19 April Friday

സ്ത്രീ അന്യവല്‍ക്കരണം തിരസ്കരണം അതിക്രമം

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2016

ശാന്തമായ പുഴപോലെയായിരുന്നു അവരുടെ ജീവിതം. യോങ് ഹൈയുടെയും ഭര്‍ത്താവ് ചിയോങ്ങിന്റെയും. തീര്‍ത്തും സാധാരണക്കാരായിരുന്നു അവര്‍. യോങ് ഹൈ എന്നും രാവിലെ ആറുമണിക്ക് ഉറക്കമുണരും. ഭര്‍ത്താവിനുവേണ്ടി ആഹാരമുണ്ടാക്കും. ചിയോങ് ഓഫീസിലേക്ക് പോയശേഷം വീണ്ടും വീട്ടുജോലികളില്‍ മുഴുകും. വലിയ ആനന്ദങ്ങളില്ല; ആഴത്തില്‍ ദുഃഖിതരുമല്ല. നാടകീയമായ ഒന്നും സംഭവിച്ചിരുന്നില്ല, അവള്‍ ആ രാക്കിനാവ് കാണുംവരെ.

ഇരുണ്ടകാട്. മുകളിലേക്കുയര്‍ന്ന് കൂര്‍ത്ത ഇലകള്‍ നിറഞ്ഞ മരങ്ങള്‍. മുറിവേറ്റ പാദങ്ങളുമായി അവള്‍ നടക്കുകയാണ്. കാടിനുനടുവില്‍ ഒരു കളപ്പുരപോലെ തോന്നിക്കുന്ന ചുവന്ന കെട്ടിടം. അതിനുള്ളിലേക്ക് കയറിയ അവള്‍ ഞെട്ടിപ്പോയി. നീണ്ട മുളങ്കുറ്റിയില്‍ കുത്തിയെടുത്തിരിക്കുന്ന വലിയ മാംസക്കഷണം! അതില്‍നിന്ന് ചോര ഇറ്റുവീഴുന്നു!! ചോരയില്‍ കുതിര്‍ന്ന പച്ചയിറച്ചിക്കഷണം അവളുടെ വായിലേക്ക് ബലമായി തള്ളിക്കയറ്റുന്നു. അവസാനമില്ലാത്ത മാംസം. വായിലും മുഖത്തും രക്തം. എങ്ങനെയോ പുറത്തേക്കുള്ള വാതില്‍ കണ്ടുപിടിച്ച് അവള്‍ പുറത്തേക്കോടി, താഴ്വരയിലൂടെ, കാട്ടിലൂടെ...

തണുത്തുറഞ്ഞ ഫെബ്രുവരി  പുലരിയില്‍ യോങ് ഹൈയുടെ മനസ്സുലച്ച പേക്കിനാവില്‍ കൊടുങ്കാറ്റുകള്‍ കൂടുവച്ചിരുന്നു.

രണ്ടായിരത്തി പതിനാറിലെ മാന്‍ ബുക്കര്‍ സമ്മാനം നേടിയ ദക്ഷിണകൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങ്ങിന്റെ 'വെജിറ്റേറിയന്‍' എന്ന നോവലിലെ മുഖ്യകഥാപാത്രമാണ് യോങ് ഹൈ. രണ്ടുദശാബ്ദമായി ദക്ഷിണകൊറിയന്‍ സാഹിത്യത്തിലെ സജീവസാന്നിധ്യമായ ഹാന്‍ കാങ്ങിന്റെ വെജിറ്റേറിയന്‍, ഇംഗ്ളീഷിലേക്ക് വിവര്‍ത്തനംചെയ്യപ്പെട്ട അവരുടെ പ്രഥമകൃതിയായിട്ടുകൂടി, പുരസ്കാരപ്രഖ്യാപനത്തിനുംമുമ്പേ അനുവാചകശ്രദ്ധ നേടിയെടുത്തുകഴിഞ്ഞിരുന്നു.

യോങ് ഹൈയുടെ കഥ ഇങ്ങനെ തുടരുന്നു. ഒരുദിവസം പുലര്‍ച്ചെ ചിയോങ് ഉണര്‍ന്നുനോക്കുമ്പോള്‍ കിടക്കയില്‍ ഭാര്യയില്ല. നോക്കിയപ്പോള്‍ ഫ്രിഡ്ജിനുമുന്നില്‍ നിശ്ചലയായി നില്‍ക്കുകയാണ്. വിളിച്ചിട്ട് അനക്കമൊന്നുമില്ല.

