20 April Saturday

നിന്ദ്യം, നികൃഷ്ടം

ഡോ. പി എസ് ശ്രീകലUpdated: Wednesday Aug 23, 2017

പെണ്‍ പ്രതിരോധങ്ങള്‍ പ്രതിഷേധങ്ങളായി ശക്തിയാര്‍ജ്ജിക്കുമ്പോള്‍ വിഭ്രാന്തി ബാധിച്ച ആണധികാരങ്ങള്‍ അപമാനകരമായ ആക്രോശങ്ങളായി ഉയര്‍ന്നുതാഴുന്നതിന് സാക്ഷിയാവുകയാണ്  കേരളം.  സ്ത്രീകളെ അധിക്ഷേപിക്കുന്നതും പരിഹസിക്കുന്നതും അപമാനിക്കുന്നതുമായ വാക്കുകള്‍ക്കും പ്രവൃത്തികള്‍ക്കും 'സ്വാഭാവിക'മെന്ന പ്രതികരണം ലഭിക്കുന്ന സമൂഹമാണ് നമ്മുടേത്. അവയെ  നിസംഗമായി സ്വീകരിക്കുകയും അവയോട് പ്രോത്സാഹനകരമായി പ്രതികരിക്കുകയുമാണ് സമൂഹത്തിന്റെ പൊതു പ്രവണത.

  സ്ത്രീകള്‍ കൂടി ഉള്‍പ്പെടുന്നതാണ് 'ജനം' എന്ന് മറക്കുന്നതോ ബോധപൂര്‍വ്വം അവഗണിക്കുന്നതോ ആയ രാഷ്ട്രീയ നേതാക്കളും ജനപ്രതിനിധികളും പലപ്പോഴും ജനാധിപത്യത്തിന്റെ പ്രാഥമിക മര്യാദകളെ പോലും വെല്ലുവിളിക്കുന്ന പരാമര്‍ശങ്ങള്‍ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത് സമൂഹത്തിന്റെ പൊതു പ്രതികരണം അവര്‍ക്ക് അനുകൂലമാണെന്ന ബോധ്യം  അവര്‍ക്കുള്ളതുകൊണ്ടാണ്. അവരോട് നിസംഗമായ സഹിഷ്ണുത കാട്ടാന്‍ കേരള സമൂഹത്തിനു സാധിക്കുന്നതാവട്ടെ, സ്ത്രീവിരുദ്ധത ജീവിത സംസ്കാരമായി മാറിയിരിക്കുന്നതുകൊണ്ടാണ്. അത്തരമൊരു സംസ്കാര നിര്‍മ്മിതിയെ ഒളിഞ്ഞും തെളിഞ്ഞും സഹായിച്ചുകൊണ്ടിരിക്കുന്ന കലയാണ് സിനിമ.

