16 August Tuesday

അടുപ്പിലെ തീ പടർത്തും പുഞ്ചിരികൾ

റഷീദ്‌ ആനപ്പുറംUpdated: Sunday Mar 20, 2022

ഫോട്ടോ: ഒ വിജേഷ്‌ വള്ളിക്കുന്ന്‌


anapuram@gmail.com

‘‘ഇനി അതിരാവിലെ എണീറ്റ്‌ അടുക്കളയിൽ പരക്കം പായേണ്ട. മുറ്റത്തെ വാടിയ ചെടികൾ കണ്ട്‌ നെടുവീർപ്പിടേണ്ട. ആകെ വിയർത്ത്‌, ഓടിക്കിതച്ച്‌ ഓഫീസിൽ എത്തേണ്ട. എല്ലാത്തിനും ഇപ്പോൾ സമയമുണ്ട്‌.  ഇപ്പോഴാണ്‌ ശരിക്കും  റിലാക്‌സ്‌ ചെയ്യുന്നത്‌.’’ ഫറോക്ക്‌ ട്രഷറി ഉദ്യോഗസ്ഥ ഷൈനി ഹണിലാലിന്‌ സംതൃപ്‌തി വിവരിക്കാൻ വാക്കുകൾ പോര.

തിരൂരങ്ങാടി ആർടി ഓഫീസിലെ പിആർഒ ഷൈജ വിനയൻ പറയുന്നത്‌ കേൾക്കുക: ‘അൽഷിമേഴ്‌സ്‌ ബാധിച്ച്‌ കിടപ്പിലായ അമ്മയെ പരിചരിക്കാൻ രാവിലെ ഏറെ സമയം കിട്ടുന്നു. മാറ്റിവച്ച വായനയും പുനരാരംഭിച്ചു. കാഴ്‌ച പരിമിതരുടെ വാട്‌സാപ്‌ കൂട്ടായ്‌മയിലെഅംഗങ്ങൾക്ക്‌ കേട്ടാസ്വദിക്കാൻ  കഥകൾ വായിച്ചു കൊടുക്കും. പത്രവും വായിക്കും. രാവിലത്തെ മാനസിക സമ്മർദം കുറഞ്ഞു. യോഗയും നടത്തവും വീണ്ടും തുടങ്ങി’ 

മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്ത്‌ അംഗം വി പി സച്ചിദാനന്ദന്റെയും ഭാര്യ ഷീബാ റാണിയുടെയും വീട്ടിലെ അടുപ്പിൽ തീ കൂട്ടുമ്പോൾ 18 കുടുംബങ്ങളിലെ 64 മുഖങ്ങളിൽ  ആശ്വാസത്തിന്റെ പുഞ്ചിരിയാണ്‌. പുലർച്ചെ ഒന്നരയ്‌ക്ക്‌ സച്ചിദാനന്ദനും ഷീബാ റാണിയും അടുക്കളയിൽ സജീവമാകുമ്പോൾ ഇത്രയും വീടുകളിലേക്കുള്ള ഭക്ഷണം അതിരാവിലെ തന്നെ റെഡി.   

ഈ കുടുംബങ്ങളിൽ സർക്കാർ ജീവനക്കാരാണ്‌ കൂടുതലും. അതിരാവിലെ തന്നെ അടുക്കളയിൽ യുദ്ധംവെട്ടി കുളിച്ചൊരുങ്ങി പുറപ്പെട്ടാലേ ദൂരെ ഓഫീസിലെത്താനാകൂ. പ്രായമുള്ള അച്ഛനമ്മമാരെ പരിചരിക്കണം. കുട്ടികളെ സ്‌കൂളിൽ വിടണം. ചെടികൾ നനയ്‌ക്കണം. വളർത്തു മൃഗങ്ങൾക്ക്‌ തീറ്റകൊടുക്കണം. പുലർച്ചെ  നാലിന്‌ എണീറ്റാലെ കാര്യംനടക്കൂ. പിന്നെ, ഓഫീസിലേക്ക്‌ ഒരോട്ടമാണ്‌. ബസും ട്രെയിനും പിടിക്കണം. പിരിമുറുക്കവും സമ്മർദവും മാറ്റാൻ എന്താണൊരു പോംവഴി? കൂട്ടുകാരായ കുടുംബാംഗങ്ങൾ ആലോചിച്ചു. അങ്ങനെയൊണ്‌ പൊന്നാനി മോഡൽ സമൂഹ അടുക്കള പരീക്ഷിക്കാൻ തീരുമാനിച്ചത്‌. ഹണിലാലും അധ്യാപകരായ സതീഷ്‌ തോട്ടത്തിലും വിനയനും പ്രദീപും  പൊന്നാനിയിലെ സമൂഹ അടുക്കള സന്ദർശിച്ചു. പിന്നെ പിന്മാറിയില്ല.    ഭക്ഷണം പാകം ചെയ്യൽ ആര്‌ ഏറ്റെടുക്കും? അതായിരുന്നു അടുത്ത ടാസ്‌ക്‌.  ആലോചന കൂടുതൽ നീണ്ടില്ല.

