19 April Friday

തോല്‍ക്കില്ല തുടരും ഈ പോരാട്ടം

സുപ്രിയ സുധാകര്‍Updated: Wednesday Sep 20, 2017

ഡൽഹി ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി, ജാമിയ മിലിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലെ അധ്യാപികയാണ് പ്രഫ. അർച്ചന പ്രസാദ്. ഡൽഹി സ്വദേശിയായ  ഇവർ ഇടതുപക്ഷ ചരിത്രഗ്രന്ഥകാരിയും  സാമൂഹ്യപ്രവർത്തകയുമാണ്. കേരള സാഹിത്യ അക്കാദമി  കൂത്തുപറമ്പിൽ സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയിൽ  പങ്കെടുക്കാൻ എത്തിയപ്പോൾ 'ദേശാഭിമാനി'ക്ക്  അനുവദിച്ച അഭിമുഖം അക്ഷരങ്ങൾക്കൊപ്പം  

പോരാട്ടങ്ങൾക്കും മൂർച്ച. ഓരോ വാക്കുകളും അറുത്തുമുറിച്ചു പറയുമ്പോഴും തന്റെ നിലപാടുകൾക്ക് വിട്ടുവീഴ്ചയില്ലെന്ന് അവരുടെ എഴുത്തുകളിലും പ്രഭാഷണങ്ങളിലും വ്യക്തമാക്കുന്നു. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് വിരാമമിടാൻ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302ാം (കൊലപാതകകുറ്റം) വകുപ്പിന്് പോലും കഴിയില്ലെന്ന ശക്തമായ സന്ദേശമാണ്  പ്രൊഫ. അർച്ചന പ്രസാദിന്റെ ജീവിതം. 

ഇടതുപക്ഷത്തിന്റെ സഹയാത്രിക മാത്രമല്ല, ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്താത്ത ഇടതുപക്ഷത്തിന്റെ പങ്ക് വെളിച്ചത്തുകൊണ്ടുവരുന്നതിന് നിരവധി ഗവേഷണങ്ങളും നടത്തിയ അർച്ചന പ്രസാദ് തന്റെ പോരാട്ടത്തെ കുറിച്ച് വാചാലയാകുന്നു.
 
ഗൗരിലങ്കേഷിനെ പോലുള്ളവരുടെ മരണം രാജ്യത്ത് ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ എന്തൊക്കെയാണ്?
 
വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്നും വ്യത്യസ്ത രീതിയിൽ ശക്തിപ്പെടുകയാണ്. ഗൗരി ലങ്കേഷ്, കൽബുർഗി, പൻസാരെ പോലുള്ള പ്രമുഖരുടെ മരണം കൊണ്ടൊന്നും നിശബ്ദമാക്കാൻ പറ്റുന്ന ഒരു പോരാട്ടമല്ലിത്. നിരവധി ആളുകൾ വർഗീയശക്തികൾക്കെതിരെയുള്ള പോരാട്ടത്തിൽ ദിനംപ്രതി അണിചേരുന്നുണ്ട്. അവർ ഒരിക്കലും പ്രശസ്തി ആഗ്രഹിക്കുന്നില്ല. അതിനാൽ അവരെ ഒരിക്കലും പൊതുജനമധ്യത്തിൽ ശ്രദ്ധാകേന്ദ്രമായി കാണില്ല. തിരിച്ചൊന്നും ആഗ്രഹിക്കാതെ ജീവിതം തന്നെ അർപ്പിച്ചവരാണ് മിക്കവരും.
 
കമ്മ്യൂണിസ്റ്റ് പാർടി രൂപം കൊണ്ട നാട്ടിലേക്ക് എത്തിയപ്പോഴുള്ള അനുഭവം?
 
കേരള സാഹിത്യഅക്കാദമിയുടെ പ്രഭാഷണ പരമ്പരയിൽ പങ്കെടുക്കാനാണ് കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പിൽ എത്തിയത്. കാവിക്കൊടികൾ എങ്ങനെയാണ് ഇവിടെ അതിജീവിക്കുന്നതെന്ന് അത്ഭുതപ്പെട്ടുപോയി. കമ്മ്യൂണിസ്റ്റ് പാർടി രൂപം കൊണ്ട സ്ഥലത്ത്, ഇടതുപക്ഷ സർക്കാർ ഭരിക്കുന്ന സംസ്ഥാനത്ത് കാവിക്കൊടികൾ വലിച്ചുകീറപ്പെടാത്തത് ഇടതുപക്ഷ പാർടി പ്രവർത്തകരുടെ സഹിഷ്ണുത കൊണ്ടാണ്. രാഷ്ട്രീയ ലാഭത്തിനുവേണ്ടി ആർഎസ്എസുകാരെ കൊന്നു തള്ളുന്നു എന്ന കുപ്രചാരണത്തിന് നൽകുന്ന ചുട്ടമറുപടിയാണിത്. ആർഎസ്എസ് ആണ് രാഷ്ട്രീയലാഭത്തിനു വേണ്ടി കൊലപാതകം നടത്തുന്നത്. ഇത് ചരിത്രം പരിശോധിച്ചാൽ മനസിലാകും. കണ്ണൂരിലെ രക്തസാക്ഷികുടുംബങ്ങളുടെ വീട് സന്ദർശിച്ചപ്പോൾ  ഇവ കൂടുതൽ വ്യക്തമായി. 
 
