08 December Thursday

ഗോട്ടുവാദ്യത്തിന്റെ അമ്മ

പ്രബീഷ് നയ്യാര്‍Updated: Sunday Oct 20, 2019


ഗോട്ടുവാദ്യം എന്ന സംഗീതോപകരണം അറിയാത്തവരായിരിക്കും നമ്മളില്‍ ഭൂരിഭാഗംപേരും. അതുപോലെതന്നെ അപൂർവമാണ് ഈ സംഗീതോപകരണം കൈകാര്യം ചെയ്യുന്നവരും. കാരണം ശ്രുതിചേര്‍ക്കാന്‍ ഏറ്റവും പ്രയാസമേറിയസംഗീതോപകരണങ്ങളില്‍ ഒന്നാണിത് എന്നതുതന്നെ. അതിനാല്‍തന്നെ മറ്റ് സംഗീതോപകരണങ്ങളെക്കാള്‍ പരിശീലനവും സമയവും ഇതിന് ആവശ്യവുമാണ്. വിചിത്രവീണ എന്നും ചിത്രവീണ എന്നും ഇത് അറിയപ്പെടുന്നുണ്ട്. കോഴിക്കോട് ആകാശവാണിയില്‍ 35 വര്‍ഷത്തിലധികം സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ജോലിചെയ്ത് വിരമിച്ച, കഴിഞ്ഞ 54 വര്‍ഷങ്ങളായി ഈ ഉപകരണം വായിക്കുന്ന ഉഷാ വിജയകുമാറിന്റെ വിശേഷങ്ങളിലേക്ക്.

ഉഷയുടെ അച്ഛന്‍ ദീനദയാല്‍, അമ്മ പട്ടമ്മാള്‍. അവര്‍ അഞ്ച്‌ മക്കളായിരുന്നു. അച്ഛന് റെയിൽവേയിൽ ജോലി. വിവിധ സ്ഥലങ്ങളിലേക്കുള്ള സ്ഥലംമാറ്റത്തിനിടയിൽ അദ്ദേഹം തിരുപ്പതിയിലും എത്തി.  അവിടെവച്ചാണ് അദ്ദേഹം ആദ്യമായി ഗോട്ടുവാദ്യ കച്ചേരി കേള്‍ക്കാന്‍ ഇടവന്നത്. സംഗീതത്തില്‍ അതീവ തല്‍പ്പരനായിരുന്ന അച്ഛൻ ഗോട്ടുവാദ്യം ഉഷയെയും സഹോദരനെയും പഠിപ്പിക്കാന്‍ തീരുമാനിച്ചു. അക്കാലത്ത് പ്രശസ്ത ഗോട്ടുവാദ്യ വിദഗ്ധ മണ്ണാര്‍ഗുടി സാവിത്രി അമ്മാള്‍ അവിടെ സംഗീത കോളേജില്‍ ലക്ചറര്‍ ആയിരുന്നു. സഹോദരന്‍ ഗോട്ടുവാദ്യത്തില്‍ മാസ്റ്റര്‍ ഡിഗ്രി നേടിയെങ്കിലും വേറെ മേഖലയിലേക്ക് തിരിഞ്ഞു. ഉഷ ആദ്യം വീട്ടിലും പിന്നെ മ്യൂസിക് കോളേജിലും പഠിച്ചു, തുടര്‍ന്ന് അവരുടെ അടുത്തുതന്നെ തുടര്‍പഠനം നടത്തി. കച്ചേരികള്‍ക്കും പോയി. 20 വയസ്സുവരെ സാവിത്രി അമ്മാളുടെ അടുത്ത് പഠിച്ചു.  പിന്നീട് മദ്രാസില്‍ ഭൂതല്ലൂര്‍ കൃഷ്ണമൂര്‍ത്തി ശാസ്ത്രികളുടെ അടുത്തുപോയി കേന്ദ്രസര്‍ക്കാര്‍ സ്കോളര്‍ഷിപ്പോടെ  രണ്ടുവര്‍ഷത്തെ തുടര്‍പഠനത്തിന് ചേര്‍ന്നു.

ആയിടക്കാണ് ആകാശവാണി കോഴിക്കോട് നിലയത്തില്‍ ഗോട്ടുവാദ്യത്തിന് ഒഴിവ് വരുന്നത്. അവര്‍ ഉഷയെ അവിടെ ഇന്റർവ്യൂവിന് വിളിച്ചു. അപ്പോള്‍ മദ്രാസില്‍ പഠിക്കുന്നകാര്യം അവരോട് അച്ഛന്‍ പറഞ്ഞു. കോഴ്സിനുശേഷം 1977ല്‍ ഉഷ അവിടെ സ്റ്റാഫ് ആര്‍ട്ടിസ്റ്റായി ചേര്‍ന്നു. ആകാശവാണിയിലെത്തിയതിനുശേഷമാണ് താന്‍ കൂടുതല്‍ പഠിച്ചതെന്നും സംഗീതത്തെ ഗൗരവമായി സമീപിച്ചതെന്നും അവര്‍ പറയുന്നു. അക്കാലത്ത് ഒരുദിവസം കുറഞ്ഞത് നാലും അഞ്ചും റെക്കോര്‍ഡിങ്ങുകൾ അവിടെ നടന്നിരുന്നു.  എം എൽവി, ഡികെ പട്ടമ്മാള്‍, രമണി തുടങ്ങി സംഗീതരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭരും കോഴിക്കോട് ആകാശവാണിയില്‍ വന്നിട്ടുണ്ട്. അവരുടെയൊക്കെ അനുഭവസമ്പത്തും വൈദഗ്ധ്യവുമെല്ലാം ഉഷയെ കൂടുതല്‍ മികവിലേക്ക് ഉയര്‍ത്തുന്നതിന്‌ സഹായിച്ചു.

