19 April Friday

ആത്മാവിൽ നാടകവുമായ‌്

പി വി ജീജോUpdated: Friday Jun 21, 2019


വിളക്കേന്തി നിൽക്കുന്നത‌് ഇരുട്ടിന്റെ  ആത്മാവിൽ നിന്നുള്ള രംഗം. കടംകേറി മൂടിയിട്ടും തളരാതെ അരങ്ങിനായി ജീവിക്കുന്ന ജീവിതം......നാടകമില്ലാതെന്ത‌് ജീവിതമെന്നതാണ‌് ഏതുപ്രതിസന്ധിയിലും  ഉഷാചന്ദ്രബാബുവിന്റെ പ്രധാന ഡയലോഗ‌്. നാടകം നിങ്ങൾക്കെന്തു തന്നു എന്ന ചോദ്യത്തിന‌്മുന്നിൽ ജീവിതമെന്ന‌് പറയാൻ ഉഷക്ക‌് ഒരു സംഭാഷണത്തിന്റെ  ഇടവേളപോലുമില്ല. നാടകത്തെ തീവ്രമായി പ്രണയിക്കുന്ന കലാകാരിയുടെ അർപ്പിതമായ മനസ‌്–- അരങ്ങിൽ നിന്നും അരങ്ങിലേക്ക‌് തുടരുന്ന കലാജീവിതത്തിന്റെ പേരാണ‌് ഉഷാചന്ദ്രബാബുവെന്നത‌്. സംസ്ഥാന സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള പുരസ‌്കാരം ഇത്തവണ കിട്ടിയ സന്തോഷമുണ്ട‌് ഉഷക്കിപ്പോൾ. മുപ്പതുവർഷം നീണ്ട നാടകജീവിതത്തിൽ നാലാമതാണ‌് ഈ നടിയെ സർക്കാർ ബഹുമതി തേടിയെത്തുന്നത‌്. 

വൈക്കം  മുഹമ്മദ‌് ബഷീറിന്റെ കഥാപാത്രങ്ങൾക്ക‌് അരങ്ങിൽ ജീവൻപകർന്നതിനാണിക്കുറി അവാർഡ‌്. കോഴിക്കോട‌് നവചേതനയുടെ ‘‘നയാപൈസ’’യെന്ന നാടകത്തിലെ അഭിനയത്തിന‌്. പ്രണയത്തിന്റെ വിശുദ്ധിയും അനശ്വരതയും വിളംബരംചെയ്യുന്ന സാറാമ്മയും സൈനബയുമായി  നയാപൈസയിൽ ഇരട്ടവേഷമാടി ഉഷാചന്ദ്രബാബു. തെരുവിലും അരങ്ങിലുമായി അഭിനയത്തിന്റെ  തീവ്രതയും കരുത്തും പകർന്നാടിയിട്ടുണ്ട‌് ഉഷ. നാടകത്തിനോടുള്ള അഗാധപ്രണയവുമായി ഏകദേശം മുപ്പതാണ്ടിലധികമായി ഈ കലാകാരി ഇവിടെയുണ്ട‌്. 

പെണ്ണരങ്ങിന്റെ കരുത്തും സൗന്ദര്യവും  ചോരാതെ തീവ്രമായി അനുഭവിപ്പിക്കുന്നതാണ‌് ഉഷയുടെ അഭിനയം.   സോക്രട്ടീസിന്റെ ഭാര്യ സെന്തിപ്പിയിൽ  തുടങ്ങി കണ്ണകി, പൂമാതൈ പൊന്നമ്മ എന്നിങ്ങനെ  കെ ടി മഹുമ്മദ‌്, എം ടി വാസുദേവൻ നായർ, കാരൂർ നീലകണ‌്ഠപ്പിള്ള തുടങ്ങിയ  പ്രശസ‌്തരുടെ  കഥാപാത്രങ്ങളായി നൂറോളം നാടകങ്ങളിൽ .കൂടാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള തെരുവുകളിലും നാടകമാടിയിട്ടുണ്ടിവർ. പ്രൊഫഷണൽ നാടകത്തിലഭിനയിക്കുമ്പോഴും തെരുവരങ്ങിലാണ‌് ഉഷയുടെ മനസ‌്. 

തൃശൂർ ചേലക്കര മഞ്ഞനാലിൽ ഉഷ  എന്ന പെൺകുട്ടി  നാടകപ്രിയനായ അച്ഛൻ  രാഘവന്റെ  പ്രോത്സാഹനത്തിലാണ‌്പതിനെട്ടാംവയസിൽ നാടകത്തിലെത്തുന്നത‌്. ചേലക്കരയിലെ പള്ളിയുടെ നേതൃത്വത്തിലായിരുന്നു ആദ്യ നാടകമെന്നോർക്കുന്നു അവർ‌്. സോക്രട്ടീസ‌് എന്ന നാടകത്തിൽ ഭാര്യ സെന്തിപ്പിയായി. യാദൃശ‌്ചികമായാണ‌് ഇബ്രാഹിംവേങ്ങരയുടെ നാടകസമിതിയായ ചിരന്തനയിലേക്കുള്ള ക്ഷണം. . കെ ടി മുഹമ്മദിന്റെ തീക്കനലിൽ സൈനബയായി‌. ഇതോടെ അരങ്ങും അഭിനയവുമായി ജീവിതവഴിയുറച്ചു‌.   സംഗീതസംവിധായകനും ചിരന്തനയുടെ ഓഫീസ‌് സെക്രട്ടറിയുമായ ചന്ദ്രബാബു ജീവിതത്തിലേക്ക‌് കടന്നുവന്നതോടെ അത‌് കലാജീവിതത്തിന‌് താങ്ങുംതണലുമായി.  അച്ഛൻ മരിച്ചപ്പോഴും  നാടകം മുടക്കാതിരിക്കാൻ കരുതൽകാട്ടിയ ചന്ദ്രബാബുവും തന്റെ നാടകങ്ങളും വേദികളുമെല്ലാം തന്നെക്കാൾ കൃത്യമായി ഓർത്തുപറയുന്ന അമ്മയേക്കാൾ സ‌്നേഹംപകരുന്ന ഭർതൃമാതാവ‌് രാധയോടും കടപ്പെട്ടതാണ‌് തന്റെ അഭിനയജീവിതമെന്ന‌് പറയാൻ ഉഷക്ക‌് രണ്ടുവട്ടം ആലോചനയില്ല. 

