12 August Friday

പി കെ റോസി ഒരു പ്രക്ഷോഭത്തിന്റെ പേര്‌

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019

ഭാഷയുടെയും സംസ്കാരത്തിന്റെയും ചിഹ്നങ്ങള്‍ കൊണ്ട് ഏറ്റവുമധികം കളിക്കുന്ന യാഥാസ്ഥിതിക സിനിമാലോകത്തു നിന്നിറങ്ങി വന്ന്, കൃത്യമായ രാഷ്ട്രീയപ്രവര്‍ത്തനമെന്തെന്ന് തെളിയിക്കുകയാണ് മലയാളസിനിമയിലെ ചിന്താശേഷിയുള്ള പെണ്ണുങ്ങളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. ഒരു പെണ്‍കൂട്ടായ്മയുടെ രാഷ്ട്രീയസാദ്ധ്യതകള്‍ അന്വേഷിക്കുകയും പ്രയോഗിക്കുകയും ചെയ്യുക എന്നതാണ് ഒരു പ്രത്യേകസാമൂഹിക സാഹചര്യത്തില്‍ രൂപം കൊണ്ട ഈ സംഘടനയുടെ പ്രഖ്യാപിതലക്ഷ്യം. അധികാരത്തിന്റെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്തുതന്നെയാകണം വര്‍ത്തമാനകാലത്ത് സിനിമ എന്ന ജനകീയമാധ്യമം അതിന്റെ രാഷ്ട്രീയം വെളിപ്പെടുത്തേണ്ടത് എന്ന ഉത്തമബോദ്ധ്യം അവര്‍ തെളിയിച്ചത്  മലയാളത്തിലെ ആദ്യനായിക പി. കെ. റോസിയുടെ പേരിലുള്ള ഫിലിം സൊസൈറ്റിക്ക് രൂപം കൊടുത്താണ്‌. തങ്ങളുടെ സംഘടനയുടെ ആന്തരികഘടന തികഞ്ഞ മാനവികതാബോധത്തില്‍ അടിയുറച്ചതാണെന്ന് ഈ തീരുമാനത്തിലൂടെ അവര്‍ തെളിയിക്കുകയാണ്.

1928 ല്‍ ഒരു ദളിതസ്ത്രീ സിനിമയില്‍ നായര്‍ സ്ത്രീയെ അവതരിപ്പിച്ചതും സിനിമാ പ്രദര്‍ശനം കാണാന്‍ ആ നടി പ്രദര്‍ശനസ്ഥലത്തെത്തിയതുമാണ് അന്നത്തെ സവര്‍ണ്ണമാടമ്പിമാരെ പ്രകോപിപ്പിച്ചത്. പുരുഷാധിപത്യവും ജാത്യാധിപത്യവും ഇന്നും അത്രതന്നെ ശക്തിയില്‍ കൊടികുത്തിവാഴുന്ന മലയാളസിനിമയില്‍, മുള്ളിനെ മുള്ളു കൊണ്ടെടുക്കുക എന്ന ഈ തന്ത്രം കലാപരവും ബുദ്ധിപരവും ധീരവുമാണ്. കല എങ്ങനെയാണ് സാംസ്കാരിക രാഷ്ട്രീയ സംവാദത്തിനുള്ള വേദി കൂടിയാകുന്നത് എന്നതിന് ഉച്ചത്തിലുള്ള സിനിമാഡയലോഗുകളല്ല, കൃത്യമായ ലക്ഷ്യങ്ങള്‍ നിർവചിച്ചുള്ള ബോധകപ്രവര്‍ത്തനങ്ങളാണുണ്ടാകേണ്ടത്. സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന അരാഷ്ട്രീയതകളെ മനോഹരമായി തോല്‍പ്പിക്കുന്നതിന് കലാകാരികള്‍ തെരഞ്ഞെടുത്ത  ഈ വഴിക്ക് അതുകൊണ്ടു തന്നെ ഒരടിയന്തിര സ്വഭാവവും ഉണ്ട്.  സിനിമയെന്ന കാല്‍പനികസുന്ദരലോകത്തിന്റെ മായികതകളില്‍ നിന്ന് യാഥാര്‍ഥ്യങ്ങളിലേക്ക് ജാഗ്രതയോടെ ഉണര്‍ന്നവരുടേതാണല്ലോ ഈ പെണ്‍ശക്തി.

