30 May Tuesday

മോശം അനുഭവം ഉണ്ടായി എന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അത് റേപ്പ് മാത്രമാണെന്ന് കരുതുന്നവരോട് എന്താണ് പറയേണ്ടത്?, സൈബര്‍ ലോകത്ത് ഒരു ഫെമിനിച്ചിയുടെ ജീവിതം - സജിത മഠത്തില്‍ എഴുതുന്നു

സജിത മഠത്തില്‍Updated: Wednesday Nov 22, 2017

കേരളത്തില്‍ 'മി ടൂ' ക്യാമ്പയിന് ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പതിവ്  ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആയി മാറാതെ ഒട്ടേറെ സ്ത്രീകള്‍ പ്രതികരിക്കുന്നതിന് ഇത് ഇടയാക്കിയത്.

ഡല്‍ഹി സംഗീതനാടക അക്കാദമിയില്‍ ജോലി ചെയ്യുന്ന കാലം. ഓഫീസ് വിട്ട് വൈകുന്നേരത്തെ റോഡിലെ തിരക്കിലേക്ക് വണ്ടി എടുത്തിട്ടേ ഉണ്ടായിരുന്നുള്ളൂ. ഇന്ത്യാഗേറ്റ് കഴിഞ്ഞ് മോഡേണ്‍ ആര്‍ട് ഗ്യാലറിക്ക് മുമ്പിലെത്തിയപ്പോഴാണ് തിരുവനന്തപുരത്തുനിന്ന് നാടകപ്രവര്‍ത്തകയായ ഹിമാശങ്കര്‍ ഈ വിവരം അറിയിച്ചുകൊണ്ട് വിളിക്കുന്നത്. പരന്നൊഴുകുന്ന വണ്ടികള്‍ക്കിടയില്‍നിന്ന് ഒന്ന് ഒതുക്കാനായി ഷാജഹാന്‍ റോഡിലേക്ക് കയറി ഒരുവിധം മാറ്റിയിട്ട് തിരിച്ചുവിളിച്ചു. അപ്രതീക്ഷിതമായ  സൈബര്‍ ആക്രമണം! ഡല്‍ഹിയിലെ ജനസമുദ്രത്തിനിടയില്‍ ഞാന്‍ പെട്ടെന്ന് ഒറ്റക്കായി. കാറിനകത്തേക്ക് ഇരുട്ട് അരിച്ചരിച്ച് പ്രവേശിച്ചു. വാഹനങ്ങളില്‍നിന്നുള്ള വെളിച്ചം ഒളിഞ്ഞുനോട്ടമായി എനിക്ക് തോന്നി. ശരീരം തളരാനും വിറയ്ക്കാനും തുടങ്ങി. ഓണ്‍ലൈനില്‍പോലും ആണ്‍തെറിക്ക് മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ സാധിക്കും എന്ന് എനിക്ക് ഒരിക്കല്‍കൂടി ബോധ്യപ്പെട്ടു.

