20 April Saturday

രേണുവിന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ മുളച്ചപ്പോൾ

ഹേമലതUpdated: Sunday Aug 21, 2022

hemalathajeevan@gmail.com

ആരുടെയും സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുകയാണ്‌ രേണു.  സ്വന്തം സ്ഥാപനമായ ‘ഗോഡ്‌സ്‌പീഡ്‌ എമിഗ്രേഷൻ ആൻഡ്‌ സ്റ്റഡി എബ്രോഡ്‌’ വഴി ആയിരത്തിലധികം പേരുടെ സ്വപ്‌നങ്ങൾക്കാണ്‌ രേണു നിറംപകർന്നത്‌.

വിദ്യാർഥിയായിരുന്ന കാലഘട്ടങ്ങളിൽ വിദേശത്ത്‌ പോയി പഠിക്കാൻ വലിയ താൽപ്പര്യമായിരുന്നു. പക്ഷേ, കുടുംബാന്തരീക്ഷം പിന്തുണയ്‌ക്കുന്നതായിരുന്നില്ല. പിറന്നുവീണ്‌ ആറുമാസത്തിനകം അച്ഛനെ നഷ്ടമായി. അമ്മയുടെ പുനർവിവാഹത്തോടെ അമ്മൂമ്മയുടെ തണലിലായി ജീവിതം. അധിക നിറമുള്ള സ്വപ്‌നങ്ങൾക്ക്‌ കുടപിടിക്കാൻ അമ്മൂമ്മയ്‌ക്ക്‌ കരുത്തുണ്ടായിരുന്നില്ല. എന്നാൽ, കുറ്റപ്പെടുത്താനോ നടക്കാതെ പോയതിനെ ഓർത്ത്‌ സങ്കടപ്പെട്ടിരിക്കാനോ തയ്യാറാകാതെ വാശിയോടെ പഠിച്ച്‌ എംബിഎയെക്കാരിയായി. അതിനുശേഷം മൂന്നു പേർ ചേർന്ന്‌ 2008ൽ ബംഗളൂരുവിൽ വിദേശ കൺസൾട്ടൻസി ആരംഭിച്ചു.  2015ൽ ‘ഗോഡ്‌സ്‌പീഡ്‌ എമിഗ്രേഷൻ ആൻഡ്‌ സ്റ്റഡി എബ്രോഡ്‌’ സ്വന്തമായി കൊച്ചിയിൽ ആരംഭിച്ചു. ഇപ്പോൾ കോഴിക്കോട്‌, ബംഗളൂരു, കോട്ടയം എന്നിവിടങ്ങളിലും ശാഖകൾ. ആറു വർഷത്തിനിടയിൽ 1000 പേർക്ക്‌ വിദേശരാജ്യത്തേക്ക്‌ പഠനത്തിനും മൈഗ്രേഷനുമായി എല്ലാ നടപടിക്രമവും വിജയകരമായി ചെയ്‌തുകൊടുക്കാനായി. 100 പേർക്ക്‌ തൊഴിൽ നൽകാനായതും ജീവിത സന്തോഷങ്ങളിൽ ചേർത്തുവയ്‌ക്കുന്നു.

സ്‌ത്രീകൾ അപൂർവമായി മാത്രമുള്ള തൊഴിൽ മേഖലയിൽ മെല്ലെ മെല്ലെയാണ്‌ മുന്നേറിയത്‌. വിശ്വാസ്യതയ്‌ക്ക്‌ മുൻതൂക്കം നൽകുന്ന മേഖലയായതിനാൽ സ്‌ത്രീകൾക്ക്‌ നന്നായി തിളങ്ങാൻ സാധിക്കുമെന്നാണ്‌ രേണുവിന്റെ പക്ഷം. താൻ ജീവിക്കുന്ന ജില്ലവിട്ട്‌ പുറത്തുപോകാത്ത അച്ഛനമ്മമാരാണ്‌ മക്കളുടെ വിദേശ സ്വപ്‌നവുമായി രേണുവിനെ തേടിയെത്തുന്നവരിൽ ഭൂരിപക്ഷവും. പല സിറ്റിങ്ങിലൂടെ അവരുടെ ആശങ്കകൾ തീർത്തുനൽകുമ്പോൾ ഒരു ആത്മബന്ധം ഉടലെടുക്കും. വർഷങ്ങൾക്കുമുമ്പ്‌ മകനെ വിദേശ വിദ്യാഭ്യാസത്തിന്‌ അയച്ച ഒരു അച്ഛനും അമ്മയും പാലക്കാട്ടുനിന്ന്‌ ഇപ്പോഴും സ്‌നേഹ സമ്മാനങ്ങളുമായി രേണുവിനെ തേടിയെത്താറുണ്ട്‌. ഓരോ വിസയും ജാഗ്രതയോടെ പ്രോസസ്‌ ചെയ്‌തു നൽകുമ്പോൾ സ്വന്തം വിജയമായി അതിനെ ചേർത്തുവയ്‌ക്കാനാണ്‌ രേണുവിന്‌ താൽപ്പര്യം.

യാത്രകളും രാത്രികാല ജോലികളുമൊക്കെയായി തിരക്കുള്ള ഷെഡ്യൂളുകളിലും മടുപ്പില്ലാതെ മുന്നോട്ടുപോകാൻ ഭർത്താവ്‌ അനൂപ്‌ കെ കണ്ണൻ പിന്തുണ നൽകുന്നുണ്ട്‌. അമ്മയുടെ അഭാവത്തിൽ മൂന്നു വയസ്സുകാരി തിങ്കളിന്റെ മുഴുവൻ ചുമതലയും അനൂപാണ്‌ നോക്കുന്നത്‌. ജവാൻ ഓഫ്‌ വെള്ളിമല, ഹോംലി മീൽസ്‌ തുടങ്ങിയ സിനിമകളുടെ സംവിധായകനും ഒരു മെക്‌സിക്കൻ അപാരത എന്ന സിനിമയുടെ നിർമാതാവുമാണ്‌ അനൂപ്‌. ഇടപ്പള്ളിയിലെ ഫ്ലാറ്റിലാണ്‌ താമസം. ഭർത്താവിനു പിന്നാലെ സിനിമ നിർമാണരംഗത്തേക്കു കടക്കാനും രേണു തയ്യാറെടുക്കുകയാണ്‌.  ഒപ്പം സ്വന്തം സ്ഥാപനത്തിന്‌ പുതിയ ബ്രാഞ്ചുകളും ഫ്രാഞ്ചൈസികളും നൽകി 300 പേർക്ക്‌ തൊഴിൽ നൽകാനും ലക്ഷ്യമിടുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top