02 October Monday

കാലം നിറമിട്ട ക്യാന്‍വാസ്‌

എ മീരUpdated: Wednesday Jan 23, 2019

പ്രായം വെറുമൊരു അക്കം മാത്രമാണ് കമലാദേവിക്ക്. ചിത്രകലയിലായാലും പാവ നിർമാണത്തിലായാലും 73ാം വയസിലെ ഓരോ നിമിഷവും പുതുമകൾ തേടുന്ന കലാഹൃദയത്തെ എങ്ങനെ വാർധക്യം ബാധിക്കാനാണ് ? ചുവരിലും ക്യാൻവാസിലും തുണിയിലും വിരലോടുമ്പോൾ വിരിയുന്ന ചിത്രവർണങ്ങളുടെ പ്രസരിപ്പ്  മനസിന്റെ ഭാവപകർച്ച തന്നെ. അമ്പതാം വയസിൽ തുടങ്ങിയ ചിത്രകലാ പഠനം 200 ലധികം ചിത്രങ്ങളും  ചിത്ര തുന്നലുകളും പ്രദർശങ്ങളും ക്യാമ്പുകളും ഒക്കെയായി സഫലം. എന്നിട്ടും ഒന്നിനും വിരാമംകുറിക്കാതെ ജലച്ചായത്തിലേക്കും ഭാഷാ പഠനത്തിലേക്കും ഒക്കെ ഗതിതിരിച്ച് കമല തന്റെ മനസിനെ സക്രിയമാക്കുകയാണ്. വാർധക്യവും ജോലിയിൽ നിന്ന് വിടുതലും ഒന്നിന്റെയും അവസാനമല്ലെന്ന് മാത്രമല്ല, പലതിന്റെയും തുടക്കം കൂടിയാണെന്ന് തെളിയിക്കുകയായിരുന്നു കമലാദേവി.


കലഹം വിരസതയോട്

19ാം വയസിൽ മലപ്പുറം കോട്ടയ്ക്കൽ നിന്ന് ആറ്റിങ്ങൽ സ്വദേശി സുകുമാരൻ നായരുടെ ഭാര്യയായി എത്തിയപ്പോൾ കൃഷി ഓഫീസിലായിരുന്നു ജോലി. വിവാഹം കഴിഞ്ഞ്തിരുവനന്തപുരത്തേക്ക്പോകേണ്ടിവന്നതോടെ ജോലി ഉപേക്ഷിച്ചു. എന്നാൽ നിരാശപ്പെടാൻ തയ്യാറായിരുന്നില്ല കമല. ഫയലുകൾക്കിടയിൽ വിരസമാകുമായിരുന്ന ജീവിതം സ്വയംതൊഴിൽ മേഖലയിലേക്ക് പറിച്ചുനട്ടു. ബ്യൂട്ടിപാർലർ അടക്കം പുതിയ തൊഴിൽ മേഖലയിൽ തിരക്കേറി. ആരോഗ്യപ്രശ്നങ്ങളിൽ ജീവിതത്തിന്റെ നിറംകെടാതിരിക്കാനാണ് കമല ക്യാൻവാസിനോടും ചായങ്ങളോടും കൂട്ടുകൂടിയത്. ഉള്ളിലുറഞ്ഞ ചിത്രകലാവാസന തിരിച്ചറിയുന്നതും ഇക്കാലത്ത്. ചിത്രതുന്നലുകളിലെ വൈവിധ്യവും പുതുമയും അവർ ഒരുക്കിയ വസ്ത്രങ്ങൾക്ക് പകിട്ട് കൂട്ടി. കമല മ്യൂറൽ ചെയ്ത സാരികൾക്ക് ഗൾഫിൽനിന്നു പോലും ആവശ്യക്കാരുണ്ടായി. കലയുടെ ഏതു രൂപത്തിലും അവർ നടത്തുന്ന പരീക്ഷണങ്ങൾ വീട്ടിൽ എത്തുമ്പോഴേ അറിയാം. കർട്ടനിലും മേശവിരിയിലും ചുവരിലും ഒക്കെ അലങ്കാരങ്ങളായി അവ നമ്മെ വിസ്മയിപ്പിക്കും.

അന്ന് അതൊരു പാവവീട്

പാവനിർമ്മാണത്തിലേക്ക് കടന്നതോടെ, തൊഴിൽരഹിതരായ സ്ത്രീകളെകൂട്ടി വീട്ടിൽ ഒരു യൂണിറ്റും തുടങ്ങി. ബംഗളുരുവിൽ പോയി പരിശീലനവും നേടി. കുടുംബശ്രീയൊക്കെ നാട്ടിൽ സജീവമാകും മുമ്പാണിത്‌. ഇൗ സംരംഭത്തിന്റെ കച്ചവടസാധ്യത മങ്ങിയെങ്കിലും കമല വിട്ടുകൊടുത്തില്ല. സോഫ്ട് ടോയ്സ് നിർമ്മാണമായിരുന്നു അടുത്ത മേഖല. വന്യതയും ശൗര്യവും തികഞ്ഞ പുലിയും സിംഹവും ഓമനത്തം തുളുമ്പുന്ന പട്ടിക്കുട്ടികളും കരവിരുതിൽ വീടാകെ കൗതുകം തീർത്തു. മുത്തുകൊണ്ട് മനോഹരമായ വസ്തുക്കളും പ്ലാസ്റ്റിക് വയറുകൊണ്ട് ബാഗും ഉണ്ടാക്കി. കോട്ടൺ തുണിയും പേപ്പറും ഉപയോഗിച്ച് നിർമിച്ച പൂക്കൾ വാങ്ങാനും ഏറെ ആളുണ്ടായി.

