20 April Saturday

വിലാസിനിയുടെ കുട്ട്യേടത്തി

ജീഷ്മ എUpdated: Thursday Aug 24, 2017

മലയാള സിനിമയുടെ സൌന്ദര്യ സങ്കല്‍പങ്ങളെ മാറ്റിമറിച്ച ചിത്രമായിരുന്നു 45 വര്‍ഷം മുമ്പ് പുറത്തിറങ്ങിയ 'കുട്ട്യേടത്തി'. തന്റെ ആദ്യ ചിത്രത്തിലൂടെ പ്രസിദ്ധയായ നടിക്കും അത് നിര്‍ണായകമായിരുന്നു. എം ടി വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി പി എന്‍ മേനോന്‍ സംവിധാനം ചെയ്ത 'കുട്ട്യേടത്തി' യിലൂടെ പ്രസിദ്ധയായ ബ്രോണി എന്ന വിലാസിനിക്ക്  കുട്ട്യേടത്തിയെപ്പറ്റി പറയുമ്പോള്‍ കണ്ണുകള്‍ നിറയുന്നു, വാക്കുകളില്‍ ഇടര്‍ച്ച, ഉളളില്‍ ഏറെ സന്തോഷം.

നാടകത്തിലൂടെയാണ് വിലാസിനിയുടെ രംഗപ്രവേശം. കെ ടി രവി സംവിധാനം ചെയ്ത നാടകത്തിലൂടെയാണ് എം ടിയും പി എന്‍ മേനോനും വിലാസിനിയെ കണ്ടെത്തിയത്. കുട്ട്യേടത്തിക്കു നായികയെ തേടിയിറങ്ങിയ അവര്‍ക്കു മുന്നില്‍ നാടകത്തിലൂടെ രംഗത്തെത്തി ആ കഥാപാത്രം. മേയ്ക്കപ്പ്മാനായിരുന്ന രാഘവന്‍ മാഷാണ് വിലാസിനിയുടെ പേര് എം ടിയ്ക്കും പി എന്‍ മേനോനും മുന്നില്‍ നിര്‍ദ്ദേശിച്ചത്. മുഖം നിറയെ കരിയും ഉന്തിയ പല്ലുമൊക്കെയായി ഒരു വിരൂപയായിട്ടാണ് 'കുട്ട്യേടത്തി'യില്‍.



ബ്രോണിക്ക് കൊച്ചുട്ടനാശാനാണ് 'വിലാസിനി' എന്ന പേരിട്ടത്. അത് പുതിയൊരു ജീവിതത്തിലേക്കും കാലത്തിലേക്കുമുളള പ്രയാണത്തിന്റെ ആദ്യ പടവായിരുന്നു. ക്രിസ്ത്യാനി പെണ്ണിനെ പേരു മാറ്റിയതോടെ വിപ്ളവകരമായ മുന്നേറ്റത്തെയാണ് കൊച്ചുട്ടനാശാന്‍ സ്വാഗതം ചെയ്തത്. ജാതി മത ചിന്തകള്‍ കൊടികുത്തി വാണിരുന്ന കാലത്താണ് ബ്രോണി വിലാസിനിയായും കുട്ട്യേടത്തിയായും മാറിയത്. കുട്ട്യേടത്തിയില്‍ അഭിനയിച്ചശേഷം നിരവധി പുരസ്കാരങ്ങള്‍ വിലാസിനിയെ തേടിയെത്തി. ബാലന്‍ കെ നായരാണ് വിലാസിനിക്ക് ആദ്യമായി സ്വീകരണം നല്‍കിയത്.

തന്റെ മുപ്പതാം വയസ്സിലാണ് വിലാസിനി കുട്ട്യേടത്തിയില്‍ അഭിനയിക്കുന്നത്. നാടക രംഗത്ത് സജീവമായിരുന്നു അവര്‍. തിരക്കഥ വായിച്ചാണ് പൊതുവെ നടീനടന്മാര്‍  അഭിനയിക്കാറ്. എന്നാല്‍ കുട്ട്യേടത്തിയില്‍ വിലാസിനി തിരക്കഥയൊന്നും വായിച്ചില്ല. പി എന്‍ മേനോന്‍ പറയുന്ന പ്രകാരമായിരുന്നു അഭിനയം. സ്വാഭാവിക അഭിനയം വേണമെന്നായിരുന്നു മേനോന്‍ പറഞ്ഞിരുന്നത്. വൈകാരികതയുടെ അംശം മുറ്റി നില്‍ക്കുകയും വേണം. മൈക്ക് വെച്ച് സ്പോട്ടില്‍ തന്നെയായിരുന്നു ഓരോ ഷോട്ടും എടുത്തിട്ടുളളത്. ആദ്യമായി സിനിമയില്‍ അഭിനയിച്ചതിന് അവര്‍ക്കു കിട്ടിയ പ്രതിഫലം 1000 രൂപയാണ്. പതിനഞ്ചു ദിവസം കൊണ്ട് എടപ്പാളിലായിരുന്നു കുട്ട്യേടത്തിയുടെ ഷൂട്ടിങ് .

