06 June Tuesday

കാസ്‌മിയുടെ ‘ചിന്ത'

മിഥുൻ കൃഷ്‌ണUpdated: Sunday Mar 20, 2022

 midhunrain@gmail.com

ഇ  എം എസിന്റെ വേർപാടിന്‌ 24 വർഷം പിന്നിട്ടിരിക്കുന്നു. സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ കണ്ണൂർ ഒരുങ്ങുന്നു. നാടും നഗരവും ഇ എം എസിന്റെ അനശ്വര സ്‌മരണയിൽ പാർടി കോൺഗ്രസിന്‌ ആവേശത്തോടെ കാത്തിരിക്കുമ്പോൾ കോഴിക്കോട്‌  അത്താണിക്കലിലെ വീട്ടിൽ കാസ്‌മി തിരക്കിലാണ്‌. ഇ എം എസിന്റെ ധൈഷണിക പ്രകാശം നെഞ്ചൊടു ചേർത്ത്‌ പുതിയ തലമുറയ്‌ക്കും ദിശാബോധം പകരുന്നു എഴുപതുകാരനായ കാസ്‌മി.

ഇ എം എസിന്റെ 28 ഉത്തരം
1976 മുതൽ 1998വരെ 33 ചോദ്യം. ഇ എം എസിന്റെ 28 ഉത്തരം. ചിന്ത വാരികയിൽ പ്രസിദ്ധീകരിച്ചിരുന്ന ഇ എം എസിന്റെ ചോദ്യോത്തര പംക്തിയിലെ സ്ഥിരം ചോദ്യകർത്താവായിരുന്നു എൻ പി കാസിം വെള്ളയിൽ എന്ന കാസ്‌മി. "ചോദ്യങ്ങൾക്ക്‌ മറുപടി: ഇ എം എസ്‌' എന്ന പ്രതിവാര കോളത്തിന്‌ അരനൂറ്റാണ്ടു തികയുന്ന വർഷമാണിത്‌. 1975ൽ ചിന്ത വായിക്കാൻ തുടങ്ങിയ കാസ്‌മി  തൊട്ടടുത്ത വർഷം മുതൽ  ഈ കോളം വെട്ടിയെടുത്ത്‌ സൂക്ഷിക്കാൻ തുടങ്ങി.  1978  ജൂൺ ഒമ്പതിന്‌ കാസ്‌മിയുടെ ആദ്യചോദ്യത്തിന്‌ ഇ എം എസിന്റെ മറുപടി. ദേശാഭിമാനി വാരികയിൽ തായാട്ട്‌ ശങ്കരൻ എഴുതിയത്‌ പാർടി നിലപാടിന്‌ അനുസൃതമാണോ എന്നായിരുന്നു ചോദ്യം.  വായനയിലൂടെയും കേൾവിയിലൂടെയും തനിക്കുണ്ടായ രാഷ്ട്രീയ ജിജ്ഞാസകൾ അന്നുമുതൽ  ഇ എം എസിനോടുള്ള ചോദ്യങ്ങളായി. ഇ എം എസ്‌ അന്തരിച്ച 1998 മാർച്ച്‌ വരെയുള്ള കോളങ്ങൾ വെട്ടിയെടുത്ത്‌ ഫയലിലാക്കിയിട്ടുണ്ട്‌. രാഷ്ട്രീയ സാഹചര്യം മാറി പ്രസക്തി നഷ്ടപ്പെട്ട അഞ്ച്‌ ചോദ്യങ്ങൾക്കൊഴികെ എല്ലാത്തിനും  മറുപടി ലഭിച്ചു.