ഞാനും കൂട്ടുകാരി റീമയും  കോഫിഹൌസിലിരിക്കുന്ന ഒരു പഴയ പടം ഫേസ്ബുക്ക് ഒരു ഓര്‍മച്ചിത്രമായി അന്നു രാവിലെ പൊക്കിയെടുത്തിരുന്നു. ആ ചിത്രം കണ്ടപ്പോള്‍ ഒരു തമാശ തോന്നി. കാരണം ഞങ്ങള്‍ അതില്‍ ജീന്‍സാണ് ധരിച്ചിട്ടുള്ളത്. ആ ഫോട്ടോയെ ഗാനഗന്ധര്‍വന്റെ ജീന്‍സ് വിവാദചര്‍ച്ചയിലേക്ക് ഞാന്‍ ചേര്‍ത്തുവച്ച്, ഗാനഗന്ധര്‍വനു സമര്‍പ്പണം എന്നൊരു കുറിപ്പുമെഴുതി പോസ്റ്റിട്ടു. ആ പോസ്റ്റിനും അതിനുമുമ്പ് ഇട്ട ഒട്ടനവധി പോസ്റ്റുകള്‍ക്കും കീഴെ ആയിരക്കണക്കിനുപേര്‍ പ്രതികരിച്ചിരിക്കുന്നു. അതിനുപുറമെ ഓണ്‍ലൈന്‍ മാധ്യമങ്ങളും ഒന്നു ചോദിക്കുകപോലും ചെയ്യാതെ എന്റെ ഫോട്ടോ എടുത്ത് വാര്‍ത്തയാക്കിയിരിക്കുന്നു. തെറിയുടെ പൂരമായിരുന്നു ആ ദിവസം. എന്റെ സുഹൃത്തുക്കള്‍ കുറെ ബുദ്ധിമുട്ടിയാണ് ആ കമന്റുകള്‍ ഡിലീറ്റ് ചെയ്തത്. ജീന്‍സ് ധരിക്കുന്ന കാലത്ത് ആരും ഒന്നും പറഞ്ഞതായി ഓര്‍മയില്ല. ജീന്‍സ് ശരീരത്തിന്റെ ഭാഗമായ ഒരു കാലമുണ്ടായിരുന്നു. യാത്രകളില്‍, തൊഴിലിടത്ത് എല്ലാം ജീന്‍സ് ധരിച്ച് പോവാറുമുണ്ടായിരുന്നു. ഇപ്പോള്‍ പെട്ടെന്ന് അതെല്ലാം മാറിമറിഞ്ഞു. ഫോട്ടോയിലെ ജീന്‍സിനുപോലും ഇത്രയധികം അസഹിഷ്ണുത വിളിച്ചുവരുത്താനായി! അതായത് ജീന്‍സ് ധരിക്കാന്‍ തുടങ്ങി പത്തിരുപതു വര്‍ഷം കഴിഞ്ഞശേഷം, ജീന്‍സ് എന്ന വസ്ത്രം പെണ്‍ജാതിക്ക് ഹാനികരമാണെന്ന് അവര്‍ പറഞ്ഞുതന്നു!

ഇതേ വാദം  അടുത്തകാലത്ത് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സെമിനാര്‍ മുറിയില്‍നിന്ന് വീണ്ടും കേട്ടു. മെഡിക്കല്‍ കോളേജിലെ ഉന്നത സ്ഥാനത്തിരിക്കുന്ന സ്ത്രീയാണ്. ജീന്‍സിനും ലഗ്ഗിങ്സിനും സ്ത്രീശരീരത്തില്‍ പ്രത്യേകതരം ഫംഗസുകള്‍ ഉണ്ടാക്കാന്‍ സാധ്യത ഉള്ളതിനാല്‍ സാരിയും ചുരിദാറുമാണ് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഉത്തമമെന്ന് അവര്‍ വാദിക്കുന്നുണ്ടായിരുന്നു. തുടര്‍ന്ന് സംസാരിച്ച എനിക്ക് പറയാനുള്ളത് ഇത്രയേ ഉണ്ടായിരുന്നുള്ളൂ. തീരെ ഫംഗസ് വരുത്താത്ത കേരളീയ വസ്ത്രം ഒറ്റമുണ്ടും നേര്യതുമായിരിക്കുമെന്നും നമ്മള്‍ സ്ത്രീകള്‍ അതിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിച്ചാലോ എന്നുമായിരുന്നു. ബ്ളൌസുപോലും ഫംഗസിനുള്ള സാധ്യതകള്‍ വരുത്തിയാലോ? ഇത്തരം         'ശാസ്ത്രീയ' നിരീക്ഷണങ്ങളെ മറ്റെങ്ങനെയാണ് നേരിടുക?

