28 March Thursday

ചങ്ങല മുറുക്കുന്ന വായന ചിറകു നൽകുന്ന വായന

എ ജി ഒലീനUpdated: Sunday Jun 19, 2022

oleenag@gmail.com

കൂട്ടിലിട്ട, കൂട്ടിലടയ്ക്കപ്പെട്ട, കൂട്ടിലാക്കപ്പെട്ട കിളികൾക്ക് ചിറകിന്റെ ധർമം അറിയാനോ പ്രയോഗിക്കാനോ ആവതുണ്ടാകില്ല. അതുകൊണ്ട് കൂട്ടിലെ പെൺകിളിക്ക് ആകാശവും സൂര്യചന്ദ്രന്മാരും അന്യമാകുക സ്വാഭാവികം. സ്വയമോ അല്ലാതെയോ കൂടൊന്ന് തുറന്നുകിട്ടിയാലോ? അതുവരെ കാണാത്ത, അറിയാത്ത തീരങ്ങളിലേക്ക്‌ ചിറകടിച്ചു പാറുകയായി. "ചിരബന്ധനമാർന്ന പക്ഷി’ "മറന്നുപോയ തൻചിറകിൻ ശക്തി’  സർവശക്തിയോടെ വീണ്ടെടുക്കും.

ആശയാകാശങ്ങളിൽ തന്നോടൊപ്പം പറക്കുന്നവരുമായി അവൾ ഒത്തുപറക്കും. അപ്പോഴുണരുന്ന  ജീവിതത്തിന് പുത്തൻതാളവും താനവുമുണ്ടാകും. കാലങ്ങളായി കാത്തിരിക്കുന്ന അപൂർവതാളം. പെൺവായനയുടെ പൊരുളന്വേഷിക്കുന്ന വേളകളിലൊക്കെ ഈയൊരു ചിത്രം -ആദ്യമാദ്യം ഒറ്റയ്ക്കും പിന്നെപ്പിന്നെ കൂട്ടുകാരുമൊത്തും ചിറകടിച്ചു പറക്കും.  വായിക്കാൻ  തുടങ്ങുമ്പോൾ നമ്മൾ മറ്റൊരു ലോകം നിർമിക്കാൻ തന്നെയാണ് ശ്രമിക്കുന്നത്. അത് പെൺവായനയാകുമ്പോൾ അതിന്റെ ആഴവും പരപ്പും പ്രക്രിയയും മാറും. അക്ഷരങ്ങൾക്ക്‌ അവകാശികളാകുക എന്നാൽ വിവേചനത്തെ വിമർശിക്കാൻ, വിശകലനം ചെയ്യാൻ പ്രാപ്തി നേടുകയെന്നുകൂടിയാണ്. നിഷേധിക്കപ്പെട്ട ആശയാകാശങ്ങളും ജീവിതംതന്നെയും തിരിച്ചുപിടിക്കുകയെന്നുകൂടിയാണ്. അതു തിരിച്ചറിഞ്ഞവർ  അക്ഷരാകാശങ്ങൾക്കായി നടത്തിയ പോരാട്ടം, ത്യാഗങ്ങളൊക്കെ നമ്മുടെ ചരിത്രംകൂടിയാണ്.

എല്ലാരുമുറങ്ങിക്കഴിയുമ്പോൾ രാത്രി നൽകുന്ന സുരക്ഷിതസമയം നോക്കി അക്ഷരമച്ചടിച്ച കടലാസുമായി പാത്തുംപതുങ്ങിയും  അടുക്കള മൂലയിലും മറപ്പുരയിലും  വായനയ്ക്കിടം കണ്ടെത്തിയ പഴയ പെണ്ണുങ്ങൾ മുതൽ ഫയൽ തീർപ്പുകാത്തിരിക്കുന്ന ഇടവേളകൾ പോലും ‘വായിച്ചു അർഥപൂർണമാക്കുന്ന’ ശരാശരിക്കാരിവരെ ഈ നീണ്ട പ്രക്രിയയിൽ പങ്കാളിയാകുന്നു. ‘മാൻമാർക്ക് കുട'യെന്ന അക്ഷരക്കൂട്ടമറിയിച്ചു കൊടുത്ത പെൺകിടാവുമുതൽ അയൽനാട്ടിലെ മലാല യൂസഫ്സായ് വരെ നീണ്ടുപോകുന്ന പേരുകൾ ഒട്ടൊന്നുമല്ല. അങ്ങനെ അറിവിന്റെ പടവുകൾ താണ്ടി മുന്നോട്ടുപോകുമ്പോഴും ‘വായന'യുടെ ചിറകരിയുന്ന യാഥാർഥ്യങ്ങളെയും തിരിച്ചറിയേണ്ടതുണ്ട്.