സൌന്ദര്യമില്ലാത്തതിന്റെ പേരില്‍ കുടുംബത്തിലും സമൂഹത്തിലും തിരസ്കൃതമായ ജീവിതമാണ് കുട്ട്യേടത്തിയുടേത്. ഒരു പരിധി വരെ സമൂഹത്തോട് പോരാടാന്‍ അവര്‍ ശ്രമിക്കുന്നുണ്ട്. ഒടുവില്‍ ആത്മഹത്യയിലേക്ക് അഭയം തേടുകയാണ് കുട്ട്യേടത്തി. പുരുഷ കേന്ദ്രീകൃതമായ അക്കാലത്തെ വ്യവസ്ഥിതിയെ ചോദ്യം ചെയ്യുന്നത് കുട്ട്യേടത്തിയാണ്. ആണുങ്ങള്‍ക്കാവുന്നത് എന്തുകൊണ്ട് പെണ്ണിനായിക്കൂടാ എന്ന് വിമര്‍ശനാത്മകമായിട്ടാണ് കുട്ട്യേടത്തി ചോദിക്കുന്നത്. കുട്ട്യേടത്തിയുടെ അമ്മയായി ഫിലോമിനയും സഹോദരിയായി ജയഭാരതിയുമാണ് അഭിനയിച്ചത് .

കുട്ട്യേടത്തിയില്‍ അഭിനയിച്ച ശേഷം വിലാസിനി 162 സിനിമകളിലഭിനയിച്ചു. പല സിരീയലുകളിലും നാടകങ്ങളിലും വേഷമിട്ടു. സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുളള അവാര്‍ഡ് മൂന്നു വര്‍ഷം തുടര്‍ച്ചയായി ലഭിച്ചു. കുട്ട്യേടത്തിയിലെ അഭിനയത്തിനു മികച്ച സഹനടിക്കുളള സംസ്ഥാന അവാര്‍ഡും ലഭിച്ചു. കലാപരമായ കഴിവുകള്‍ക്കെന്നും പ്രചോദനം തന്റെ അമ്മയാണെന്ന് അവര്‍ പറയുന്നു.

കുട്ട്യേടത്തിയില്‍ അഭിനയിക്കുമ്പോള്‍ ഉടുത്തിരുന്ന വെളള സാരി അവരിന്നും നിധിപോലെ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. താന്‍ മരിച്ചു കിടക്കുമ്പോള്‍ ആ സാരി തന്റെ മേല്‍ പുതപ്പിക്കണം എന്നവര്‍  മക്കളോടു പറയുന്നു. അത്രമാത്രം വൈകാരികമായ ഒരിഴയടുപ്പം കുട്ട്യേടത്തിയോട് അവര്‍ക്കുണ്ടെന്ന് സ്പഷ്ടം. കുട്ട്യേടത്തിക്കു ശേഷം എം ടിയുടെ തിരക്കഥയിലൊരുങ്ങിയ വാരിക്കുഴി, സുകൃതം എന്നീ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ജോസഫിന്റെയും അന്നമ്മയുടെയും മകളായി കോയമ്പത്തൂരില്‍ ജനിച്ച ബ്രോണിയാണ് പിന്നീട് വിലാസിനിയെന്ന പേരില്‍ പ്രശസ്ത നടിയായി മാറിയത്. അച്ഛന് കോയമ്പത്തൂരിലായിരുന്നു ജോലി . സ്വദേശം തൃശ്ശൂരും. നാടക രചയിതാവും കലാകാരനുമായ ഇഗ്നേഷ്യസാണ് ഭര്‍ത്താവ്. അദ്ദേഹം ഏതാനും വര്‍ഷം മുമ്പ് മരിച്ചു. ജോയി, റോയി എന്നിവര്‍ മക്കളാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top