24 April Wednesday

റംസാന്‍ ഓര്‍മയില്‍ അലിഞ്ഞ് മാളിയേക്കല്‍ മറിയുമ്മ

പി ദിനേശന്‍Updated: Thursday Jun 22, 2017

തലശേരി > മാളിയേക്കല്‍ തറവാട്ടിലെ കനാത്തറയില്‍ സുപ്രയിട്ടായിരുന്നു അന്നൊക്കെ നോമ്പുതുറ. ജാതിമതഭേദമില്ലാതെ വരുന്നവര്‍ മുഴുവന്‍ നോമ്പുതുറയില്‍ പങ്കെടുക്കുമായിരുന്നു. റമദാന്‍മാസവും കൊട്ടിയൂര്‍ഉത്സവവും ഒന്നിച്ച് വരുമ്പോള്‍ നോമ്പ്തുറക്ക് ആളുകള്‍ കൂടും. കൊട്ടയൂരിലേക്ക് ഇളനീര്‍കാവുമായി പോവുന്ന തീര്‍ഥാടകരടക്കം നോമ്പുതുറയില്‍ പങ്കെടുത്തിരുന്നു. തലശേരിയിലെ പുരാതനകുടുംബമായ മാളിയേക്കല്‍തറവാട്ടിലെ മറിയുമ്മയുടെ ഓര്‍മയില്‍ പോയകാല നോമ്പിലൂടെ തെളിയുന്നത് മാനവസാഹോദര്യത്തിന്റെ നല്ലനാളുകള്‍ കൂടിയാണ്.

അന്നപാനീയങ്ങള്‍ വെടിഞ്ഞുള്ള നോമ്പിന് ശേഷമുള്ള കുടുംബത്തിന്റെ കൂടിചേരലായിരുന്നു ഓരോ നോമ്പുതുറയുമെന്ന് മറിയുമ്മ പറഞ്ഞു. പള്ളിയില്‍ നിന്ന് ബാങ്ക്വിളിച്ചാല്‍ ചെറിയനോമ്പുതുറയാണ്. കാരയ്ക്കയും തരികാച്ചിയതും ജ്യൂസും ഡ്രൈഫ്രൂട്ട്സും അടക്കം ലഘുവിഭവങ്ങള്‍. മഗ്രീബ് നിസ്കാരം കഴിഞ്ഞ് തിരിച്ചെത്തിയ ശേഷമാണ് ശരിക്കുള്ള നോമ്പുതുറ. പുതിയാപ്ളമാരും കാരണവന്മാരും അതിഥികളും ഉള്‍പ്പെടെ ഉമ്മറത്തെ രണ്ട് കനാത്തറയിലുമായി ഇരുന്നാണ് നോമ്പ്തുറക്കുക. തറവാട്ടിന് മുന്‍പിലെ പീടികയുടെ മുകളിലായിരുന്നു അന്ന് സിപിഐ എം മണ്ഡലംകമ്മിറ്റി ഓഫീസ്. സി എച്ച് കണാരന്‍ ഓഫീസിലുണ്ടെങ്കില്‍ നോമ്പുതുറക്ക് മാളിയേക്കലെത്തുമായിരുന്നു.

ഓരോ നോമ്പ്തുറക്കും പ്രത്യേകമായ എന്തെങ്കിലും വിഭവങ്ങളുണ്ടാവും. അരിപ്പത്തിരി, വാട്ടിപ്പത്തിരി, പൂരി, തിരൂളറൊട്ടി, കക്കറൊട്ടി, മീന്‍മസാലചേര്‍ത്ത പുഴുങ്ങലറൊട്ടി, മുട്ടസിര്‍ക്ക, നെയ്പത്തിരി, കാസര്‍കോടന്‍അരിദോശ, ഗോതമ്പ്ദോശ, തേങ്ങാപാല്‍ചേര്‍ത്തുള്ള കിച്ചരി, ആടിന്റെ തലയും കരളും തലയും ഉപയോഗിച്ചുള്ള വിഭവങ്ങള്‍, കോഴിനിറച്ച കറി...അങ്ങനെ ഓരോ ദിവസവും മാറിമാറിയുള്ള വിഭവങ്ങള്‍. ഉമ്മ മാഞ്ഞുമ്മ സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കുമായിരുന്നുവെന്ന് മറിയുമ്മ പറഞ്ഞു.