എല്ലാ അർഥത്തിലും ചിന്തയ്ക്ക് കീഴ്പ്പെട്ട സാംസ്കാരിക- സാമൂഹികബോധം പെണ്ണിനോട് ‘വീടിനു പുറത്തുള്ള ലോകം’ നിന്റേതല്ലെന്ന്‌ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ, വായനയിൽ അഭയംതേടാൻ നിർബന്ധിതയാകുന്ന ഒരുവൾക്ക് കിട്ടുന്ന അക്ഷരക്കൂട്ടമേതെന്നും എന്തെന്നും വിവേചിച്ച്‌ അറിയേണ്ടതും അനിവാര്യം. വായനയ്ക്കൊരു "ദൃശ്യമുഖം’കൂടി വന്നുചേർന്ന സമകാലത്ത് ജനപ്രിയ വാരികത്താളുകളിൽ അഭയംകണ്ടെത്തിയ തൊലിപ്പുറ പ്രണയകഥകളും അതിനെയും അതിശയിക്കുന്ന ടിവി സീരിയലുകളും നമ്മുടെ മനസ്സിനെ, സവിശേഷമായി പെൺമനസ്സിനെ എത്രകണ്ട് വികലവും സങ്കീർണവുമാക്കി മാറ്റുന്നുണ്ടെന്നും കാണേണ്ടതുണ്ട്. "പെൺ ക്രിമിനൽ’ എന്നത് പഴയ കുറ്റാന്വേഷണകഥകളിലെ അപൂർവ സാന്നിധ്യമായിരുന്നെങ്കിൽ അതുമൊരു സാധ്യതയാണെന്ന ബോധ്യത്തിലേക്കും സ്വീകാര്യതയിലേക്കും വളരെയെളുപ്പം സാധിതമാകുന്നുവെന്നത് പഠിക്കപ്പെടേണ്ടതാണ്.  ഒന്നുറപ്പാണ്, ചങ്ങല മുറുക്കുന്ന വായനയും ചിറകുനൽകുന്ന വായനയുമുണ്ട്. "ബോധവതിയും ജീവിതവും’  എന്ന പുസ്തകത്തിൽ ഡോ. എം ഡി രാധിക എഴുതുന്നു: "ചങ്ങല മുറുക്കുന്ന വായനയും ചിറകുനൽകുന്ന വായനയുമുണ്ട് എന്ന് ചിന്തിക്കുന്ന സ്ത്രീ തിരിച്ചറിയുന്നിടത്താണ് മാറ്റം തുടങ്ങുക’. ഈ ബോധവും ബോധ്യവും ഏറ്റവും അനിവാര്യമായ  ചരിത്രഘട്ടത്തിലൂടെയാണ് നമ്മൾ, പ്രത്യേകിച്ച് പെണ്ണുങ്ങൾ കടന്നുപോകുന്നത്.

വായിക്കുന്ന ഒരുവളെ കണ്ട്  സന്തോഷിക്കുന്നവരായി രണ്ടുകൂട്ടരേ ഉള്ളൂ ലോകത്തിലെന്ന് പറയാറുണ്ട്, അത് നല്ല അധ്യാപകരും അമ്മമാരുമാണത്രെ. വീടിനുള്ളിൽ ഒരു വായനമുറി പോയിട്ട് ഒരു മൂലപോലും ഇല്ലാത്തവർ ഇപ്പോഴും ധാരാളം. എന്നാൽ, വായനയ്ക്കായി "പൊതു ഇടങ്ങൾ’ രൂപപ്പെടുന്നുവെന്ന ആഹ്ലാദം അക്ഷരസ്നേഹിയായ പെണ്ണിന് ആശ്വാസവും. വായിക്കാത്ത പെണ്ണിന് നഷ്ടമാകുന്നതെന്ത് എന്ന അന്വേഷണം ഇന്ന് പെൺപഠനങ്ങളിലെ  പ്രധാന അജൻഡകൂടിയാണ്.