നേരം കുറെ പുലര്‍ന്നതോടെ യോങ് ഹൈ ഫ്രിഡ്ജിലെ മാംസാഹാരങ്ങള്‍ ഒന്നൊന്നായി പുറത്തെടുത്ത് കവറുകളിലാക്കി. പന്നിമാംസവും കാളയിറച്ചിയും മാത്രമല്ല, മീനും മുട്ടയും പാലും എല്ലാം. ഇനി മാംസം കഴിക്കില്ലെന്ന് പ്രഖ്യാപിച്ചു. ഭര്‍ത്താവിന്റെ നിര്‍ബന്ധങ്ങള്‍ അവളെ പിന്തിരിപ്പിച്ചില്ല.

വിവാഹത്തിനുമുമ്പ് ചിയോങ് കാണുമ്പോള്‍ത്തന്നെ മഞ്ഞപ്പിത്തരോഗം ബാധിച്ചപോലുള്ള നിറമായിരുന്നു അവള്‍ക്ക്. മാംസം ഉപേക്ഷിച്ചതോടെ വല്ലാതെ മെലിഞ്ഞു. കവിളെല്ലുകള്‍ പുറത്തേക്കുന്തി. രാത്രിയില്‍ പ്രണയത്തോടെ തോളുകളില്‍ മെല്ലെ തടവുമ്പോള്‍ അവള്‍ ഒഴിഞ്ഞുമാറി. ഒരിക്കലല്ല, എപ്പോഴും. ഒടുവില്‍ അയാള്‍ നേരിട്ട് ചോദിച്ചു:

'എന്താ നിന്റെ യഥാര്‍ഥ പ്രശ്നം?''

'ഞാന്‍ ക്ഷീണിതയാണ.്''

'ശരി. അതിനര്‍ഥം നീ അല്‍പ്പം മാംസം കഴിക്കണമെന്നാണ്. അതുകൊണ്ടാണ് നിനക്ക് ഊര്‍ജം ഇല്ലാത്തത്, ശരിയല്ലേ?''

'സത്യത്തില്‍...''

'എന്ത്?''

'.... ആ ഗന്ധമാണ്''

'ഗന്ധമോ?''

'മാംസത്തിന്റെ ഗന്ധം. നിങ്ങളുടെ ശരീരത്തിന് മാംസത്തിന്റെ ഗന്ധമുണ്ട്.''

സസ്യാഹാരിയായി സ്വയം പ്രഖ്യാപിച്ച യോങ് ഹൈ കുടുംബാംഗങ്ങളെയെല്ലാം അസ്വസ്ഥരാക്കിക്കൊണ്ടിരുന്നു. ഒടുവില്‍ സ്വന്തം അച്ഛന്‍തന്നെ തീന്‍മേശയില്‍ തീറ്റക്കമ്പുകളില്‍ കുത്തി മാംസാഹാരം അവളുടെ വായിലേക്ക് കുത്തിത്തിരുകുന്നു. അവളുടെ എതിര്‍പ്പുകള്‍ അവര്‍ ശ്രദ്ധിച്ചില്ല. സഹോദരന്റെ കൈയില്‍നിന്ന് കുതറി അവള്‍ പുറത്തേക്കോടി. വാതില്‍ കടക്കാതെ പെട്ടെന്ന് തിരികെയെത്തി. മേശപ്പുറത്തുനിന്ന് പഴങ്ങള്‍ മുറിക്കാനുപയോഗിക്കുന്ന മൂര്‍ച്ചയുള്ള കത്തി കൈയിലെടുത്തു. കൈത്തണ്ടയിലെ രക്തധമനിയിലേക്ക് ഒരു ചീന്ത്. മുറിയിലാകെ അവളുടെ രക്തം ചീറ്റിത്തെറിച്ചു!!

