02 October Monday

സ്റ്റാറാണ് വിമലേച്ചി

ശ്രീകല മുല്ലശ്ശേരിUpdated: Sunday Jan 19, 2020

‘വനിത ഹോട്ടൽ'എന്ന് നീലയിൽ വെള്ള അക്ഷരം കൊണ്ട് എഴുതിയ ബോർഡ് കണ്ട നിമിഷത്തിൽ തന്നെ ഞാൻ അവിടേക്ക് ചാടിക്കയറുകയായിരുന്നു .സ്ത്രീകൾ നടത്തുന്ന അത്തരം ഉദ്യമങ്ങളിൽ ഏതിന്റെയൊക്കയോ ഭാഗമാവുക എന്നത് കാലങ്ങളായുള്ള എന്റെ രാഷ്ട്രീയത്തിന്റെ ഭാഗം കൂടിയാണ്. വിശന്നു തളർന്നത് കൊണ്ടാവും അടുത്ത് കണ്ട  കസേരയിലേക്ക് വീഴുകയായിരുന്നു. ഉടനെ എനിക്ക്‌ മുന്നിൽ പാത്രങ്ങൾ നിരന്നു. വിഭവങ്ങൾ ഓരോന്നായി അതിൽ നിറഞ്ഞുകൊണ്ടിരുന്നു.  വിളമ്പുന്ന വളയിട്ട കൈകളെ ആദരവോടു കൂടി ഞാൻ നോക്കി . ആദ്യത്തെ പത്തു മിനിറ്റ് ഭക്ഷണത്തിലേക്ക് മാത്രമായിരുന്നു എന്റെ ശ്രദ്ധ. ആർത്തിയോടെ ഭക്ഷണം കഴിക്കുമ്പോഴും ക്യാഷ് കൗണ്ടറിൽ ഇരിക്കുന്ന വട്ടമുഖമുള്ള സ്ത്രീ എന്നെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു . കണ്ടു പരിചയമുള്ള മുഖമായതുകൊണ്ടെന്നപോലെ ഞാനും അവരെ നോക്കി ഹൃദയം കൊണ്ട് ചിരിച്ചു.  തൊട്ടടുത്ത നിമിഷം അവർ എന്റെ മുന്നിലുള്ള ഒഴിഞ്ഞ കസേരയിൽ വന്നിരുന്നു.

എന്നെ ഓർമ്മയുണ്ടോ ഒരു കാലത്തു ഞായറാഴ്ചകളിൽ നിങ്ങളുടെ വീടിന്റെ വരാന്തയിൽ എനിക്ക്‌ അൽപ്പനേരം വിശ്രമിക്കാൻ ഉള്ളു തുറന്ന്‌ സംസാരിക്കാൻ ഒരു ഇടം എനിക്കുണ്ടായിരുന്നു  എന്ന് പറഞ്ഞുകൊണ്ടാണ് അവർ സംസാരം തുടങ്ങിയത് .പിന്നെ ഓർമകളെ ചികയാൻ പിന്നോട്ട് നടക്കുകയായിരുന്നു . കുറച്ചു വർഷങ്ങൾക്ക് മുൻപിൽ അന്ന് സോപ്പ് വിൽക്കാൻ വന്ന വിമലച്ചേച്ചിയുടെ മുഖം തെളിഞ്ഞു വന്നു . ഉടനെ ഉള്ളിലെ ആഹ്ലാദം കൊണ്ട് ഇടത്തെ കൈകൊണ്ട് അവരുടെ കൈ മുറുകെ പിടിച്ചു . ആ പരുക്കൻ കൈകളിൽ കടുത്ത ജീവിതാനുഭവത്തിന്റെ തഴമ്പ് എന്റെ കൈകളെ സ്പർശിച്ചു . അന്ന് നിങ്ങളുടെ വീട്ടിൽ നിന്ന്‌ ഇറങ്ങുമ്പോൾ കുടുംബശ്രീ ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനിടെ ഒരു ആണിനാൽ അവന്റെ ലൈംഗികാസക്തിയുടെ പ്രകടനത്തിന് ഒരു നിമിഷമെങ്കിലും ഇരയാക്കപ്പെട്ടതിന്റെ നീറ്റലുണ്ടായിരുന്നു എനിക്ക്‌.  അന്ന് ഒരു ഭാഗം തളർന്ന് കിടക്കുന്ന ഭർത്താവ് വേച്ചു വെച്ചു അടുക്കളയിൽ പോയി എലിവിഷം കഴിച്ചു ആത്മഹത്യ ചെയ്തത് എനിക്ക് താങ്ങാൻ കഴിഞ്ഞില്ല.

