20 April Saturday

നിഴൽ മഹാമാരിയിലെ നിശ്ശബ്‌ദ വിങ്ങലുകൾ

ഡോ. ശ്രീകല മുല്ലശ്ശേരിUpdated: Sunday Apr 19, 2020

കുറെ കാലത്തിനുശേഷമാണ് അനിത വീടിന്‌ മുന്നിലെ ഇടവഴിയിലൂടെ നടക്കുന്നത് കണ്ടത്.എന്റെയും അവളുടെയും ജോലി സമയങ്ങൾ വ്യത്യസ്‌തമായിരുന്നു. ഞായറാഴ്‌ചകളിലും അവൾക്ക് അവധിയില്ല. ഞങ്ങൾ നേരിട്ട് കാണുന്നത് അപൂർവം. പത്തുവർഷമായി മെഡിക്കൽ കോളേജിൽ നേഴ്സ് ആണവൾ. നൈറ്റ് ഡ്യൂട്ടിക്ക്  പുറത്തിറങ്ങിയപ്പോൾ വീട്ടിൽനിന്ന്‌ കുട്ടിയുടെ നിലവിളി. അവളുടെ ഒന്നര വയസ്സുള്ള മോൾ. കുട്ടി എന്തിനാണ് ഇങ്ങനെ കരയുന്നത് എന്ന് ചോദിച്ചപ്പോൾ ഇപ്പോൾ കൊറോണ വാർഡിലാണ് ജോലി ചെയ്യുന്നത് എന്നും,  അവിടെ ഡ്യൂട്ടി തുടങ്ങിയശേഷം കുഞ്ഞിന് പാൽ കൊടുക്കുന്നത് പോയിട്ട് കുഞ്ഞിനെ തൊടാറുപോലുമില്ല. അതിന്റെ വാശിയാണിതെന്നും തേങ്ങലോടെ പറഞ്ഞു. കോവിഡ് പരിചരണത്തിനിടയിൽ ഒരു മലയാളി നേഴ്‌സിന് രോഗം പിടിപെട്ടത് നേഴ്‌സുമാരിലാകെ ആശങ്ക  സൃഷ്‌ടിച്ചു. ഞങ്ങൾ സംസാരിക്കുമ്പോൾ അതുവഴി വന്നവർ അനിതയെ വെറുപ്പോടെ നോക്കി വഴിമാറി. ഞെട്ടലോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾ പറഞ്ഞു

"ഒരു ഗ്യാരന്റിയും  ഇല്ലാത്തതാണ് ഞങ്ങളുടെ ജീവിതം. കൊറോണ വന്നതോടെ ആരോഗ്യപ്രവർത്തകർ വീട്ടിലും നാട്ടിലും അന്യരായി. സാരമില്ല, ജീവനിൽ കൊതി സ്വാഭാവികം. ആരെയും കുറ്റം പറയുന്നില്ല. പക്ഷേ, ഞങ്ങളുടെ മനസ്സിനിപ്പോൾ ഇതൊന്നും ഏശുന്നില്ല. ലോകത്ത്  ആയിരങ്ങൾ മരണപ്പെടുന്ന മഹാമാരിയുടെ മുന്നിൽ പ്രതിരോധസേനയായി മുൻനിരയിൽ നിൽക്കാൻ കഴിഞ്ഞതിൽ അഭിമാനംമാത്രം. സാമൂഹ്യഅകലം സൂക്ഷിക്കാൻ പറയുമ്പോൾ ഞങ്ങൾക്ക്‌ സാമൂഹ്യഅകലം പാലിക്കാനാകില്ല. മാനസിക അകലം ഇല്ലാതാക്കി അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്.

