന്നിട്ടുള്ള കുടുംബശ്രീ ഹോം ഷോപ്പ്പദ്ധതി ഇന്ന് കോഴിക്കോട് ജില്ലയിലെ എഴുന്നൂറ്റമ്പതോളം കുടുംബങ്ങളുടെ ജീവിത പ്രതീക്ഷയാണ്.

കഴിഞ്ഞ ഏഴുവർഷങ്ങൾ കൊണ്ട് വിവിധ പഞ്ചായത്തുകളിലായി 39 കുടുംബശ്രീ ഉൽപാദന സംരംഭങ്ങൾ, അറുപതോളം ഉൽപ്പന്നങ്ങൾ.. ഉൽപാദക സംരംഭങ്ങളിൽ തൊഴിൽ ചെയ്യുന്ന മുന്നൂറോളം കുടുംബശ്രീ വനിതകൾ.... വാർഡുകൾ തോറും ഹോംഷോപ്പുകൾ സ്ഥാപിച്ച് കുടുംബശ്രീ ഉൽപ്പന്നങ്ങൾക്ക് സ്ഥിരവിപണിയൊരുക്കുന്ന 426 ഹോംഷോപ്പ് ഓണർമാരായ വനിതകൾ.. ഇതിന്റെ പ്രവർത്തനവിജയത്തിനായുള്ള ബ്ലോക്ക് കോർഡിനേറ്റർമാർ, ഓഫീസ് ജീവനക്കാർ, മാനേജ്‌മെൻറ് ടീം അംഗങ്ങൾ. ഇത്തരത്തിൽ എഴുനൂറ്റിയമ്പതിൽ പരം കുടുംബങ്ങളുടെ ജീവനോപാധിയാണ് ഇന്ന് ഹോംഷോപ്പ് പദ്ധതി. മാസവേതനം മാത്രമല്ല ശ്രീനിധി, സ്‌നേഹനിധി, ഇൻഷുറൻസ്, സ്‌കോളർഷിപ്പ് തുടങ്ങിയ എല്ലാ സാമൂഹ്യ സുരക്ഷാപദ്ധതികളിലും ഇവർ ഉൾപെട്ടിരിക്കുന്നു.

2010 ജൂലൈ 29 ന് കൊയിലാണ്ടി നഗരസഭാ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിലാണ് ഹോംഷോപ് എന്ന നൂതനാശയത്തിന്റെ പിറവി. ഇരുത്തിയഞ്ച് പേരാണ് അന്ന് ഹോംഷോപ്പ് ഓണർമാരാകാൻ താൽപര്യം പ്രകടിപ്പിച്ചത്. ശാസ്ത്രസാഹിത്യപരിഷത്തിൻറ പ്രവർത്തകനും നേതാവുമായ പ്രസാദ് കൈതക്കലിന്റെ നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. സി ഷീബ, കെ ഇന്ദിര, ഖാദർവെള്ളിയൂർ, കെ സതീശൻ എന്നിവർ പ്രസാദിനോടൊപ്പം ചേർന്നപ്പോൾ ഒരു മാനേജ്‌മെൻറ് ടീമായി. മറ്റ് കുടുംബശ്രീ പ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ഒരു മാനേജ്‌മെൻറ്ടീം എന്നതാണ് വിജയഗാഥയുടെ പിന്നിലെ രഹസ്യം. അന്നത്തെ സംസ്ഥാനമിഷൻ പ്രോഗ്രാം ഓഫീസറായ എൻ ജഗജീവൻ യൂണിറ്റ് സന്ദർശിച്ചതോടെയാണ് ഹോം ഷോപ്പ് എന്ന പദ്ധതി പ്രാേയാഗികതയിലെത്തുന്നത്.
'ഞങ്ങളുടെ ദാഹശമനി ഹോംഷോപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതോടെയാണ് ഞങ്ങളുടെ കുടുംബം രക്ഷപെട്ടതെ'ന്ന് എലത്തൂരിലെ ഐശ്വര്യ ദാഹശമനിയുണ്ടാക്കി വിറ്റിരുന്ന നളിനി പറയുന്നു. ഇത്തരം നൂറുകണക്കിന് നളിനിമാർ ഹോംഷോപ്പ് പദ്ധതിയിലൂടെ കുടുംബത്തെ രക്ഷപ്പെടുത്തിയിരിക്കുന്നു. ഹോംഷോപ്പ് ഓണർമാർക്ക് സഞ്ചരിക്കാനായി ടൂവീലർ നൽകുന്നതിനെകുറിച്ച് ആലോചിക്കുമെന്ന് പദ്ധതി വന്ന് കണ്ട മന്ത്രി തോമസ് ഐസക് പറഞ്ഞിട്ടുണ്ട്.

മന്ത്രി ടി പി രാമകൃഷ്ണൻ ബ്ലോക്ക് കോർഡിനേറ്റർമാരോടൊപ്പം

മന്ത്രി ടി പി രാമകൃഷ്ണൻ ബ്ലോക്ക് കോർഡിനേറ്റർമാരോടൊപ്പം

പഞ്ചായത്തുകളിലെ കുടുംബശ്രീ സിഡിഎസുകൾ വഴി ഓരോ അയൽക്കൂട്ടങ്ങളിൽ നിന്നും അപേക്ഷിക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങളിൽ നിന്ന് ഇന്റർവ്യൂവിലൂടെയാണ് ഒരു വാർഡിൽ ഒന്ന് എന്ന നിലയിൽ ഹോംഷോപ്പ് ഓണർമാരെ തെരഞ്ഞെടുക്കുന്നത.് ഇവർക്ക് പരിശീലനം നൽകിയശേഷം ബാഗ,് ഐഡി കാർഡ്, യൂണിഫോം എന്നിവ നൽകുന്നു. എല്ലാമാസവും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ റിവ്യൂ മീറ്റിംഗുകൾ നടക്കും. ഹോംഷോപ്പ് ഓണർമാർക്ക് വരുമാനം ലഭിച്ചുതുടങ്ങിയെങ്കിലും മാനേജ്‌മെന്റ്ടീമിന് കാര്യമായ വരുമാനമൊന്നുമായിട്ടില്ല. 'ഹോംഷോപ്പ് ഓണർമാരിനിയും കൂടിയാൽ ഞങ്ങളുടെയും വരുമാനം വർധിക്കു'മെന്ന് മാനേജ്‌മെന്റ് ടീമിന്റെ പ്രസിഡന്റ് സി ഷീബ പറയുന്നു. കുടുംബശ്രീ മിഷൻ ഒപ്പംനിന്നാൽ അടുത്ത രണ്ടു വർഷം കൊണ്ട് ജില്ലയിൽ മാത്രം രണ്ടായിരത്തിൽ പരം പേർക്ക് ഈ പദ്ധതിയിലൂടെ തൊഴിൽ നൽകാൻ കഴിയും. ആഗോള വിപണി വ്യവസ്ഥക്കെതിരെ പ്രതികരിക്കാൻ ഉപഭോഗത്തെ സമരമായി കാണാൻ കഴിയണമെന്ന താൽപര്യം കൂടി നമുക്ക് ഉപേയാഗിക്കാമെന്ന് പദ്ധതിയുടെ സിഇഒ ആയ പി പ്രസാദ് പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top