25 April Thursday

ശ്രോതാക്കളുടെ സ്വന്തം തെന്നല്‍

ആർ ഹേമലതUpdated: Tuesday Nov 21, 2017

ശബ്ദം മാത്രം കേട്ട് തന്നെ പ്രണയിച്ചവരും ആരാധിച്ചവരും വല്ലാത്തൊരടുപ്പം സൂക്ഷിച്ചവരും നിരവധിയാണെന്ന് പറയുമ്പോൾ തെന്നലിന്റെ ശബ്ദത്തിലും മുഖത്തും ഇപ്പോഴും ചെറുപ്പം.... ഈ 30ന് കൊച്ചി ആകാശവാണി നിലയത്തിന്റെ പടിയിറങ്ങുകയാണ് തെന്നൽ എന്നു വിശ്വസിക്കാൻ കേൾവിക്കാർക്ക് ഇനിയും ആകുന്നില്ല. ഒരു കാറ്റുപോലെയാണ് ഇന്നും 'തെന്നലിന്റെ' ശബ്‌ദം ശ്രോതാക്കളുടെ ചെവിയിലേക്കെത്തുന്നത്.

ആരാധന മൂത്ത് ഭ്രാന്തമായ നിമിഷങ്ങൾക്കും തെന്നൽ സാക്ഷിയായിട്ടുണ്ടെങ്കിലും ഒരുപാട് നല്ല അനുഭവങ്ങളാണ് ആകാശവാണി അനൗൺസർ എന്ന നിലയിൽ മനസിലുള്ളത്. ഒരിക്കൽ കാഴ്ചയില്ലാത്ത ഒരാൾ തെന്നലിനെ തേടി ആകാശവാണിയിൽ എത്തി. തെന്നൽ അനൗൺസ് ചെയ്ത എല്ലാ പരിപാടികളും റെക്കോഡ് ചെയ്ത് അതിന്റെ കാസെറ്റുമായാണ് കക്ഷിയുടെ വരവ്. അന്ന് ബിഎ ധനതത്വ ശാസ്ത്ര വിദ്യാർത്ഥിയായിരുന്ന കാഞ്ഞിരമറ്റം സ്വദേശി റിയാസായിരുന്നു അത്. റിയാസിന് ഒരു നിബന്ധനയെ ഉണ്ടായിരുന്നുള്ളു. പരീക്ഷയെഴുതാൻ തന്റെ സഹായിയായി തെന്നൽ തന്നെ എത്തണം. സ്‌നേഹപൂർവ്വം അവന്റെ നിർബന്ധത്തിന് വഴങ്ങി പരീക്ഷ എഴുതി നൽകി. ഇന്നും റിയാസുമായി നല്ല ബന്ധം തുടരുന്നു.

ജീവിക്കാൻ ഒരു ജോലി

ഒരു റേഡിയോയോ ടേപ്പ്‌റിക്കോഡറോ സ്വന്തമായി ഇല്ലാതിരുന്ന ബാല്യത്തിൽ നിന്നും താനൊരു ആകാശവാണി അനൗൺസറായത് ഒരുപക്ഷെ നിമിത്തമായിരിക്കാം. എന്നാൽ ജീവിക്കാൻ ഒരു ജോലി സ്വന്തമായി സമ്പാദിക്കണമെന്ന അമ്മ കോമിച്ചിയുടെ വാക്കുകളിൽ നിന്നാണ് അതിന്റെ തുടക്കമെന്ന് തെന്നൽ ഓർമ്മിക്കുന്നു. തെങ്ങുകയറ്റ തൊഴിലാളിയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിയുറച്ച പ്രവർത്തകനുമായിരുന്നു അച്ഛൻ കൃഷ്ണൻ. കൃഷ്ണനും കലാകാരനായിരുന്നു. നാടകം എഴുതി അഭിനയിക്കാൻ തൊഴിലിനിടയിലും കൃഷ്ണൻ സമയം കണ്ടെത്തതിയിരുന്നു. യേശുദാസിന്റെ അച്ഛൻ അഗസ്‌ററിൻ ജോസഫിന്റെ കളിക്കൂട്ടുകാരനും സന്തത സഹചാരിയുമായിരുന്നു കൃഷ്ണൻ.