പെൺകുട്ടികൾക്ക് ഡിഗ്‌നിറ്റി ഇല്ലാത്ത ജോലിയാണ് അതെന്ന വികലധാരണയായിരുന്നു സമൂഹത്തിന്! പക്ഷേ എനിക്ക് തെറ്റിയിട്ടില്ല, അതിൽ അന്നും ഇന്നും അഭിമാനമാണ്. രാവും പകലും ഉറക്കമൊഴിഞ്ഞ്‌ ഞങ്ങൾ പരിചരിക്കുന്ന ജീവനും ജീവിതവും സുരക്ഷിതമാകുമ്പോൾ നിറഞ്ഞ പുഞ്ചിരിയോടെയും കണ്ണുകളോടെയും അവർ നമ്മെ നോക്കി ചിരിക്കുന്ന ഒരു ചിരി ഉണ്ട്. അത് കാണുമ്പോൾ ലോകം  മുഴുവനും വെട്ടിപ്പിടിച്ച സന്തോഷമാണ്. ഒരുപക്ഷേ, എല്ലാ വെല്ലുവിളിയെയും അതിജീവിക്കാൻ അത് തരുന്ന ഊർജം വലുതാണ് എന്ന് പറഞ്ഞപ്പോഴേക്കും  ആരോഗ്യപ്രവർത്തകരുടെ വാഹനമെത്തി.  അവൾ തിരക്കിട്ട് അതിൽ കയറിപ്പോയി. വണ്ടിയിൽനിന്ന് കൈ കാണിക്കുമ്പോഴും പച്ച മാസ്‌കിട്ട മുഖത്തെ കണ്ണുകളിൽ ആത്മവിശ്വാസത്തിളക്കം.

ഒന്നാലോചിച്ചു നോക്കു, കാലങ്ങളായി കുറഞ്ഞ വേതനം കൈപ്പറ്റുന്നവരാണ് സ്വകാര്യമേഖലയിലെ  നേഴ്‌സുമാർ. അധ്വാനത്തിന് അനുസരിച്ചുള്ള വേതനമില്ല. ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളും അവരുടെ അധ്വാനം ചൂഷണം ചെയ്യുന്നു. തൊഴിൽചെയ്യുന്ന സ്‌ത്രീകൾ സമൂഹത്തിനോടും വീടിനോടും ഒരേസമയം മല്ലിടേണ്ടിവരുന്ന സന്ദർഭവും നമ്മുടെ നാട്ടിൽ വിരളമല്ല.

കുടുംബഭദ്രത കാത്തുസൂക്ഷിക്കാൻ എന്ന വ്യാജേന കാലങ്ങളായി ക്വാറന്റൈനിലേക്ക് പിടിച്ചുകെട്ടിയ മറ്റൊരു പെൺജീവിത കാഴ്‌ച എന്നെത്തേടി വന്നത് അമ്മുവിന്റെ ഫോൺ കോളിലൂടെയാണ്. അമ്മു സ്‌കൂളിലെയും കോളേജിലെയും കൂട്ടുകാരി.  വിശേഷം തിരക്കിയശേഷം ഇപ്പോഴുള്ള ജീവിതത്തെക്കുറിച്ച്‌ തമാശയായി ചോദിച്ചു. കുറച്ചുകാലമായി അവൾ ജോലിക്ക് പോകുന്നില്ല. കുട്ടികളെ നോക്കാൻ ആരും ഇല്ല. ജോലി ഉപേക്ഷിച്ചു.