ജനപ്രിയ കലയെന്ന നിലയില്‍ സിനിമയ്ക്കു ലഭിക്കുന്ന സ്വീകാര്യത സമൂഹത്തിന്റെ ബോധ നിലവാരത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. നാടകത്തിന്റെ ജനകീയതയില്‍ നിന്ന് സിനിമയുടെ ജനപ്രിയതയിലേക്കുള്ള മാറ്റം സമൂഹത്തിന്റെ സാമാന്യബോധത്തില്‍ സംഭവിച്ച മാറ്റമാണ്. കേരള സമൂഹത്തെ അഭിമാനകരമായ നേട്ടങ്ങളിലേക്കു പരിവര്‍ത്തിപ്പിക്കുന്നതില്‍ ദൃശ്യകലയായ നാടകത്തിനുണ്ടായിരുന്ന പങ്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലെ ചരിത്ര പാഠമാണ്. 'അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്' എന്നതില്‍ നിന്ന് 'തൊഴില്‍ കേന്ദ്രത്തിലേ'ക്കും 'നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി'യിലേക്കും 'ഇത് ഭൂമിയാണ് ' എന്നതിലേക്കുമൊക്കെ നിരന്തരം നവീകരിക്കപ്പെട്ട് വികസിക്കുന്ന ഒന്നായിരുന്നു കേരളത്തിന്റെ നാടകാനുഭവം. അതാവട്ടെ, കേരള സമൂഹത്തെയും നവീകരിച്ച് വികസിപ്പിക്കുകയായിരുന്നു. നവോത്ഥാനത്തിന്റെ തുടര്‍ച്ച നമ്മുടെ സമൂഹത്തിന്റെ അനുഭവമായി മാറിയത് അതുകൊണ്ടു കൂടിയാണ്.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങുന്ന സാമാന്യജനതയുടെ നേര്‍ജീവിതങ്ങളില്‍ നിന്ന് മധ്യവര്‍ഗ ജീവിതത്തിന്റെ കെട്ടുകാഴ്ചകളിലേക്കുള്ള മാറ്റം കൂടിയായി മാറി അത്. മധ്യവര്‍ഗത്തിന്റെ ഉപഭോഗാസക്തിയെയും സ്വാര്‍ത്ഥപരമായ സങ്കുചിതത്വത്തെയും തൃപ്തിപ്പെടുത്തുന്ന വിധത്തില്‍ പ്രമേയത്തിലും അവതരണത്തിലും സിനിമ വിജയിക്കുകയാണ്. ഇത് കേവലം ഉപരിപ്ളവമോ ബാഹ്യമോ ആയല്ല സിനിമ നിര്‍വ്വഹിക്കുന്നത്. സമൂഹത്തിന്റെ ആന്തരിക ബോധത്തെയും ആഭ്യന്തര വ്യവഹാരത്തെയും നിര്‍ണ്ണയിക്കുക കൂടി ചെയ്യുന്നുണ്ട് സിനിമ. ആണധികാരം ആവര്‍ത്തിച്ചുറപ്പിക്കുന്നതോ പെണ്ണിനെ നിസാരവല്‍ക്കരിക്കുന്നതോ ഒക്കെയായ സംഭാഷണങ്ങള്‍ക്ക് സിനിമയ്ക്കു പുറത്തും സുരക്ഷിതമായ ഇടം (ടുമരല) ഉണ്ടാകുന്നത് അതുകൊണ്ടാണ്. ' നീ പെണ്ണാണ്, വെറുമൊരു പെണ്ണ് ' എന്ന സിനിമയ്ക്കുള്ളിലെ ഡയലോഗിലും 'ഒരുത്തിക്കും എന്നെ ഒരു ചുക്കും ചെയ്യാനാവില്ല' എന്ന അര്‍ത്ഥത്തില്‍ സിനിമയ്ക്കു പുറത്തുള്ള ആഭാസകരമായ വെല്ലുവിളിയിലും  അടങ്ങിയിരിക്കുന്നത് ആണധികാരം ഉറപ്പിച്ചു നിര്‍ത്താനുള്ള വ്യഗ്രതയും ഉറപ്പിനുലച്ചിലുണ്ടാകുന്നുവോ എന്ന ആശങ്കയുമാണ്.