ചിരന്തനയുടെ പടനിലം, തട്ടകം, സ‌്റ്റേജ‌് ഇന്ത്യയുടെ ക്ഷത്രിയൻ, എഴുത്തച്ഛൻ, ഗുരു എന്നിവയിലുടെ ഉഷാചന്ദ്രബാബു പ്രൊഫഷണൽ നാടകവേദിയിൽ നിറഞ്ഞു.പുരുഷൻ കടലുണ്ടി( ഇപ്പോൾ ബാലുശേരി എംഎൽഎ)എം ടി വാസുദേവൻ നായരുടെ ഇരുട്ടിന്റെ  ആത്മാവിന‌് നാടകഭാഷ്യമൊരുക്കിയപ്പോൾ നായിക അമ്മുക്കുട്ടിയുടെ വേഷം ചെയ്യാൻ അവസരം ലഭിച്ചത‌് വലിയ അംഗീകാരമായി. ഇതിനിടയിലാണ‌് ഉഷയും ചന്ദ്രബാബുവും ചേർന്ന‌് ‘സൗമ്യസ്വര’ എന്ന നാടകസമിതിക്ക‌് രൂപംനൽകുന്നത‌്. കടലാസ‌്പട്ടം, മഹാമാന്ത്രികം, മാതാപിതാഗുരു എന്നിങ്ങനെ എട്ടുവർഷം നാടകകളിച്ചതോടെ സൗമ്യസ്വരയുടെ സ്വരംനിലച്ചു. വൻകടബാധ്യതയിൽ വീടടക്കം നഷ‌്ടമാകുന്ന അവസ്ഥ. സ്വന്തം നാടകസമിതി എന്ന മോഹത്തിന‌് തിരശീലയായി.എങ്കിലും തളരാതെ അരങ്ങിൽ സജീവമായി. ഈ കാലത്താണ‌് ,2004–-ൽ കോഴിക്കോട‌് രംഗഭാഷയുടെ നവരസനായകൻ നാടകത്തിൽ ആദ്യ അവാർഡ‌്.  കടത്തനാട്ടമ്മ( 2007), വർത്തമാനത്തിലേക്കൊരു കണ്ണകി(201 1)എന്നീ നാടകങ്ങൾക്കും മകിച്ചനടിക്കുള്ള പുരസ‌്കാരം. പ്രശസ‌്ത നാടകപ്രവർത്തകരായ  ജയൻ തിരുമന–- മനോജ‌് നാരായണൻ ടീമായിരുന്നു ഈ മൂന്ന‌്നാടകത്തിന്റെയും ശിൽപികൾ.
ചേളന്നൂരിലെ സിപിഐ എം നേതാവായ ഇളയിടത്ത‌് ശശിധരന്റെ മുൻകയ്യിൽ കോഴിക്കോട‌് നവചേതന എന്ന സമിതിക്ക‌് ജീവൻ ലഭിക്കുന്നത‌് ഇതേസമയത്താണ‌്. ഒഞ്ചിയത്തിന്റെ വീരനായകൻ സഖാവ‌് മണ്ടോടി കണ്ണനടക്കമുള്ള നാടകങ്ങളുമായി യാത്ര തുടങ്ങിയ നവചേതനക്ക‌ിക്കുറി ഇരട്ടബഹുമതിയുണ്ട‌്. വസ‌്ത്രാലങ്കാരത്തിനുള്ള പുരസ‌്കാരം  ബിജു ഇന്റിമേറ്റ‌്സിന‌് ഇതേ നാടകത്തിന‌് ലഭിച്ചു.

പുരുഷൻ കടലുണ്ടി രചിച്ച ‘അടുക്കള’യാണ‌്ഷ ഉയുടെ അഭിനയജീവിതത്തെ വേറിട്ട വഴിയിലെത്തിച്ചത‌്. തെരുവരങ്ങിൽ തകർത്താടിയ ഉഷ പുരുഷന്റെ ‘അരക്കില്ലം’, ‘പ്രതീക്ഷയുടെ സൂര്യൻ’, എ അബൂബക്കറിന്റെ‘എന്നിട്ടും കുട്ട്യോളെന്താ ഇങ്ങനെ’ എന്നിവയിൽ ഏകപാത്ര മായി   തെരുവുനാടകങ്ങളുടെ  ഊർജം  സഹൃദയരിലെത്തിച്ചു. നാടകം ഏറ്റവും ശക്തമായ പ്രചരണ മാധ്യമമമാണെന്ന‌് വിശ്വസിക്കുന്ന ഉഷ സിപിഐ എം സംസ്ഥാനജാഥയിലും തെരഞ്ഞെടുപ്പുകൾക്കുമെല്ലാം നാടകവുമായി തെരുവുകളിലെത്തിയിട്ടുണ്ട‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top