29 March Friday

പഴയ സാരി പുതിയ കുപ്പിയിൽ

ആർ സ്വാതിUpdated: Sunday Mar 22, 2020

വസ്‌ത്രങ്ങൾ പഴകിയാലോ കീറിപ്പോയാലോ ഉപേക്ഷിക്കുന്ന രീതിയൊക്കെ പണ്ട്.  പഴയ വസ്‌ത്രങ്ങൾ അപ് സൈക്കിൾ ചെയ്യുന്നതാണ് ഇന്നത്തെ ട്രെൻഡ്.
അമ്മയുടെ പഴയ പട്ടുസാരികൊണ്ട് പാവാടയും ബ്ലൗസും തയ്‌പ്പിക്കുന്നതായിരുന്നു കുറേക്കാലം വസ്‌ത്രങ്ങൾക്ക് നൽകിയ ഏക മേക്‌ ഓവർ.  ഉപയോഗിച്ച് പഴകിയ തോർത്ത് കളയാതെ അലക്കി വൃത്തിയാക്കിയെടുത്താൽ  ജീൻസിനൊപ്പം അണിയാവുന്ന ഉഗ്രനൊരു സ്ലീവ്‌ലെസ് ടോപ് തയ്‌പിക്കാലോന്ന് ആലോചിക്കാവുന്നിടത്തെത്തി കാര്യങ്ങൾ.

ഉപയോഗിക്കാത്ത വസ്‌ത്രങ്ങളിൽ ഫാബ്രിക് മാറ്റാതെതന്നെ ട്രെൻഡി ഔട്ട് ഫിറ്റ്‌സ്‌ ഒരുക്കുന്നതാണ് അപ് സൈക്ലിങ്.  സാരികളാണ് മുഖം മിനുക്കിയെത്തുന്നതിൽ മുന്നിൽ. രണ്ട്‌ സാരി കൂട്ടിയോജിപ്പിച്ച് പുതിയ സാരി ഉണ്ടാക്കുന്നതുമുതൽ കീറിയ സാരിയുടെ കഷണങ്ങൾ ഉപയോഗിച്ച് ഒറ്റനിറമുള്ള സൽവാറുകളിൽ ചിത്രപ്പണി ചെയ്യുന്നതുവരെ ഭാവനാത്മകമായി സാരിയെ ഉപയോഗിക്കാം. സാരിയുടെ കട്ട് പീസുകൾ ഉപയോഗിച്ച് യുണീക്ക് ഡിസൈൻ ദുപ്പട്ട, നിറയെ പൂക്കളുള്ള സാരികൊണ്ട് മാക്‌സി ഡ്രെസ് തയ്‌ക്കൽ, രണ്ട് സാരിയുടെ മുന്താണി പരസ്‌പരം മാറ്റൽ, കറ വീണ സാരികളുടെ കസവ്മാത്രം മുറിച്ചെടുത്ത് മറ്റൊരു പ്ലേൻ സാരിയിൽ പിടിപ്പിക്കൽ, പ്ലീറ്റ് വരുന്ന ഭാഗം മുറിച്ചുമാറ്റി അവിടെ നെറ്റ് ഫാബ്രിക് തുന്നിച്ചേർക്കൽ, സിൽക് സാരികൊണ്ട് പലാസോ തുടങ്ങി  ഒരുപാട് സൂത്രപ്പണികളുണ്ട്. നല്ല ഭാവനയും പൊടിക്ക് ക്ഷമയും ഉള്ളവർക്ക് കീശ കാലിയാകാതെ പുത്തൻ ഔട്ട് ഫിറ്റുകൾ പരീക്ഷിക്കാം.

കാവിമുണ്ടിനും കട്ടിയുള്ള കരയുള്ള വെള്ളമുണ്ടിനും വൻ ഡിമാൻഡാണ്. സ്ലീവിന്റെ അറ്റത്തോ കോളറിന്റെ ഭാഗത്തോ കര നൽകി കുർത്ത തയ്‌പിച്ചാൽ സംഗതി പൊളിക്കും. പഴയ ദുപ്പട്ടയും ജീൻസിന്റെ കഷണങ്ങളുമെല്ലാം ഇത്തരത്തിൽ അപ് സൈക്കിൾ ചെയ്‌ത്‌ തിളങ്ങാം.  ഒരുപാട് വസ്‌ത്രങ്ങൾ വാങ്ങി വാഡ്രോബിൽ നിറയ്‌ക്കുന്നതിനുപകരം ഡിസൈൻ, ലുക്ക് എല്ലാം അടിമുടി മാറ്റി പഴയ വസ്‌ത്രങ്ങൾക്ക് ഒരു സമ്പൂർണ പുതുക്കിപ്പണിയൽ നൽകുന്നതാണ് പുതിയകാലത്തെ കൂൾ ഐഡിയ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top