2
എന്റെ വ്യക്തിത്വത്തിനും ശരീരത്തിനും നേരെയുള്ള ആക്രമണമായാണ് ഓരോ ഓണ്‍ലൈന്‍ ആണ്‍ ആക്രോശങ്ങളും അനുഭവപ്പെടാറ്. കലുങ്കിലിരുന്ന്, പീടിക വരാന്തയിലിരുന്ന്, ആള്‍ക്കൂട്ടത്തില്‍ മുഖമില്ലാതിരുന്ന് അവര്‍ ചെയ്യുന്നത് ഇപ്പോള്‍ ഓണ്‍ലൈനില്‍ ആണെന്നുമാത്രം. മുഖം നേരിട്ട് കാണുന്നില്ലെങ്കിലും പറയുന്നവനും കേള്‍ക്കുന്നവനും കടന്നുപോകുന്നത് ആ പഴയ അവസ്ഥയിലൂടെ തന്നെയാണ്. ആങ്ങളയും അച്ഛനും ഭര്‍ത്താവുമൊക്കെയുള്ള ഒരു സ്ത്രീക്ക് ഇതൊന്നും സംഭവിക്കില്ല എന്ന വാദവുമായി വരുന്നവരോട് ഇത്രയേ പറയാനുള്ളൂ: നിങ്ങള്‍ നിങ്ങളുടെ കൂടെ ജീവിക്കുന്ന സ്ത്രീകളെ അറിഞ്ഞിട്ടില്ല എന്നും അവര്‍ക്ക് ആ മോശം അനുഭവങ്ങള്‍ നിങ്ങളോട് പറയാനുള്ള ഇടം നിങ്ങള്‍ നല്‍കിയിട്ടില്ല എന്നും അവര്‍ മോശം അനുഭവങ്ങള്‍ നിങ്ങളോട് പറയാന്‍ ശ്രമിച്ചപ്പോള്‍ നിങ്ങള്‍ക്കത് ഗൌരവപ്പെട്ട ഒന്നായി അനുഭവപ്പെട്ടില്ല എന്നുമൊക്കെയാണ്! കാരണം ഇതെല്ലാം എന്തിനിത്ര പറയുന്നു, നാട്ടില്‍ സ്വാഭാവികമായി സംഭവിക്കുന്ന കാര്യങ്ങളല്ലേ, അതങ്ങ് മറന്നേക്കണം എന്നുമൊക്കെ നിങ്ങള്‍ കരുതുന്നതുകൊണ്ടും ആണ് സ്ത്രീകള്‍ തുറന്നുപറയുമ്പോള്‍ 'കമ്പി'ക്കഥകളായി നിങ്ങള്‍ക്ക് അനുഭവപ്പെടുന്നത്.
3
ഞങ്ങള്‍ക്കന്ന് പതിനാറ് വയസ്സ് പ്രായമേ ഉള്ളൂ. കോളേജിലെ തുടക്കക്കാലം. കോളേജിലെ ആദ്യത്തെ വാര്‍ഷിക പരിപാടികള്‍ മുന്‍നിരയില്‍ത്തന്നെ ഇരുന്ന് കാണുകയാണ്. നേരം ഇരുട്ടുന്നതിനുമുമ്പ് വീട്ടിലെത്തണമെന്ന നിര്‍ദേശമുള്ളതുകൊണ്ട് ഞാനും കൂട്ടുകാരിയും പതുക്കെ എഴുന്നേറ്റ്, സ്റ്റേജിന്റെ മുന്‍വശത്തുനിന്ന് പരിപാടി കണ്ടുകൊണ്ട് കൂവിയാര്‍ത്തു ബഹളംവച്ചിരുന്ന ചേട്ടന്മാരുടെ ഇടയിലൂടെ പുറത്തുകടക്കാന്‍ ശ്രമിക്കുന്നു. ഞാന്‍ എങ്ങനെയോ  വലിയ പരിക്കില്ലാതെ പുറത്തിറങ്ങി. അവള്‍ ആ ആണ്‍കൂട്ടത്തിനിടയില്‍ പെട്ടു. എനിക്കവളുടെ കരച്ചില്‍ കേള്‍ക്കാം. ഒന്നും മനസ്സിലാവുന്നില്ല, കുറച്ചുനിമിഷം കഴിഞ്ഞ് അവള്‍ പുറത്തുവന്നു. ചുണ്ടൊക്കെ നീലിച്ചിരുന്നു. ഞങ്ങള്‍ കൈപിടിച്ച് നടന്നു. ഗേറ്റിന്റെ അരികിലെ ബെഞ്ചില്‍ അല്‍പ്പനേരം ഇരുന്നു. അവള്‍ ഒന്നും പറഞ്ഞില്ല. മിണ്ടാനുള്ള അവസ്ഥയിലല്ല എന്നെനിക്ക് അറിയാമായിരുന്നു. വീട്ടിലേക്ക് മടങ്ങിയപ്പോഴും അവള്‍ നിശ്ശബ്ദയായിരുന്നു. കണക്കില്‍ മിടുക്കിയായിരുന്നു അവള്‍. പക്ഷേ, പതുക്കെ പഠിക്കാനുള്ള താല്‍പ്പര്യം കുറഞ്ഞു. കോളേജില്‍ വരാതായി. ഒടുവില്‍ ചെറുപ്പത്തിലേ വിവാഹവും കഴിച്ചു.

