29 January Sunday

കുലാചാരത്തിലെ കുരുതികൾ

എ സുരേഷ്Updated: Tuesday Nov 20, 2018

രോഗം വന്നാൽ പുരുഷ ഡോക്ടർമാരിൽനിന്ന് ചികിത്സ തേടാൻ അക്കാലത്ത് ഭൂരിഭാഗം സ്ത്രീകളും തയ്യാറല്ല. വനിതാ ഡോക്ടറുടെ സേവനം രാജ്യത്തൊരിടത്തും ലഭ്യമല്ലാത്ത കാലവും. എല്ലാം സഹിച്ചുകഴിയുന്ന സ്ഥിതിക്ക് മാറ്റംവേണമെന്ന ചിന്ത ആനന്ദിയിൽ പഠിക്കാനുള്ള മോഹം വളർത്തി

ഇന്ത്യയിൽ സ്ത്രീജീവിതം എത്ര പരിതാപകമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുവന്നതെന്ന് ഓർമിപ്പിക്കുന്ന ജീവിത കഥയാണ് ഡോ. ആനന്ദിഭായ് ജോഷിയുടേത്. വിദ്യാഭ്യാസം, ചികിത്സ, സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയ പ്രാഥമിക മനുഷ്യാവകാശങ്ങൾപോലും അനുവദിച്ചുകിട്ടാൻ സ്ത്രീ സമൂഹം സഹിച്ച യാതനയുടെ അനുഭവസാക്ഷ്യമാണ് ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദിയുടെ ജീവിതം. കഠിന ത്യാഗം സഹിച്ച് വിദേശത്തുപോയി പഠിച്ച് 21ാം വയസ്സിൽ വൈദ്യവിദ്യാഭ്യാസം നേടി മടങ്ങിയെത്തിയ അവർ മാസങ്ങൾക്കുള്ളിൽ രോഗത്തിനു കീഴ്പ്പെട്ട് മരണമടഞ്ഞു. നൂലിട വ്യതിചലിക്കാൻ പാടില്ലാത്ത ആചാരബദ്ധ ബ്രാഹ്മണ ജീവിത നിഷ്ഠകളും വിശ്വാസങ്ങളും അവരെ രോഗത്തിലേക്കും മരണത്തിലേക്കും എത്തിക്കുകയായിരുന്നു. ആധുനിക വൈദ്യവിദ്യാഭ്യാസം നേടി നാടിന് വെളിച്ചമേകാൻ മോഹിച്ച ആനന്ദിയുടെ ദുരന്തജീവിതം അക്രമോത്സുക മതവർഗീയതയുടെ പുതുകാലത്ത് ഓർമയാകേണ്ടതുണ്ട്. 

വിദേശത്തുപോയി പഠിച്ച് വൈദ്യശാസ്ത്ര ബിരുദം നേടിയ ആദ്യ രണ്ട് ഇന്ത്യൻ വനിതകളിൽ ഒരാളായ ഡോ. ആനന്ദിഭായ് ജോഷി മഹാരാഷ്ട്രയിലെ കല്ല്യാണിൽ യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിൽ 1865 മാർച്ച് 31ന് ജനിച്ചു. യഥാർഥ പേര് യമുന. ഒമ്പതാം വയസ്സിൽ വിവാഹിതയായി. 20 വയസ്സ് കൂടുതലുള്ള വിഭാര്യനായ ഭർത്താവ് ഗോപാൽറാവു ജോഷി പുരോഗമന ആശയക്കാരൻ. സംസ്കൃതത്തോടൊപ്പം ഇംഗ്ലീഷ് വിദ്യഭ്യാസവും  നേടാൻ അദ്ദേഹം ഭാര്യയെ പ്രേരിപ്പിച്ചു. ആനന്ദി എന്ന് പേര് മാറ്റിയതും അദ്ദേഹം. പതിനാലാം വയസ്സിൽ അവർക്ക് കുഞ്ഞ് പിറന്നെങ്കിലും പത്താം ദിവസം മരിച്ചു. ശരിയായ വൈദ്യസഹായം കിട്ടിയിരുന്നെങ്കിൽ കുഞ്ഞ് രക്ഷപ്പെടുമായിരുന്നെന്ന വിചാരം അവരെ മറ്റൊരു വഴിക്ക് ചിന്തിക്കാൻ പ്രേരിപ്പിച്ചു.

