29 March Friday

ന്യൂജെൻ ആകാൻ ലതിക മുത്തശ്ശിയും

ആർ ഹേമലതUpdated: Tuesday Nov 20, 2018

‘അഡ്രസും ഫോൺ നമ്പരും നൽകുന്നവർ അൽപ്പം ക്ഷമയോടെ കാത്തിരിക്കണം. വയസ‌് 89 ആയതിനാൽ മറുപടിക്ക‌് ഏഴു ദിവസത്തെ കാലതാമസം ഉണ്ടായേക്കാം’.

ജീവിതം ഏതാണ്ട‌് അവസാനിച്ചു എന്നു തോന്നുന്നിടത്തു നിന്നാണ‌് ലതിക ചക്രവർത്തി എന്ന മുത്തശ്ശി ഒരു ബിസിനസുകാരിയാകുന്നത‌്. മക്കളും കൊച്ചു മക്കളുമായി മുംബൈയിലെ ഫ്ലാറ്റിൽ വിശ്രമ ജീവിതം ആസ്വദിക്കുന്നതിനിടയിൽ പഴന്തുണികൾ വെട്ടി ഭംഗിയുള്ള കുഞ്ഞു കുഞ്ഞുബാഗുകൾ  തയ്ക്കുന്നതായിരുന്നു ആകെയുള്ള നേരമ്പോക്ക‌്.  തന്നെ കാണാനെത്തുന്ന വിരുന്നുകാർക്ക‌് ഈ ബാഗ്‌ സമ്മാനമായി നൽകുന്നതും പതിവായിരുന്നു. എന്നാൽ ഇപ്പോൾ ലതികയുടെ ബാഗുകൾക്ക‌് വിദേശത്തു നിന്നു പോലും ആവശ്യക്കാരേറെ.

89 വയസായിട്ടും നേരത്തെ ഉറങ്ങാനും നേരത്തെ ഉണരാനും ശ്രമിക്കുന്നതാണ‌് തന്റെ വിജയം എന്ന‌് ഇൗ അസം സ്വദേശിനി വിശ്വസിക്കുന്നു. ചിട്ടയോടെയുള്ള ജീവിതം ആയിരുന്നതിനാൽ ആരോഗ്യത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പറ്റുന്നുണ്ട‌്. സർവ്വെ ഓഫ‌് ഇന്ത്യയിൽ സർവ്വെയർ ആയിരുന്ന കൃഷ‌്ണലാൽ ചക്രവർത്തിയുടെ ഭാര്യയാണ്‌ ലതിക. അതിനാൽ ഇന്ത്യ മുഴുവൻ നീളുന്നതായിരുന്നു ലതികയുടെ ജീവിതം. അദ്ദേഹത്തിന്റെ മരണത്തിന‌് ശേഷം ഇന്ത്യൻ നേവിയിൽ ഓഫീസറായിരുന്ന മകൻ ക്യാപ‌്റ്റൻ രാജ‌് ചക്രവർത്തിയുടെ ഒപ്പം മുംബൈയിലാണ‌് മുത്തശ്ശിയുടെ ജീവിതം. രാജിന്റെ മകൻ ജർമ്മനിയിൽ ജീവിക്കുന്ന ജോയ‌് ചക്രവർത്തിയാണ‌് മുത്തശ്ശിയെ ഓൺലൈൻ ബിസിനസുകാരിയാക്കുന്നത‌്.

ജോയ‌് ഒരിക്കൽ അവധിക്കാലം ചെലവഴിക്കാൻ മുത്തശ്ശിയുടെ അടുത്തെത്തി. പണ്ട‌് ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന‌് വാങ്ങിക്കൂട്ടിയ പഴയ സാരികളും കുർത്തികളും വെട്ടി ഭംഗിയുള്ള കുഞ്ഞ‌് ബാഗ‌് തയ‌്ക്കുന്ന മുത്തശ്ശിയെ ജോയ‌് അന്നാണ‌് അടുത്തറിയുന്നത‌്. തയ‌്ക്കുന്ന ബാഗുകൾ മിക്കവാറും സുഹൃത്തുക്കൾക്ക‌് സമ്മാനമായി നൽകുന്ന മുത്തശ്ശിക്ക‌് ഓൺലൈനിൽ ഒരു കട ഇട്ടു നൽകാൻ അന്നാണ‌് ജോയ‌് തീരുമാനം എടുക്കുന്നത‌്.

ഓൺലൈനിൽ ‘ലതിക ബാഗ‌്’ എന്ന കട തുടങ്ങി പടം ഇട്ടതോടെ വൻ സ്വീകാര്യത ലഭിച്ചു. 500 രൂപ മുതൽ 1500 രൂപ വരെ വില വരുന്ന ബാഗുകളാണ‌് ഇപ്പോൾ ഓൺലൈനിൽ ലഭ്യമാകുന്നത‌്. ഓരോ ബാഗിനും ഓരോ പേര‌് നൽകിയാണ‌് പോസ‌്റ്റ‌് ചെയ്യുന്നത‌്. ന്യൂസിലാന്റ‌്, ഒമാൻ, ജെർമ്മനി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന‌് മുത്തശ്ശിയെ തേടി ഓർഡറുകൾ എത്തുന്നുണ്ട‌്‌. എന്നാൽ മുത്തശ്ശിക്ക‌് ഒരു ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ തയ‌്ക്കാൻ സാധിക്കാത്തതിനാൽ അധികം വലിയ ഓർഡറുകൾ ഒന്നും സ്വീകരിക്കാറില്ല. 64 വർഷമായി തന്റെ സന്തത സഹചാരിയായ ഒരു പഴയ തയ്യൽ മെഷീനാണ‌് മുത്തശ്ശി ഇതിനായി ഉപയോഗിക്കുന്നത‌്.

എഫ‌്ബി പേജും മുത്തശിക്ക‌് സമ്മാനിച്ച കൊച്ചു മകൻ വെബ‌്സൈറ്റിനടിയിൽ മുത്തശ്ശിയുടെ പ്രായം ഓർമ്മിപ്പിക്കുന്ന ഒരു വാചകം കൂടി എഴുതി ചേർത്തിട്ടുണ്ട‌്. മുത്തശ്ശിയുമായി എഴുത്തുകുത്തുകൾക്ക‌് താൽപ്പര്യമുള്ളവർക്ക‌ായി ചേർത്തിക്കുന്ന വിവരശേഖരണത്തിന‌് മുന്നിലാണ‌് വാചകങ്ങൾ കുറിച്ചിരിക്കുന്നത‌്. ‘അഡ്രസും ഫോൺ നമ്പരും നൽകുന്നവർ അൽപ്പം ക്ഷമയോടെ കാത്തിരിക്കണം. വയസ‌് 89 ആയതിനാൽ മറുപടിക്ക‌് ഏഴു ദിവസത്തെ കാലതാമസം ഉണ്ടായേക്കാം’. എങ്കിലും ദിനം പ്രതി നിരവധി പേരാണ‌് മുത്തശിയുടെ ബാഗിനും വിശേഷത്തിനുമായി സന്ദേശങ്ങൾ അയയ‌്ക്കുന്നതെന്ന‌് മകൻ രാജ‌് ചക്രവർത്തി പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top