എന്റെ ശരീരം ആക്രമിക്കപ്പെട്ടത് അയാളുടെ എന്തോ കഴിവുകേടുകൊണ്ടായിരുന്നു എന്ന പോലെ അയാൾ ജീവിതത്തോട് വിട പറഞ്ഞത്. പെണ്ണ് ഒരു ശരീരം മാത്രമാണ് അതിന്റെ പൂർണ്ണ ഉത്തരവാദിത്വം പുരുഷന്റെ കൈകളിൽ മാത്രമാണ് എന്ന സാമാന്യ പുരുഷ പൊതുബോധത്തെ ഊട്ടി ഉറപ്പിക്കുകയായിരുന്നു ആ ആത്മഹത്യ എന്ന് ഞാൻ വിലയിരുത്തി .ആ വികലമായ കാഴ്ചപ്പാട് ഒരു ജീവനെ തന്നെ ഇല്ലാതാക്കി. അപ്പോഴും വിമലച്ചേച്ചി തുടർന്ന് കൊണ്ടിരുന്നു .വിശന്ന് തളർന്ന എന്റെ മക്കളുടെ കണ്ണുകളെ എനിക്ക്‌ അവഗണിക്കാൻ കഴിയുമായിരുന്നില്ല. പിന്നീട് ഒരു വാശിയായിരുന്നു. ജീവിതം ഇങ്ങോട്ട് തരുന്ന വെല്ലുവിളികളെ ഏറ്റെടുത്തു ജീവിതത്തോട് പൊരുതുക എന്നത് ജീവിതസമവാക്യമായി മാറി. എന്നെ ആക്രമിക്കാൻ വന്ന മനുഷ്യനെയും അയാളെ പിന്താങ്ങിയ കുടുംബത്തിനെയും ഞാൻ വെറുതെ വിട്ടില്ല. "നീ കൊഞ്ചി കുഴഞ്ഞിട്ടല്ലേ ആണിന്റെ ഭാഗത്തു പ്രലോഭനം ഉണ്ടാവുന്നത് "എന്ന് പോലീസ് സ്റ്റേഷനിൽ നിന്ന്‌ അയാളുടെ ഭാര്യ വാദിച്ചു. എത്ര വേഗമാണ് ഭർത്താവിന്റെ തെറ്റുകൾ കണക്കിലെടുക്കാതെ എന്നെ പഴിചാരിയത് ആ സ്ത്രീ. അടിമത്തം ഒരു ജന്മാവകാശമായി പ്രഖ്യാപിക്കപ്പെട്ട ആ സ്ത്രീയുടെ മുഖം എന്റെ മുന്നിൽ തെളിഞ്ഞു വന്നു.

വിമലച്ചേച്ചി ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ആ പര്യാപ്തത നൽകിയ സ്വാതന്ത്ര്യ ബോധം കൂടിയാണ് എന്ന് ഞാൻ മനസിലാക്കി

വീണ്ടും വിമലച്ചേച്ചി എന്നെ തട്ടിയുണർത്തികൊണ്ട് പറഞ്ഞു ആ കേസിൽ ഞാൻ പൊരുതി ജയിച്ചു. അതെനിക്ക്‌ ഒരു ആവേശമായിരുന്നു ജീവിക്കാൻ. വീണ്ടും കുടുംബശ്രീ യൂണിറ്റിന്റെ ഭാഗമായി നിന്നുകൊണ്ട് ഭക്ഷണം ഉണ്ടാക്കി കൊണ്ടുനടന്നു വിറ്റു ഞാൻ മക്കളെ പഠിപ്പിച്ചു. മകൾ ഇപ്പോ ഡിഗ്രിക്ക്  പഠിക്കുന്നു. മകന് എൻജിനിയറിങ്ങിന് അഡ്മിഷൻ കിട്ടി .ലോൺ സംഘടിപ്പിച്ചു സ്വന്തമായി വീടുവച്ചു. ഇപ്പോൾ കുടുംബശ്രീയിൽ നിന്നു തന്നെ ഒരു വനിത ഹോട്ടൽ തുടങ്ങി സ്വയം പര്യാപ്തത നേടി. പക്ഷേ വിമലച്ചേച്ചി ഏറ്റവും കൂടുതൽ ആഘോഷിക്കുന്നത് ആ പര്യാപ്തത നൽകിയ സ്വാതന്ത്ര്യ ബോധം കൂടിയാണ് എന്ന് ഞാൻ മനസിലാക്കി.