"എന്ത് ചോദ്യമാണ് നീ ചോദിക്കുന്നത് എനിക്കെന്നും ക്വാറന്റൈൻ ലൈഫ് അല്ലേ’. രാവിലെ ആകുന്നു, മറ്റുള്ളവരെക്കാൾ നേരത്തേ എണീറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു, കുട്ടികളെ സ്കൂളിൽ വിടുന്നു, ലഞ്ച് ഉണ്ടാക്കുന്നു, വീട്ടിലെ എല്ലാ ജോലിയും ചെയ്‌ത്‌ തീർക്കുമ്പോഴേക്ക് ഭർത്താവും കുട്ടികളും വരും. പിന്നെ അവർക്കുള്ള ഭക്ഷണം. പിറ്റേ ദിവസം അവർക്ക് പോകാനുള്ള വസ്‌ത്രങ്ങൾ അലക്കിത്തേക്കണം... അങ്ങനെ നൂറായിരം ജോലികൾ. ഒരു മിനിറ്റ് ശ്വാസം വിടാൻ നേരമില്ല. വർഷങ്ങളായി പുറംലോകവുമായി ബന്ധമില്ലാതെ നിൽക്കുന്നവരോട് ക്വാറന്റൈൻ ജീവിതത്തെക്കുറിച്ച്‌ ചോദിക്കുന്നതുതന്നെയാണ് ഏറ്റവും വലിയ തമാശ എന്ന് അവൾ അടക്കിപ്പിടിച്ച നെടുവീർപ്പിനിടയിൽ തെല്ല് പരിഹാസത്തോടെ പറഞ്ഞു. എനിക്ക് ജാള്യം അനുഭവപ്പെട്ടു. അവളുടെ പുച്ഛംനിറഞ്ഞ സംസാരം എന്നോട് ആയിരുന്നില്ല അവളുടെതന്നെ ജീവിതത്തോടായിരുന്നു.

ഇതിനിടയിൽ ഫോൺ അവളുടെ കൈയിൽനിന്ന് പിടിച്ചുവാങ്ങി അവളുടെ ഭർത്താവ് എന്നോട് പറഞ്ഞു "എനിക്ക് വീട്ടിൽ ഇങ്ങനെ ഇരിക്കാൻ പറ്റുന്നില്ല, എനിക്ക് എങ്ങനെയെങ്കിലും പുറത്തിറങ്ങി കിട്ടിയാൽ മതി.  എനിക്ക് മടുത്തു. എന്റെ സന്തോഷങ്ങൾ വീടിനുപുറത്താണ്’. ഇതിനിടയിൽ അവൾ ഓടിപ്പോയത് സിങ്കിൽ കുന്നുകൂടിക്കിടക്കുന്ന പാത്രം കഴുകാൻ ആയിരിക്കുമെന്ന്  ഞാൻ ഊഹിച്ചു.

കുറച്ചുദിവസം വീടിനുള്ളിൽ ജീവിച്ചപ്പോഴേക്കും വീർപ്പുമുട്ടുന്ന മലയാളി പുരുഷന് കാലങ്ങളായി വീട്ടുതടങ്കലിൽ അടയ്‌ക്കപ്പെട്ടവളുടെ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കാനാകുന്നില്ല. സ്വാതന്ത്ര്യവും അവകാശവും ആഗ്രഹവും ത്യജിച്ചും നിഷേധിക്കപ്പെട്ടും എത്രയോ സ്‌ത്രീകൾ ജീവിച്ചുതീർക്കുന്ന ക്വാറന്റൈൻ ജീവിതത്തിന്റെ മുകളിൽ കസേരയിട്ടിരുന്നാണ്‌ പുരുഷൻമാർ വീട്ടുജീവിതത്തെ ട്രോളുന്നത്.

ക്വാറന്റൈൻ കാലത്തിനുശേഷം മലയാളി പുരുഷന്മാർക്ക് വീണ്ടെടുക്കേണ്ട പൊതു ഇടങ്ങളും യാത്രകളും മറ്റും ധാരാളമുണ്ടാകാം. അവർക്ക് കളിസ്ഥലങ്ങളുണ്ട്, മൈതാനങ്ങളുണ്ട്, ബാറുകളുണ്ട്, ക്ലബ്ബുകളുണ്ട്! പെണ്ണുങ്ങളുടെ അസമയങ്ങൾ അവർക്ക് ആനന്ദിക്കാനും ആഹ്ളാദിക്കാനുമുള്ളതാണ്!