തറാവിഹ്നിസ്കാരം കഴിഞ്ഞാല്‍ കുടിക്കാന്‍ വലിയചെമ്പിലാണ് കഞ്ഞിയുണ്ടാക്കുക. കായപ്പുഴുക്കും മീന്‍മുളകിട്ടതുമുണ്ടാവും. രാത്രി മധുരച്ചോറും ചപ്പാത്തിയും ബിരിയാണിയും. പുലര്‍ച്ചെ മൂന്ന്മണിക്ക് ഉണരും. അത്താഴത്തിന് ചോറും കറികളുമായിരുന്നു അന്ന്. ഇതിന് പുറമെ പുഴുങ്ങിയതോ ചുട്ടതോ ആയ നേന്ത്രപ്പഴവും. നേരം വെളുക്കുവോളം ഖുര്‍ആന്‍ പാരായണം. അതിന്റെ ഈണത്തില്‍ ഉറങ്ങുന്ന കുട്ടികള്‍. പ്രത്യേകമായ ദിനചര്യയും ഭക്ഷണക്രമവുമാണ് നോമ്പുകാലം സൃഷ്ടിക്കുന്നത്.

അണുകുടുംബമായതോടെ ഇപ്പോള്‍ ഇന്‍സ്റ്റന്റ് നോമ്പുതുറയാണ്. ബെയ്ക്കറികളില്‍ തന്നെ മിക്കവാറും വിഭവങ്ങള്‍ കിട്ടും. പണ്ടത്തെ പലഹാരങ്ങള്‍ പരിഷ്കരിച്ച് പുതിയരൂപത്തില്‍ വരുന്നുണ്ട്. കിളിക്കൂട്, ബര്‍ഗര്‍, കായ്പ്പോള, കാരറ്റ്പോള, നൂഡില്‍സ് ഉണ്ട എന്നിവയൊക്കെയാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. നോമ്പിന്റെ പതിനേഴാംനാളില്‍ ഇടിയപ്പവും നേന്ത്രപ്പഴമിട്ട് തേങ്ങാപ്പാലൊഴിച്ച കറിയുണ്ടാക്കുമായിരുന്നു. ഇപ്പോഴും ചിലസ്ഥലങ്ങളില്‍ അത് തുടരുന്നുണ്ട്.

മാസം കണ്ടുകഴിഞ്ഞാല്‍ രാവിലെ നാസ്തയും പത്ത്മണിക്ക് ചോറും കല്ലുമ്മക്കായ മോരില്‍കാച്ചിയ പുളിഞ്ചാറും വൈകിട്ട് ബിരിയാണിയുമാണ്. കുടുംബാംഗങ്ങളെല്ലാം പെരുന്നാളിന് തറവാട്ടിലെത്തും. ഇന്നും അതില്‍മാറ്റമില്ല. സക്കാത്തിനായി പണ്ടെക്കെ മാളിയേക്കല്‍തറവാടിന് മുന്നില്‍ ആളുകളുടെ നീണ്ട ക്യൂവായിരുന്നു. വീട്ടിലെ ആളെണ്ണി ഫിത്വര്‍സക്കാത്ത് നല്‍കും. ഇന്നും അത് മുടക്കമില്ലാതെതുടരുന്നതായും തലശേരിയുടെ അഭിമാനമായ ഇംഗ്ളീഷ് മറിയുമ്മ പറഞ്ഞു. വടക്കെമലബാറില്‍ ഇംഗ്ളീഷ് വിദ്യാഭ്യാസം നേടിയ ആദ്യമുസ്ളിംവനിതകൂടിയാണ് മാളിയേക്കല്‍ മറിയുമ്മ.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top