കർഷകത്തൊഴിലാളിയായ വി പി സച്ചിദാനന്ദനെ സമീപിച്ചു. 19–-ാം വാർഡ്‌ അംഗമായതിനാൽ ഇപ്പോൾ പണിക്ക്‌ പോകാനാകുന്നില്ല. കാര്യമറിഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ ഏറ്റെടുത്തു. ഇതും  പൊതുപ്രവർത്തനമാണല്ലോ.ചെറിയൊരു വരുമാനവും ലഭിക്കും. 30,000 രൂപയാണ്‌ മാസം നൽകുന്നത്‌. ഇത്‌ സാമ്പത്തിക പ്രയാസം അനുഭവിച്ച ആ കുടുംബത്തിന്‌ വലിയ ആശ്വാസവുമായി.   രാവിലെ ഏഴരയ്‌ക്കകം എല്ലാ വീടുകളിലും ഭക്ഷണമെത്തും. പ്രത്യേകം സജ്ജമാക്കിയ ടൂവീലറിൽ. ബ്രേക്ക് ഫാസ്റ്റ് ഓരോ ദിവസവും വ്യത്യസ്‌തം. ഇഡ്ഢലി, ദോശ, പൂരി, പുട്ട്, വെള്ളയപ്പം, നൂൽപുട്ട്‌, കടല, സാമ്പാറ്, മുട്ടക്കറി. ആഴ്‌ചയിൽ ഒരിക്കൽ ചിക്കൻ കറി. മാസത്തിൽ ഒരിക്കൽ ബിരിയാണി. ഇതാണ്‌ മെനു. എല്ല ദിവസവും മീൻകറിയും പച്ചക്കറിയും. അതോടൊപ്പം അവിയലോ കൂട്ടുകറിയോ തോരനോ ഉണ്ടാകും.  

അഞ്ച് പാത്രത്തിൽ നിറച്ച്‌ അവ വീടുകളിലെത്തിക്കും. വീട്ടുകാർ ചോറും കാപ്പിയോ ചായയോ വേണമെങ്കിൽ അതും  മാത്രം ഉണ്ടാക്കിയാൽ മതി. അതിഥികളുണ്ടെങ്കിൽ നേരത്തേ അറിയിക്കണം.  പച്ചക്കറി വീട്ടുകാർ വാങ്ങിനൽകും. നാട്ടിൽ ഉണ്ടാക്കുന്ന ഉൽപ്പന്നങ്ങൾക്കാണ്‌ മുൻഗണന. പൊടികളെല്ലാം മില്ലിൽനിന്ന്‌ നേരിട്ടുവാങ്ങും. 

എല്ലാ വീട്ടുകാരും ഹാപ്പിയാണ്‌. വായനയ്‌ക്കും ചെടിപരിപാലനത്തിനും ധാരാളം സമയം. ഗ്യാസിന്റെ ഉപയോഗം നാമമാത്രം. അതിനാൽ കുടുംബ ബജറ്റും കുറയുന്നു.   രണ്ടാഴ്‌ച കൂടുമ്പോൾ ഒത്തുചേരലുമുണ്ട്‌. പ്രതിദിന വിവരങ്ങൾ പങ്കുവയ്‌ക്കാൻ ‘സുഭിക്ഷം സുരക്ഷിതം’ വാട്‌സാപ് കൂട്ടായ്‌മയുമുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top