20 April Saturday

കുട്ടിക്കൂട്ടങ്ങളുടെ കൂട്ടുകാരി; ഇത് അന്നമ്മ ടീച്ചര്‍

എം അനില്‍Updated: Wednesday Oct 18, 2017

നമ്മുടെ കുട്ടികള്‍ക്ക് മികച്ച ബാലകവിതകള്‍ സമ്മാനിച്ച കവി മുത്തച്ഛന്മാരും മുത്തശ്ശിമാരും നിരവധി. മഹാകവി ഉളളൂര്‍, ജി ശങ്കരക്കുറുപ്പ്, പാലാ നാരായണന്‍ നായര്‍, ഒഎന്‍വി, സുഗതകുമാരി, എന്നിങ്ങനെ നീളുന്നു ആ പട്ടിക.

പ്രാവേ പ്രാവേ പോകരുതേ
വാവാ കൂട്ടിനകത്താക്കാം.......
പാലും പഴവും പോരെങ്കില്‍
ചോറും കറിയും ഞാന്‍ നല്‍കാം.
എന്ന ഉള്ളൂരിന്റെ കവിത ഇഷ്ടപ്പെടാത്ത കുട്ടികളില്ല. മഹാരഥന്മാരുടെ ഈ വഴിയില്‍ പിച്ചവച്ച് നടക്കുയാണ് 73 കാരി അന്നമ്മ ജെറോം. കവിതകളും ചെറുകഥകളും രചിക്കുന്ന ഈ റിട്ട. അധ്യാപിക  കൊല്ലം  ശാസ്താംകോട്ട വേങ്ങ ഐശ്വര്യയില്‍ റിട്ട. അധ്യാപകനായിരുന്ന പരേതനായ ജെ ജെറോമിന്റെ  (കണത്താര്‍കുന്നം ഗവ.സ്‌കൂള്‍) ഭാര്യയാണ്.   

മഞ്ഞപ്പൂവിന്‍ ചെണ്ടിലിരിക്കും
മഞ്ഞക്കിളിയെ ചങ്ങാതീ
നിന്നെക്കാണാനെന്തൊരു ചന്തം
കുഞ്ഞിച്ചുണ്ടും മിഴിയിണയും...........
 അന്നമ്മ ടീച്ചറുടെ 'ചിരിയുടെ പൂത്തിരി' എന്ന കവിതാസമാഹാരത്തിലെ വരികളാണിത്. ഈ പുസ്തകം ഇന്നേറെ പ്രിയമായിക്കഴിഞ്ഞു. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നതും ഈ കൃതിതന്നെ. 

വിരമിക്കല്‍  കാലം കുട്ടികള്‍ക്കായി കഥയും കവിതയും എഴുതി സദാസമയം തന്റെ സര്‍ഗ്ഗവാസനയില്‍ മുഴുകിയിരിക്കുന്ന ടീച്ചര്‍ പുതിയ പുസ്തകത്തിന്റെ പണിപ്പുരയിലാണ്. വാര്‍ധക്യം സമ്മാനിച്ച ശാരീരിക അലട്ടുകള്‍ക്ക് അവധിനല്‍കി തിരക്കിലാണ്ടുകഴിയുന്നു അവര്‍.

എഴുത്തിന്റെ വഴി

അധ്യാപനത്തോടൊപ്പം സാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന അന്നമ്മ ജെറോം എഴുത്തിന്റെ വഴിയിലേക്ക് പൂര്‍ണ്ണമായി തിരിഞ്ഞത് 2006 ല്‍. കൃത്യമായി പറഞ്ഞാല്‍ ഭര്‍ത്താവ് ജെറോമിന്റെ വേര്‍പാടിന് ശേഷം. പ്രിയതമന്റെ വേര്‍പാട് ടീച്ചറിന്റെ മനസ്സില്‍ തീര്‍ത്തത് വല്ലാത്തൊരു ഒറ്റപ്പെടല്‍. മക്കളും കൊച്ചുമക്കളും ഉള്‍പ്പെടെ ബന്ധുവലയം ഏറെയെങ്കിലും ജീവിത വഴിയില്‍ പതിറ്റാണ്ടുകളോളം ഒപ്പമുണ്ടായിരുന്ന ജെറോമിന്റെ അകാലമരണം ഒറ്റപ്പെടല്‍ സൃഷ്ടിച്ചെന്ന് ടീച്ചറും മറച്ചുവയ്ക്കുന്നില്ല. ഒപ്പം താമസിക്കാന്‍ മക്കള്‍ നിര്‍ബന്ധിച്ചെങ്കിലും പ്രിയപ്പെട്ടവന്റെ ദീപ്തസ്മരണയും പേറി അന്നമ്മടീച്ചര്‍  കൃതികളുടെ രചനാസൗന്ദര്യത്തിലും പുസ്തകകൂട്ടുമായും കഴിയുന്നു. 

