27 November Sunday

‘തന്റേടി’കളുടെ ആർത്തവം

ആർ സ്വാതിUpdated: Saturday Feb 22, 2020


‘It's so bad that I'am here on first day of my period’

എല്ലുകളിലേക്കുപോലും തണുപ്പ് അരിച്ചുകയറുന്ന ഉത്തരേന്ത്യൻ ശൈത്യകാലത്ത് പ്രക്ഷോഭത്തിന്റെ ചൂടുമായി ഒരു വിദ്യാർഥിജാഥ കടന്നുവരികയാണ്. അതിലൊരു പെൺകുട്ടിയുടെ കൈയിലുണ്ടായിരുന്ന പ്ലക്കാർഡിലെ വാചകങ്ങളായിരുന്നു അത്. എന്റെ ആർത്തവത്തിന്റെ ആദ്യദിനമാണിതെന്ന് ആത്മവിശ്വാസത്തോടെ ആ കുട്ടി ലോകത്തോട് വിളിച്ചുപറഞ്ഞു.

ആർത്തവകാലത്തെ നൂറ്റാണ്ടുകൾ പഴക്കമുള്ള മിത്തുകളെ കടപുഴകിയെറിഞ്ഞുകൊണ്ടാണ് ഇന്നത്തെ തലമുറ ‘എനിക്ക് ഇപ്പോൾ മെൻസസ് ആണെ'ന്ന്  സ്വാഭാവികമായി പറയുന്നത്. ആർത്തവകാലത്ത് ഇന്നും സ്‌ത്രീകളെ ‘പുറത്ത്' നിർത്തുകയും ആർത്തവത്തെക്കുറിച്ച് രഹസ്യമായി സംസാരിക്കുകയും ചെയ്യുന്ന ഒരു വിഭാഗം നിലനിൽക്കെത്തന്നെ  ഒരു ‘പീരിയഡ്സ് ഫ്രന്റ‌്‌‌ലി മാർക്കറ്റ് ' അതിന്റെ വിപണനസാധ്യതകൾ മനസ്സിലാക്കി ഇവിടെയുണ്ട്. ആർത്തവസമയത്തെ വേദനയും ബ്ലീഡിങ്ങും മറികടന്ന് എന്നത്തെയുംപോലെ സമൂഹത്തിൽ ഇടപെടുന്ന മിടുക്കികൾക്ക് കൈകൊടുക്കുകയാണ് പുതിയ ലോകം.

തീണ്ടാരിത്തുണിയിൽനിന്ന് മെൻസ്ട്രുവൽ കപ്പിലേക്ക്
ഓരോരുത്തരുടെയും ആർത്തവ അനുഭവം വ്യത്യസ്‌തമാണ്. മൂന്നുമുതൽ അഞ്ചു ദിവസംവരെ നീണ്ടുനിൽക്കുന്ന ആർത്തവസമയത്ത് ബ്ലീഡിങ്ങും വയറുവേദനയും മാനസിക സമ്മർദങ്ങളും സ്വാഭാവികം. തുണികളിൽനിന്ന് പാഡുകളും ടാംപോണും കടന്ന് ഒടുവിൽ മെൻസ്ട്രുവൽ കപ്പുകളാണ് ഇപ്പോൾ പലരും ഉപയോഗിക്കുന്നത്. ശാരീരിക അസ്വസ്ഥതകൾക്കു പുറമെ ജോലിക്കാരായ സ്‌ത്രീകളും യാത്രചെയ്യുന്നവരും നേരിടുന്ന പ്രധാനപ്രശ്നം പാഡുകൾ മാറുന്നതിലെ സൗകര്യക്കുറവാണ്. ഇതിനു വലിയൊരളവിൽ ആശ്വാസമാണ് മെൻസ്ട്രുവൽ കപ്പുകൾ. രാസവസ്‌തുക്കളുടെ സാന്നിധ്യമില്ലാത്ത പരിസ്ഥിതി സൗഹൃദവുമായ ഉൽപ്പന്നം. 12 മണിക്കൂർ നേരം ഉപയോഗിക്കാം. ഒരെണ്ണം വാങ്ങിയാൽ 10 വർഷംവരെ ഉപയോഗിക്കാം. ഇതിന്റെ ഉപയോഗരീതി വിശദീകരിക്കുന്ന യൂട്യൂബ് വീഡിയോകളും ഒരുപാടുണ്ട്. 300 രൂപമുതലാണ് വില.