വായിക്കാത്തിടത്തോളംകാലം പെണ്ണ് ശരീരംകൊണ്ടു മാത്രം പെണ്ണായിരിക്കുകയും മനസ്സുകൊണ്ട് ആണധികാരാശയങ്ങൾ അതേപടി പിൻപറ്റുന്നവളുമായിരിക്കുമെന്ന് The Resisting Reader ( ചെറുക്കുന്ന വായനക്കാരി) എന്ന പുസ്തകത്തിൽ ജൂഡിത്ത് ഫെറ്റേർലി (Judith Fetterly) ചൂണ്ടിക്കാട്ടുന്നു. വായനയില്ലാത്ത ഒരുവൾ അനായാസം ദ്വന്ദ്വ വ്യക്തിത്വത്തിലേക്കും മനോരോഗത്തിലേക്കും വഴിമാറുമെന്നും അവർ പറയുന്നുണ്ട്.  പെൺവായനയുടെ  അനിവാര്യതയിലേക്കാണ്‌ ഇത് വിരൽചൂണ്ടുന്നത്.   

പെൺവായന സന്തോഷിപ്പിക്കുന്നത്‌ ആരെ എന്ന ചോദ്യംപോലെ പ്രധാനമാണ് ആരെയാണ് അത് അലോസരപ്പെടുത്തുന്നതെന്നും.  വിവേചനബുദ്ധിയും സ്വതന്ത്രതയും പകരുന്ന വായന ചോദ്യംചെയ്യാനും പ്രതികരിക്കാനുമുള്ള പെണ്ണിന്റെ ശക്തിയായി  മാറുമ്പോൾ ഇതിഹാസ കൃതികളും മതഗ്രന്ഥങ്ങളുമടക്കം വരുന്ന അക്ഷരലോകത്തെ അവൾ തികച്ചും സ്വതന്ത്രവും വ്യത്യസ്തവുമായ കണ്ണിലൂടെ വായിച്ചുതുടങ്ങും.  അപ്പോൾ നാളിതുവരെയായി വിഗ്രഹവൽക്കരിച്ചു നിരുപാധികം സ്വീകരിച്ചാഘോഷിച്ച ആശയങ്ങളും ബിംബങ്ങളും തകർന്നുവീഴും. ചരിത്രത്തിന്റെ ഇടനാഴികളിൽ വീണവരും വീഴ്ത്തപ്പെട്ടവരും വീണ്ടെടുക്കപ്പെടും. വാഴ്ത്തപ്പെട്ടതും മഹത്തരമെന്നു ഘോഷിക്കപ്പെട്ടതുമായ ചിന്തകൾ പോലും ചോദ്യംചെയ്യപ്പെടും. അനിവാര്യമായ ഈ ചോദ്യംചെയ്യലുകൾ  ആരെയാണോ ഭയപ്പെടുത്തുന്നത് അവർക്ക് ഭയമാണ്, പെൺവായനയെ, അതുകൊണ്ടുതന്നെ പെൺചിന്തകളെയും.

ആ ഭയം പൊടുന്നനെയുണ്ടായതല്ല. നീണ്ട ചരിത്രകാലത്തിന്റെ കഥ പറയാനുണ്ട്‌ അതിന്. രേഖപ്പെട്ടതും അല്ലാത്തതുമായ ചരിത്രപാഠങ്ങൾ അതിനു സാക്ഷ്യമാകുന്നു. പി വത്സലയുടെ ‘ചാവേറിൽ' അങ്ങാടികളിൽ അടയ്ക്കക്കും ഇഞ്ചിക്കും കുരുമുളകിനുമൊപ്പം പുസ്തകങ്ങൾ വിൽപ്പനയ്ക്കെത്തുന്ന  പരാമർശമുണ്ട്. അറിവും അധികാരവും തമ്മിലുള്ള ബന്ധത്തിന്റെ പ്രത്യക്ഷീകരണംപോലെതന്നെ സമകാല ജീവിത സന്ദർഭത്തിൽ പെൺവായനയുടെ പൊരുൾതേടാനും ഇത് നമ്മെ പ്രേരിപ്പിക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top