പഠിപ്പിച്ചത്‌ തെറ്റായിരുന്നു
മുസ്ലിം ന്യൂനപക്ഷ പ്രദേശമായ വെള്ളയിലാണ്‌ ജനനം. അന്നവിടെ കോൺഗ്രസിനാണ്‌ ശക്തി.  കുറച്ചൊക്കെ ജനസംഘവുമുണ്ട്‌. കാസ്‌മി  മുസ്ലിം ലീഗ്‌ പ്രവർത്തകനായിരുന്നു. സ്‌കൂൾ വിട്ടശേഷം കുട്ടികളെ മതപരമായ കാര്യങ്ങൾ പഠിപ്പിച്ചു. കൂട്ടത്തിൽ കമ്യൂണിസത്തിന്റെ അപകടത്തെക്കുറിച്ചും. കമ്യൂണിസ്റ്റ്‌  മാനിഫെസ്റ്റോ  വായിച്ചതോടെയാണ്‌  താൻ പഠിപ്പിച്ചത്‌ അടിസ്ഥാനമില്ലാത്ത കാര്യങ്ങളാണെന്ന്‌ ബോധ്യപ്പെട്ടത്‌.  കൂടുതൽ മാർക്‌സിസ്റ്റ്‌ കൃതികൾ വായിക്കാൻ തുടങ്ങി. ആ ഘട്ടത്തിലാണ്‌ മുസ്ലിംലീഗും സിപിഐ എമ്മും  മുന്നണിയുണ്ടാക്കുന്നത്‌. അന്ന്‌ ഇ എം എസിന്റെ പൊതുയോഗം കേൾക്കാൻ പോയി. സെയ്‌ദ്‌ അബ്ദുറഹിമാൻ ബാഫഖി തങ്ങളും ഇ എം എസും ഒരു വേദിയിൽ. സഖാവിന്റെ പ്രസംഗം പിടിച്ചുലച്ചു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ കമ്യൂണിസ്റ്റ്‌ പാർടിക്ക്‌ പടരാനുള്ള അവസരമായി അത്‌. എന്നാൽ, 1969ൽ ലീഗ്‌ മുന്നണി വിട്ടു. അതിൽ പ്രതിഷേധിച്ച്‌  ലീഗ്‌ വിട്ടു.  ഗാന്ധിറോഡിൽ കച്ചവടം നടത്തിയ സി പി ഹംസയിലൂടെ സിപിഐ എമ്മുമായി അടുത്തു. ഹംസ പാർടി അംഗമല്ലെങ്കിലും നല്ല രാഷ്‌ട്രീയ ബോധ്യമുണ്ടായിരുന്നു. അദ്ദേഹമാണ്‌  ആദ്യമായി ചിന്ത വാങ്ങിത്തന്നത്‌. കെഎസ്‌വൈഎഫിലൂടെ ഇടതുപക്ഷത്ത്‌ സജീവമായ കാസ്‌മി 1972ൽ സിപിഐ എം അംഗമായി.  നിലവിൽ നടക്കാവ്‌ ലോക്കൽ കമ്മിറ്റി അംഗം.


 

പ്രഭാതം മുതൽ മരണംവരെ
ഇ എം എസിന്റെ എല്ലാ പുസ്‌തകങ്ങളും കൈവശമുണ്ട്‌. ഇ എം എസിന്റെ ആദ്യ ലേഖനം പ്രസിദ്ധീകരിച്ച പ്രഭാതം മാസിക മുതൽ അദ്ദേഹം മരിക്കുന്ന ദിവസം ദേശാഭിമാനിക്കായി എഴുതിയ തൂക്കുലോക്‌സഭയെക്കുറിച്ചുളള ലേഖനമടക്കം  ശേഖരത്തിലുണ്ട്‌. ഇ എം എസ്‌ പത്രാധിപരായ അപൂർവ മാസികകളും കൂട്ടുണ്ട്‌.  വിവിധ മതഗ്രന്ഥങ്ങളും സൂഫി ഗ്രന്ഥങ്ങളും മാപ്പിളപ്പാട്ടു പുസ്‌തകങ്ങളുമൊക്കെ വീട്ടിലുണ്ട്‌. എല്ലാത്തിനും കൂട്ടായി ഭാര്യ ഫാത്തിമ ടീച്ചറും.

അടിയന്തരാവസ്ഥക്കാലത്തെ "ഹാജർ'
ജോലിയിലിരിക്കുമ്പോഴും പാർടി പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1975ൽ അടിയന്തരാവസ്ഥക്കാലത്ത്‌ എൽഐസിയിൽ താൽക്കാലിക ജീവനക്കാരനായി. 1978ൽ ജോലി സ്ഥിരപ്പെട്ടു. അടിയന്തരാവസ്ഥക്കാലത്ത്‌  ഇന്ദിര ഗാന്ധിയുടെ പോസ്റ്ററിൽ ചെളി വാരിയെറിഞ്ഞു. അതിന്റെ പേരിൽ വെള്ളയിൽ പൊലീസ്‌ സ്റ്റേഷനിൽ എല്ലാദിവസവും ഹാജരാകേണ്ടിവന്നു. എൽഐസി എംപ്ലോയീസ്‌ യൂണിയൻ  കോഴിക്കോട്‌ ഡിവിഷൻ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. 2012ൽ വിരമിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top