വിശ്വാസം മുതലെടുത്ത് കാവിപ്പട സംസ്ഥാനത്ത് വ്യാപകമായി വിവിധ പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്. കേരളത്തിൽ നടത്തുന്ന ശ്രീകൃഷ്ണജയന്തി ആഘോഷം ഉത്തരേന്ത്യയിൽ ഇല്ല. ആർഎസ്എസിന്റെ ഇത്രയും കാലത്തെ ചരിത്രത്തിൽ ഇത്തരമൊരു ആഘോഷം രേഖപ്പെടുത്തിയിട്ടില്ല. ഇത് വിശ്വാസികളെ ആകർഷിക്കാനായി നടത്തുന്ന പരിപാടിയാണ്. ഇത് ജനങ്ങൾ തിരിച്ചറിയണം.
 
വർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത? 
 
വർഗീയതയെ ചെറുക്കാൻ ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന് മാത്രമാണ് സാധിക്കുക. രാജ്യത്ത് ഇടതുപക്ഷം ചെറുന്യൂനപക്ഷമാണ്. നമ്മുടെ മുന്നിലുള്ള ശത്രു വളരെ വലുതാണ്. അതു മനസിലാക്കി വിഘടിച്ച് നിൽക്കുന്ന ഇടതുപക്ഷസംഘടനകൾ ഒന്നിച്ചുചേർന്ന് പ്രവർത്തിക്കേണ്ട സമയമാണിത്. ജെഎൻയുവിൽ നടന്ന തെരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്റെ വിജയം വലിയൊരു സന്ദേശമാണ് നൽുകന്നത്. 
 
കേന്ദ്രം ബിജെപി ഭരിക്കുന്നു, സർവകലാശാല ഭരണവും ബിജെപിയുടെ കീഴിലാണ്. അധ്യാപകർ ഉൾപ്പെടെ എബിവിപിക്ക് വോട്ട് ചോദിക്കുന്ന സ്ഥിതി വിശേഷമാണ് ഉണ്ടായിരുന്നത്. ഈ പ്രതിലോമശക്തികളെയൊക്കെ എതിരിട്ട്  ഇടതുപക്ഷ വിദ്യാർഥി സഖ്യം വിജയം കൈവരിച്ചു. കുത്തകഭീമന്മാരുടെ കടന്നുവരവും വർഗീയഫാസിസവും എതിർക്കുന്നതിനായി ഇടതുപക്ഷ സംഘടനകൾ ഒരുമിച്ച് നിൽക്കണമെന്ന മഹത്തായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. 
 
ചെങ്കൊടിയുടെ കീഴിൽ ആർഎസ്എസ് വർഗീയശക്തികൾക്കെതിരെ പോരാടാൻ എല്ലാവരും ഒരുമിച്ച് നിൽക്കണം. ചുവപ്പിനെതിരെ നടത്തുന്ന കുപ്രചാരണങ്ങൾ തള്ളിക്കളയണം. ഇന്ത്യപാകിസ്ഥാൻ വിഭജന സമയത്ത് വാഗഅതിർത്തിയിൽ ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം കൊല്ലുമ്പോൾ ചുവന്ന കൊടിയുമായാണ് മതമൈത്രീ സംഘം എത്തിയത്. എല്ലാമതസ്ഥരും ഐക്യത്തോടെ ജീവിക്കുന്നതിന് ഇവർക്കിടയിൽ പ്രവർത്തിച്ച് സമാധാനം പുനഃസ്ഥാപിച്ചതും ചരിത്രത്തിൽ രേഖപ്പെടുത്തിയ വസ്തുതയാണ്. ചുവപ്പ്‌കൊടി സമാധാനത്തിന്റെ അടയാളാമാണെന്നാണ് ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്. 
 
കൊലപാതകക്കുറ്റം ചുമത്തിയത് എന്തിനാണ്?
 