സാനിറ്ററി നാപ്കിനുകൾ പതിറ്റാണ്ടുകൾ മണ്ണിൽ കിടന്നാലും സംസ്‌കരിക്കപ്പെടില്ല. ഒരു മെൻസ്ട്രുവൽ കപ്പ് ഏകദേശം 780 സാനിറ്ററി നാപ്കിനുകൾക്ക് പകരമാകും. അത്രയും പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കാം. പൈസയും ലാഭം. നാപ്കിൻ വെൻഡിങ് മെഷീനുകൾ ഇന്ന് ഒട്ടുമിക്ക സ്‌കൂളുകളിലുമുണ്ട്. വീടുകളിൽ ഉപയോഗിക്കാവുന്ന നാപ്കിൻ ഇൻസിനറേറ്ററിന്റെ ചെറുയൂണിറ്റുകൾ വിപണിയിലുണ്ടെങ്കിലും സാർവത്രികമായിട്ടില്ല.


 

നീലയല്ല ചുവന്ന തുള്ളി
സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തിൽ ആര്‍ത്തവത്തെ സൂചിപ്പിക്കാൻ നീലനിറമാണ് ഉപയോഗിക്കുന്നത്. സ്‌മാർട്ട് ഫോണുകളിൽ ആർത്തവത്തിന് ഇമോജിവേണമെന്ന ചൂടുപിടിച്ച ചർച്ചയ്‌ക്കൊടുവിൽ കൊണ്ടുവന്ന ഇമോജിക്ക് ആര്‍ത്തവരക്തത്തിന്റെ  ചുവന്ന നിറംതന്നെയായിരുന്നു. കഴിഞ്ഞവർഷമാണ് ചുവന്നതുള്ളിയുടെ ഇമോജി സാമൂഹ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. പ്ലാൻ ഇന്റർനാഷണൽ യുകെയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിന്റെ ഭാഗമാണ് പുതിയ ഇമോജി. ആർത്തവത്തെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളും സംവാദങ്ങളും മറച്ചുപിടിക്കേണ്ട ഒന്നല്ലെന്ന ബോധ്യം പൊതുസമൂഹത്തിന് നൽകുകയാണ് ലക്ഷ്യം.

പീരിയഡ് ഹാഷ്‌ടാഗുകളും വ്യാപകം. സ്‌കൂളുകളിൽ സൗജന്യമായി സാനിറ്ററി നാപ്കിൻ വിതരണംചെയ്യണമെന്ന്‌ ആവശ്യപ്പെട്ടുള്ള അമിക ജോർജ് എന്ന പെൺകുട്ടിയുടെ ‘ഫ്രീ പീരിയഡ്' ഹാഷ് ടാഗ് ക്യാമ്പയിൻ ഏറെ ശ്രദ്ധിക്കപ്പെട്ടു. കേരളത്തിൽ വേരുള്ള യുകെ സ്വദേശിനി ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ ടൈം മാഗസിന്റെ പട്ടികയിലും ഇടംനേടി.

സന്തോഷിപ്പിക്കാം അവനവനെത്തന്നെ
ആർപ്പോ ആർത്തവംപോലുള്ള പരിപാടികളും ഹാപ്പി ടു ബ്ലീഡ് ക്യാമ്പയിനുകളും നടക്കുമ്പോഴും കാൽപ്പനികവൽക്കരിക്കേണ്ട ഒന്നും ഈ ശാരീരിക പ്രക്രിയയിലില്ലെന്ന് വാദിക്കുന്നവരുമുണ്ട്. ആർത്തവകാലത്തെ ശാരീരികവും മാനസികവുമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ അവനവനെത്തന്നെ സന്തോഷിപ്പിക്കാനുള്ള വഴികളുമുണ്ട്. വിവിധ കമ്പനികളുടെ ‘പീരിയഡ് സബ്‌സ്‌ക്രിപ്ഷൻ ബോക്‌സു’കൾ ഓൺലൈൻ മാർക്കറ്റിലുണ്ട്. പാഡുകൾമുതൽ ഇഷ്ടമുള്ള ഫ്ലേവറിലുള്ള കുക്കീസും ചോക്‌ലേറ്റുംവരെ ഇതിലുണ്ടാകും.

പ്രത്യുൽപ്പാദനത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ പ്രക്രിയയാണെങ്കിലും സ്‌ത്രീയുടെമാത്രം സ്വകാര്യതയായി ആർത്തവത്തെ കണ്ടിരുന്ന കാലം മാറിക്കഴിഞ്ഞു. അടിവസ്‌ത്രമഴിച്ച് ആർത്തവ പരിശോധന നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ആർത്തവസമയത്ത് ഭക്ഷണം പാകംചെയ്‌താൽ അടുത്ത ജന്മത്തിൽ പട്ടിയായി ജനിക്കുമെന്നു പറയുന്ന  ആത്മീയ മണ്ടത്തരങ്ങൾക്കും ഇടയിലും ‘മാറിനിൽക്കാൻ സൗകര്യമില്ലെന്ന്' പറയുന്ന  ഓരോ തന്റേടിയും പ്രതീക്ഷയുടെ ഇത്തിരിവെട്ടങ്ങളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top