24 April Wednesday

അമ്മിണിയേട്ത്തി

സ്മിത ഗിരീഷ്Updated: Tuesday Apr 24, 2018

അമ്മിണിയേടത്തിയേ '
'എന്താന്റെ കുട്ട്യേ '?
''എനിക്ക് ഇങ്ങടെ പോലത്തെ വയറ് വേണം... അരയൊട്ടിക്കിടക്കണ ആലിലവയറ്.. എന്താ ചെയ്യ'?
''ഇന്റെ വയറൊക്കെ പട്ടിണി വയറല്ലേ മോളെ... ഇത്തിരി കഞ്ഞി കുടിക്കും.. പിന്നെ രാവന്തിയോളം പണികളല്ലേ... ആടുങ്ങടെ പിന്നാലെ ഓട്ണം.. അവറ്റക്ക് വെള്ളോം, പ്ലാ വെലേം കൊടുക്കണം.. നാലു നേരം നെറയെ തിന്നിട്ട് വെറുതെയിരിക്കുമ്പഴല്ലേ മോളെ, പെണ്ണുങ്ങക്ക് വയറ് ചാടാ...'
പിന്നെ ഞങ്ങളൊക്കെ മുണ്ടിന്റെ അടീല് ഒന്നരയാ ഉടുക്ക...! അതുടുത്ത്ട്ട് നടന്നാ ഒരു ധൈര്യാ.. അതിന്റെ വാല് അഴിച്ചെടുക്കാനാ പാട്.. 'പണ്ടത്തെ കാലക്കെ വെടക്കല്ലേ മോളേ, മ്മള് പണിക്ക് പോണ വഴീലൊക്കെ ഓരോ ജാതി ആണുങ്ങള് കാണും. ഇന്റെ കെട്ടിയോ നെ എല്ലാർക്കും പേടിയാട്ടോ.. ഇന്നെയൊന്നും അതോണ്ട് ഒരാളും നോക്കില്ല. ട്ടോ... ഇന്റെ കൂടെ പണിയണ ഒരു പെണ്ണൊരുത്തിയെ പണിക്ക് പോണ വഴീല് ഒരാള് കേറിയങ്ങട്ട് പിടിച്ചു... ആളില്ലാത്ത വഴിയല്ലേ... ആ പെണ്ണ് ഒറക്കെങ്ങട്ട് കരഞ്ഞു.. കൊറേ നേരം നോക്കീട്ടും ആണൊരുത്തന് ഒന്നര ടെ വാല് അഴിക്കാങ്കിട്ടീല.....!വഴി ല് വേറെ ആളോളും വന്നു.. പെണ്ണ്ങ്ങനെ ഒന്നര കാരണം രക്ഷപ്പെട്ട്ന്ന് പറഞ്ഞാ മതീലോ.... '
അമ്മിണിയേട്ത്തി വെറ്റിലക്കറ പുരണ്ട ചുവന്ന പല്ലുകൾ കാട്ടി ചിരിച്ച് ഒന്നര മാഹാത്മ്യം പറഞ്ഞു നിർത്തി...!
ഒന്നര ഒരു ഒന്നൊന്നര സ്ത്രീ സുരക്ഷാ കവചാണല്ലോ... ന്ന് അത്ഭുതത്തോടെ ഓർത്തു...

ചെക്കനുണ്ടായി പെറ്റെഴുന്നേറ്റ് കുന്നംകുളത്ത് വന്നപ്പോൾ ആകെ കുഴങ്ങിപ്പോയി. ഓനെ കുളിപ്പിക്കാൻ മ്മക്ക് നിശ്ചയല്ല.. അമ്മായി അമ്മയ്ക്ക് സുഖമില്ലാതെയും പോയി.. മമ്മിയാണ്  ചെക്കനെ കുളിപ്പിച്ചിരുന്നത്.. മമ്മി മാറുമ്പോൾ എന്താ ചെയ്യണ്ടേന്ന റില്ല അടയ്ക്കാനുറുക്ക് പോലൊരു ചെറുതാണ്.... മ്മള് അറിവില്ലാതെ കുളിപ്പിച്ചാ നീരെളക്കണ്ടായാലോ. കണ്ണില് സോപ്പു പോയാലോ..??

