05 June Monday

അത്ര ‘ചെറുത'ല്ല കൃഷ്‌ണവേണി

കെ വി ഹരീന്ദ്രൻUpdated: Sunday Apr 19, 2020


പൊലീസിനുവേണ്ടി എൽകെജി വിദ്യാർഥിനി കൃഷ്‌ണവേണിയുടെ കൊറോണ ബ്രേക്ക്‌ ദ ചെയിൻ വീഡിയോ സന്ദേശം ഫെയ്‌സ്ബുക്കിൽ വൈറലായിരുന്നു. ലക്ഷക്കണക്കിന്  ആളുകളാണ്  കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ഈ സന്ദേശം കണ്ടത്. കഷ്‌ടി മുക്കാൽ മീറ്റർ (73.5 സെന്റീമീറ്റർ)മാത്രം ഉയരം. ലോകത്തുതന്നെ 150ൽ താഴെ പേർക്ക് വന്ന ലാറോൺ ഡ്വാർഫിസം എന്ന അപൂർവരോഗം. തൃശൂർ കൊടകര ആലത്തൂർ എഎൽപി സ്‌കൂൾ വിദ്യാർഥിയായ അഞ്ച് വയസ്സുകാരി കൃഷ്‌ണവേണി ഈ പരിമിതികളെല്ലാം മറികടക്കുകയാണ്.

കൃഷ്‌ണവേണി നന്നായി സംസാരിക്കും, വീട് വൃത്തിയാക്കും, വേണമെങ്കിൽ പ്രസംഗിക്കും, പാട്ടുപാടും, വേണ്ടിവന്നാൽ മറ്റുള്ളവരെ ഉപദേശിക്കും, എന്തുപറഞ്ഞുകൊടുത്താലും പെട്ടെന്ന് ഉൾക്കൊള്ളുകയും ചെയ്യും. വിവിധ മത്സരങ്ങളിൽ കൃഷ്‌ണവേണി സമ്മാനങ്ങളും വാങ്ങിയിട്ടുണ്ട്. കൊടകര പാറേക്കാട്ടുകര കണ്ടേടത്ത് വീട്ടിൽ ജയൻ‐സനിത ദമ്പതികളുടെ ഏക മകളാണ് കൃഷ്‌ണവേണി. മരത്തിൽ വിവിധ രൂപങ്ങൾ സൃഷ്ടിക്കുന്ന കൊത്തുപണിക്കാരനാണ് ജയൻ. ഇരിഞ്ഞാലക്കുട നഗരസഭ ആരോഗ്യവിഭാഗത്തിൽ നേഴ്‌സാണ് സനിത.

ജനിതകവൈകല്യംമൂലം ഉയരവും വലിപ്പവും കുറവായ മനുഷ്യർ നമുക്കിടയിൽ അസാധാരണമല്ല. ശരീരത്തിന്റെ ഗ്രോത്ത് ഹോർമോൺ ഉൽപ്പാദനം വളരെ കുറവായതാണ്  വൈകല്യത്തിന് കാരണം. ദേഹത്തെ മസിലുകൾക്ക് ശക്തിക്കുറവും ശരീരത്തിൽ ഗ്ലുക്കോസിന്റെ അളവ് കുറവുമായിരിക്കും ഇത്തരക്കാർക്ക്. പ്രമേഹം,  ക്യാൻസർ എന്നീ രോഗങ്ങൾ ഇവരെ ബാധിക്കില്ല.

എന്നാൽ, ഗ്രോത്ത് ഹോർമോണിന്റെ കുറവുകൊണ്ട് സാധാരണ ഉയരക്കുറവുള്ളവരും  ലാറോൺ ഡ്വാർഫിസം ബാധിച്ച് ഉയരക്കുറവുള്ളവരും തമ്മിൽ ചെറിയ ചില വ്യത്യാസവുമുണ്ട്. ശരീരത്തിൽ ഗ്രോത്ത് ഹോർമോൺ ഉൽപ്പാദനത്തിന്റെ കുറവാണ് സാധാരണ കാണുന്ന ഉയരക്കുറവിനും വലുപ്പം കുറവിനും കാരണം. ഇവരുടെ ശരീരത്തിന്റെ വലുപ്പവും കൈകാലുകളുടെ വലുപ്പവും തമ്മിൽ ഒരനുപാതവും ഉണ്ടാകില്ല. എന്നാൽ, ശരീരത്തിലെ ഗ്രോത്ത് ഹോർമോണിന്റെ കൂടുതലും ശരീരത്തിൽത്തന്നെ കരൾ ഉൽപ്പാദിപ്പിക്കുന്ന ഇൻസുലിൻ ഗ്രോത്ത് ഫാക്ടറിന്റെ കുറവുമാണ് ലാറോൺ ഡ്വാർഫിസത്തിന്‌ കാരണമാകുന്നത്.  ഇവരുടെ ശരീരവലുപ്പവും കൈകാലുകളുടെ വലുപ്പവും തമ്മിൽ സാധാരണ മനുഷ്യരുടേതുപോലെ അനുപാതത്തിലായിരിക്കും. കുറച്ചുകൂടി വ്യക്തമാക്കിയാൽ ലാറോൺ ഡ്വാർഫിസം ബാധിച്ചയാളെ കണ്ടാലോ അവരുടെ ഫോട്ടോ കണ്ടാലോ നമുക്ക് ഒരു വിധ അസാധാരണത്വവും അനുഭവപ്പെടില്ല. ഒരു കൊച്ചുകുട്ടിയെ കാണുന്നതായേ നമുക്ക് അനുഭവപ്പെടുകയുള്ളു. കൂടുതൽ അടുത്ത് കഴിഞ്ഞാലേ വിവരം മനസ്സിലാകുകയുള്ളു.

ഇൻസുലിൻ ഗ്രോത്ത് ഫാക്ടർ ശരീരത്തിലേക്ക് നേരിട്ട് കുത്തിവയ്‌ക്കുകയാണ് കൃഷ്‌ണവേണിയുടെ അസുഖത്തിനുള്ള  ഏക ചികിത്സയെന്ന്  ഡോക്‌ടർമാർ പറയുന്നു. ഈ മരുന്ന് അമേരിക്കയിൽനിന്നോ ബ്രിട്ടനിൽനിന്നോ എത്തിക്കണം. അതിന്‌ മാസം അരലക്ഷം രൂപവേണം. 14 വയസ്സുവരെ ചികിത്സ തുടരുകയും വേണം. ഈ തുക താങ്ങാൻ ജയൻ‐സനിത ദമ്പതികൾക്ക് മാർഗമില്ല. അതുകൊണ്ടുതന്നെ ചികിത്സ ഇവർക്ക് വിദൂരസ്വപ്‌നമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top