28 May Sunday

‘കോഴിക്കുഞ്ഞ് കഴിക്കുന്നത്ര ചോറുണ്ടാല്‍ വിശപ്പ്‌ മാറുമോ ഡോക്ടറെ’

ഡോ. ഷിംന അസീസ്‌Updated: Sunday Dec 22, 2019

ഇന്നലെ ആശുപത്രിയിൽനിന്ന് വീട്ടിലേക്ക് പോരാൻ ആശുപത്രിക്കടുത്ത് നിന്ന് ഓട്ടോയിൽ കയറുമ്പോൾ ഓട്ടോ ഡ്രൈവർ ഫോണിൽ ആരോടോ വൃക്ക രോഗത്തെക്കുറിച്ച്‌ പറയുന്നു. വീട്ടിലേക്ക് ആകെയുള്ള പത്ത് മിനിറ്റ് വഴിയിൽ അദ്ദേഹത്തോട് സംസാരിച്ചതിൽനിന്ന് രോഗി പെങ്ങളാണെന്ന് മനസ്സിലായി. അനിയന്ത്രിതമായ പ്രമേഹത്താൽ വൃക്കരോഗം വന്നുപെട്ടതാണ്. മരുന്ന് കഴിക്കാറുണ്ട്, ഭക്ഷണനിയന്ത്രണം തീരെ ഇല്ല എന്നെല്ലാം വളരെ വിഷമത്തോടെയാണ് ആ മനുഷ്യൻ പറഞ്ഞത്. കേട്ടപ്പോൾ ഉള്ളത് പറഞ്ഞാൽ സങ്കടം വന്നു. ഇത് കൂടാതെ ഓട്ടോയുടെ സീറ്റിനു പിറകിൽവച്ചിരുന്ന വലിയൊരു കുപ്പിയിലുള്ള "മരുന്ന്' എന്താണെന്ന് പറഞ്ഞു തരാമോ എന്ന്‌ ചോദിച്ചപ്പോൾ അതെടുത്ത് നോക്കി. മൂവായിരം രൂപ വിലയുള്ള "ജപ്പാൻ നിർമിതം' എന്ന് ലേബലിൽ കാണിക്കുന്ന സാധനത്തിൽ അടങ്ങിയിരിക്കുന്നത് കാപ്പിപ്പൊടിയും പിന്നെ വേറെ ഏതാണ്ടൊക്കെയും. അത് കുടിച്ചാൽ പ്രമേഹം സുഖപ്പെടുമെന്ന് ആരോ പറഞ്ഞത്രേ.

രക്തം വൃത്തിയാക്കാനുള്ള ശേഷി ഏതാണ്ട് പൂർണമായും നഷ്ടപ്പെട്ട വൃക്കയുള്ള ശരീരത്തിലേക്ക് ആ വസ്തുകൂടി വേണ്ടെന്ന് കൃത്യമായി പറഞ്ഞുകൊടുത്തിട്ടുണ്ട്. ബ്ലഡ് ഷുഗർ കൂടി കാൽ മുറിച്ചുകളയേണ്ടി വരുമെന്ന് പറഞ്ഞു കിടക്കുന്ന അവർക്ക് ഇത് കൊടുത്താലെങ്കിലും ഭേദപ്പെടുമോ ആവോ എന്ന് ചിന്തിക്കുമോ എന്ന് ഭയമുണ്ട്. വിലയുള്ളതെല്ലാം നല്ലതാണ്‌ എന്നൊരു ചിന്ത എവിടെ നിന്നോ നമുക്ക് വന്നുപെട്ട് പോയിട്ടുണ്ടല്ലോ.

എത്രപറഞ്ഞാലും എഴുതിയാലും നമ്മുടെ ഭക്ഷണനിയന്ത്രണവും വ്യായാമവും പണ്ടത്തേതിന്റെ അപ്പുറം മോശമായിത്തന്നെയാണ് തുടരുന്നത്. ഇതുകൊണ്ട്‌ വന്നുപെടുന്ന രോഗങ്ങളുമായി ഞങ്ങളെ കാണാൻ വരുന്നവരുടെ എണ്ണം അനുദിനം വർധിക്കുകയാണ്‌. പ്രമേഹരോഗിക്ക്‌ മാത്രമല്ല ഭക്ഷണനിയന്ത്രണം വേണ്ടത്. എല്ലാ മുതിർന്ന വ്യക്‌തികളും ഭക്ഷണം കഴിക്കേണ്ട ഒരു രീതിയുണ്ട്‌.

ഒരു പ്ലേറ്റ് എടുത്താൽ അതിന്റെ പാതി പച്ചക്കറിയും പഴവും വേണം, അര ഭാഗം പ്രോട്ടീൻ, കാൽ ഭാഗത്തിന്റെ പാതിയോളം മാത്രമാണ് അന്നജം വേണ്ടത്. നമ്മൾ കഴിക്കുന്നത് മിക്കവാറും മുക്കാൽ ഭാഗം ചോറ്/ചപ്പാത്തി/അപ്പം/പുട്ട്/ദോശ തുടങ്ങി അന്നജമടങ്ങിയ വൈവിധ്യമാർന്ന വിഭവങ്ങളും കുറെ ഇറച്ചിയും മീനും മുട്ടയും എന്ന രീതിയിലാണ്. സസ്യഭുക്ക് ആണെങ്കിൽ നെയ്യിന്റെയും എണ്ണയുടെയും സ്ഥാനം കൂടി പാത്രത്തിൽ നിർബന്ധമായും കാണേണ്ട അവസ്ഥ.

