വർണനൂലുകളിൽ ജീവിതം നെയ്യുകയാണ് മോന ഈസ. ജീവിതയാത്രയിൽ കണ്ടുമുട്ടിയ മുഖങ്ങളെ നൂലുകളാലാണ് തൃപ്പൂണിത്തുറ സ്വദേശിയായ ഈ മുപ്പത്തിരണ്ടുകാരി ക്യാൻവാസിലേക്ക് പകർത്തുന്നത്. കോവിഡ് കാലത്ത് പരീക്ഷണമെന്ന നിലയിൽ ആരംഭിച്ച നൂൽചിത്രങ്ങൾക്കിപ്പോൾ മോനയുടെ ജീവിതവുമായി അത്രയേറെ ഇഴയടുപ്പമുണ്ട്. കണ്ണൂർ മഹാത്മാമന്ദിരത്തിലെ ഏകാമി ഗ്യാലറിയിൽ നടന്ന ജലനേത്രം ചിത്രപ്രദർശനത്തിൽ അമ്മയും കോഴിയുമെന്ന ചിത്രം ഏറെ പ്രശംസ നേടി.
നൂലും ജീവിതവും
നൂലും മോനയുടെ ജീവിതവും ഏറെ ബന്ധപ്പെട്ടാണ് കിടക്കുന്നത്. അമ്മ രാധയ്‌ക്ക് തയ്യലാണ് ജോലി. അതിനാൽ കുഞ്ഞിലേ കൈത്തുന്നലിൽ നല്ല പ്രാവീണ്യം ലഭിച്ചു. കോവിഡ് കാലത്ത് വീട്ടിൽ അടച്ചുപൂട്ടപ്പെട്ടപ്പോഴാണ് പുതിയ പരീക്ഷണമെന്ന നിലയിൽ നൂൽകൊണ്ടുള്ള ചിത്രത്തിലേക്ക് തിരിഞ്ഞത്. മസാക്ക കിഡ്‌സിനെയാണ് ആദ്യം നൂലിൽ ചെയ്‌തത്. അത് പൂർത്തിയാക്കിയപ്പോൾ ആ ചിത്രത്തിന് രണ്ട് വ്യത്യസ്‌തമായ തലങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കി. അത് ചിത്രകാരിയെന്ന നിലയിൽ ഏറെ സന്തുഷ്‌ടയാക്കി. ഇതോടെയാണ് കൂടുതൽ നൂൽ ചിത്രങ്ങളിലേക്ക് തിരിഞ്ഞത്. മലാലയുടേതുൾപ്പെടെ നിരവധി പോർട്രെയിറ്റുകളും ചെയ്‌തു.
അമ്മയും കോഴിയും
നമ്മുടെ ചുറ്റുമുള്ള എല്ലാം മറ്റൊന്നിനോട് ബന്ധപ്പെട്ടാണ് നിൽക്കുന്നതെന്ന ആശയമാണ് ഈ ചിത്രം. എന്റെ അമ്മയെയും അമ്മയുടെ സ്വന്തം പൂവനെയുമാണ് ക്യാൻവാസിലേക്ക് പകർത്തിയിരിക്കുന്നത്. അവർക്ക് തമ്മിൽ പ്രത്യേക ബന്ധമാണ്. അമ്മയെ മാത്രമേ ഈ പൂവൻ അടുപ്പിക്കുകയുള്ളൂ. അമ്മയ്‌ക്കും കോഴിയോട് പ്രത്യേക മമതയാണ്. അമ്മയുടെ ജീവിതപോരാട്ടങ്ങളും വ്യക്തമാക്കുന്ന ചിത്രമാണിത്. തനിച്ച് വളരെയധികം കഷ്‌ടപ്പാടിലൂടെ കുടുംബം പുലർത്തുന്ന ഒട്ടേറെ സ്‌ത്രീകളുടെ പ്രതീകം കൂടിയാണ് ഈ ചിത്രം. ചിത്രത്തിലെ തുണികൾ ആവശ്യമുള്ള നിറം ചേർത്ത് കൊളാഷ് ചെയ്‌ത് തുന്നിയെടുത്തതാണ്. നാലാഴ്‌ചയെടുത്താണ് ചിത്രം പൂർത്തിയാക്കിയത്.
മോന ഈസ എന്ന പേര്
"ഈസ എന്ന പേരിനോടുള്ള ഇഷ്ടത്തിൽ നിന്നുണ്ടായതാണ്. എന്റെ പേര് മോന എന്നാണ് അതിനോടൊപ്പം ഈസ എന്നുകൂടി ചേർത്തു. മോണാലിസയോടുള്ള സാദൃശ്യം കൊണ്ടാണോ ഈ പേര് ചേർത്തതെന്ന് പലരും ചോദിച്ചു. പക്ഷേ അതല്ല ഇത് തികച്ചും യാദൃശ്ചികമാണ്. തൃപ്പൂണിത്തുറ ആർ എൽ വി കോളേജിലാണ് ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. കുട്ടികൾക്കായി ഡ്രീം ക്യാച്ചർ എന്ന ആർട്സ് സ്കൂൾ ആരംഭിച്ചിരുന്നു. കോവിഡിന് ശേഷം കൂടുതലും ചിത്രരചനയിലാണ് ശ്രദ്ധ ചെലുത്തിയത്. കൊച്ചി ബിനാലെയിൽ ഗെയിം ഓഫ് സർവൈവൽ എന്ന പേരിൽ നൂൽ കൊണ്ടുള്ള പോർട്രെയ്റ്റാണ് ചെയ്തത്. കോവിഡ് കാലത്തുള്ള ചെറുത്തു നിൽപ്പ് വിഷയമാക്കിയാണ് ചിത്രങ്ങൾ നൂലുകൊണ്ട് തയ്യാറാക്കിയത്. ഇതേ ചിത്രങ്ങൾ ഡൽഹിയിലും പ്രദർശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..