കുറെ വര്‍ഷങ്ങള്‍ കടന്നുപോയി. ഞങ്ങള്‍ അപൂര്‍വമായി മാത്രം കണ്ടു, സംസാരിച്ചു. പക്ഷേ, ആ സംഭവം ഞങ്ങളുടെ സംസാരത്തില്‍ വന്നതേ ഇല്ല. വീണ്ടും അവളെ കാണുന്നത്, അവളുടെ ഭര്‍ത്താവിന്റെ മരണത്തോടനുബന്ധിച്ചാണ്. ഞങ്ങള്‍ കൈപിടിച്ച് കുറെനേരം മിണ്ടാതിരുന്നു. ഞങ്ങള്‍ ഒറ്റക്കായപ്പോള്‍ അവള്‍ ചോദിച്ചു. അന്നു വാര്‍ഷികത്തിന് പോയത് ഓര്‍മയുണ്ടോ എന്ന്? 'എനിക്ക് ആണുങ്ങളെയൊക്കെ പേടിയായിപ്പോയി. മൂപ്പര് എന്റെ അടുത്ത് കിടക്കുമ്പോള്‍ എനിക്ക് അതൊക്കെയാ ഓര്‍മ വരാറ്. മൂപ്പര് എന്നെക്കൊണ്ട് കുറെ വേദനിച്ചുകാണും. എനിക്കിതൊന്നും പറയാനും പറ്റില്ലല്ലോ'.
എനിക്കിതു കേട്ടപ്പോള്‍ ഉണ്ടായ സങ്കടം ചെറുതായിരുന്നില്ല. മി ടൂ ക്യാമ്പയിനിങ്ങിനെതിരെ ആക്രോശം നടത്തിയവര്‍ അറിയേണ്ടത് ഇതാണ്. അഞ്ച് ആങ്ങളമാരുണ്ട് അവള്‍ക്ക്. സ്നേഹസമ്പന്നരായ അച്ഛനും ഭര്‍ത്താവും ഒക്കെ ഉണ്ടായിരുന്നു. പക്ഷേ, നിങ്ങളുടെ ആള്‍ക്കൂട്ട തമാശകള്‍ക്കുള്ള വില ഇതുപോലെ ഒട്ടനവധി പെണ്‍കുട്ടികള്‍ അനുഭവിക്കുന്നുണ്ട്.
4
മോശം അനുഭവം ഉണ്ടായി എന്ന് ഒരു സ്ത്രീ പറയുമ്പോള്‍  അത് റേപ്പ്  മാത്രമാണെന്ന് കരുതുന്നവരോട് എന്താണ് പറയേണ്ടത്? 'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന് നടി' എന്നൊക്കെ ഹെഡ്ലൈന്‍ എഴുതി തയ്യാറാക്കി വീഡിയോയും ഓണ്‍ലൈന്‍ വാര്‍ത്തകളും ചമയ്ക്കുന്നവര്‍ക്ക് ഇതിന്റെ വ്യത്യാസം പലപ്പോഴും അറിയില്ല എന്നുതോന്നും. 'പോയി ചത്തൂടെ, പണ്ട് പീഡിപ്പിച്ചിട്ടുണ്ടെങ്കില്‍ അന്നുതന്നെ പ്രതികരിക്കണമായിരുന്നു' എന്നൊക്കെ  ആക്രോശിക്കുന്നവരെ കാണുമ്പോള്‍ ചിരിവരും. പ്രതികരിക്കുന്ന സ്ത്രീകളെ ഈ സമൂഹം എങ്ങനെയാണ് നേരിടാറ്? കോഴിക്കോട്ടാണ് ഞാന്‍ ജനിച്ചുവളര്‍ന്നത്. പൊതുവില്‍ മര്യാദയായി പെരുമാറുന്ന മനുഷ്യര്‍ ഉള്ള ഇടവുമാണത്. എങ്കിലും സ്ത്രീ വിരുദ്ധതയുടെ കാര്യത്തില്‍ മറ്റെല്ലാ ചെറുനഗരവും പോലെ കോഴിക്കോടും ഒട്ടും പിന്നിലല്ല.

