25 April Thursday

ചിരഞ്ജീവിയാകുന്ന പുസ്തകം

സി രാധാകൃഷ്ണൻUpdated: Sunday Jun 19, 2022

ഒരർഥത്തിൽ ജെസി നാരായണന്റെ മാന്ത്രിക ഐതിഹ്യമാല എന്ന  പുസ്തകവും ഒരു മായാജാലമാണ്. ഇന്ദ്രജാലപ്രകടനങ്ങളൊക്കെ പുരാതനകാലത്തേ തുടങ്ങിയതാണല്ലോ. അതിനെപ്പറ്റി ഇന്നേവരെ പറഞ്ഞുകേട്ട ആ കഥകളൊക്കെ സമാഹരിക്കുക, ചികഞ്ഞുനോക്കുക, വിലയിരുത്തുക, ക്രമപ്പെടുത്തുക, രേഖപ്പെടുത്തുക, ഈ ക്രിയ ഒട്ടും എളുപ്പമല്ല. ഒരുപാടു കാലത്തെ അന്വേഷണവും മനനവും അതിനാവശ്യമാണ്.

കൗശലംകൊണ്ടും പരിശീലനംകൊണ്ടും ഇന്ദ്രിയങ്ങളെ എത്ര ഗംഭീരമായി കളിപ്പിക്കാമെന്ന് ഇന്ദ്രജാലം തെളിയിക്കുന്നു. ഇന്ദ്രിയ നിരീക്ഷണങ്ങൾ അവിശ്വസനീയങ്ങളാണ് എന്നിടത്തുനിന്നാണല്ലോ വേദാന്തം ആരംഭിക്കുന്നത്. വെറുതെയല്ല വേദാന്തപ്രചാരത്തോടൊപ്പം ഭാരതത്തിൽ പണ്ടേ ഇന്ദ്രജാലത്തിന് കേട്ടുകേൾവിയുള്ള ഗുരുനാഥന്മാർ ഉണ്ടായത്. സന്യാസിമാരുടെയും പാമ്പാട്ടികളുടെയും ഇന്ദ്രജാലക്കാരുടെയും നാടെന്ന ഖ്യാതി പണ്ടേ നമുക്കു സ്വന്തം.

ഇന്ദ്രജാലത്തിന്റെ അത്ഭുതത്തേടൊപ്പം വാഴകുന്നം തിരുമേനി നമ്പൂരിത്തത്തിന് സ്വതഃസിദ്ധമായ ശുദ്ധഫലിതവുംകൂടി ചേർത്തു. അദ്ദേഹം ഒരിക്കൽ ചമ്രവട്ടത്ത് ശാസ്താവിനെ തൊഴാൻ വന്ന കഥ ഇങ്ങനെ: തിരികെ പോകുന്ന ബസിൽ അതിഗംഭീരമായ തിരക്ക്. വല്ലാതെ വിഷമിച്ചു. അപ്പോഴാണ് അദ്ദേഹം ഒരുകാര്യം ചൂണ്ടിക്കാണിച്ചത്. കണ്ടക്ടറുടെ തോൾസഞ്ചിയിൽനിന്ന് ഒരു പാമ്പ് തലനീട്ടുന്നു. നോക്കിനിൽക്കേ അതു പുറത്തുചാടി, പിന്നെ കണ്ടതുമില്ല. ബസ്‌ നിർത്തി എല്ലാവരും പുറത്തിറങ്ങി ആകെ പരിശോധിച്ചു. കണ്ടില്ല. ബസ്‌ വീണ്ടും പുറപ്പെട്ടപ്പോൾ തിരുമേനി സുഖമായി സീറ്റിൽ ഇരിപ്പാണ്, മുഖത്ത് എന്തർഥവും ആകാമെന്ന സ്ഥിരം പുഞ്ചിയിരിയുമുണ്ട്.

വാഴകുന്നത്തിന്റെ ഇന്ദ്രജാലപ്രകടനം ഒരിക്കലേ ഞാൻ നേരിട്ടു കണ്ടിട്ടുള്ളൂ. തിരുന്നാവായിൽ ഒരു സർവോദയമേളയിൽ. പുഴയിൽനിന്നു വാരി വേദിയിൽ മേശപ്പുറത്തിട്ട മണൽക്കൂമ്പാരം വെള്ളംപോലെ തിളച്ചുമറിഞ്ഞു. ബുദ്ധിയെ വെല്ലുവിളിക്കുന്ന അമ്പരപ്പിക്കലുകൾ മനുഷ്യകുലത്തിൽ എപ്പോഴും പ്രചാരമുണ്ടാകുന്ന കാര്യമാണ്. ഇവയെപ്പറ്റി കേൾക്കാനും അറിയാനും എക്കാലത്തും ആബാലവൃദ്ധം ആളുകൾക്ക് താൽപ്പര്യവുമുണ്ടാകും. അതിനാൽ ഈ പുസ്തകം ചിരഞ്ജീവി ആകുമെന്നു കരുതാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top