അങ്ങനെ അമ്മായി അമ്മ പറഞ്ഞിട്ടാണ് കുഞ്ഞിച്ചെക്കനെ കുളിപ്പിക്കാൻ അമ്മിണിയേടത്തി വരുന്നത്..! മഞ്ഞളും തേങ്ങാപ്പാലും ഒക്കെ തേച്ചുപിടിപ്പിച്ച് വെള്ളം തെറുപ്പിച്ച് ഓനെ കുളിപ്പിച്ച് കുളിപ്പിച്ച് അമ്മിണിയേട്ത്തി വെളുപ്പിച്ചെടുത്തു.. ''അമ്മിണി തൊട്ടപ്പോ കുട്ടി അങ്ങട്ട് വെളുത്തു... ഇയ്ക്ക് നെറം ശ്ശി കാര്യാണേ..'' ന്ന്
അമ്മായമ്മ സംതൃപ്തയായി.

കുട്ടിനെ കുളിപ്പീരും ചെറിയ തൂത്തു തുടയ്ക്കലുമൊക്കെ ചെയ്തു തന്ന് അമ്മിണിയേട്ത്തി പിന്നെ ആടുങ്ങടെ പിന്നാലെ ഓടും.! തൊടിയായ തൊടിയൊക്കെയലഞ്ഞ് അവറ്റങ്ങൾക്ക് പുല്ലും പ്ലാവി ലേം വള്ളികളും പൊട്ടിച്ചു പോകും.. കഞ്ഞിവെള്ളമെടുക്കാൻ അടുത്ത വീടുകളിലൊക്കെ പോവും.ചെറിയ നാട്ടുമരുന്നുകളും ചില്ലറ ഉഴിച്ചിലും അറിയാം.80 വയസിലും പണിയെടുത്ത് ജീവിക്കുന്ന സ്ത്രീശക്തി. . പാത്തുമ്മയുടെ ആടിലെ പാത്തുമ്മയെപ്പോലെ '' ഇന്റെ ആടു പെറട്ടെട്ടോ... ന്നും ആടു പെറാൻ നിൽക്കാണെന്നും.. ഇന്റെ ആടോള് കരയണ്.. ഞാപോട്ടെട്ടോ.. ന്നും പറഞ്ഞ് ആടു ലോകത്തിലൂടെ മാത്രംനമ്മളോട് സംവദിക്കും.
അവർ അടുത്തു വരുമ്പോൾ കുറന്തോട്ടിയുടെ തണുപ്പ് തോന്നും. കാടിനെ തൊട്ട പോലെ, തോന്നും എണ്ണക്കറുപ്പ് നിറവും, വയറവള്ളികൾ പോലുള്ള മുടിയും അരയൊട്ടിയ വയറുമായൊരു ആദി ദ്രാവിഡ അമ്മദൈവം... നോക്കിയിരിക്കും ഞാൻ.

''ഇങ്ങടെ പോലൊരു സുന്ദരി കുന്നംകുളത്തില്ലാ..ട്ടോ..' ന്ന്  പറയുമ്പോൾ, ആ കണ്ണുകൾ തിളങ്ങും..
 ഇന്ന് ഞങ്ങൾ കോട്ടയത്തുനിന്നും വന്നതറിഞ്ഞ് മോനെക്കാണാൻ വീട്ടിൽ വന്നു.. തീരെ വയ്യ ത്രേ. പണിക്കൊന്നും പോകുന്നില്ല.
ആടുകൾ ഇപ്പഴും ണ്ട്...! അവറ്റേനെ പിരിയാൻ വയ്യ. മക്കളും കൊച്ചുമക്കളുമൊക്കെ ഇടയ്ക്ക് വരും. എല്ലാവരും നന്നായി നോക്കും.
'ഒറ്റയ്ക്ക് വീട്ടിലിരിക്കുമ്പോ ബോറടിക്കില്യേ? എന്തുട്ട് ചെയ്യും ങ്ങള് അമ്മിണിയേടത്തി'??
ഞാൻ ചോദിച്ചു ''ഞാനോ, ഞാന്റെ ആടുങ്ങളോട് ങ്ങിനെ മിണ്ടിപ്പറഞ്ഞിരിക്കും മോളേ..
അവറ്റോൾക്ക് പ്ലാവില ഇട്ട് കൊട്ത്തും പയ്യാരം പറഞ്ഞും ഇരിക്കുമ്പോ, നേരം പോണത റി യി ല്യാ ട്ടോ. മനുഷ്യനെക്കാളും ആ ടോളെ വിശ്വസിക്കാട്ടോ... അതോണ്ടല്ലേ വെല്യ വെല്യ മഹാന്മാരൊക്കെ ആട്ടിൻ പാല് മാത്രം കുടിച്ചോണ്ടിരുന്നേ... ആട് സത്യള്ള ജന്താ ട്ടോ.. മ്മളെ ചതിക്കില്ല ട്ടോ.. മോളേ..... '!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top