അമേരിക്കയിൽ ആദ്യമായി വൈദ്യശാസ്‌ത്രം  പഠിക്കാനെത്തിയ സ്‌ത്രീകൾ:   ആനന്ദി, െകയ്‌കോ ഒകാമി(ജപ്പാൻ),  സബത്‌ ഇസ്ലാംബൊലി(സിറിയ)

അമേരിക്കയിൽ ആദ്യമായി വൈദ്യശാസ്‌ത്രം പഠിക്കാനെത്തിയ സ്‌ത്രീകൾ: ആനന്ദി, െകയ്‌കോ ഒകാമി(ജപ്പാൻ), സബത്‌ ഇസ്ലാംബൊലി(സിറിയ)

രോഗം വന്നാൽ പുരുഷ ഡോക്ടർമാരിൽനിന്ന് ചികിത്സ തേടാൻ അക്കാലത്ത് ഭൂരിഭാഗം സ്ത്രീകളും തയ്യാറല്ല. വനിതാ ഡോക്ടറുടെ സേവനം രാജ്യത്തൊരിടത്തും ലഭ്യമല്ലാത്ത കാലവും. എല്ലാം സഹിച്ചുകഴിയുന്ന സ്ഥിതിക്ക് മാറ്റംവേണമെന്ന ചിന്ത ആനന്ദിയിൽ പഠിക്കാനുള്ള മോഹം വളർത്തി. കല്യാണിൽ തപാൽ ജീവനക്കാരനായിരുന്ന ഗോപാൽ റാവു പൂർണ പിന്തുണയുമായി കൂടെനിന്നു. സ്ഥലംമാറ്റത്തെ തുടർന്ന് കൊൽക്കൊത്തയിലെത്തിയതോടെ സാഹചര്യം അനുകൂലമായി. സംസ്കൃതവും ഇംഗ്ലീഷും വളരെവേഗം പഠിച്ച അവരെ മെഡിസിന് പഠിപ്പിക്കാൻ അദ്ദേഹം തയ്യാറായി. ഇക്കാര്യം സൂചിപ്പിച്ച് അമേരിക്കൻ മിഷനറി റോയൽ വൈൽഡർക്ക് ഗോപാൽ കത്തെഴുതി. സഹായിക്കാൻ തയ്യാറായെങ്കിലും ക്രിസ്തുമതം സ്വീകരിക്കണമെന്ന വ്യവസ്ഥ തടസ്സമായി. എന്നാൽ ആ കത്ത് ശ്രദ്ധയിൽപ്പെട്ട ന്യൂജെഴ്സിയിലെ തിയോഡിക്ക കാർപെന്റർ ആനന്ദിയെയും ഭർത്താവിനെയും സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. ഗോപാൽ റാവുവിന് അവിടെ ജോലി ലഭിക്കുക പ്രയാസമായിരുന്നതിനാൽ ആനന്ദി ഒറ്റയ്ക്ക് പോകാൻ തീരുമാനിച്ചു.

