24 April Wednesday

സഞ്ചാര ലൈബ്രറി

രാജേഷ് കടന്നപ്പള്ളിUpdated: Sunday Jun 19, 2022


rajeshkadannapally@gmail.com

"സഞ്ചരിക്കുന്ന ഗ്രന്ഥശാല’ പയ്യന്നൂർ വെള്ളൂരിലെ വി പി രാധയെ ഇങ്ങനെ വിശേഷിപ്പിക്കാം. രണ്ടു പതിറ്റാണ്ടായി ഇവിടത്തെ വീട്ടകങ്ങളെ വിശ്വപ്രസിദ്ധ എഴുത്തുകാർ ഒരുക്കുന്ന അനുഭവങ്ങളുടെയും സങ്കൽപ്പങ്ങളുടെയും വിസ്മയലോകത്തേക്ക് കൈപിടിച്ചു നടത്തുന്ന അക്ഷരയാത്ര. വായന കുറയുന്നുവെന്ന മുറവിളിക്കിടെ പുസ്തകങ്ങൾക്കൊപ്പം ഒരു ദേശത്തെ നയിക്കുകയാണ്‌ ഇവർ. രാധയുടെ യാത്ര ഒരു നാടിന്റെ സംസ്കാരംകൂടി അടയാളപ്പെടുത്തുന്നു. മാനംകറുത്താലും വെയിൽ തിളച്ചാലും ആഴ്ചയിൽ ഒരുദിവസം വെള്ളൂരിലെ ഓരോ വീട്ടുമുറ്റത്തും  പുസ്തകങ്ങളുമായി ഇവരെത്തും.  2002ലാണ് വെള്ളൂർ ജവഹർ വായനശാലയുടെ സഞ്ചരിക്കുന്ന ലൈബ്രേറിയനായി രാധ ചുമതലയേൽക്കുന്നത്. പിന്നിട് അത്  ജീവിതമായി.

അടുക്കളയിൽ വീർപ്പുമുട്ടുന്ന വീട്ടമ്മമാർക്ക് അറിവും ആഹ്ലാദവും പകരാൻ പയ്യന്നൂർ നഗരസഭാ ഗ്രന്ഥശാലകളിൽനിന്ന് വീടുകളിൽ പുസ്തകമെത്തിക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. മൊബൈൽ ലൈബ്രറേറിയനായി കണിയേരി ദിനേശ് ബീഡി കമ്പനിയിലെ തൊഴിലാളിയായിരുന്ന രാധയെ നിയോഗിച്ചു. ബീഡിതെറുപ്പുകൊണ്ടു മാത്രം ജീവിതം കൊണ്ടുപോകാനുള്ള പ്രയാസത്താൽ ഏറ്റെടുത്തു. കമ്പനിയിലെ പണികഴിഞ്ഞ്  വായനശാലയിലെത്തും.   പുസ്തകങ്ങളുമായി ഇറങ്ങും. രാത്രി 10 കഴിയും വിതരണം പൂർത്തിയാക്കി വീട്ടിലെത്താൻ. ആദ്യകാലത്ത് 60 വീട്ടമ്മമാരായിരുന്നു പദ്ധതിയിൽ അംഗമായത്. ഇരുപതാണ്ടിനിടെ ഇരുനൂറ്റിമുപ്പതായി.  വായനക്കാർ ആവശ്യപ്പെടുന്ന പുസ്തകം വായനശാലയിൽ ഇല്ലെങ്കിൽ വ്യക്തികളിൽനിന്നു വാങ്ങിയെങ്കിലും എത്തിക്കും. വായനനാനുഭവങ്ങൾ പങ്കിടും.

അയൽപക്കത്തെ വീട്ടുകാരെ വിളിച്ചുചേർത്ത് പുസ്തക ചർച്ചകളും നടത്തും. പുസ്തകവിതരണം ഇവരുടെ ജീവിതത്തിലും വഴിത്തിരിവുകൾ ഉണ്ടാക്കി. കഷ്ടപ്പാടിനെ തുടർന്ന് ഏഴാം ക്ലാസിൽ  പഠനം ഉപേക്ഷിച്ചതായിരുന്നു. 10–-ാം   ക്ലാസ് വരെയെങ്കിലും പഠിക്കണമെന്ന്‌ ആഗ്രഹിച്ചിരുന്നു. അന്ന് നടന്നില്ല. ഇതിനിടയിൽ 10–-ാം തരം തുല്യത നേടി. വെള്ളൂരിലെ ജനങ്ങൾക്ക്  കുടുംബാംഗമാണ്‌ ഇന്നവർ. ഏതു വീട്ടിലും കയറിച്ചെല്ലാം. ഇവരെത്തുന്ന ദിവസം  ഭക്ഷണംകൂടി കരുതും.  കാത്തിരിക്കും. കാണാതിരുന്നാൽ വിളിക്കും. അടുപ്പം  അത്രത്തോളം. അടുക്കളയിൽ ഒതുങ്ങുന്ന ജീവിതങ്ങൾക്ക് അനേകം ജീവിതത്തെ അറിയാനുള്ള വഴികളൊരുക്കി രാധ നടക്കുകയാണ് പുസ്തകങ്ങളുമായി. ഒരു നാടിനെയും ജനതയെയും വായിച്ചുണർത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top