മാര്‍പ്പാപ്പയെകണ്ട നിമിഷം

ഇതിനിടെ സ്വീഡന്‍, ഇറ്റലി, റോം, വത്തിക്കാന്‍ തുടങ്ങിയ രാജ്യങ്ങള്‍ മക്കള്‍ക്കൊപ്പം യാത്ര ചെയ്യാനായി. മാര്‍പ്പാപ്പയെ കാണാന്‍ അവസരം ലഭിച്ചത് അങ്ങനെ. അതും സെന്റ് പീറ്റേഴ്സ് ബര്‍ഗ്ഗില്‍നിന്നും. ആ സന്ദര്‍ശനം രചനയ്ക്ക് കരുത്ത് പകര്‍ന്നതായി ടീച്ചര്‍ സാക്ഷ്യപ്പെടുത്തുന്നു.  അതിനുമുമ്പ് സ്‌കൂളിലും യാത്രാവേളകളിലും കുട്ടികള്‍ക്കായി പാട്ട് എഴുതിയിട്ടുണ്ട്. കരുണാകടാക്ഷം എന്ന പേരില്‍ 2011 ല്‍ സിഡിയും പുറത്തിറക്കി.

കൃതികള്‍

ആദ്യത്തെ ബാലസാഹിത്യം മുത്തശ്ശിയുടെ പാട്ടുകള്‍.  ഇത് ബാലകവിതയുടെ സമാഹാരമാണ്. ഹായ് എന്തുരസം, ചിരിയുടെ പൂത്തിരി എന്നിവയും ബാലകവിതകള്‍. ചെറുകഥാ സമാഹാരമാണ് മുറിമൂക്കന്‍ രാജാവ്. കൂടാതെ തത്തമ്മ, ബാലഭൂമി, മുത്തശ്ശി തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലും ടീച്ചറുടെ നിരവധി കൃതികള്‍ അച്ചടിച്ചുവന്നു. 51 അക്ഷരപാട്ടുകള്‍ എന്ന പുസ്തകം കോഴിക്കോട് കെബിറ്റി ക്ക് നല്‍കിയിരിക്കുകയാണ്. മൈലാട്ടം എന്ന ബാലകവിതയുടെ പ്രസിദ്ധീകരണം എന്‍ബിഎസ്സും ഏറ്റെടുത്തു.

തൊടുപുഴയാറിന്റെ തീരത്തുനിന്നും....

തൊടുപുഴയാറിനെ (മൂവാറ്റുപുഴയാറ്) നേരിട്ടനുഭവിച്ചറിഞ്ഞ കുട്ടിക്കാലം. കളിയും കുളിയും നനയും എല്ലാം തൊടുപുഴയാറിന്റെ തീരത്തായിരുന്നു. അക്കാലത്തെ ആറ്റുവഞ്ചികള്‍  കുട്ടിക്കൂട്ടങ്ങളുടെ കളിസങ്കേതങ്ങളായിരുന്നു. വീട്, പരിസരം, കാട്,ആകാശം, കടല്‍, കാട്ടുമൃഗങ്ങള്‍, പക്ഷികള്‍,  ജലാശയം, ചെടികള്‍, പൂക്കല്‍, ആറ്റുവഞ്ചി എന്നിങ്ങനെ ടീച്ചറുടെ മനസ്സിലെ സ്വാധീനിച്ച ഘടകങ്ങളേറെ. ഈ ജീവിതാനുഭവങ്ങളുടേയും നേര്‍ക്കാഴ്ചയുടേയും പകര്‍ച്ചയാണ്   അന്നമ്മ ജെറോമിന്റെ കൃതികള്‍. ആ പഴയ കാലാനുഭവങ്ങള്‍ ഇന്നത്തെ തലമുറിയോട് കഥയായും കവിതയായും സംവദിക്കുകയാണ് ഈ മുത്തശ്ശി.

കൊല്ലത്തെത്തിയ വഴി

തൊടുപുഴ മൂലക്കാട്ട് ജോസഫിന്റെയും മേരിയുടെയും മകള്‍ അന്നമ്മ കൊല്ലം ശാസ്താംകോട്ടയിലെത്തിയത് യാദൃശ്ചികം. കണ്ണൂര്‍ ജില്ലയിലെ  ഊരത്തൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപികയായിട്ടാണ് തുടക്കം. പിന്നീടാണ് സര്‍ക്കാര്‍ സ്‌കൂളിലേക്ക് മാറ്റം. കണ്ണൂര്‍ജില്ലയിലെ പെരുമ്പള്ളില്‍ ഗവ. സ്‌കൂളില്‍ അധ്യാപകനായിരുന്നു ജെ ജെറോം. അങ്ങനെ തൊടുപുഴക്കാരിയും ശാസ്താംകോട്ടക്കാരനും കണ്ണൂരില്‍ കണ്ടുമുട്ടി. ഈ സൗഹൃദം ഇരുകുടുംബങ്ങളുടേയും അനുവാദത്തോടെ വിവാഹ ജീവിതത്തിലേക്കും വഴിമാറി. അങ്ങനെ അദ്ധ്യാപന വഴിയില്‍ അന്നമ്മ കൊല്ലത്തെത്തി. 

കുടുംബം

മക്കള്‍ : ഡോ. സീമ ജെറോം (കാര്യവട്ടം ക്യാമ്പസ്, മലയാളം അസി.പ്രൊഫ.), സിജു ജെറോം, സ്വീഡന്‍, സീന ജെറോം (അസി.എഞ്ചി.മുഖത്തല ബ്ലോക്ക്). മരുമക്കള്‍ : എസ് അജയ്കുമാര്‍, സോണി ജി, ശാലിനി ജോര്‍ജ് തരകന്‍.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top