28 March Thursday

മുഖമുയർത്തി മുന്നോട്ട്‌; അതിജീവനം നിയമപോരട്ടത്തിലുടെ

പി വി ജീജോUpdated: Tuesday May 22, 2018

പെണ്ണിനെ ശരീരമായി മാത്രം കാണുന്ന മാംസക്കൊതിയന്മാരുടെ നിരന്തരവേട്ടയിൽ കുഞ്ഞുപെൺകുട്ടിയും അമ്മയും അമ്മൂമ്മയുമെല്ലാം പീഡനത്തിനിരയാകുന്ന വർത്തമാനത്തിൽ ആത്മവീര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ പ്രതീകമാവുന്ന ഒരു പെൺകുട്ടി.  പിച്ചിക്കീറി നശിപ്പിച്ച പിതാവിനെയടക്കം പതിനൊന്നുപേരെ നിയമത്തിന്റെ വലക്കുള്ളിലാക്കിയ അവൾ  ജീവിതം പറയുകയാണ്.ലൈംഗികാതിക്രമത്തിന്‌ ഇരയാകുന്നവർക്ക് നിയമപോരാട്ടത്തിന്, അതിജീവനത്തിന് തന്റെ ഭാവി ജീവിതം സമർപ്പിക്കയാണ് രഹനാസ്. പീഡനത്തിനിരയായി ഇരുട്ടുമുറികളിലും ആത്മഹത്യയിലും ഒടുങ്ങാതിരിക്കാൻ ജീവിച്ചുകൊണ്ടൊരു മാതൃകയായി

സൂര്യനെല്ലി പെൺകുട്ടി, വിതുര പെൺകുട്ടി......ലൈംഗികാതിക്രമത്തിനും പീഡനത്തിനുമിരയായി മുറിവേറ്റ് ജീവിതം പൊള്ളിയവൾക്ക് സമൂഹം കൽപിച്ചു നൽകുന്ന പേരുകൾ. ഇരകളുടെ പേര് പറയാമോ എന്നതിൽ കോടതി ഇടപെടലുകളും ചർച്ചകളും സജീവമാകുന്ന കാലത്ത് നിർഭയം പേരും ഊരും വെളിപ്പെടുത്തി ഇരയല്ല, പോരാളിയാണെന്ന് പ്രഖ്യാപിക്കയാണീ യുവതി. എന്റെ പേര് രഹനാസ് എന്ന് വിളച്ചുപറയുന്നിവൾ. അതേ, ഇരയായ ഈ യുവതി ഒരു സ്ഥലപ്പേരല്ല. ബലാത്സംഗത്തിനിരയായി മുറിവേൽക്കുന്നവൾ മുഖമില്ലാതെ, പേരില്ലാതെ നിഴലായി ജീവിക്കുന്ന അവസ്ഥയിൽ താനാരാണെന്ന് വെളിപ്പെടുത്തി തന്നെപ്പോലെ ദുരനുഭവമുള്ള പെണ്ണുങ്ങൾക്കായി നിയമപോരാട്ടത്തിനുള്ള ദൗത്യവുമായി രഹ്നാസ് വരികയാണ്. അശരണയായി കണ്ണീർപൊഴിച്ച് ദുർബലായി നിലവിളിക്കാതെ, സമൂഹത്തിന്റെ വഷളൻ നോട്ടവും വാക്കും കേട്ട് പതറാതെ, ഒളിച്ചോടാതെ ധീരയായി നിലയുറപ്പിച്ച് നിയമബിരുദമെടുത്ത രഹനാസിന്റെ ജീവിതം മലയാളി സമൂഹത്തിൽ അതിജീവിക്കുന്ന പുതിയൊരു പെൺമയുടെ ഉദയമാണ്.