നൂറു കണക്കിന് സാധാരണ മനുഷ്യര്‍ കാഴ്ചക്കാരായി തടിച്ചുകൂടിയിരുന്ന തുറസായ നാടകാവതരണവേദികളില്‍ നിന്ന് അടഞ്ഞതും ഇരുള്‍ നിറഞ്ഞതുമായ സിനിമാ പ്രദര്‍ശനശാലകളിലേക്കുള്ള പരിവര്‍ത്തനം കേരള സമൂഹത്തിന്റെ സാംസ്കാരികമനസിനു കൂടി സംഭവിച്ച മാറ്റം കൂടിയാണ്. ' മൂളിപ്പാട്ടും പാടി തമ്പ്രാന്‍ വരുമ്പം ചൂളാതങ്ങനെ നില്ലെടി പെണ്ണേ' ( നിങ്ങളെന്നെ കമ്മൂണിസ്റ്റാക്കി- നാടകം) എന്നതില്‍ നിന്ന് 'പൈനാപ്പിള്‍ പെണ്ണേ ചോക്ളേറ്റ് പീസേ പ്രേമിച്ചു വളയ്ക്കാതെ' (വെള്ളിനക്ഷത്രം സിനിമ ) എന്നതിലേക്കുള്ള മാറ്റം കേവലം ഗാനങ്ങളുടെ വരികളില്‍ സംഭവിച്ചതല്ല. അത് കലയില്‍ പ്രവര്‍ത്തിച്ചിരുന്ന സാംസ്കാരികബോധത്തില്‍  സംഭവിച്ച മാറ്റമാണ്. ഈ മാറ്റം സിനിമയിലും സമൂഹത്തിലും ഒരുപോലെ സംഭവിക്കുന്നു. അവിടെ, സിനിമയിലെ സ്ത്രീവിരുദ്ധതയെ സമൂഹവും സമൂഹത്തിലെ സ്ത്രീവിരുദ്ധതയെ സിനിമയും പരസ്പരം പോഷിപ്പിക്കുകയാണ്. സിനിമയുടെ ഉള്ളില്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധത സിനിമാ മേഖലയിലെ ആണ്‍കോയ്മയുമായി കൈകോര്‍ക്കുന്നുവെന്നതിന്റെ ദുരന്താനുഭവങ്ങളിലൂടെയാണ് കേരള സമൂഹം കടന്നുപോകുന്നതെന്നതും കാണണം.

ഒരു ഭാഗത്ത്, സ്ത്രീവിരുദ്ധതയോടുള്ള പരിമിതമായ പ്രതിഷേധങ്ങള്‍ പോലും നിബന്ധനകള്‍ക്കു വിധേയമാവുമ്പോള്‍, മറുഭാഗത്ത്, ആണധികാരത്തിന് എന്തുമാവാം എന്ന ധാര്‍ഷ്ട്യം നിയമ വ്യവസ്ഥയെയും ജനാധിപത്യ രാഷ്ട്രീയ സംവിധാനങ്ങളെയും ഉള്‍പ്പെടെ വെല്ലുവിളിക്കുകയാണ്.
സ്ത്രീവിരുദ്ധത  അത് നോക്കിലോ വാക്കിലോ പ്രവൃത്തിയിലോ ആവട്ടെ,  ഇവയോട് സന്ധിയില്ലാത്ത പ്രതിഷേധങ്ങള്‍ വ്യാപകമാവണം. അത്തരം പ്രതിഷേധങ്ങള്‍ക്ക് ഉപാധികളില്ലാത്ത പിന്തുണ ഉറപ്പാക്കുന്നൊരു സാമൂഹ്യബോധം അനിവാര്യമാണ്.

കക്ഷിരാഷ്ട്രീയപരമോ വൈയക്തികമോ ആയ ബന്ധങ്ങള്‍ക്കപ്പുറം  ജനാധിപത്യത്തെയും സ്വാതന്ത്യ്രത്തെയും വികസിക്കാന്‍ അനുവദിക്കാത്ത സമൂഹത്തില്‍ ഈ ബോധം രൂപപ്പെടുത്തല്‍ എളുപ്പമല്ല. സ്ത്രീവിരുദ്ധതയിലും ആണ്‍കോയ്മയിലും നിയമപരമായ ഒത്തുതീര്‍പ്പിനു പോലും വിധേയമാവാത്ത വിധം ശക്തമായ നിലപാടുകള്‍ നിരന്തരം സ്വീകരിച്ചു കൊണ്ടു മാത്രമേ അത് സാധ്യമാവൂ. ആ തിരിച്ചറിവിലേക്ക് സമൂഹമുണരുമ്പോള്‍ ആണ്‍കോയ്മയുടഞ്ഞുപോകുമോ എന്ന ഭീതിയില്‍ ജ്വരജല്പനങ്ങള്‍ ഭ്രാന്തമാകുന്നത് സ്വാഭാവികം. അവ സ്വയം  ചങ്ങല തേടുകയാണ്.