ചുവരുകളിലെ ഭാവപ്പകർച്ച 

വർണം കടുത്ത് ചന്തമേറുന്ന സായംസന്ധ്യപോലെയാണ് കമലയുടെ കലാജീവിതവും. അമ്പതാം വയസിൽ ചിത്രകലാപഠനം തുടങ്ങിയ പ്രതിഭക്ക് കാലം തിളക്കമേറ്റിയതേയുള്ളൂ. ചുവർ ചിത്രത്തോടായിരുന്നു ഏറെ താൽപര്യം. ആറ്റിങ്ങൽ കൊളാഷിലെ സുരേഷാണ് ആദ്യ അധ്യാപകൻ. പ്രിൻസ് തോന്നയ്ക്കലിന്റെയും കിളിമാനൂർ ഷാജിയുടെയും കീഴിൽ പഠനം തുടർന്നുലളിതകലാ അക്കാദമി പിറവത്ത് നടത്തിയ ക്യാമ്പിലേക്ക് തെരഞ്ഞെടുത്ത 17 പേരിൽ ഒരാളായത് കലാജീവിതത്തിലെ വഴിത്തിരിവായി. കൊല്ലത്ത് മ്യൂറൽ പെയിന്റിങ്ങുകളുടെ പ്രദർശനം നടത്തിയ കമല പിന്നീട് ലളിതകല അക്കാദമിയിലും പ്രദർശനം ഒരുക്കി. കിളമാനൂരിൽ രാജാരവിവർമയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പ്രദർശനം ഒരുക്കാനും അവസരം ലഭിച്ചു. ശങ്കരാചാര്യർ സൗന്ദര്യലഹരിയിൽ കുറിച്ച രണ്ടുവരി ശ്ലോകത്തെ ആസ്പദമാക്കി ദേവിയുടെ ചിത്രം വരച്ചു. പോർട്രയിറ്റും സീനറിയുമായി ഏഴ് ഓയിൽ പെയിന്റിങ്ങുകൾ.

ജീവിതത്തിലെ ചിട്ടയും മിതത്വവും നിറക്കൂട്ടിലും വിന്യാസത്തിലും ചോരാതെ, കവിയാതെ കാക്കുന്ന കമലയുടെ ചിത്രങ്ങൾ ഭാവവൈവിധ്യത്തിലും ആകർഷകമായി. മിടുക്ക് കണ്ടാണ് കടവൂർ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ വേളയിൽ ചുവർചിത്രങ്ങൾക്ക് മിഴിവേകാൻ ക്ഷണിച്ചത്. ആറ്റിങ്ങൽ കോയിക്കൽ കൊട്ടാരം മഹാവിഷ്ണു ക്ഷേത്രത്തിലെ സന്താനമൂർത്തിക്കും കലാകാരി ഭാവം പകർന്നു. ഗണപതി ചിത്രങ്ങളുടെ പ്രദർശനം ഇക്കാലത്താണ് ഒരുക്കിയത്. 16 സ്ത്രീകളുടെ കൂട്ടായ്മക്കൊപ്പം രാമായണ ചിത്രീകരണത്തിലും പങ്കാളിയായി. വ്യക്തികളുടെ മാനറിസങ്ങളും സൂക്ഷ്മ ഭാവങ്ങളും ഒപ്പിയെടുക്കുന്ന പോർട്രയിറ്റുകളും കൈയിൽ ഭദ്രം. എണ്ണച്ചായ ചിത്രങ്ങളിലാണ് ഇപ്പോൾ ശ്രദ്ധ.

വാർധക്യം തളർത്തുന്നുവെന്ന് പരിതപിക്കുന്നവർക്ക്തീർച്ചയായും മറിച്ചുനോക്കാവുന്ന പാഠപുസ്തകമാണ് അമ്മയും അവരുടെ കലാജീവിത പരീക്ഷണങ്ങളും. പി ജി നഗർ റെസി. വെൽഫെയർ സൊസൈറ്റി എക്സിക്യുട്ടീവ് കമ്മിറ്റി അംഗം, എൻ എസ് എസ് വനിത സ്വയംസഹായ സംഘം പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും ചുമലിലുണ്ട്പ്രജ്ഞയുള്ള കാലത്തോളം പഠനവും പരീക്ഷണങ്ങളും തുടരുമെന്ന് പറയുന്ന അമ്മ ഇതിനിടെ സംസ്കൃത പരീക്ഷകളും  പാസായി. അടുത്ത പരീക്ഷക്ക് പഠിക്കുകയാണിപ്പോൾ.

 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top