അങ്ങിനെ ജീവിതം തന്റെ കൈക്കുള്ളിൽ ഭദ്രമാക്കിയ സന്തോഷത്തിൽ വിമലച്ചേച്ചിയുടെ ഒരു കണ്ണുനീർ തുള്ളി എന്റെ കൈകളിലേക്ക് ഉരുണ്ടു വീണു . അതിൽ കടുത്ത ജീവിതാനുഭവങ്ങളുടെ കയ്പ്പുള്ളതുകൊണ്ടോ എന്നറിയില്ല  അത് എനിക്ക്‌ ഒരു നീറ്റലയി അനുഭവപെട്ടു  . പെട്ടെന്ന് ഒരു ഫോൺ കാൾ വന്ന് ഇതാ വരുന്നു എന്ന് പറഞ്ഞു ഏതോ കസ്റ്റമർക്കുള്ള ഭക്ഷണപൊതിയുമായി വിമല ചേച്ചി സ്കൂട്ടറിൽ അമർന്നു ഇരുന്നു പോകുമ്പോൾ അഭിമാനം കൊണ്ടും സന്തോഷം കൊണ്ടും എന്റെ മനസ്സും വയറും നിറഞ്ഞിരുന്നു.

കാണാതാക്കപ്പെടുന്ന സ്ത്രീകൾ എന്ന പ്രശ്നത്തെ ചർച്ച ചെയ്തവരിൽ പ്രമുഖൻ  സാമ്പത്തിക ശാസ്ത്രജ്ഞനായ അമർത്യ സെന്നാനായിരുന്നു. കുടുംബം കൊടുക്കുന്ന അനാവശ്യ ബാധ്യതകളെ സ്ത്രീക്ക് മാത്രമായി നൽകിയതുകൊണ്ട് തൊഴിലിടങ്ങളിൽ നിന്ന്‌ അപ്രത്യക്ഷമാകേണ്ടി വന്നവരാണ് ചില സ്ത്രീകൾ. പാട്രിയാർക്കി തൊഴിൽ എടുത്ത് ജീവിക്കുന്ന സ്ത്രീക്ക് മേൽ കൊണ്ട് വരുന്ന കനത്ത സമ്മർദ്ദവും ചൂഷണവും എത്രമാത്രം സ്ത്രീകളെ തൊഴിലിടങ്ങളിൽ നിന്നും അകറ്റി നിർത്തുന്നുണ്ട്.  പെണ്ണിന്റെ തൊഴിലിടങ്ങളെ അദൃശ്യമാക്കുന്നത് പുരുഷൻ തന്നെയാണ്. അപൂർവം സ്ത്രീകൾക്ക് അല്ലെങ്കിൽ വിമലമാർക്ക് മാത്രമേ പൊരുതാൻ കഴിയുന്നുള്ളു. ബാക്കിയുള്ളവർ തളർന്നുപോകുന്നത് കുടുംബത്തിന്റെ വൈകാരിക പരിസരം കാത്തുസൂക്ഷിക്കാനുള്ള ഉത്തരവാദിത്തം പതിച്ചു നൽകിയതിന്റെ പേരിലാണ്.

"പിന്നെ കാണാം അല്ല കണ്ടിരിക്കും "എന്നുള്ള വിമലച്ചേച്ചിയുടെ ഉറക്കെയുള്ള ശബ്ദത്തിൽ ജീവിതത്തിന്മേലുള്ള ഉറച്ച കാൽവെപ്പിന്റെ ആത്മവിശ്വാസമുണ്ടായിരുന്നു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top