19 April Friday

നങ്ങ്യാർകൂത്തിൽ ഗവേഷണ പഠനവുമായി പ്രശാന്തി

ബിജി ബാലകൃഷ്ണൻ കെUpdated: Tuesday Apr 24, 2018

 ഞ്ചവാദ്യകലാകാരനായ അച്ഛന്റെ കൈയും പിടിച്ച് വെങ്ങാനെല്ലൂർ ശിവക്ഷേത്രത്തിൽ കൂത്തും കൂടിയാട്ടവും കണ്ടിരുന്ന ഒരു കുട്ടിയുടെ മനസ്സ് നിറയെ അതിലെ കഥാപാത്രങ്ങളായിരുന്നു. വേഷങ്ങളണിഞ്ഞ് ചുവടുവയ്ക്കാനുള്ള അദമ്യമായ ആഗ്രഹത്തിന്റെ പൂർത്തീകരണമായിരുന്നു അവളുടെ സ്വപ്നം. അത് പിന്നീട് നങ്ങ്യാർകൂത്ത്, കൂടിയാട്ടം കലാകാരി എന്ന നിലയിലേക്ക് അവളെ വളർത്തി. ഇന്ന് കലാമണ്ഡലം കൂടിയാട്ട വിഭാഗത്തിലെ അധ്യാപികയും ഗവേഷണവിദ്യാർത്ഥിനിയുമാണ് കലാമണ്ഡലം പ്രശാന്തി.

കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ഇന്നും ആചാരപരമായി നങ്ങ്യാർക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. അത് മിക്കപ്പോഴും നങ്ങ്യാർകുടുംബത്തിലെ സ്ത്രീകൾ തന്നെയാണ് ചെയ്യാറുള്ളത്. ഇതിൽനിന്നും വ്യത്യസ്തമായി നങ്ങ്യാർക്കൂത്തിനെ കൂടുതൽ അറിയാനും പഠിക്കാനുമാണ് കലാമണ്ഡലം പ്രശാന്തി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടേത് മാത്രമായി ഇന്നും നിലനിൽക്കുന്ന കേരളീയ ഏകാഭിനയമാണിത്. കലാമണ്ഡലത്തിൽ എട്ടാം ക്ലാസ്സു മുതൽക്കാണ് പ്രശാന്തി ചേരുന്നത്. തുടർന്ന് കൂടിയാട്ടം മുഖ്യവിഷയമായി പഠിച്ചു. നങ്ങ്യാർക്കൂത്തും അതോടൊപ്പം ഉപവിഷയമായിരുന്നു. ആ സമയത്താണ് നങ്ങ്യാർക്കൂത്തിനെ കുറിച്ച് കൂടുതൽ അറിയാൻ ഇടയായതെന്ന് പ്രശാന്തി പറഞ്ഞു.

ജാതീയമായ പ്രശ്നങ്ങൾ മൂലം ചില ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിൽ അവതരണത്തിന് വിലക്കുണ്ടായിരുന്ന സമയത്താണ് വെങ്ങാനല്ലൂർ ശിവക്ഷേത്രം പോലെയുള്ള സ്ഥലങ്ങളിൽ കൂടിയാട്ടം അവതരിപ്പിക്കുന്നതിന് ഗുരുക്കന്മാർ പ്രോത്സാഹിപ്പിച്ചിരുന്നത്. എന്നിരുന്നാലും ജാതീയമായ ഈ വേർതിരിവ് കലാജീവിതത്തിൽ ഇന്നും പ്രധാന വെല്ലുവിളി തന്നെയാണ്. അതിനിടയിലാണ് മിഴാവ് കലാകാരനായ കലാമണ്ഡലം ജയരാജിന്റെ ജീവിതസഖിയായത്. അദ്ദേഹം ഈ കലാരംഗത്ത്  വേണ്ടുവോളം സഹായങ്ങളും പ്രോത്സാഹനങ്ങളും നൽകി. അതുകൂടാതെ കലാമണ്ഡലം രാമചാക്യാർ, കലാമണ്ഡലം ഗിരിജാദേവി, കലാമണ്ഡലം ശൈലജ, കലാമണ്ഡലം സിന്ധു തുടങ്ങിയ ഗുരുക്കന്മാർ നൽകിയ ശിക്ഷണവും അനുഗ്രഹങ്ങളും കലാജീവിതത്തിന് വെളിച്ചമേകി. അതിനുപുറമെ പൈങ്കുളം നാരായണചാക്യാർ, മാർഗ്ഗിസതി, സൂരജിനെപോലുള്ള പ്രോത്സാഹകർ വേറെയും. ഡോ. എ എൻ കൃഷ്ണൻ, ഏകലോചനപ്രധാനി കൃഷ്ണൻമാഷ്, ജയാനന്ദൻ മാഷ് ഇവരൊക്കെ ധാരാളം വേദികളും ക്ലാസ്സുകളും ഒരുക്കിത്തന്നിട്ടുണ്ട്.