സുരക്ഷാസേനയെ ഉപയോഗിച്ച് ആദിവാസികളെ ഉന്മൂലനം ചെയ്ത് കുത്തക ശക്തികൾക്ക് കടന്നുവരാനുള്ള വഴിയൊരുക്കുകയാണ് ഛത്തീസ്ഗഢ് സർക്കാർ. സ്വത്വവാദവും ദേശീയവാദവും ഒന്നുമല്ല ആദിവാസി മേഖലയിലെ പ്രശ്‌നം. അവർക്ക് വേണ്ടത് ജീവിക്കാനുള്ള തൊഴിലും താമസിക്കാനായി ഭൂമിയും പാർപ്പിടവുമാണ്. നക്‌സലൈറ്റുകൾക്ക് സ്വാധീനമുള്ള ഛത്തീസ്ഗഢിലെ സുക്മ ജില്ലയിലെ ആദിവാസി ജനവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിച്ച് ഇത്തരം വസ്തുതകൾ റിപ്പോർട് ചെയ്തതിനാണ് ഛത്തീസ്ഗഢ് സർക്കാർ  തനിക്കെതിരെ കൊലപാതകകുറ്റം ചുമത്തിയത്. ആദിവാസിയുവാവ് മരിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് തനിക്കും കൂടെ പ്രവർത്തിച്ച ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫ. നന്ദിനി സുന്ദറിനും എതിരെ കേസെടുത്തത്. 
 
മാവോയിസ്റ്റുകളും ആദിവാസി ജനവിഭാഗത്തെ സംരക്ഷിക്കുന്നില്ല. സുരക്ഷസേനയുമായി സ്ഥിരം യുദ്ധം നടത്തിയതിലൂടെ പാവപ്പെട്ട ജനവിഭാഗത്തിന് ഒന്നും ലഭിക്കില്ല. ആദിവാസികളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ മാവോയിസ്റ്റുകൾ തോക്ക് താഴെവെച്ച് ജനാധിപത്യപരമായി തെരഞ്ഞെടുപ്പിനെ നേരിടണം.  ജനസമ്മതിയുള്ളവർ വിജയിച്ച് നാട്ടിൽ വികസനം എത്തിക്കട്ടെ. ശക്തമായ ജനാധിപത്യ സംവിധാനത്തിന്റെ അഭാവം അവിടെയുണ്ട്.  ഇത് നികത്താൻ ഇടതുപക്ഷം ഇത്തരം മേഖലയിൽ ശക്തമായ സംവിധാനം ഒരുക്കണം. 
 
ആദിവാസികൾ പരമ്പരാഗത ഗോത്രവർഗമാണെന്ന് 'കാൽപനിക'വത്കരിക്കുന്നത് ശരിയല്ല. അവരുടെ ഇടയിലാണ് ഏറ്റവും അധികം ചൂഷണം നടക്കുന്നത്. ലൈംഗികചൂഷണം ഉൾപ്പെടെ വളരെ കൂടുതലാണ്. ഭൂമിയിൽ അവകാശം പോലുമില്ല. ഇവർക്കിടയിൽ ശക്തമായ ആശയപ്രചാരണം നടത്തേണ്ടതുണ്ട്. അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഈ മേഖലയിൽ പ്രവർത്തനം നടത്തുന്നുണ്ട്. 
 
 ചരിത്രം വളച്ചൊടിച്ച് നിർമിക്കുന്ന ഹൈന്ദവദേശീയതയ്ക്കും കാവിവർഗീയതയ്‌ക്കെതിരെയുള്ള പോരാട്ടം തളച്ചിടാൻ ഒരു കള്ളക്കേസിനും സാധിക്കില്ലെന്ന്  അർച്ചന പ്രസാദ് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് പുതിയ കർമമേഖലയിലേക്ക് കടക്കുന്നു. അർച്ചന പ്രസാദിന്റെ അടുത്ത പുസ്തകം രാജ്യത്ത് നടന്ന  വാർലി പ്രക്ഷോഭത്തെ കുറിച്ചാണ്. ഇതിനായി  ആദിവാസി ജനവിഭാഗങ്ങളിലേക്ക് ഇറങ്ങിചെന്ന് നേരിട്ട് സംസാരിച്ചാണ് വിവരങ്ങൾ ശേഖരിച്ചത്. ഈ സംഭാഷണശകലങ്ങൾ കോർത്തുവെച്ചാണ് പുസ്തകം തയ്യാറാക്കിയത്. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, മറാഠി ഭാഷകളിൽ ഒരേ സമയം പുറത്തിറക്കുന്ന പുസ്തകം ഒക്‌ടോബർ മൂന്നിന് പ്രകാശനംചെയ്യും.           

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top