 

സാധാരണ വീണയില്‍ പടികള്‍ ഉള്ളതിനാല്‍ സ്വരസ്ഥാനങ്ങള്‍ അനായാസമായി കണ്ടെത്തി വായിക്കാം. എന്നാല്‍ ഗോട്ടുവാദ്യത്തില്‍ പടികള്‍ ഇല്ലാത്തതിനാല്‍ സ്വരസ്ഥാനം മനോധര്‍മം അനുസരിച്ച് കണ്ടെത്തി വായിക്കണം. അതിനാല്‍തന്നെ ഏറ്റവും പ്രയാസകരമാണ് ഈ സംഗീതോപകരണം അഭ്യസിക്കാൻ. ഇന്നും വിരലിലെണ്ണാവുന്ന കലാകാരന്മാര്‍ മാത്രമേ ഗോട്ടുവാദ്യം വായിക്കുന്നുള്ളൂ. പിന്നെ ഉപകരണത്തിന്റെ വലിപ്പവും ഇത് ഏറെ പ്രയാസകരമാക്കുന്നു.  ഒരു ചെറിയ വ്യത്യാസംപോലും കേൾവിയില്‍ അപസ്വരമായി മാറും. 54 വര്‍ഷമായി ഈ ഉപകരണം കൈകാര്യംചെയ്യുന്ന തനിക്കുപോലും പത്ത് പതിനഞ്ച് ദിവസം അത് വായിക്കാതിരുന്ന് പിന്നെ വായിച്ചാല്‍ ചിലപ്പോള്‍ അപസ്വരം വരാറുണ്ടെന്ന് അവ ർ പറയുന്നു.

കൂടാതെ,കഷ്ടപ്പെട്ട് ഇത് പഠിച്ചാലും ജീവിതമാർഗമായി കൊണ്ടുനടക്കാന്‍ പ്രയാസമാണ്.  മറ്റ് ഉപകരണങ്ങളെപോലെ സിനിമാപ്പാട്ടുകള്‍ വായിക്കാനും പറ്റില്ല.മക്കളെ രണ്ട്പേരെയും കീര്‍ത്തനംവരെ പഠിപ്പിച്ചു. പിന്നീട് അവര്‍ മേഖലകള്‍ മാറിപ്പോയി.

കോഴിക്കോട് ആയിരുന്ന സമയത്ത് താന്‍ അഭ്യസിപ്പിച്ച വിദ്യാര്‍ഥികളില്‍ ചിലര്‍ ഒരുവിധംനന്നായി ഗോട്ടുവാദ്യം വായിക്കുന്നവരാണ്. പക്ഷെ വേദികള്‍ കിട്ടാനാണ് പ്രയാസം‐ അനുഭവസമ്പന്നയായ ഒരു അധ്യാപികയുടെ വാക്കുകള്‍. ക്ലാസിക്കലില്‍ അടിയുറച്ച് ഒരു ഫ്യൂഷന്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന് സമയവും സന്ദര്‍ഭവും ഒത്തുവരുമ്പോള്‍ നോക്കണം. അതിനായി ചില നോട്ടുകളൊക്കെ താന്‍ തയ്യാറാക്കിവച്ചിട്ടുണ്ടെന്ന് ഉഷ പറയുന്നു.

ഭര്‍ത്താവ് കോന്നിയൂര്‍ വിജയകുമാര്‍ കോഴിക്കോട് ആകാശവാണിയില്‍തന്നെ പ്രോഗ്രാം എക്സിക്യൂട്ടീവ് ആയിരുന്നു. ആകാശവാണിയിലെ പരിചയം വിവാഹത്തിലേക്ക് എത്തുകയായിരുന്നു.

2014ല്‍ അദ്ദേഹം അന്തരിച്ചു. ഉഷാ വിജയകുമാറിന് രണ്ടുമക്കള്‍. മകന്‍ ഹരിപ്രിയന്‍  അമേരിക്കയില്‍ ഐടി മേഖലയില്‍. മകള്‍ ശ്രീപ്രിയ തൃശുരില്‍ അധ്യാപികയാണ്. തൃശൂരിലാണ് ഇപ്പോള്‍ ഉഷാ വിജയകുമാറിന്റെ താമസം.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top