കലാമണ്ഡലത്തിലെ അധ്യാപികയാകുക എന്നത് തന്നെ വളരെ വലിയ കാര്യമാണ്. അവിടുത്തെ സാധകക്രമങ്ങൾ, കളരി അഭ്യാസം, ശ്ലോകപഠനം ഇതൊക്കെ കൃത്യതയുള്ളതും കർശനവുമാണ്. ഇവിടുത്തെ ചിട്ടയായ ശിക്ഷണക്രമങ്ങൾ തന്നെയാണ് ഓരോ കലാകാരിയുടെയും വളർച്ചക്ക് പിന്നിലുള്ളത്. അരങ്ങത്തെ അവതരണത്തിനുള്ള സ്വാതന്ത്ര്യം ഗുരുക്കന്മാർ തന്നിട്ടുണ്ട്. പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും തികച്ചും പാരമ്പര്യമായ ശൈലി പിൻതുടരാൻ ശ്രമിക്കുന്ന ഞാൻ എന്ന കലാകാരി അരങ്ങെത്തെത്തുമ്പോൾ തികച്ചും സ്വാതന്ത്ര്യം അനുഭവിക്കുന്നതായി പ്രശാന്തി പറഞ്ഞു. ആ അറിവിനായി പലരുടെയും അവതരണങ്ങൾ നിരീക്ഷിക്കാറുണ്ട്. അതോടൊപ്പം തന്നെ കലാമണ്ഡലത്തിന്റെതുമാത്രമായ ചില ശൈലികളും വേറെയുണ്ട്.

ഗുരുവായൂർ പെരുന്തട്ട ശിവക്ഷേത്രത്തിലെ സുഭദ്രാധനജ്ഞയം കൂടിയാട്ടം 2‐ാം ദിവസത്തിലെ നായിക, ബാലിവധത്തിലെ താര, ജടായുവധത്തിലെ സീത, നാഗാനന്ദത്തിലെ മലയവതി, ഭഗവത് ദജ്ജുകത്തിലെ നായിക, അമ്മ, ചേടി തുടങ്ങിയ കഥാപാത്രങ്ങൾ, കേരള ടൂറിസം വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ കൂടിയാട്ടത്തിലെ വേഷങ്ങൾ, ഇന്ദിരാഗാന്ധി നാഷണൽ സെന്റർ ഫോർ ആർട്സ് സംഘടിപ്പിച്ച കൂടിയാട്ടത്തിലെ വേഷങ്ങൾ, ദുബായിൽ നടത്തിയ കൂടിയാട്ടത്തിലെ സുഭദ്രയുടെ വേഷങ്ങൾ ഇതെല്ലാം കൂടിയാട്ടകലാകാരി എന്ന നിലയിൽ ആത്മവിശ്വാസം തന്ന അവതരണങ്ങളാണ്. നങ്ങ്യാർക്കൂത്ത് രംഗത്തും ധാരാളം പ്രോത്സാഹനങ്ങളും അറിവുകളും പലരും തന്നിട്ടുണ്ട്. പ്ലസ്ടുവിന് പഠിക്കുമ്പോൾ പൈങ്കുളം രാമചാക്യാർ സ്മാരക കലാപീഠത്തിൽ ഉഗ്രസേനബന്ധനം നങ്ങ്യാർക്കൂത്തോടുകൂടിയാണ് ഈ രംഗത്തേക്ക് പ്രവേശനം ആരംഭിച്ചത്. അതിനുശേഷം ശ്രീകൃഷ്ണചരിതം നങ്ങ്യാർക്കൂത്ത് സമ്പൂർണ്ണ രംഗാവതര പരമ്പര 20 ഭാഗങ്ങളായി ഒരു വർഷംകൊണ്ട് അവതരിപ്പിച്ചു.

അടുത്ത കാലത്ത് സുഗതകുമാരിയുടെ ഗജേന്ദ്രമോക്ഷം കവിത നങ്ങ്യാർക്കൂത്തായി അവതരിപ്പിക്കാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു. അതിനാവശ്യമായി ആട്ടപ്രകാരങ്ങളും സ്വന്തമായാണ് രചിച്ചത്. സുന്ദരേശൻ സാറാണ് അതിനുവേണ്ട ശ്ലോകങ്ങൾ ചിട്ടപ്പെടുത്തിയത്. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന പരിപാടി കാണാൻ സുഗതകുമാരി വന്നത് വലിയ അംഗീകാരമായി കരുതുന്നു. മലബാർ പൈതൃകോത്സവത്തിന്റെ ഭാഗമായി കണ്ണൂരിൽ വച്ചും ഇത് അരങ്ങേറുന്നുണ്ട്. സ്ത്രീവേഷത്തിന് പ്രാധാന്യം നൽകുന്ന വേറെ അവതരണങ്ങളും ചെയ്തിട്ടുണ്ട്. അതിലൊന്നാണ് കുലശേഖരഫെസ്റ്റിവലിനോടനുബന്ധിച്ച് ഉഷാനങ്ങ്യാർ ചിട്ടപ്പെടുത്തിയ തപതീസംവരണത്തിലെ മേനക‐രംഭാപ്രവേശം അരങ്ങ്, അത് ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. രംഭയായി ഉഷടീച്ചറോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ കാര്യമായി.

കൂടിയാട്ടത്തെ അപേക്ഷിച്ച് നങ്ങ്യാർക്കൂത്ത് അവതരണത്തിൽ വൈയക്തികമായ സ്വാതന്ത്ര്യവും ശ്രദ്ധയും ലഭിക്കുന്നുണ്ട് എന്നത് എടുത്തു പറയേണ്ട ഒന്നാണ്. ഈ കലകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുന്നുണ്ടെങ്കിലും പാരമ്പര്യമായ ചിട്ടകൾ വേഷത്തിലും ഭാവത്തിലും ഭാഷയിലും പിൻതുടരുവാനും അനുസരിക്കുവാനുമാണ് കൂടുതൽ താൽപര്യമെന്ന് വെങ്ങാനല്ലൂർ സ്വദേശിനിയായ പ്രശന്തി പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top