25 April Thursday

ഒന്നും ഭാരമല്ല, ഈ അമ്മയ്ക്കും മകൾക്കും

എം ജഷീനUpdated: Sunday Jun 19, 2022

ആയിശാ ബീഗവും കൊച്ചുമോളും

jashi8als@gmail.com

‘ഭാരം  ഉയർത്തൽ’ എന്നത്‌ ഒരു ആവേശമാണ്‌, ഈ അമ്മയ്‌ക്കും മകൾക്കും.  അതിനി ജീവിതത്തിന്റെ കാര്യത്തിലായാലും നിലപാട്‌ അതുതന്നെ. മറ്റുള്ളവർ പറയുന്നത്‌ കേൾക്കാൻ നിൽക്കാതെ വർഷങ്ങൾക്ക്‌ മുമ്പ്‌ ഭാരോദ്വോഹന താരമായി ഉയർന്ന്‌ വന്നതാണ്‌ കൊച്ചു മോൾ. ഇന്നിപ്പോൾ മകൾ പ്ലസ്‌ടു വിദ്യാർഥി ആയിശ ബീഗവും അതേ പാതയിൽ ലോകചാമ്പ്യൻഷിപ്പിലടക്കം മാറ്റുരയ്‌ക്കുകയാണ്‌.  ഭർത്താവ്‌ സി വി അബ്ദു സലീം കൂടി ചേർന്നാൽ പൂർണമായും  ഒരു ‘ഭാരോദ്വാഹന’  കുടുംബം.

കോഴിക്കോട്‌   പുതിയ കടവിൽ താമസിക്കുന്ന കൊച്ചുമോൾക്ക്‌ ബിരുദ പഠന കാലത്താണ്‌ പവർലിഫ്‌റ്റിങിനോട്‌ താൽപര്യം തോന്നുന്നത്‌. പവർ ലിഫ്‌റ്റിങ്ങ്‌ താരമായ അച്ഛൻ പ്രഭാകരന്‌ അതു കേട്ടപ്പോൾ സന്തോഷം. മൂന്ന്‌ പെൺകുട്ടികളിൽ ഇളയവളായ കൊച്ചുമോൾക്ക്‌ ആൺകുട്ടി–-പെൺകുട്ടി എന്ന വേർതിരിവില്ലാതെ എല്ലാ സ്വാതന്ത്ര്യവും നൽകി. അതുകൊണ്ട്‌ തന്നെ  നാട്ടുകാരുടെയും മറ്റുള്ളവരുടെയും മുഷിച്ചിലുകൾക്ക്‌ ചെവിയോർക്കാതെ നടക്കാവിൽ ജിംനേഷ്യത്തിൽ പരിശീലനത്തിന്‌ പോയി. അന്ന്‌ താമസിച്ച കാമ്പുറം ബീച്ച്‌ മേഖലയിൽ ആൺകുട്ടികൾ പോവും മുമ്പേയാണ്‌ കൊച്ചുമോൾ  ജിമ്മിന്‌ പോയി തുടങ്ങിയത്‌. പുതിയ കാഴ്‌ച ആയതിനാൽ ഉയർന്ന പ്രതിഷേധങ്ങളെയും ഭാരോദ്വോഹനത്തിലെന്ന പോലെ ഉയർത്തി മാറ്റി.  സി വി അബ്ദു സലീമിന്റെ ശിക്ഷണത്തിലായിരുന്നു പരിശീലനം. തുടർന്ന്‌ നിരവധി മത്സരങ്ങളിൽ ജേതാവ്‌.  2019 ലെ ദേശീയ പവർ ലിഫിറ്റിങ്ങിൽ ഒന്നാം സ്ഥാനമാണ്‌ കൊച്ചുമോൾക്ക്‌. കോട്ടപ്പറമ്പ്‌ സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നഴ്‌സായി പ്രവർത്തിക്കുന്നതിനിടെയാണ്‌ പവർലിഫ്‌റ്റിങ്ങുമായി വിജയപാതയിൽ മുന്നേറുന്നത്‌.

രക്ഷിതാക്കൾക്കൊപ്പം മത്സരത്തിന്‌ പോയി തുടങ്ങിയതോടെയാണ്‌ മകൾക്കും  താൽപര്യം വന്നത്‌. ഇക്കഴിഞ്ഞ ഒക്‌ടോബറിൽ സ്വീഡനിൽ നടന്ന വേൾഡ്‌ ക്ലാസിക്ക്‌ പവർ ലിഫ്‌റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ മൂവരും പങ്കെടുത്തിരുന്നു. ആയിശാ ബീഗം അഞ്ചാം സ്ഥാനം നേടി. രണ്ട്‌ ദേശീയ മത്സരങ്ങളിൽ രണ്ടാം സ്ഥാനവും ഒന്നിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്‌. കൃത്യമായ പരിശീലനത്തിലൂടെ  മികച്ചൊരു താരമായി ഉയർന്ന്‌ വരണമെന്നാണ്‌ കുറ്റിച്ചിറ ജിവിഎച്ച്‌എസ്‌എസിലെ പ്ലസ്‌ടു വിദ്യാർഥിയായ  ആയിശയുടെ ആഗ്രഹം.

‘ ശരീരത്തിനും മനസിനും ഉറപ്പും ആത്മവിശ്വാസവും തരുന്നതാണ്‌ ഈ പരിശീലനവും മത്സരങ്ങളും. സ്‌ത്രീകൾ പൊതുവെ അവരുടെ ആരോഗ്യം പോലും ശ്രദ്ധിക്കാൻ സമയം കണ്ടെത്താതെ കുടുംബത്തിനായി ഓടി നടക്കുകയാണ്‌. ഞാനും മകളും കൃത്യമായി പരിശീലനത്തിനും മത്സരങ്ങൾക്കുമെല്ലാം സമയം നീക്കി വെക്കും.  കായിക രംഗത്തേക്ക്‌ കൂടുതൽ സ്‌ത്രീകൾ വരണമെന്ന്‌ പറയുന്നതിന്‌ ഈ ഘടകങ്ങൾ കൂടി കാരണമാണ്‌.  സധൈര്യം തീരുമാനങ്ങളെടുക്കാനും ആത്മവിശ്വാസത്തിനുമെല്ലാം വലിയ ഊർജ്ജമാണ്‌ പകരുക’ കൊച്ചുമോൾ പറയുന്നു. ജൂണിൽ കോയമ്പത്തൂരിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്‌റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്‌ മകൾ. മൂവർക്കും സെലക്ഷൻ കിട്ടിയിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രയാസമുള്ളതിനാൽ ആയിശയെ പങ്കെടുപ്പിക്കാമെന്ന തീരുമാനത്തിലാണ്‌. 2015 ഏഷ്യ പവർലിഫ്‌റ്റിങ്‌ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം ഉൾപ്പെടെ നേടിയ അബ്ദു സലീം പിന്തുണയുമായി കൂടെയുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top