23 February Friday

പാട്ടൊഴുകുന്ന ജീവിതം

കെ പി ജൂലി julienvami 717@gmail.comUpdated: Sunday Oct 22, 2023

പാട്ടിന്റെ വിചിത്രവഴികളിലൂടെയാണ്‌ മേന മേലത്തിന്റെ ജീവിതം. ‘കഠിനകഠോരമീ അണ്ഡകടാഹം’ സിനിമയിലെ ‘യാ റബ്ബേ’ എന്ന പാട്ടിലൂടെ പ്രേക്ഷകരുടെ ഉള്ളുലച്ച ഗായിക സംഗീതസംവിധാനത്തിന്റെ തിരക്കിലാണ്‌ ഇപ്പോൾ. മലയാള സിനിമയിൽ സംഗീതസംവിധായികയായി തിളങ്ങുകയാണ്‌ കാസർകോട്‌ നീലേശ്വരത്തെ മേന മേലത്ത്‌. ശങ്കർ രാമകൃഷ്ണൻ തിരക്കഥയെഴുതി ഗുരു സോമസുന്ദരം, ഉർവശി, ഭാവന തുടങ്ങിയ മുൻനിര താരങ്ങൾ അണിനിരന്ന റാണി സിനിമയുടെ പാട്ടുകൾ ഒരുക്കിയത് ഈ ഇരുപത്തിനാലുകാരിയാണ്. മേന സംസാരിക്കുന്നു:

സിനിമയിലേക്കുള്ള വഴി

‘കൊച്ചി അമൃതയിൽ മാസ്‌ കമ്യൂണിക്കേഷൻ  ബിരുദാനന്തരബിരുദ പഠനത്തിന്റെ ഭാഗമായി ഒരു സിനിമയിൽ സുദീപ് പാലനാടിന്റെ സംവിധാനസഹായിയായി പ്രവർത്തിച്ചിരുന്നു. ആ സിനിമയിൽ ശങ്കർ രാമകൃഷ്ണൻ വേഷം ചെയ്തിരുന്നു. സംഗീതം ചെയ്യാൻ താൽപ്പര്യമുള്ള കക്ഷിയാണെന്നു പറഞ്ഞാണ് എന്നെ സുദീപ് ശങ്കറിന് പരിചയപ്പെടുത്തിയത്. ഒരു പാട്ട്‌ കേൾക്കട്ടെയെന്നു പറഞ്ഞപ്പോൾ ഞാൻ മുമ്പ്‌ ചെയ്തുവച്ച പാട്ട്‌ കേൾപ്പിച്ചു. റാണിയിൽ കേട്ട "പറന്നെ പോ’എന്ന പാട്ട്.  അത്‌ അദ്ദേഹത്തിന് ഇഷ്ടമായി. പിന്നീട് റാണിയുടെ എഴുത്തിനിടെ അദ്ദേഹം എന്നെ ഈ സിനിമയിലേക്ക് വിളിക്കുകയായിരുന്നു. കോവിഡിന്‌ മുമ്പായിരുന്നു ഇത്. ആ പാട്ടാണ് സിനിമയിലേക്കുള്ള വഴിതുറന്നത്.  ചെറുപ്രായത്തിൽത്തന്നെ  സ്വതന്ത്രമായി വർക്ക്‌ ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. അതും ഒരു സിനിമയ്ക്കുവേണ്ടി മുഴുവൻ പാട്ടുകളും ഒരുക്കാൻ കഴിഞ്ഞതിൽ. അതൊരു അപൂർവ നേട്ടമാണെന്ന് പലരും പറഞ്ഞു. റാണിയിലെ രണ്ടു പാട്ടിന്‌ വരിയൊരുക്കിയത് ഞാനാണ്.

അധ്യാപിക

റാണിക്ക് പാട്ടുകളൊരുക്കിയശേഷം മൂന്നുവർഷം ഗ്യാപ് വന്നു. കോവിഡ്‌ മൂലം എല്ലാം പ്രതിസന്ധിയിലായി ഷൂട്ട് നിർത്തിവച്ച കാലം. ആ സമയത്ത് മംഗളൂരുവിൽ കോളേജിൽ അധ്യാപികയായി ജോലി കിട്ടി. ആയിടെയാണ് നിർത്തിവച്ച ഷൂട്ട് വീണ്ടും തുടങ്ങുകയാണെന്നു പറഞ്ഞ്‌  തിരുവനന്തപുരത്തുനിന്ന് ശങ്കർ സാർ വിളിച്ചത്. പിന്നെ എല്ലാ വാരാന്തങ്ങളിലും തിരുവനന്തപുരത്തേക്ക്‌ യാത്ര ചെയ്തു. അന്നത്‌ പ്രയാസമായിരുന്നില്ല. ഇപ്പോൾ രണ്ടും ഒരുമിച്ചുകൊണ്ടുപോകാൻ കഴിയാത്തതിനാൽ അധ്യാപന ജോലി രാജിവച്ചു. 