ഇത് സത്യപ്രതിജ്ഞാലംഘനം

എം സി ജോസഫൈന്‍
(വനിതാകമ്മീഷന്‍ അധ്യക്ഷ)

അന്തസും പദവിയും നിയമബോധവും മറന്ന് പി സി ജോര്‍ജ് എംഎല്‍എ തുടര്‍ച്ചയായി കേരളത്തിലെ സ്ത്രീസമൂഹത്തെയാകെ അപമാനിക്കുകയും പരിഹസിക്കുകയുമാണ്. ഇത് നഗ്നമായ സത്യപ്രതിജ്ഞാലംഘനം കൂടിയാണ്. അതീവഗുരുതരമായ പ്രശ്നമാണിത്. വനിതാകമ്മീഷനെയും അധ്യക്ഷയെയും പരിഹസിക്കുന്ന അവസ്ഥയിലേക്ക് ജനപ്രതിനിധി തരംതാണുപോയി. അദ്ദേഹത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വനിതാകമ്മീഷന് ഇദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുക്കാവുന്നതാണ്. എന്നാല്‍, എംഎല്‍എ ആയതിനാല്‍ സ്പീക്കറുടെ അനുമതിയോടെ മാത്രമേ അദ്ദേഹത്തിന്റെ മൊഴി എടുക്കുകയുള്ളു. ഈ പ്രിവിലേജ് പി സി ജോര്‍ജിന് നല്‍കിയെങ്കിലും വനിതാകമ്മീഷന്‍ എന്ന നിയമസംവിധാനത്തെ ആക്ഷേപിക്കുന്നതില്‍ അദ്ദേഹം ആ പ്രിവിലേജ് കാണിച്ചില്ല.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നിയമനടപടികള്‍ മുന്നോട്ടുപോകുന്നതിനിടെ അനവസരത്തിലാണ് തുടര്‍ച്ചയായി പി സി ജോര്‍ജ് മോശപ്പെട്ട പ്രതികരണങ്ങള്‍ നടത്തുന്നത്. വനിതാകമ്മീഷന്‍ ഇക്കാര്യത്തില്‍ എംഎല്‍എയുടെ മൊഴി എടുക്കുകയും നിയമപരമായ നടപടി സ്വീകരിക്കുകയും ചെയ്യും.

ജനപ്രതിനിധിക്ക് യോജിക്കാത്ത നിലപാട്

ലതിക സുഭാഷ്
(മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ്)

പകുതിയിലധികം വരുന്ന സ്ത്രീകളുടെകൂടി പ്രതിനിധിയായ ഒരു എംഎല്‍എ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്നത് അപകടകരവും അപലപനീയവുമാണ്. പി സി ജോര്‍ജ് ആദ്യമൊക്കെ വേട്ടക്കാരനായ നടന്റെ ഒപ്പമാണെന്ന് പ്രഖ്യാപിച്ചു. പിന്നീട് ഇരയായ നടിയെക്കുറിച്ച് എംഎല്‍എ അതിരുകടന്ന പ്രസ്താവന നടത്തി. ഒടുവില്‍, സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന വനിതാകമ്മീഷനെയും അധ്യക്ഷയെയും ആക്ഷേപിക്കുന്ന രീതിയിലേക്ക് തരംതാഴ്ന്നു. ജനപ്രതിനിധിക്ക് യോജിച്ചതല്ല അദ്ദേഹത്തിന്റെ നിലപാടുകള്‍.