1991ലാണ് ഉദ്യോഗസ്ഥയായി തെന്നൽ ആകാശവാണി കൊച്ചി നിലയത്തിൽ ജോലിക്കെത്തുന്നതെങ്കിലും 1971ലാണ് തെന്നൽ ആദ്യമായി ആകാശവാണിയുടെ പടികൾ ചവിട്ടുന്നത്. യുവവാണിയിലെ പരിപാടി റെക്കോഡ് ചെയ്യാനായിരുന്നു അത്. അഞ്ചാം ക്ലാസ് മുതൽ ഗാനമേളകളിൽ സജീവമായിരുന്ന തെന്നൽ എട്ടാം ക്ലാസിൽ എത്തിയപ്പോഴാണ് സംഗീതം ഗുരുമുഖത്തു നിന്നും പഠിക്കാൻ ആരംഭിച്ചത്. എറണാകുളം ഫൈൻ ആർട്‌സ് സൊസൈറ്റിയിൽ കെ വി മഹാദേവയ്യരുടെ കീഴിലായിരുന്നു പഠനം. ആഴ്ചയിൽ ഒരിക്കൽ യുവവാണിയുടെ റെക്കോഡിങ്ങും ഗാനമേളകളുമായി ജീവിതം സജീവം. രാത്രി പരിപാടികൾ പകൽ സ്‌കൂൾ...കഷ്ടപ്പാടുകളും ആഹ്ലാദവും കൂടി കലർന്ന ജീവിതാന്തരീക്ഷം.

നിരവധി സർട്ടിഫിക്കറ്റുകൾ വാരിക്കൂട്ടി. തെന്നലിന്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 'കൂട്ടിവെച്ച സർട്ടിഫിക്കറ്റുകൾ തന്റെ ഒപ്പം പൊക്കത്തിലുണ്ട്.' കുമരകം രാജപ്പന്റെയും എം കെ അർജ്ജുനൻെയും നിരവധി നാടക ഗാനങ്ങളും ഇതിനകം പാടി റെക്കോഡ് ചെയ്ത് കഴിഞ്ഞിരുന്നു. സുജാതയുടെ കൂടെ പാടാനുള്ള അവസരങ്ങളും ഗാനമേളകളിൽ വീണു കിട്ടി. കലാഭവനിൽ ഫാ. ആബേലിനൊപ്പവും ഗാനമേളകളിൽ പങ്കാളിയായി. ഇതൊക്കെയാണെങ്കിലും ഒരിക്കൽ പോലും സിനിമ തെന്നലിനെ ആകർഷിച്ചിട്ടില്ല. അവസരങ്ങൾ വന്നിട്ടും അതിൽ നിന്ന് സ്വയം മാറി നിന്നു. ഒന്നോ രണ്ടോ പടത്തിൽ പാടി പിൻവലിയാൻ ആഗ്രഹം ഇല്ലാതിരുന്നു എന്നതാണ് അതിന്റെ പിന്നിലെ പ്രേരണ.