‘കഠിനകഠോരമീ അണ്ഡകടാഹം’  സിനിമയിലെ പാട്ടാണ് ഗായികയെന്ന നിലയിൽ ആദ്യം റിലീസ് ചെയ്തത്. ഗോവിന്ദ് വസന്ത ഈണമിട്ട ‘യാ റബ്ബേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഞാൻ ആദ്യം ചെയ്ത വർക്ക് റാണിയുടേത്‌ ആയിരുന്നെങ്കിലും പല കാരണത്താൽ സിനിമ വൈകി. ‘കഠിനകഠോരമീ അണ്ഡകടാഹം’  സിനിമ പെട്ടെന്നു വന്ന വർക്കായിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് ആ പാട്ടുപാടുന്നത്. ഞാൻ ചെയ്ത ചില ട്രാക്കുകൾ സ്പോട്ടിഫൈ ആപ്പിൽ ഇടുന്നുണ്ടായിരുന്നു. എന്റെ സുഹൃത്ത് നവീൻ ഭാവദാസനാണ് ട്രാക്ക് ഗോവിന്ദേട്ടന് അയച്ചുകൊടുത്തത്, കഴിഞ്ഞ മാർച്ചിൽ. പാട്ട് കേട്ടിട്ട് നല്ല അഭിപ്രായം പറഞ്ഞെങ്കിലും സിനിമയിൽ പാടാൻ വിളിക്കുമെന്ന് പ്രതീക്ഷിച്ചില്ല. അപ്രതീക്ഷിതമായി അദ്ദേഹത്തിന്റെ വിളിയെത്തി.

വഴിത്തിരിവ്‌

‘യാ റബ്ബേ’ എന്റെ ജീവിതത്തിൽ വലിയ വഴിത്തിരിവായിരുന്നു. ആ പാട്ടിന് വളരെ ഇമോഷണലായ പ്രതികരണങ്ങൾ ലഭിച്ചു. ഞാനിതുവരെ ചെയ്‌തതിൽ ഏറ്റവും കംഫർട്ടബിളായ വർക്കായിരുന്നു അത്. പാട്ട് നന്നായി സ്വീകരിക്കപ്പെട്ടെങ്കിലും പാടിയത് ഞാനാണെന്ന്‌ അധികമാർക്കും അറിയില്ല. ആ സിനിമയ്ക്ക് വലിയ പ്രൊമോഷനൊന്നും ഉണ്ടായില്ല. അതൊരു സങ്കടമാണ്. ചെറുപ്പംമുതൽ പാട്ടുകേട്ട്‌ പഠിക്കുമായിരുന്നു. കർണാടക സംഗീതം പഠിച്ചിട്ടുണ്ട്‌. അന്തരിച്ച സംഗീതജ്ഞൻ രാജൻ മാനൂരിയായിരുന്നു മൂന്നാം വയസ്സിൽ ആദ്യഗുരു. രാഗലയം സുനിൽകുമാർ, കാഞ്ഞങ്ങാട് ടി പി ശ്രീനിവാസൻ എന്നിവരുടെ ശിക്ഷണം പിന്നാലെ ലഭിച്ചു. ഇപ്പോൾ ശ്രീവൽസൻ ജെ മേനോന്റ കീഴിലാണ് പഠനം.

സിനിമ പണ്ടുമുതലേ ഇഷ്ടമായിരുന്നു. ചെറുപ്പംമുതലേ ആർട്ട്‌ തന്നെയായിരുന്നു താൽപ്പര്യവും. എന്റെ പേര് സ്ക്രീനിൽ എഴുതിക്കാണിക്കുന്ന ദിവസം എന്നാകും വരിക എന്നൊരു മോഹം വരും. അതു സാധ്യമാകുന്ന ദിവസം വരണേ എന്ന ആഗ്രഹത്തോടെയാണ് അന്നൊക്കെ തിയറ്ററിൽനിന്ന്‌ ഇങ്ങാറ്. കന്നടയിൽ രാജ് ബി ഷെട്ടി അഭിനയിക്കുന്ന  സിനിമയിൽ  ഒരു പാട്ട് ചെയ്യുന്നുണ്ട്.  അതാണ് പുതിയ വർക്ക്. പാടുന്നതും  ഞാൻ തന്നെ. എന്റെ സംഗീതം ആളുകൾ കേൾക്കണമെന്നാണ് ആഗ്രഹം. റിട്ട. അധ്യാപകനും നാടകപ്രവർത്തകനും പ്രഭാഷകനുമായ നീലേശ്വരം നെല്ലിയടുക്കത്തെ എം കെ ഗോപകുമാറിന്റെയും അധ്യാപിക അനിത മേലത്തിന്റെയും  മകളാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top