സ്ഥലം മാനാഞ്ചിറ. സ്കൂളിനും ഗവണ്‍മെന്റ് ഓഫീസിനും മുമ്പിലുള്ള ബസ്സ്റ്റോപ്പ്. കിളിയുടെ നിയന്ത്രണത്തിലാണ് മിക്ക ബസ്സുകളും. അയാളുടെ വൃത്തികെട്ട കൈയുടെ രുചി അറിയാത്ത സ്ത്രീകള്‍ കുറവായിരിക്കും. സ്ത്രീശരീരത്തില്‍ പിച്ചുക, തലോടുക, അമര്‍ത്തുക എന്നതില്‍ ഒരു പിശുക്കും കാണിക്കാറില്ല. എല്ലാവരും നോക്കിനില്‍ക്കെ അറിയാതെ പറ്റിപ്പോയതെന്ന മട്ടില്‍ അയാള്‍ ഇതൊക്കെ ചെയ്തിരിക്കും. അതനേക്കാള്‍ അപകടംപിടിച്ചതാണ് ചെറിയ പെണ്‍കുട്ടികളെ ഉപദ്രവിക്കാനായി പാസ് എടുത്ത് കയറുന്ന ചെറുപ്പക്കാര്‍. ബസ്സില്‍ കയറുമ്പോള്‍ കൃത്രിമമായി തിരക്കുണ്ടാക്കി അവര്‍ കയറിപ്പിടിക്കും. ആരെന്നു കണ്ടുപിടിക്കാനോ, ഒരു തീപാറുന്ന നോട്ടം കൊണ്ടുപോലും പ്രതികരിക്കാനോ അവര്‍ക്കാവില്ല. അപമാനവും മോശമനുഭവം ഉണ്ടാക്കുന്ന ഉള്‍ക്കിടിലവും അവരെ തകര്‍ത്തുകളയും.

ഇനി പ്രതികരിച്ചാല്‍ എന്തു സംഭവിക്കുമെന്നും നോക്കാം. പത്തൊമ്പതു വയസ്സുള്ള എന്നെ ഒരുത്തന്‍ ഇതുപോലെ കയറിപ്പിടിക്കുന്നു. അപമാനംകൊണ്ട് ആള്‍ക്കൂട്ടത്തിനിടയില്‍ ഞാന്‍ ഉറക്കെ ബഹളംവയ്ക്കുന്നു. അവന്റെ കൈ മുറുകെ പിടിച്ചുവലിച്ച് അവനെ രക്ഷപ്പെ ടാന്‍ അനുവദിക്കാതിരിക്കുന്നു. ഞങ്ങള്‍ ഒരു ആള്‍ക്കൂട്ടമായി ചെന്ന് ഈ കക്ഷിയെ പൊലീസില്‍ ഏല്‍പ്പിക്കുന്നു. സ്റ്റേഷനില്‍ പൊലീസുകാരന്മാര്‍ ഈ സന്ദര്‍ഭം ഒരു തമാശയാക്കാന്‍ തീരുമാനിച്ചതുപോലെയായിരുന്നു പിന്നീട് പെരുമാറിയത്. എന്നോട് വിശദമായി എവിടെ പിടിച്ചു, എപ്പോള്‍, എങ്ങനെ എന്നൊക്കെ ചോദിച്ചറിയുന്നു. പിന്നെ പതിനെട്ടു വയസ്സുപോലുമില്ലാത്ത ആ പയ്യനെ ചോദ്യം ചെയ്യുന്നു. ഒരു പൊലീസുകാരന്‍ എന്റെ റോള്‍ ചെയ്യുന്നു, അദ്ദേഹം കുണുങ്ങി കുണുങ്ങി നടന്നുവരുന്നു, ബസ്സില്‍ കയറുന്നതുപോലെ അഭിനയിക്കുന്നു, അപ്പോള്‍ ഇവന്‍ കയറിപ്പിടിക്കണം. പിടിക്കുന്നത് കൃത്യമല്ലെങ്കില്‍ അടികിട്ടും. കൂടുതല്‍ കാണാന്‍ എനിക്ക് പറ്റിയില്ല. എന്റെ തല അപമാനംകൊണ്ട് താഴ്ന്നിരുന്നു.