ആകാശവാണിയിലേക്ക്

എറണാകുളം സെന്റ് തെരേസാസിലെ ബിഎ എക്‌ണോമിക്‌സ് പഠനത്തിന് ശേഷമാണ് ഗാനമേളകൾ മാത്രം പോര ജീവിക്കാൻ ഒരു സ്ഥിര വരുമാനം വേണമെന്ന ചിന്ത മനസിൽ രൂഢമൂലമായത്. 1989ൽ കൊച്ചി നിലയം സംപ്രേക്ഷണം ആരംഭിച്ചെങ്കിലും 1991ലാണ് അനൗൺസറെ ക്ഷണിച്ചുകൊണ്ടുള്ള അറിയിപ്പ് വന്നത്. അതുവരെ എല്ലാവരേയും പോലെ തെന്നലും ഒരു കേൾവിക്കാരി മാത്രമായിരുന്നു. പരീക്ഷയെഴുതി വിജയിച്ചപ്പോൾ ഒന്നു മനസിലായി...ഇതാണ് തന്റെ വഴി... കൊച്ചിയിൽ ജനിച്ച് വളർന്നെങ്കിലും അമ്മയുടെ ശക്തമായ നിർബന്ധം മൂലം ശബ്ദത്തിലും ഉച്ചാരണത്തിലും കൊച്ചി ഭാഷ കലർന്നിരുന്നില്ല. പിൽക്കാലത്ത് ജോലിയിൽ അത് വളരെ ഉപകാരപ്പെട്ടു. അങ്ങനെ പാട്ടുകാരിയായി അറിയപ്പെട്ടിരുന്ന തെന്നൽ സെക്കന്റ് ഗ്രേഡ് അനൗൺസറായി. ആകാശവാണിയിലെ ജോലിയിൽ കയറിയതിനാൽ മറ്റൊരിടത്തും പിന്നീട് ശബ്ദം നൽകിയില്ല. ഇതൊരു ജോലിയായി വിരമിക്കുന്ന കാലത്തുപോലും തോന്നിയിട്ടില്ല. അത്ര ആസ്വദിച്ചാണ് അത് ചെയ്തിരുന്നത്. സിനിമാഗാനങ്ങൾ അവതരിപ്പിക്കാനാണ് ഏറെ ഇഷ്ടം. അതിന്റെ പശ്ചാത്തലം, പാട്ടിന്റെ സാഹിത്യം, സംഗീതം ഒക്കെ വിവരിക്കുന്ന ചെറുകുറിപ്പ് അപ്പപ്പോൾ തയ്യാറാക്കിയാണ് അവതരണം.

എന്നും പുഞ്ചിരിയോടെ

ഇതിനിടയിൽ രണ്ടു തവണ കൊച്ചി വിടേണ്ടി വന്നത് വേദനയായി. ഒരിക്കൽ ഇടുക്കിയിലേക്കും മറ്റൊരിക്കൽ തൃശൂരിലേക്കുമായിരുന്നു സ്ഥലം മാറ്റം. തന്റെ ശ്രോതാക്കളെ വിട്ടുപോകുന്നതിനൊപ്പം ജനിച്ചു വളർന്ന ബോൾഗാട്ടിയെ പിരിയുന്നതിലും വിഷമമായിരുന്നു. രണ്ടു തവണയും തെന്നലിനെ തിരിച്ചു കൊണ്ടുവരണമെന്നാവശ്യപ്പെട്ട് നിരവധി ശ്രോതാക്കൾ നിലയത്തിലേക്ക് കത്തെഴുതി. ജീവിതത്തിൽ പലതിനും തടസമാകും എന്നു കരുതിയാണ് വിവാഹത്തിൽ നിന്നും സ്വയം മാറിനിന്നത്. അതിൽ ഇന്നുവരെ വിഷമം തോന്നിയിട്ടില്ല.

പക്ഷെ ഒറ്റയ്ക്ക് ജീവിക്കാൻ ധൈര്യപ്പെട്ട തനിക്ക് സമൂഹവും ബന്ധുമിത്രാദികളും അതിന്റെ പേരിൽ ഒരുപാട് വേദനകൾ സമ്മാനിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ അനുഭവിച്ച ദാരിദ്ര്യം സന്തോഷപൂർവ്വം ഓർമ്മിക്കുന്നതുപോലെ ബന്ധുമിത്രാദികൾ സമ്മാനിച്ച വേദനകളെയും ഒരു പുഞ്ചിരിയോടെ നേരിടാനാണ് ഇഷ്ടം. സ്‌റ്റേജിലെ പാട്ടുകാരി, നാടക ഗാനങ്ങൾ റെക്കോഡ് ചെയ്ത പാട്ടുകാരി, അനൗൺസർ എന്നീ വേഷങ്ങളിൽ ആവോളം തിളങ്ങിയതിനാൽ ഇനി ഇതിലേക്കൊന്നും തിരിച്ചു വരവില്ല. മൂന്നാറിലെ സ്ഥലം മാറ്റത്തിനിടയിൽ പരിചയപ്പെട്ട ഓഷോയുടെ രചനകളിൽ നിന്നും മനസിലാക്കിയ മെഡിറ്റേഷനിലൂടെയാകും ഇനിയുള്ള ജീവിതം. അനുജൻ സോജനോടും അദ്ദേഹത്തിന്റെ കുടുംബത്തിനോടും ഒപ്പം ബോൾഗാട്ടിയിൽ തന്നെയാണ് തെന്നൽ താമസിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top