പെൻസിൽവാനിയ മെഡിക്കൽ കോളേജ് അധികൃതർക്ക് ആനന്ദി എഴുതിയ കത്തിൽ അവരുടെ ദൃഢനിശ്ചയം കാണാം: ""ബന്ധുക്കളുടെയും സ്വസമുദായക്കാരുടെയും സംഘടിത എതിർപ്പിനെ മറികടന്നാണ് ഇത്രദൂരം താണ്ടി അവിടേക്ക് വരാൻ ഞാൻ തീരുമാനിച്ചത്. അതിനൊരു ഉദ്ദേശ്യമുണ്ട്. പരിതാപകരമായ അവസ്ഥയിലും വൈദ്യസഹായത്തിന് പുരുഷ ഡോക്ടർമാരെ സമീപിക്കുന്നതിനെക്കാൾ മരണം തെരഞ്ഞെടുക്കുന്നവരാണ് എന്റെ നാട്ടിലെ സ്ത്രീകൾ. മനഷ്യത്വത്തിന്റെ വിളി ഞാൻ കേൾക്കുന്നു. തീർച്ചയായും തോൽക്കില്ല. സ്വയം രക്ഷിക്കാനാവാത്ത അനേകരെ രക്ഷിക്കാൻ എന്റെ ആത്മാവ് ത്രസിക്കുന്നു.'' അമേരിക്കയിൽ ഇറങ്ങിയ ആനന്ദിയെ കാർപെന്റർ സ്വീകരിച്ചു.

ഫിലാഡെൽഫിയയിലെ വിമൻസ് കോളേജിലായിരുന്നു പഠനം. അവരുടെ ദാരിദ്ര്യവും വിദ്യാഭ്യാസം നേടാനായി സഹിക്കുന്ന ത്യാഗവും മനസ്സിലാക്കിയ കോളേജ് അധികൃതർ മൂന്ന് വർഷത്തേക്ക് 600 ഡോളർ സ്കോളർഷിപ്പ് ലഭ്യമാക്കി. അതേസമയം വെള്ളക്കാരിയല്ലാത്തതിന്റെ പേരിൽ പല വിവേചനങ്ങളും അവർക്ക് നേരിടേണ്ടിയും വന്നു. നെരിപ്പോടിന്റെ പുക തങ്ങിനിൽക്കുന്ന മുറിയിൽ ശ്വാസം മുട്ടൽ അനുഭവപ്പെട്ടെങ്കിലും വെള്ളക്കാരിയല്ലാത്തതിനാൽ പകരമൊന്ന് അനുവദിച്ചുകിട്ടിയില്ല. രണ്ട് വർഷമായപ്പോഴേക്കും പനിയും ചുമയും വിട്ടുമാറാതായി. ഭർത്താവിന്റെ പെരുമാറ്റത്തിൽ സ്വരഭേദവും കൂടിയായതോടെ ആനന്ദി മാനസികമായി തളർന്നു. എങ്കിലും പഠിക്കാനും ഉയരാനും അദ്ദേഹം നൽകിയ പിന്തുണയോർത്ത് സഹിച്ചു. അവിടുത്തെ കാലാവസ്ഥയും അന്തരീക്ഷവും ആരോഗ്യത്തെ പാടെ തകർത്തിരുന്നെങ്കിലും അവസാനവർഷ പരീക്ഷവരെ പിടിച്ചുനിന്നു. 1886 മാർച്ച് 11ന് നടന്ന ബിരുദദാന ചടങ്ങിൽ പങ്കെടുക്കാൻ ഭർത്താവ് ഗോപാൽ റാവുവും പണ്ഡിറ്റ് രമാബായിയും എത്തി.

"ഒബ്റ്റ്യറ്റിക്സ് എമങ് ആര്യൻ ഹിന്ദൂസ്'(ആര്യൻ പ്രസൂതികാ വിജ്ഞാനം) ആയിരുന്നു ആനന്ദിയുടെ തീസിസ് പ്രമേയം. സ്വസമുദായത്തിന്റെ അന്ധതയെ തിരുത്താനുള്ള പുരോഗമന ചിന്തയുടെ സ്ഫുരണമായിരുന്നു അവരുടെ ജീവിതത്തെ നയിച്ചതെന്ന് വ്യക്തം.