എംഎല്‍എക്കെതിരെ നടപടിയെടുക്കണം

അഡ്വ. സി ജി സേതുലക്ഷ്മി
(കേരളമഹിളാസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറി)

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പി സി ജോര്‍ജ് എംഎല്‍എ കൈക്കൊണ്ട നിലപാടില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. വനിതാകമ്മീഷന്റെ നിലപാടിനെ അപലപിച്ച, അധിക്ഷേപിച്ച എംഎല്‍എ സ്ത്രീകളെയാകെ അപമാനിക്കുകയാണ്. എംഎല്‍എക്കെതിരെ നടപടിയെടുക്കാന്‍ സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ഇദ്ദേഹത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

'അവളെ' വീണ്ടും വേദനിപ്പിക്കരുത് - സജിത മഠത്തില്‍

ഞാന്‍ എല്ലാത്തിനും മുകളിലാണെന്ന ധാര്‍ഷ്ട്യം തോന്നിയാല്‍ പിന്നെ എന്തുചെയ്യും. അതാണ് പി സി ജോര്‍ജ് നടിയെക്കുറിച്ചുള്ള പ്രസ്താവനയിലൂടെ വെളിവാക്കുന്നത്. നമ്മളെല്ലാം സാധാരണ മനുഷ്യര്‍ അല്ലേ. ഇരയായി ജീവിച്ചുതീര്‍ക്കുന്ന നിരവധിപേരെക്കുറിച്ചാണ് നാം എപ്പോഴും പറയാറുള്ളത്. എന്നാല്‍ ഇവിടെ ഇരയാക്കപ്പെട്ടവള്‍, അവള്‍ അങ്ങനെയല്ല. അവളല്ലല്ലോ തെറ്റുചെയ്തത്. തനിക്ക് കഴിയാവുന്ന രീതിയില്‍ അവള്‍ മറ്റുള്ളവരോട് അതേക്കുറിച്ച് പറയുന്നു. ആ ഓര്‍മ്മകളില്‍ നിന്നുപോലും രക്ഷപ്പെടുന്നത് എളുപ്പമല്ല. സാധാരണ ആളുകള്‍ എന്തുപറയുമെന്നതിന്റെ വേവലാതികള്‍ അല്ല. അതൊക്കെ സമൂഹത്തിന്റെ ഭാഗമാണ്. എന്നാല്‍ സാധാരണ മനുഷ്യനെ പ്രതിനിധീകരിക്കുന്ന അതേ ജനപ്രതിനിധി അതേക്കുറിച്ച് മോശം പരാമര്‍ശം നടത്തുന്നത് ഖേദകരം തന്നെയാണ്. ഇരയായ ഒരാളെ വീണ്ടും വേദനിപ്പിക്കാന്‍ വിട്ടുകൊടുക്കുന്നത് ശരിയല്ല. കോടതിയില്‍ നടക്കുന്ന കാര്യങ്ങളെ പി സി ജോര്‍ജ് പരസ്യമായി വിമര്‍ശിക്കുന്നു. ഈ ലോജിക്കുകള്‍ അല്ല കോടതിയുടേയും പൊലീസിന്റേയും.

സാധാരണമനുഷ്യന് ഇതൊക്കെ മതിയെന്ന അദ്ദേഹത്തിന്റെ അബദ്ധ ധാരണകളാകാം ഇതെല്ലാം. മാത്രല്ല, ഈ വിഷയത്തില്‍ പെണ്‍കുട്ടിയോടൊപ്പം നില്‍ക്കുന്ന എല്ലാവരേയും അദ്ദേഹം മോശം രീതിയില്‍ വിമര്‍ശിക്കുന്നു. സ്ത്രീകളെ പരിഹസിക്കുക എന്നത് അവകാശമായാണ് അദ്ദേഹം കാണുന്നത്. എല്ലാ പുരുഷന്മാരുടെ മനസിലും ഒരു പി സി ജോര്‍ജ് ഉണ്ട്. എന്നാല്‍ പലരും അതു തുറന്നുപറയുന്നില്ല. ഇത്തരത്തിലൊന്നും സംസാരിക്കരുതെന്ന്, ജനപ്രതിനിധിയായിട്ട് പോലും പി സി ജോര്‍ജിന് അറിയില്ല. ആര്‍ക്കും അദ്ദേഹത്തിന്റെ വായടപ്പിക്കാന്‍ കഴിയുന്നില്ലെന്നതും വിഷമകരം. ഇരയായ പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നത് കേരളത്തിന്റെ മുഴുവന്‍ ആവശ്യമാണ്. തോറ്റ കുറേ ചരിത്രങ്ങളുണ്ട്. അതെല്ലാം തിരുത്തിയെഴുതണം. ഇരയായ പെണ്‍കുട്ടി ഇതിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇനി അതിലാണ് എല്ലാ പ്രതീക്ഷയും.