ഈയടുത്ത ദിവസം കേരളഹൈക്കോടതിയിൽ നിന്ന് കറുത്ത ഗൗണണിഞ്ഞ്് എൻറോൾ ചെയ്ത് ഈ യുവതി അഭിഭാഷകയായി. സംസ്ഥാനസർക്കാരിന്റെയും സാമൂഹ്യനീതിവകുപ്പിന്റെയും പിന്തുണയിൽ ലീഗൽ അസിസ്റ്റന്റായി പ്രവർത്തിക്കയാണിപ്പോൾ. തന്റെ ജീവിതദുരന്തം എഴുതി പുസ്തകമാക്കാനുള്ള ഒരുക്കത്തിലാണ് രഹ്നാസ്, അതീജീവനത്തിന്റെ പാഠമാകുമെന്ന വിശ്വാസത്തിൽ. സാമൂഹ്യനീതിവകുപ്പിന്റെ നേതൃത്വത്തിൽ 'ഐ വിൽ നോട്ട് കീപ്പ് ക്വയറ്റ്' എന്ന ഹ്രസ്വചിത്രത്തിലൂടെ സമൂഹത്തിനോട് തന്റെ അതിജീവനകഥ പങ്കിട്ടിട്ടുണ്ട്. പീഡനവീരന്മാർക്ക് മുന്നിൽ തകരാതെ സാമൂഹ്യജീവിതം നയിക്കുന്ന നിർഭയ ഡയറക്ടർ ഡോ. സുനിതാകൃഷ്ണന് ഒരു മലയാളി തുടർച്ചയാവുകയാണ് ചെറുപ്പക്കാരി. "ഡറ്റോളൊഴിച്ച കഴുകി ജീവിതം തുടരുക'' എന്ന് പീഡനത്തിനിരയായ പെൺകുട്ടികളോട് മുമ്പ് എഴുത്തുകാരി മാധവിക്കുട്ടി പറഞ്ഞിരുന്നു. മാധവിക്കുട്ടിയെയും ബഷീറിനെയുമെല്ലാം വായിച്ച രഹനാസ് അതാണ് ചെയ്തിരിക്കുന്നത്. ഇരപിടിയന്മാർക്ക് തകർക്കാനാകാത്ത വിശുദ്ധവും ഉജ്വലവുമായ ജീവിതമാണ് തന്റേതെന്ന് സ്വയംതെളിയിക്കയാണിവൾ.


പെണ്ണിനെ ശരീരമായി മാത്രം കാണുന്ന മാംസക്കൊതിയന്മാരുടെ നിരന്തരവേട്ടയിൽ കുഞ്ഞുപെൺകുട്ടിയും അമ്മയും അമ്മൂമ്മയുമെല്ലാം പീഡനത്തിനിരയാകുന്ന വർത്തമാനത്തിൽ ആത്മവീര്യത്തിന്റെ, ആത്മാഭിമാനത്തിന്റെ പ്രതീകമാവുകയാണ് ഈ ഇരുപത്തഞ്ചുകാരി.  പിച്ചീക്കീറി നശിപ്പിച്ച പിതാവിനെയടക്കം പതിനൊന്നുപേരെ നിയമത്തിന്റെ വലക്കുള്ളിലാക്കിയ രഹനാസ് ജീവിതം പറയുകയാണ്. ഒരപേക്ഷയോടെ, ഇത് കേട്ട് കണ്ണീർവാർത്ത് സഹതപിക്കേണ്ട, ചുറ്റിലും അരങ്ങേറുന്ന സ്ത്രീപീഡനങ്ങൾക്കെതിരെ കണ്ണ് തുറന്നൊന്നുനോക്കുക, ഇരയാകുന്നവൾക്ക് താങ്ങും തണലുമായി ജീവിക്കാനനുവദിക്കുക.


പതിനാറാംവയസിൽ

വടക്കൻ കേരളത്തിലെ വടക്കുള്ളൊരു ജില്ലയിലാണ് രഹനാസിന്റെ നാട്. പതിനാറ് വയസ്സുള്ളപ്പോഴാണ് അച്ഛൻ  ഹാരിസുൾപ്പെടെ പന്ത്രണ്ട് പേരാൽ ബലാൽസംഗം ചെയ്യപ്പെടുന്നത്. തളർന്നും തകർന്നുംപോയ കാലം. എന്നാൽ ഉലഞ്ഞില്ല. നിയമത്തിന് മുന്നിൽ ഉറച്ച് നിന്ന് മുഴുവൻ പേർക്കും ശിക്ഷ വാങ്ങിക്കൊടുത്തു.
മൈക്ക് കെട്ടി പരസ്യപ്രചരണം നടത്തുന്ന ജോലിയായിരുന്നു ഹാരീസിന്. രഹനാസും  അനൗൺസ്മെന്റിനു പോകും. വീട്ടിൽ മർദനാധികാരിയായ പിതാവിന്റെ പെരുമാറ്റം മാറിവന്നു.  ഉമ്മയെയും അനിയത്തിയെയും തല്ലും കൊല്ലുമെന്നുമുള്ള ഭീഷണിയിൽ അവൾ ഭയന്നു. അതിനിടെ ഉച്ചഭാഷിണിക്ക് നിയന്ത്രണംവന്നു. തുടർന്ന് മകളുടെ ശരീരമുപയോഗിച്ച് പണമുണ്ടാക്കുന്നതിലായി കണ്ണ്. സ്കൂളിൽ പോകുന്നത് നിർത്തിച്ചു. തുന്നൽപ്പീടികയിലും പപ്പട കമ്പനിയിലുമൊക്കെയായി ജോലികൾ. പരസ്യ റിക്കാർഡിംഗിനെന്ന് പറഞ്ഞ് കൊണ്ടുപോകുന്ന അച്ഛൻ മകളെ കാഴ്ചവെക്കുന്ന ഏർപ്പാടും തുടങ്ങി. അവസരം കിട്ടിയപ്പോൾ അയൽവാസികളായ ചേച്ചിമാരോട് സങ്കടങ്ങൾ തുറന്നുപറഞ്ഞു. സംഭവമറിഞ്ഞ ഉമ്മയും മകൾക്ക് താങ്ങായി നിന്നു. മർദനത്തിലും പതറാതെ ഉമ്മയും മകളും അതിജീവിച്ചു. കേസുമായി മുന്നോട്ടുപോയി. പിച്ചിച്ചീന്തിയ പന്ത്രണ്ടുപേരിൽ പതിനൊന്നുപേരും ശിക്ഷിക്കപ്പെട്ടു. ഒരാൾ ഒളിവിലാണ്.