അധഃസ്ഥിതരാക്കപ്പെട്ട  ഒരുപാട് സഹജീവികളുടെ കണ്ണീരു വീണയിടത്തു നിന്നാണ് തങ്ങള്‍ തുടങ്ങുന്നത് എന്ന ബോധ്യം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്തും ഉത്തരവാദിത്തബോധവും നല്‍കുന്നു. കലയുടെ പ്രായോഗികധര്‍മ്മം ഇതുതന്നെയാണ്. അധീശവ്യവസ്ഥയോടുള്ള സമരപ്രഖ്യാപനമാണിത്. സ്ത്രീയവസ്ഥയുടെ ജാതീയവും വര്‍ഗ്ഗീയവുമായ ഘടകങ്ങള്‍ കൂടി വിമന്‍ ഇന്‍ സിനിമാ കളക്ടീവ് ചര്‍ച്ച ചെയ്യുകയും പ്രതിരോധങ്ങള്‍ തീര്‍ക്കുകയുമാണ് എന്നത് അഭിമാനകരമാണ്. സവര്‍ണ്ണ ഭാഷയിലും സവര്‍ണ്ണ സൗന്ദര്യസങ്കല്‍പങ്ങളിലും മാത്രം അഭിരമിക്കുന്ന മലയാളസിനിമക്ക് ഈ കൂട്ടായ്മ നല്‍കുന്ന പ്രതീകാത്മകമായ ഒരു പ്രഹരമാണ് പി കെ റോസിയുടെ പേരിലുള്ള ഫിലിം സൊസൈറ്റി. തങ്ങളുടെ ആദിമാതാവ് ഏറ്റു വാങ്ങിയ പ്രഹരങ്ങള്‍ക്ക് പിന്‍തലമുറ ചെയ്യുന്ന ഒരു പ്രതികാരം. തായ്കുലത്തോട് കരുമം കാട്ടിയവര്‍ക്കെതിരെ തായ്മക്കള്‍ ഒരുമിക്കുന്നതിങ്ങനെയാണ്.

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ സാറാജോസഫിന്റെ  ‘ഒരു ചീത്ത സിനിമയുടെ ഷൂട്ടിംഗ്' എന്ന കഥയെ ഓര്‍മ്മയില്‍ കൊണ്ടുവരുന്നു. ‘ഇതൊരു ചീത്ത സിനിമയാണ്, ഞാനൊരു ചീത്ത സംവിധായികയാണ്' എന്നോര്‍മ്മിപ്പിക്കുന്ന ലീലാബായി എന്ന സംവിധായികയാണ് ഈ സിനിമയിലെ പ്രധാനകഥാപാത്രം. സിനിമയെക്കുറിച്ചുള്ള എല്ലാ മിഥ്യകളെയും തകര്‍ത്ത്‌ യാഥാര്‍ഥ്യബോധമുള്ള ഒരു സിനിമയെടുക്കാനുള്ള ശ്രമത്തിലാണ് ലീലാബായി. പക്ഷേ അതത്ര എളുപ്പമല്ല. കാരണം അത്രമേല്‍ പഴകിയ, ആവര്‍ത്തിക്കപ്പെട്ട, ഉറച്ചുപോയ ആശയങ്ങളോടാണവര്‍ക്ക് യുദ്ധം ചെയ്യേണ്ടത്. അനേകം പുരുഷൻമാരാല്‍ കടിച്ചുകീറപ്പെട്ട, തകര്‍ന്നിടിഞ്ഞ മുലകളുള്ള ഒരു സ്ത്രീയെയാണ് സിനിമക്കു വേണ്ടത്. പക്ഷേ, ആണ്‍കോയ്മയുടെ മാത്രം ഉപകരണമായി സ്വയം സങ്കല്‍പിച്ചു ശീലിച്ച നടിയെ ആ ബോധത്തില്‍ നിന്ന് വിടുവിക്കുവാന്‍ എത്ര ശ്രമിച്ചിട്ടും ലീലാബായിക്ക് കഴിയുന്നില്ല. മുലകളെ ക്ഷോഭിപ്പിക്കാനൊന്നും തനിക്കറിഞ്ഞുകൂടെന്നു പറയുന്ന നടിയെ ഞെട്ടിച്ചു കൊണ്ട് ലീലാബായി തന്റെ ബ്ലൗസ് വലിച്ചു കീറി, ഉണങ്ങിയതും അല്ലാത്തതുമായ അനേകം മുറിവുകളും ചതവുകളുമുള്ള തന്റെ മുലകളെ നിറഞ്ഞ വെളിച്ചത്തില്‍ പ്രദര്‍ശിപ്പിക്കുകയാണ്. അധികാരത്തിന്റെ നോട്ടങ്ങളോട് സമരം പ്രഖ്യാപിക്കുന്ന; അപ്രമാദിത്വങ്ങളെ ചോദ്യം ചെയ്യുന്ന ഒരു സംഘടനയോട് ഐക്യപ്പെടുക എന്നാല്‍,  നിറയെ മുറിവുകളും ചതവുകളും ഏറ്റുവാങ്ങി മുന്നേ നടന്നു പോയവരോട് ഐക്യപ്പെടുക എന്നു തന്നെയാണ്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top