"രുചിക്ക് വേണ്ടിത്തന്നെയല്ലേ ഭക്ഷണം കഴിക്കുന്നത്‌, കോഴിക്കുഞ്ഞ് കഴിക്കുന്നത്ര ചോറുണ്ടാൽ വിശപ്പ്‌ മാറുമോ ഡോക്ടറെ’ എന്നൊക്കെ ചോദിക്കുന്നവരെ സ്ഥിരമായി ഒപിയിൽ കാണാറുണ്ട്. നമ്മുടെ മലയാളിശീലമാണ് ഇവിടുത്തെ വില്ലൻ. വിദേശീയരുടെ കൂടെ പ്രാതൽ കഴിക്കാനിരുന്നു ശരിക്കും അതിശയിച്ചിട്ടുണ്ട്. ഒരു പാത്രം നിറയെ സാലഡും സോസേജും മുട്ടയുടെ വെള്ളയുമൊക്കെ എടുത്തതിനു ഡെക്കറേഷൻ ചെയ്തപോലെ ഒരു ബ്രഡ് കഷ്ണം കാണും. കൂടെ കുടിക്കുന്ന ജ്യൂസിൽ മധുരം കാണില്ല. ചെറിയ പ്രായം തൊട്ടേ പഞ്ചസാര ശീലിക്കാത്തത് കൊണ്ട് അവർക്ക് അതിന് പരിഭവവുമില്ല.

നടക്കാൻ മടിയില്ല. ഏതു പ്രായക്കാർക്കും ഓടാം, നടക്കാം, റോഡിൽ നിന്നും വ്യായാമം ചെയ്യാം. ഇവിടെ എത്ര സ്ത്രീകൾക്ക് ഇതിനു സാധിക്കും? ഒരു പൊതുപരിപാടിയിൽ സംബന്ധിച്ചാൽ ഭക്ഷണം നിയന്ത്രിക്കുന്നത്‌ കണ്ടാൽ "മനുഷ്യന്മാർ എന്ത് പറയും' എന്ന ആലോചന നമ്മളെക്കൊണ്ട്‌ കൂടുതൽ കഴിപ്പിക്കുന്നു. കുറേ ചോറ് കഴിച്ചാലോ കഞ്ഞി കുടിച്ചാലോ അല്ല, കുറച്ച്‌ ചോറിനൊപ്പം  നിറയെ കറികൾ കഴിച്ചാലാണ് ആരോഗ്യം വെക്കുക എന്ന് നമ്മുടെ ചെറിയ ക്ലാസുകൾ തൊട്ടു പഠിപ്പിക്കേണ്ടതുണ്ട്. അമ്മമാർക്കും അമ്മൂമ്മമാർക്കും ഈ വിവരം പകരേണ്ടതുണ്ട്. വണ്ണം കൂടുന്നത് ആരോഗ്യലക്ഷണം അല്ല. ഉയരത്തിന് അനുസരിച്ചാണ് ഒരു വ്യക്തിക്ക് ഭാരം വേണ്ടത്. ശരീരഭാരം കൂടുന്നത് പല രോഗങ്ങൾക്ക് കാരണമാകാം.

അപ്പോൾ ശരീരഭാരം തീരെ കുറയ്‌ക്കാൻ ശ്രമിച്ചാലോ? ആർത്തവ ക്രമക്കേടുകൾ പോലും ഇതിനാൽ വന്നുപെടാം. പിന്നെ എന്തായിപ്പോ ചെയ്യുക? നേരത്തിനു കുറച്ച് കഴിക്കുക. പ്രാതൽ ഉൾപ്പെടെ എല്ലാ നേരവും നേരത്തെ സൂചിപ്പിച്ച രീതിയിൽ ഫുഡ്‌ പ്ലേറ്റ്  ക്രമീകരിക്കുക.

പയർവർഗങ്ങൾ/മത്സ്യമാംസാദികൾ എന്നിവ കഴിവതും എണ്ണയിൽ വറുത്ത രീതിയിൽ കഴിക്കുന്നത്‌ ഒഴിവാക്കുക. ദിവസവും എട്ട് ഗ്ലാസ് വെള്ളം എങ്കിലും കുടിക്കുക. ബേക്കറി പലഹാരങ്ങൾ തീരെ കുറയ്ക്കുകയോ പാടെ ഒഴിവാക്കുകയോ ചെയ്യുക. ആഴ്ചയിൽ അഞ്ചു ദിവസം അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. മാനസികസമ്മർദം പങ്ക് വയ്‌ക്കാൻ പഠിക്കണം. ഇത്രയൊക്കെ ശ്രദ്ധിച്ചിട്ടും വണ്ണം കൂടുന്നെങ്കിൽ ശരീരഭാരം  കൂടുന്ന മറ്റു ശാരീരിക അവസ്ഥകൾ ഉണ്ടോ എന്ന് ഡോക്ടറെ കാണിച്ചു പരിശോധിക്കുക.

ഈ രീതി പിന്തുടർന്ന് വരുന്നവർക്ക് തീർച്ചയായും അമിതരക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, ചില തരം അർബുദങ്ങൾ എന്നിവയെല്ലാം തന്നെ വലിയൊരു പരിധിവരെ തടയാൻ സാധിക്കും. ആരോഗ്യം എല്ലായ്‌പ്പോഴും  മരുന്ന് കഴിച്ചു നേടേണ്ട ഒന്നല്ല, പകരം രോഗങ്ങളെ പ്രതിരോധിച്ചു കൂടി നേടിയെടുക്കെണ്ടതാണ് എന്ന് നമ്മൾ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top