ജോര്‍ജ്, വിഫലമീ യാത്ര

ശാരദക്കുട്ടി
(എഴുത്തുകാരി)

ആക്രമിക്കപ്പെട്ട ഒരു പെണ്‍കുട്ടിയോട് അന്വേഷണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോലീസിനോ കോടതിക്കോ ഒക്കെ പല തരം ചോദ്യങ്ങള്‍ ചോദിക്കേണ്ടി വരും. അത് ചിലപ്പോള്‍ അവള്‍ക്കു ഒരിക്കല്‍ നേരിട്ട പീഡാനുഭവത്തെ മുഴുവന്‍ വീണ്ടും അനുഭവിക്കുന്ന അതേ വേദന ഉളവാക്കുകയും ചെയ്യും. ഇതെല്ലാം അറിഞ്ഞു കൊണ്ട് തന്നെ ധൈര്യത്തോടെ ഒരു പെണ്‍കുട്ടി, കേസ് കൊടുക്കാന്‍ തയ്യാറായപ്പോള്‍ പ്രബുദ്ധമായ കേരളസമൂഹം അവള്‍ക്കു സകല പിന്തുണയും കൊടുത്ത് കൂടെ നിന്നു. കോടതി ചോദിക്കേണ്ട ചോദ്യങ്ങള്‍ നിരന്തരം ഇങ്ങനെ ചോദിക്കാന്‍, മിസ്റ്റര്‍ പി സി ജോര്‍ജ്ജ്, നിങ്ങള്‍ക്ക് അവകാശമില്ല.

പക്ഷെ, നിങ്ങള്‍ക്ക് മാത്രം ഇതൊന്നും മനസ്സിലാകില്ല. കാരണം ഒരു ചികിത്സക്കും വശംവദമാകാന്‍ കൂട്ടാക്കാത്ത ഒരു സ്ഥൂലരോഗപിണ്ഡമായി മാറിക്കഴിഞ്ഞിരിക്കുന്നു നിങ്ങളുടെ മനസ്സും ബോധവും. പറഞ്ഞിട്ട് കാര്യമില്ല, സ്വയം പ്രഖ്യാപിത കോടതിയാണല്ലോ നിങ്ങള്‍. തളയ്ക്കാന്‍ ആരുമില്ലാത്ത മദയാന. തെറ്റ് ചെയ്തവര്‍ ആരായാലും, നിയമപരമായി ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, അവള്‍ സമൂഹത്തിനു നല്‍കിയ ഒരു സന്ദേശം ഉണ്ട്. ഭാവിയിലെ പെണ്‍കുട്ടികള്‍ക്കും ഞങ്ങളെ പോലെ ഉള്ള മുതിര്‍ന്ന സ്ത്രീകള്‍ക്കും പകര്‍ന്നു തന്ന ഒരു കരുത്തുണ്ട്. അത് ഇത്രയും കാലത്തെ നിങ്ങളുടെ 'പൊതുപ്രവര്‍ത്തന'ത്തില്‍ നിന്ന്, അതിനു അവസരം തന്ന ജനതയോടുള്ള കടപ്പാടായി പോലും തിരികെ നല്‍കാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. നിങ്ങളുടെ വ്യര്‍ഥതയെ ആണ് അത് സൂചിപ്പിക്കുന്നത്. വിഫലമീയാത്ര എന്ന് കാലം നിങ്ങളെ വിലയിരുത്തും, മിസ്റ്റര്‍ പി സി ജോര്‍ജ്.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top