പെണ്ണിന്  വീട്‌ സുരക്ഷിത ഇടമാണെന്ന വ്യാജബോധം ഇതിനകം തകർന്നിട്ടുണ്ട്.  നൂറുകണക്കിന് സ്‌ത്രീകളും കുട്ടികളുമാണ്  ദിനേന വീടകങ്ങളിൽ ആക്രമണത്തിനിരയാകുന്നത്. കോവിഡ് കാലത്തും  ഗാർഹികപീഡനത്തിന്റെ കണക്ക്‌ ഞെട്ടിക്കുന്നതാണ്. പൊതുഇടങ്ങളിലുള്ള അക്രമങ്ങൾ കുറഞ്ഞെങ്കിലും വീടിനുള്ളിൽ സ്‌ത്രീകളും കുട്ടികളും വൃദ്ധരും മാനസികമായും ശാരീരികമായും അവമതിക്കപ്പെടുന്നു, പ്രത്യക്ഷവും പരോക്ഷമവുമായ വയലൻസിന് ഇരയാകുന്നു. രണ്ടിരട്ടിയിലധികം പെൺജീവിതങ്ങളാണ് ലോക്ക്ഡൗൺ കാലത്തിലും ലോകത്താകമാനം പീഡിപ്പിക്കപ്പെടുന്നത് എന്നാണ് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് നിരീക്ഷിച്ചത്. കോവിഡ്കാലത്തെ ഗാർഹികപീഡനത്തെ ഷാഡോ പാൻഡെമിക് അല്ലെങ്കിൽ നിഴൽ മഹാമാരി എന്നാണ് ഐക്യരാഷ്ട്രസഭ പേരിട്ടിരിക്കുന്നത്. ഒരുപക്ഷേ, കോവിഡ്–-19നെപ്പോലെ നമ്മൾ പ്രതിരോധിക്കേണ്ട ഒരു വൈറസ്‌! വീട്ടിനുള്ളിൽ ഒതുങ്ങിനിൽക്കുമ്പോൾ  പുരുഷന് അനുഭവപ്പെടുന്ന മാനസിക അസ്വാസ്ഥ്യം സ്‌ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയുംമേൽ അക്രമങ്ങളായും ആക്രോശങ്ങളായും വന്നുവീഴുന്നു. വിദ്യാഭ്യാസവും സാമൂഹ്യബോധവും കുറഞ്ഞവരിലാണ് കൂടുതൽ കാണുന്നതെങ്കിലും തുല്യനീതിയെക്കുറിച്ച്‌ ബോധ്യമുള്ള സമൂഹത്തിൽ  കായികമായ ആക്രമണങ്ങൾ കുറവാണെങ്കിലും വാക്കുകൾകൊണ്ടും ശബ്ദങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും വിവേചനങ്ങൾ ഉരുത്തിരിയുന്നുണ്ട്.

ക്വാറന്റൈൻ കാലത്തിനുശേഷം മലയാളി പുരുഷന്മാർക്ക് വീണ്ടെടുക്കേണ്ട പൊതു ഇടങ്ങളും യാത്രകളും മറ്റും ധാരാളമുണ്ടാകാം. അവർക്ക് കളിസ്ഥലങ്ങളുണ്ട്, മൈതാനങ്ങളുണ്ട്, ബാറുകളുണ്ട്, ക്ലബ്ബുകളുണ്ട്! പെണ്ണുങ്ങളുടെ അസമയങ്ങൾ അവർക്ക് ആനന്ദിക്കാനും ആഹ്ളാദിക്കാനുമുള്ളതാണ്! അതുകൊണ്ട് പുരുഷൻമാർക്ക് ക്വാറന്റൈനിൽ ഭ്രാന്ത് പിടിക്കുന്നു! ജനിച്ച അന്നുമുതൽ സ്വന്തം വീട്ടിലും അതിനുശേഷം ഭർതൃഗൃഹത്തിലും ക്വാറന്റൈനിൽ കഴിയുന്ന പെണ്ണുങ്ങൾക്ക് ഈ "ഭ്രാന്ത്' തിരിച്ചറിയാൻപോലും കഴിഞ്ഞിട്ടില്ല.  തന്ത്രപരമായ പാട്രിയാർക്കി പുരുഷജീവിതത്തിന്റെ ഇരയാണ് നമ്മുടെ രാജ്യത്തെ ഓരോ പെണ്ണും!


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top