മൂന്നുഭാഗങ്ങളുണ്ട് വെജിറ്റേറിയന്. ആദ്യഭാഗം ഭര്‍ത്താവ് ചിയോങ്ങും രണ്ടാംഭാഗം സഹോദരീഭര്‍ത്താവും മൂന്നാംഭാഗം സഹോദരി ഇന്‍ ഹൈയും പറയുന്നു. പരാജയപ്പെട്ട ചിത്രകാരനാണ് സഹോദരീഭര്‍ത്താവ്. അയാള്‍ക്കാകട്ടെ യോങ് ഹൈയോട് ആസക്തമായ പ്രണയവും.

ലോകമെങ്ങും വളര്‍ന്നുവരുന്ന അതിക്രമങ്ങളെ പ്രതീകവല്‍ക്കരിക്കുന്ന ഈ പ്രമേയം സസ്യാഹാരപ്രചാരണമൊന്നുമല്ല ലക്ഷ്യംവയ്ക്കുന്നത്. യഥാര്‍ഥത്തില്‍ കൊറിയന്‍ ജനത സസ്യാഹാരപ്രിയരാണ്. തൈരും ചോറും സൊയാബീന്‍ പേസ്റ്റും പച്ചക്കറികളുമൊക്കെ അവരുടെ തീന്‍മേശകളില്‍ നിറയും. മാംസവിഭവങ്ങള്‍ക്കൊപ്പവും കാണും കുറെ ഇലകളും കിഴങ്ങുമൊക്കെ. എന്നാല്‍, അത്തരം ആഹാരശൈലിയെ മഹത്വവല്‍ക്കരിക്കുകയാണ് നോവലില്‍ ചെയ്യുന്നതെന്ന് കരുതിയാല്‍ തെറ്റി. സ്വന്തം ചുറ്റുപാടുകളില്‍നിന്നുള്ള സ്ത്രീയുടെ അന്യവല്‍ക്കരണം, ഏകതാനമായ ജീവിതത്തില്‍നിന്ന് ഉറഞ്ഞുകൂടുന്ന മടുപ്പ്, തിരസ്കരണം, അതിക്രമം ഇതൊക്കെ നോവലിന്റെ പ്രമേയഗാത്രത്തിന്റെ ഭാഗങ്ങളാകുന്നു.

മനുഷ്യന്‍ ഒരു ജീവിയാണെന്ന് (ങമി ശ മി മിശാമഹ) സ്കൂള്‍  ക്ളാസുകളില്‍ പഠിപ്പിക്കുമ്പോള്‍ നിഷ്കളങ്കമായ കുരുന്നുമനസ്സ് അതുള്‍ക്കൊള്ളാറില്ല. ഇത്തരം ബാല്യസന്ദേഹങ്ങള്‍ ഉത്തരം കിട്ടാതെ ഉള്ളില്‍ കിടക്കും. മനസ്സ് സദാ ചോദിച്ചുകൊണ്ടിരിക്കും. 'ഞാന്‍ മനുഷ്യനല്ലേ, എങ്ങനെ ജീവികളുടെ, മൃഗങ്ങളുടെ ഗണത്തില്‍പെടും എന്ന്. മധ്യവയസ്സിലും ഈ സംശയത്തില്‍നിന്ന് രക്ഷകിട്ടാതെ യോങ് ഹൈ ഉറപ്പിച്ചുപറയുന്നു. 'ഞാന്‍ ഇനിമേല്‍ ഒരു ജീവിയല്ല'' (ക മാ ിീ ാീൃല മി മിശാമഹ) എന്ന്. അവള്‍ ഒരു ചെടിയാണ്. പൂക്കുകയും തളിര്‍ക്കുകയുംചെയ്യുന്ന ചെടി.