ആനന്ദിയെ ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായി പ്രഖ്യാപിച്ച ആ ധന്യമുഹൂർത്തത്തിൽ കൈയടികളും അഭിനന്ദനങ്ങളും. പക്ഷേ, ആനന്ദിയുടെ ആരോഗ്യനില അനുദിനം മോശമായി വന്നു. ഫിലാഡെൽഫിയ ആശുപത്രിയിൽവച്ച് ക്ഷയരോഗം സ്ഥിരീകരിച്ചു. ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ കപ്പലിൽവച്ച് രോഗം മൂർച്ഛിച്ചെങ്കിലും തവിട്ടുനിറക്കാരിയെ ചികിത്സിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. നാട്ടിലെത്തി പൂണെയിലെ ആശുപത്രിയിൽ ആയുർവേദ ചികിത്സ തേടിയെങ്കിലും നിരസിക്കപ്പെട്ടു. സ്വസമുദായത്തിന്റെ വിലക്കുകൾ ലംഘിച്ചവളാണെന്ന കാരണത്താൽ ഡോക്ടർ കൈയൊഴിഞ്ഞു. ആദ്യമായി പാശ്ചാത്യ വൈദ്യ വിദ്യാഭ്യാസം നേടി സ്വരാജ്യത്തെത്തിയ ആനന്ദിക്ക് മുംബൈയിൽ വലിയ വരവേൽപ് ലഭിച്ചു. കോലാപൂർ രാജാവ് ആൽബെർട് എഡ്വേർഡ് കോളേജിൽ ഫിസിഷ്യൻ ഇൻചാർജ് ആയി നിയമനം. പക്ഷേ, യാതനകൾ സഹിച്ച് നേടിയെടുത്ത ബിരുദവുമായി പത്ത് മാസം മാത്രമേ അവർക്ക് ജീവിച്ചിരിക്കാനായുള്ളൂ. ആരോഗ്യം തകർന്ന ആനന്ദി 1887 ഫെബ്രുവരി 27ന് എല്ലാ നേട്ടങ്ങളും കാറ്റിന് നൽകി 22ാം വയസ്സിൽ മരണത്തിന് കീഴടങ്ങി. ആനന്ദിയുടെ ചിതാഭസ്മം മിസ് കാർപെന്റർ ഏറ്റുവാങ്ങി. ന്യൂയോർക്കിലെ പൗപീസ്കിയിലെ കുടുംബ സെമിത്തേരിയിൽ കല്ലറ പണിത് ആ പേര് അനശ്വരമാക്കി.

"ഒബ്റ്റ്യറ്റിക്സ് എമങ് ആര്യൻ ഹിന്ദൂസ്'(ആര്യൻ പ്രസൂതികാ വിജ്ഞാനം) ആയിരുന്നു ആനന്ദിയുടെ തീസിസ് പ്രമേയം. സ്വസമുദായത്തിന്റെ അന്ധതയെ തിരുത്താനുള്ള പുരോഗമന ചിന്തയുടെ സ്ഫുരണമായിരുന്നു അവരുടെ ജീവിതത്തെ നയിച്ചതെന്ന് വ്യക്തം. ആനന്ദിയുടെ ജീവിതം പുതിയ തലമുറക്ക് പ്രചോദനമാകുന്നതും അതുകൊണ്ട്. അവരുടെ ജീവിതത്തെ അടിസ്ഥാനമാക്കി മറാത്തി ഭാഷയിൽ നോവലും നാടകവും പുറത്തിറങ്ങി. അമേരിക്കൻ ഫെമിനിസ്റ്റ് കരോലിൻ വെൽസ് 1888ൽ പ്രസിദ്ധീകരിച്ച എ ലൈഫ് ഓഫ് ആനന്ദിഭായ് ജോഷി ആ ജീവിതത്തെ ലോകത്തിന് പരിചയപ്പെടുത്തി. ദൂരദർശൻ ഹിന്ദി പരമ്പര തയ്യാറാക്കി. 153ാം ജന്മദിനത്തോടനുബന്ധിച്ച് ഇക്കഴിഞ്ഞ മാർച്ച് 31ന് ഗൂഗിൾ ഡൂഡിലിലൂടെ അവർ ഒരിക്കൽ കൂടി ഓർമയിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top