മഹിളാസമഖ്യയിലൂടെ പുതുജീവിതത്തിലേക്ക്
കേസിന്ശേഷമാണ് സംസ്ഥാന സർക്കാരിന്റെ മഹിളാ സമഖ്യ ഹോമിലെത്തുന്നത്. 'പഴയജീവിതം പാടേ മറന്ന് 'പുതിയ ജീവിതത്തിനുള്ള ഊർജം ലഭിക്കുന്നതവിടെനിന്നാണ്. സ്കൂളിൽപോയി. എസ്എസ്എൽസിയും പ്ലസ്ടുവും മികച്ച മാർക്കിൽ വിജയിച്ചു. സ്കൂളും പഠനവും സ്വപ്നത്തിൽപോലുമില്ലാത്ത കാലത്താണ് മഹിളാസമഖ്യയിലെ ചേച്ചിമാരുടെ പിൻബലത്തിൽ പഠിച്ചത്്. ഇനി പുറംലോകമില്ലെന്ന് കരുതിയിരുന്നതാ. പ്രവേശന പരീക്ഷയെഴുതി എൽഎൽബിക്ക് ചേർന്നു. പൂത്തോട്ട എസ്എൻ ലോ കോളേജിൽ പ്രവേശനം ലഭിച്ചു. ഇംഗ്ലീഷിനെ ഭയന്നിരുന്ന പെൺകുട്ടി ലോകോളജിൽ റാങ്ക്നേടി അത്ഭുതം സൃഷ്ടിച്ചത് ഇക്കാലത്തെ മധുരമാർന്ന ഓർമ്മയായുണ്ട്.  മഹിളാ സമഖ്യ ഹോമിൽ നിന്ന് വരുന്ന പെൺകുട്ടിയെന്നതും മുൻകാല ജീവിതവുമെല്ലാമറിഞ്ഞപ്പോഴും കാമ്പസിൽ നിന്ന് വെറുപ്പും അകൽച്ചയുമുണ്ടായില്ല. സംസ്ഥാന സാമൂഹ്യ നീതി വകുപ്പാണ് പഠനചെലവാകെ വഹിച്ചത്. വനിതാ കമീഷൻ, മഹിളാ സമഖ്യ സൊസൈറ്റി, ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയെല്ലാം താങ്ങായി എന്നത് അവൾ നന്ദിയോടെ ഓർക്കുന്നു.  മറിച്ചുള്ള ദുരനുഭവങ്ങളും മറക്കുന്നില്ല. ഹോസ്റ്റൽ പ്രവേശനം തന്നവർ തൊട്ടടുത്ത ദിവസം നിഷേധിച്ചത്, നാട്ടിലെ അയൽപക്കങ്ങളിൽ നിന്നും മോശം പ്രതികരണങ്ങളുണ്ടായതോടെ വയനാട്ടിലേക്ക് ജീവിതംമാറിയത്...

അനിയത്തിയുടെ വിവാഹം കഴിഞ്ഞു. അനുജൻ പഠനം പൂർത്തിയാക്കി. ഉമ്മയടക്കം കുടുംബം മകൾ വക്കീലാകുന്നത് കാണാനെത്തിയത് പറയുമ്പോഴും രഹനാസിന്റെ കണ്ണിൽ കണ്ണീർ പൊടിയുന്നില്ല. അഭിമാനത്തിളക്കം, അതിജീവിച്ചതിന്റെ ആഹ്ലാദവും. ലൈംഗികാതിക്രമത്തിനിരയാകുന്നവർക്ക് നിയമപോരാട്ടത്തിന്, അതിജീവനത്തിന് തന്റെ ഭാവി ജീവിതം സമർപ്പിക്കയാണ് രഹനാസ്. പീഡനത്തിനിരയായി ഇരുട്ടുമുറികളിലും ആത്മഹത്യയിലും ഒടുങ്ങാതിരിക്കാൻ ജീവിച്ചുകൊണ്ടൊരു മാതൃകയായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top