കൊറിയന്‍ ഭാഷയില്‍ 2007ല്‍ത്തന്നെ വെജിറ്റേറിയന്റെ ആദ്യഭാഗം പുറത്തുവന്നു. മൂന്നുചെറിയ നോവല്ലകളാണ് മാതൃരൂപം. കൊറിയയില്‍ അതൊരു പതിവാണ്. നോവലുകള്‍ പലഭാഗങ്ങളായി പ്രസിദ്ധീകരിക്കും. ഇംഗ്ളീഷിലേക്ക് വരുംമുമ്പേ ചൈനീസ്,പോര്‍ച്ചുഗീസ്, സ്പാനിഷ് തുടങ്ങിയ ഭാഷകളില്‍ പുസ്തകം വിവര്‍ത്തനംചെയ്യപ്പെട്ടു. ഡെബോറ സ്മിത്താണ് ഇംഗ്ളീഷ് ഭാഷാന്തരം നടത്തിയിട്ടുള്ളത്. കൊറിയന്‍ ഭാഷയിലുള്ള പുസ്തകങ്ങള്‍  വിവര്‍ത്തനംചെയ്യാന്‍ പരിജ്ഞാനമുള്ളവര്‍ കുറവാണെന്ന തിരിച്ചറിവാണ് അവരെ ആ ഭാഷാപഠനത്തിലേക്ക് നയിച്ചത്. കൊറിയന്‍ ഭാഷയും സാഹിത്യവും പഠിച്ച അവര്‍ സമകാലീന കൊറിയന്‍ സാഹിത്യത്തില്‍ ഗവേഷണവും നടത്തി.

എഴുത്തുകാരിയായില്ലെങ്കില്‍ മറ്റാരാകുമായിരുന്നു എന്ന് ഹാന്‍ കാങ്ങിനോട് ചോദിക്കരുത്. കാരണം അവര്‍ എഴുത്തുകാരി മാത്രമേ ആകുമായിരുന്നുള്ളൂ. കാങ്ങിന്റെ അച്ഛന്‍ ഹാന്‍ സുങ് വണ്ണും എഴുത്തുകാരനായി പേരെടുക്കാന്‍ തീരുമാനമെടുത്ത വ്യക്തിയായിരുന്നു. സ്വദേശമായ ക്വാങ്ജുവില്‍നിന്ന് പത്തുവയസ്സുകാരി ഹാന്‍ കെങ്ങിനും സഹോദരന്‍ ഹാന്‍ ഡോങ് റിങ്ങിനുമൊപ്പം സോളിലേക്ക് താമസംമാറ്റിയതും അതിനുവേണ്ടിത്തന്നെ. അച്ഛന്റെ പ്രശസ്തി ദക്ഷിണകൊറിയയില്‍ ഒതുങ്ങിയെങ്കില്‍ മകള്‍ ചിറകുകള്‍ വച്ചുപറന്നു. നൊബേല്‍ സമ്മാനം കഴിഞ്ഞാല്‍ ഏറ്റവുമധികം ചര്‍ച്ചചെയ്യപ്പെടുന്ന മാന്‍ ബുക്കര്‍ സമ്മാനം നേടുന്ന ആദ്യ കൊറിയന്‍ രചയിതാവായി. അതിനിടെ യോണ്‍സി സര്‍വകലാശാലയില്‍ കൊറിയന്‍ സാഹിത്യം പഠിച്ചു.

കവിയായാണ് ഹാന്‍ കാങ് തുടങ്ങിയത്. വെളിച്ചംകണ്ട ആദ്യരചനയും കവിത– സോളിലെ ശൈത്യം, 1993ല്‍. തൊട്ടടുത്ത വര്‍ഷം ചുവന്ന നങ്കൂരം എന്ന കഥയെഴുതി സോള്‍ ഷിന്‍മുന്‍ സ്പ്രിങ് സാഹിത്യമത്സരത്തില്‍ സമ്മാനം നേടി. 1995ല്‍ ആദ്യ ചെറുകഥാസമാഹാരമായ 'യോസു' പ്രസിദ്ധീകരിച്ചു. ദ ബ്ളാക്ക് ഡീര്‍ (1998), യുവര്‍ കോള്‍ഡ് ഹാന്‍ഡ് (2002), ബ്രെത്ത് ഫൈറ്റിങ് (2010), ഗ്രീക്ക് ലെസ്സണ്‍സ് (2011), ഹ്യൂമന്‍ ആക്ട്സ് (2014) എന്നിവയാണ് മറ്റ് പ്രധാന നോവലുകള്‍.

ദ ഫ്രൂട്ട് ഓഫ് മൈ വുമണ്‍ (2000), ഫയര്‍ സലമാണ്ടര്‍ (2012) എന്നിവ പ്രധാന കഥാസമാഹാരങ്ങള്‍. കവിതയിലും സംഗീതത്തിലുമൊക്കെയായി ഇവരുടെ താല്‍പ്പര്യങ്ങള്‍ ഒഴുകിപ്പരക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top