ഒരു പരാതിയുമില്ലെന്ന് പറഞ്ഞ് ഞാനവിടെ നിന്ന് അപ്രത്യക്ഷയായി. യാത്രക്കിടയില്‍, ഉത്സവങ്ങള്‍ക്കിടയില്‍, കുടുംബകൂട്ടായ്മകളില്‍, ജോലിസ്ഥലത്ത്, എല്ലാം ഇത്തരം മോശപ്പെട്ട അനുഭവങ്ങളിലൂടെ കടന്നുപോകുന്നു. ചിലപ്പോള്‍ പ്രതികരിക്കുകയും കൂടുതല്‍ അപമാനിതരായി മിണ്ടാതാവുകയും ചെയ്യുന്നു. ഇത്തരമൊരു അവസരം വന്നപ്പോള്‍ അവരെല്ലാവരും ഉറക്കെ പറഞ്ഞു, 'മി ടൂ' എന്ന്. അസ്വസ്ഥരായ ആണ്‍കൂട്ടം കൂടുതല്‍ ആക്രോശത്തോടെ വീണ്ടും അപമാനിക്കുന്നു. പക്ഷേ, ഈ തുറന്നുപറച്ചില്‍, 'ഇതൊക്കെ അപൂര്‍വമായ ചില മോശം അനുഭവം' മാത്രമല്ല എന്ന് നമുക്ക് കാണിച്ചുതന്നു. ഗൌരവപ്പെട്ട സംഭവത്തിന്റെ വ്യാപ്തി നമുക്ക് മുമ്പിലേക്ക് തുറന്നുവന്നു. ഇപ്പോള്‍ കണ്ണുതുറക്കാത്തവര്‍ ഒരിക്കലും കണ്ണു തുറക്കില്ല. കാരണം അവര്‍ അറിഞ്ഞുകൊണ്ട് കണ്ണടച്ച് ഇരുട്ടാക്കുകയാണ്.

5

സ്ത്രീകളെ പ്രതികരിക്കാതെ നിശ്ശബ്ദരാക്കുക എന്ന തന്ത്രമാണ്  സൈബര്‍ ആക്രമണങ്ങള്‍ ഈ അടുത്തകാലത്ത് പരീക്ഷിച്ചത്. തന്റെ പീഡനാനുഭവങ്ങള്‍ തുറന്നുപറഞ്ഞ ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്കും അവളോടൊപ്പം നിന്ന ഞങ്ങള്‍ക്കും നേരെ തൊടുത്തുവിട്ട നീചമായ ആക്രമണത്തെ നിസ്സാരമായി  കാണാനാവില്ല. സ്ത്രീകള്‍ കൂട്ടം കൂടുന്നതും പ്രതികരിക്കുന്നതും അവരെ അസ്വസ്ഥരാക്കി. ഇനി ഒരിക്കലും ഇത്തരം ഒരു വെളിപ്പെടുത്തലുമായി ഒരു സ്ത്രീയും വരരുതെന്ന വാശിയോടെയായിരുന്നു ആ ആക്രമണം. ചോദ്യം ചെയ്യുന്നവരെ തൊഴിലിടത്തുനിന്നു മാറ്റിനിര്‍ത്തിയും തൊഴില്‍ നിഷേധിച്ചും മാനസികമായി തളര്‍ത്തിയും ഈ ആണ്‍ലോകം ചെറുത്തുനില്‍ക്കുകയാണ്. കേരളത്തില്‍ 'മി ടൂ' ക്യാമ്പയിന് ഇന്നത്തെ സാമൂഹിക സാഹചര്യത്തില്‍ ഏറെ പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പതിവ് ഓണ്‍ലൈന്‍ ക്യാമ്പയിന്‍ ആയി മാറാതെ ഒട്ടേറെ സ്ത്രീകള്‍ പ്രതികരിക്കുന്നതിന് ഇത് ഇടയാക്കിയത് .

(ദേശാഭിമാനി വാരികയില്‍ നിന്ന് )
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top